UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വൈറ്റ് ഹൌസ് കീഴടക്കി ട്രംപ്; തകര്‍ത്തത് രാഷ്ട്രീയത്തിന്റെ പഴയ നിയമങ്ങള്‍

Avatar

മാര്‍ക്ക് ഫിഷര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഡൊണാള്‍ഡ് ട്രംപ് ഒറ്റയ്‌ക്കോടി ജയിച്ചു. സ്വന്തം പ്ലേബോയ് സ്‌റ്റൈലിന്റെ പേരില്‍ വീമ്പിളക്കിയിരുന്ന, കരാറുകാരോടും ചെറുകിട കച്ചവടക്കാരനോടും കര്‍ക്കശക്കാരനായിരുന്ന, അനധികൃത കുടിയേറ്റക്കാരെ വാടകയ്‌ക്കെടുത്ത, പള്ളിയില്‍ പോകുന്നവരെ അകറ്റിനിറുത്തിയ, ലിബറല്‍ നയങ്ങളെ അശ്ലേഷിച്ചിരുന്ന, സര്‍വോപരി ഹലരിയെയും ബില്‍ ക്ലിന്റണെയും സുഹൃത്തുക്കളും സഖാക്കളുമായി കണ്ടിരുന്ന ഈ മാന്‍ഹട്ടന്‍ കോടീശ്വരന്‍, തങ്ങളുടെ നിരാശകളും ആശങ്കകളും മനസ്സിലാക്കുന്ന ഒരു ജനകീയ നായകനായി, അവര്‍ക്ക് വലിയ വിജയങ്ങള്‍ വാഗ്ദാനങ്ങള്‍ നല്‍കി അമേരിക്കന്‍ വോട്ടര്‍മാര്‍ക്ക് സ്വയം വിറ്റുകൊണ്ട് അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും ശക്തമായ കേന്ദ്രബിന്ദുവായി മാറി.

30 വര്‍ഷങ്ങളിലേറെയായി താന്‍ ചെയ്യുമെന്ന് പറഞ്ഞുകൊണ്ടിരുന്ന കാര്യം ട്രംപ് ചെയ്തു: ആധുനിക രാഷ്ട്രീയത്തിന്റെ നിയമങ്ങള്‍ ലംഘിക്കുകയും കണക്കുകളിലധിഷ്ടിതമായ ഉപദേശകയന്ത്രങ്ങളുടെയും ഫോക്കസ് ഗ്രൂപ്പുകളുടെയും ടിവി പരസ്യങ്ങളുടെയും ലേപനങ്ങളില്‍ പുരട്ടാതെ നേരിട്ട്, പലപ്പോഴും പരുക്കനായ ദൈനംദിന ഭാഷയില്‍ അമേരിക്കക്കാരോട് സംസാരിക്കുകയും ചെയ്തു. പ്രത്യയശാസ്ത്രങ്ങളെ പരിഹസിച്ച അദ്ദേഹം, അനിയന്ത്രിതവും നിര്‍ലജ്ജവുമായ അഹംബോധത്തിലധിഷ്ടിതമായ മറയില്ലാത്ത പ്രായോഗികവാദം പ്രഘോഷിച്ചു. ജനങ്ങള്‍ കേള്‍ക്കാനാഗ്രഹിക്കുന്നത് അദ്ദേഹം അവരോട് പറഞ്ഞു; അതിവേഗം മാറിക്കൊണ്ടിരിക്കുന്നതും പുകയുന്നതുമായ ഒരു സമൂഹത്തെ ഗതകാലസ്മരണകളിലധിഷ്ടിതമായ സാമൂഹികതയിലേക്കും നിശ്ചയദാര്‍ഢ്യത്തിലേക്കും മടക്കിക്കൊണ്ടുവരമെന്ന്, എന്നോ നഷ്ടപ്പെട്ട തൊഴിലുകള്‍ വീണ്ടെടുക്കാമെന്ന്, ആഗോളീകരണപൂര്‍വ സാമ്പത്തികരംഗം പുനഃസ്ഥാപിക്കാമെന്ന് അദ്ദേഹം അവരോട് പറഞ്ഞു.

ട്രംപ് വരേണ്യര്‍ക്കെതിരെ സംസാരിക്കുകയും ജയിക്കുകയും ചെയ്തു. ധനികനായി ജനിക്കുകയും സമ്പത്തില്‍ അഹങ്കരിക്കുകയും രാജാവിനെ പോലെ ജീവിക്കുകയും ചെയ്ത ആളാണ് ട്രംപെന്ന കാര്യം ഇവിടെ വിഷയമല്ല. തങ്ങളെ നിരാശരാക്കുകയും പരിഹസിക്കുകയും ചെയ്ത എല്ലാ സ്ഥാപനങ്ങള്‍ക്കും എതിരായ-മധ്യവര്‍ഗ്ഗ കുടുംബംഗങ്ങള്‍ നേടിയതെല്ലാം നഷ്ടപ്പെടേണ്ടിവരുന്ന ഒരു സമയത്ത് നല്ല നിലയില്‍ ജീവിച്ച രാഷ്ട്രീയക്കാരും രാഷ്ട്രീയപ്പാര്‍ട്ടികളും, വാഷിംഗ്ടണിലെ അധികാര സ്ഥാപനങ്ങള്‍, വാര്‍ത്ത മാധ്യമങ്ങള്‍, ഹോളിവുഡ്, അക്കാദമിക് വിദഗ്ധര്‍, സമൂഹത്തിലെ ഉന്നത വിദ്യാഭ്യാസം നേടിയവര്‍ അങ്ങനെയുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും എതിരായ ജനകീയ ഉയിര്‍പ്പാണ് തിരഞ്ഞെടുപ്പെന്ന് അദ്ദേഹം നിര്‍വചിച്ചു. വാഷിംഗ്ടണിനെ തലകീഴായി മറിക്കുമെന്ന്, ‘ചതുപ്പ് വറ്റിക്കുമെന്ന്’ അദ്ദേഹം പ്രതിജ്ഞ ചെയ്തു. അദ്ദേഹം ആ വാക്കുകള്‍ പ്രയോഗിക്കാനായി വാതുറക്കുന്നതിന് മുമ്പ് തന്നെ അവ ഉറക്കെ വിളിച്ചു പറയുന്ന തരത്തില്‍ ജനങ്ങള്‍ ആ പ്രയോഗത്തെ വല്ലാതെ ഇഷ്ടപ്പെട്ടു.

രാഷ്ട്രീയക്കാരെ കുറിച്ച് ജനങ്ങള്‍ എന്തു പറയുന്നു എന്നതിനെ കുറിച്ച് നിലനിന്നിരുന്ന നിയമങ്ങള്‍ക്കെതിരായി ട്രംപ് നീങ്ങുകയും അതിലും അദ്ദേഹം വിജയം കാണുകയും ചെയ്തു. വോട്ടിംഗ് വിലയിരുത്തലിന്റെ സൂക്ഷ്മാവലോകനത്തിലും ഫോക്കസ് ഗ്രൂപ്പ് പരിശോധിച്ച ടിവി പരസ്യങ്ങളിലും അധിഷ്ടിതമായ വികേന്ദ്രീകൃത പരിപാടി വികസിപ്പിക്കുന്നതില്‍ ട്രംപ് പരാജയപ്പെടുന്നതായി ഇരുപക്ഷത്തെയും രാഷ്ട്രീയ വിദഗ്ധര്‍ അടക്കിച്ചിരിച്ചെങ്കിലും, തന്നെ മനക്കരുത്തില്‍ അഭയം പ്രാപിച്ച ട്രംപ്, അമേരിക്കക്കാരന്‍ വാര്‍ത്ത സ്വാംശീകരിക്കുന്ന രീതിയുമായി തന്റെ പെരുമാറ്റവും സന്ദേശങ്ങളും പൊരുത്തപ്പെടുന്നുണ്ടെന്ന് വിശ്വസിക്കുകയും ചെയ്തു.

സ്വന്തമായി സ്വഭാവസവിശേഷതകളും ആഖ്യാനങ്ങളുമുള്ള രണ്ട് വ്യത്യസ്ത പ്രത്യയശാസ്ത്ര, സാംസ്‌കാരിക സംഘങ്ങളായി രാജ്യത്തെ എങ്ങനെയാണ് സാമൂഹിക മാധ്യമങ്ങള്‍ വിഭജിക്കുന്നതെന്ന് ഈ ഡിജിറ്റല്‍ യുഗത്തിലെ മറ്റേതൊരു രാഷ്ട്രീയ വ്യക്തിത്വത്തെക്കാളും വ്യക്തമായി ട്രംപ് മനസിലാക്കി. സ്വകാര്യതയും പൊതുജീവിതവും തമ്മിലുള്ള അതിര്‍വരമ്പുകള്‍ ഫേസ്ബുക്കിലും ട്വിറ്ററിലും എങ്ങനെയാണ് നേര്‍ത്തില്ലാതാവുന്നതെന്ന് അദ്ദേഹം കണ്ടു. അജ്ഞാതമായി മാത്രം വിരേചിക്കുകയോ അല്ലെങ്കില്‍ സ്വയം ഉള്ളില്‍ സൂക്ഷിക്കുകയോ ചെയ്തിരുന്ന ഒരു രാജ്യത്തിന്റെ ഇച്ഛാഭംഗവും ദ്വേഷ്യവും പുറത്തുകളയുന്നതിനുള്ള ഒരു പുകക്കുഴലായി അദ്ദേഹം സ്വയം മാറുകയും സംസ്‌കാരത്തിലുണ്ടായ വ്യതിയാനത്തിന്റെ നേട്ടം കൊയ്യുകയും ചെയ്തു.

ഓണ്‍ലൈനില്‍ ആളുകള്‍ മറ്റുള്ളവരെ ബന്ധപ്പെടുത്തുന്ന രീതി ട്രംപിന്റെ വ്യക്തിത്വവുമായി കൃത്യമായി ഒത്തുപോകുന്നതായിരുന്നു-അദ്ദേഹത്തിന്റെ ആവേശം, വിമര്‍ശിക്കപ്പെടുമ്പോള്‍ തിരിച്ചടിക്കുന്നതിന്റെ വേഗത, ഒരാളെ ശത്രുവായി കണ്ട് ആക്രമിക്കാനുള്ള ത്വര എന്നീ സവിശേഷതകളെല്ലാം ഓണ്‍ലൈന്‍ സ്വഭാവങ്ങളുമായി ഒത്തുപോകുന്നവയായിരുന്നു. ഒരു പുതിയ പ്രചരണ വാചാടോപമായിരുന്നു ഇതിന്റെ ഫലം. പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രതീക്ഷകളെയും വൈകാരികതയെയും നാടകീയമായി മാറ്റിമറിച്ച ഒരു വാണിഭ മുന്നേറ്റം.

സാധാരണ രാഷ്ട്രീയക്കാര്‍ കെട്ടിയിടപ്പെടുന്ന കര്‍ക്കശ നിലവാരത്തില്‍ നിന്നും തന്റെ പ്രസിദ്ധി തന്നെ രക്ഷിക്കുമെന്ന് ട്രംപ് മനസിലാക്കിയതാണ് അദ്ദേഹത്തിന്റെ വിജയരഹസ്യം. ഒരു ചെറിയ പിഴവ് നിങ്ങളെ തകര്‍ക്കുമായിരുന്നു. കാര്യങ്ങള്‍ നടപ്പാക്കാന്‍ ശേഷിയുള്ള ഒരു സത്യപ്രഘോഷി എന്ന തന്റെ പ്രതിച്ഛായ അരക്കെട്ടുറപ്പിക്കാനെ തന്റെ അക്രമോത്സുകമായ പെരുമാറ്റവും ആത്മനിയന്ത്രണമില്ലാത്ത പ്രതികരണങ്ങളും സഹായിക്കൂ എന്ന് തിരിച്ചറിഞ്ഞതാണ് അദ്ദേഹത്തിന്റെ വിജയരഹസ്യം. കഴിഞ്ഞ നാല്‍പതു വര്‍ഷം കൊണ്ട് വളരെ സമ്പന്നനും സ്വയം ഭ്രമിച്ചവനും ധിക്കാരിയും പ്രവചനാതീതനുമായ ഒരു വ്യക്തി എന്ന പ്രതിച്ഛായ വളര്‍ത്തിയെടുത്തതിലൂടെ അധികാരസ്ഥാനങ്ങളെ കൂസാതെ പ്രവര്‍ത്തിക്കുമെന്ന കാര്യത്തില്‍ അദ്ദേഹത്തെ വിശ്വസിക്കാമെന്ന ധാരണ പരത്തിയതാണ് അദ്ദേഹത്തിന്റെ വിജയരഹസ്യം.

‘ഇത്രയും അഹംബോധമുള്ളയൊരാള്‍ക്ക് തോല്‍ക്കാനാവില്ലെന്നാണ് ഞാന്‍ കരുതുന്നത്,’ എന്നാണ് റിച്ച്മണ്ടിലെ മെക്കനാവില്ലെയിലുള്ള ഒരു ട്രംപ് അനുകൂലിയായ 74കാരി മേരി വെസ്ലെ ചൊവ്വാഴ്ച പറഞ്ഞത്.

സ്ത്രീകളെ പീഡിപ്പിച്ചു എന്ന ആരോപണക്കൂമ്പാരങ്ങളെയും അദ്ദേഹത്തിന്റെ മര്യാദയില്ലാത്ത പെരുമാറ്റത്തെയും ക്രൂരമായ അവഹേളനങ്ങളെയും കുറിച്ചു ദൈനംദിന കഥകളുടെയും ഇടയിലൂടെയാണ് ട്രംപ് സഞ്ചരിച്ചത്. അവിടെയും അദ്ദേഹം ജയിച്ചു. ഒരു സ്ത്രീയുടെ ലൈംഗീകാവയവത്തില്‍ എങ്ങനെ സ്പര്‍ശിക്കാമെന്നതിനെ കുറിച്ച ടിവി അവതാരകന്‍ ബില്ലി ബുഷിനോട് ട്രംപ് വിശദീകരിക്കുന്ന വീഡിയോ വാഷിംഗ്ടണ്‍ പോസ്റ്റ് പുറത്തുവിട്ടതിന്റെ പിറ്റെദിവസം, അദ്ദേഹം പ്രസിഡന്റാവണമെന്ന തന്റെ വിശ്വാസത്തിന് ആഴം കൂടിയെന്നാണ് ന്യൂയോര്‍ക്കിലെ സിറോകുസിലെ ഒരു ട്രംപ് അനുകൂലിയായ ഷാന്നോണ്‍ ബാണ്‍സ് പറഞ്ഞത്. ‘ഇത് അദ്ദേഹത്തിന് ഒരു മനുഷ്യമുഖം നല്‍കുന്നതാണെന്ന് ഞാന്‍ കരുതുന്നു,’ അവര്‍ പറഞ്ഞു. ‘അദ്ദേഹം ഒരു കോടീശ്വരനാണെന്നും എന്നെ പോലുള്ളവരുടെ ജീവതം അറിയാത്തയാളാണെന്നും ഞാന്‍ ആശങ്കപ്പെട്ടിരുന്നു. അദ്ദേഹം ഒരു പുരുഷനാണെന്ന് ഇത് തെളിയിക്കുന്നു. എല്ലാ പുരുഷന്മാരും ഇങ്ങനെയാണ് സംസാരിക്കുന്നതെന്ന് നിങ്ങള്‍ കൃത്യമായി അറിയാം.’

ഒരു ‘നീലക്കോളര്‍ കോടീശ്വരന്‍’ എന്നാണ് ട്രംപ് സ്വയം വിശേഷിപ്പിക്കുന്നത്. ജോലി ചെയ്യുകയും ട്രംപ് ടവറില്‍ ഉറങ്ങുകയും ചെയ്യുന്ന ട്രംപ്, ചില വിശ്വസ്തരായ ഉപദേശകരല്ലാതെ അടുത്ത സുഹൃത്തുക്കള്‍ പോലുമില്ലാത്ത ഒരൊറ്റപ്പെട്ട ജീവിതമാണ് നയിക്കുന്നത്. എന്നിട്ടും ‘അഞ്ചാം അവന്യുവിന്റെ നടുക്ക് നിന്ന് ഒരാളെ വെടിവെച്ചാല്‍ പോലും എനിക്ക് വോട്ടര്‍മാരെ നഷ്ടപ്പെടില്ല,’ എന്ന് പറയത്തക്ക തരത്തില്‍ ഭൂരിപക്ഷം അമേരിക്കക്കാരുടെയും ഹൃദയം പൂര്‍ണമായും കീഴടക്കാന്‍ സാധിച്ചതായി ട്രംപ് വിശ്വസിച്ചിരുന്നു.

1970 കളില്‍ മാന്‍ഹട്ടനില്‍ റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരനായി തൊഴില്‍ജീവിതം ആരംഭിച്ചപ്പോള്‍ തന്നെ വരേണ്യവര്‍ഗ്ഗങ്ങളാല്‍ തഴയപ്പെട്ട ട്രംപ്, തന്റെ എതിരാളികള്‍ക്കെതിരെ പൊള്ളിക്കുന്ന ആക്രമണങ്ങള്‍ അഴിച്ചുവിട്ടുകൊണ്ടും തന്നെക്കാള്‍ മിടുക്കന്മാരാണെന്ന് കരുതുന്നവര്‍ക്കെതിരെ പ്രതികാര നാടകങ്ങള്‍ കളിച്ചുകൊണ്ടും ആജീവനന്തം നീരസങ്ങള്‍ ഏറ്റുവാങ്ങിയ ആളാണ് ട്രംപ്. നിശബ്ദമായും നയതന്ത്രപരമായും നടത്തേണ്ടതാണ് ഈ വ്യാപാരം എന്ന് വിശ്വസിച്ചിരുന്ന ന്യൂയോര്‍ക്കിലെ വന്‍കിട റിയല്‍ എസ്‌റ്റേറ്റ് വ്യാപാര കുടുംബങ്ങള്‍, ധിക്കാരിയും വഷളനും പുതുപ്പണക്കാരനുമായ കടന്നുകയറ്റക്കാരന്‍ എന്ന് ട്രംപിനെ കളിയാക്കിയിരുന്നു. കീഴടക്കുകയും ഒരു പാഠം പഠിപ്പിക്കുകയും ചെയ്യേണ്ട നിയന്ത്രണാതീതനായ കൗമാരക്കാരന്‍ എന്നാണ് ബാങ്കുകള്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. രാഷ്ട്രീയക്കാര്‍ അദ്ദേഹത്തെ പരിഹസിച്ചു. അദ്ദേഹത്തിന്റെ പ്രശസ്തിയുടെ ഫലം ലഭിക്കുന്നതിനായി മാത്രം അദ്ദേഹത്തോടൊപ്പം നില്‍ക്കുന്നതായി അവര്‍ നടിച്ചു.

ജനങ്ങളും തന്റെ ഇടപാടുകാര്‍ക്കും ആരോധകര്‍ക്കും പ്രിയങ്കരനായി നിന്നുകൊണ്ട് ട്രംപ് അവരെയെല്ലാം ആവര്‍ത്തിച്ച്, ആവര്‍ത്തിച്ച് തോല്‍പ്പിച്ചുകൊണ്ടിരുന്നു. ആകാശഗോപുരങ്ങളും കാസിനോകളും കെട്ടിപ്പൊക്കി വിജയത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും ആറുതവണ പാപ്പരായി പ്രഖ്യാപിക്കപ്പെടുമ്പോഴും തന്റെയും സാധാരണ അമേരിക്കക്കാരന്റെയും ഭാഗം സ്വയം വാദിക്കുന്നതിനായി അദ്ദേഹം വ്യാപരമേഖലയിലും മാധ്യമങ്ങളിലും തുടരെ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു.

നെറ്റ്വര്‍ക്ക് സിറ്റ്‌കോമുകളിലും റെസ്റ്റില്‍മാനിയയിലും മുതല്‍ എന്‍ബിസിയുെ ‘ദി അപ്രന്റിസ്’ എന്ന എന്‍ബിസിയുടെ 14 വര്‍ഷം നീണ്ട പരമ്പരയിലെ കടുത്ത ഭാഷയില്‍ സംസാരിക്കുന്ന സിഇഒ വരെയുള്ള അദ്ദേഹത്തിന്റെ ടെലിവിഷന്‍ രംഗപ്രവേശങ്ങളിലെല്ലാം, ആരുടെ നേരെയും നില്‍ക്കാന്‍ തക്ക നട്ടെല്ലുള്ള നേരിട്ടു കാര്യം പറയുന്ന കോടീശ്വരന്‍ എന്ന പ്രതിച്ഛായ അമേരിക്കന്‍ മധ്യവര്‍ഗ്ഗങ്ങള്‍ക്കിടയില്‍ വളര്‍ത്തിയെടുക്കുന്നതില്‍ ട്രംപ് വിജയിച്ചു.

2015ല്‍ ട്രംപ് ടവറിന്റെ പടികളിറങ്ങി തന്റെ പ്രിയപ്പെട്ട പിങ്ക് മാര്‍ബിള്‍ ലോബിയിലെത്തി, വാള്‍ സ്ട്രീറ്റിനോടും ഹോളിവുഡിനോടും മറ്റ് സമ്പന്നവര്‍ഗ്ഗങ്ങളോടും അവിഹിതബന്ധം പുലര്‍ത്തുന്ന റിപ്പബ്ലിക്കന്മാര്‍ക്കും ഡെമോക്രാറ്റുകള്‍ക്കുമെതിരെ സ്വയം പ്രതിഷ്ഠിച്ചുകൊണ്ട്, ഇരുപാര്‍ട്ടികളിലെയും യജമാനഭക്തര്‍ക്കും പ്രത്യയശാസ്ത്ര വിശാരദര്‍ക്കും മറുമരുന്നായി രാഷ്ട്രത്തിന് മുന്നില്‍ സ്വയം അവതരിക്കുമ്പോള്‍, വിജയത്തിലേക്കുള്ള തന്റെ പാത പ്രാഥമികമാണെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു.

ആഗോളീകരണവും ഭീകരവാദവും അതിദ്രുതമായ ജനസംഖ്യാ മാറ്റങ്ങളും, അംബരചുംബികളായ എസ്എടി മാര്‍ക്കുകള്‍ നേടിയ കുട്ടികളെ ധനികരും ആഹ്ളാദചിത്തരുമാക്കുന്ന സാങ്കേതികവിപ്ലവവും അരങ്ങേറുമ്പോഴും ഏറ്റവും പുതിയ ആപ്പുകള്‍ മൂലവും, വിദേശ ഔട്ട്‌സോഴ്‌സിംഗ് മൂലവും, യന്ത്രമനുഷ്യരാലും വാണിജ്യ, സാമൂഹിക സ്വഭാവങ്ങളുടെ അത്ഭുതതാവഹമായ വ്യതിയാനം നിമിത്തവും തങ്ങളുടെ തൊഴിലുകള്‍ നഷ്ടപ്പെടുന്നത് കണ്ടുനില്‍ക്കുന്ന ദശലക്ഷക്കണക്കിന് അമേരിക്കക്കാരുടെ വേദനയോടും ഭീതിയോടും നിരാശയോടും നേരിട്ടു ബന്ധപ്പെടുക മാത്രമാണ് തനിക്ക് ചെയ്യാനുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

അര്‍ദ്ധമനസ്സോടെ മത്സരത്തിനിറങ്ങുകയും പിന്നീട് മത്സരത്തില്‍ പ്രധാനിയാവുകയും ചെയ്ത ബുഷ് സഹോദരനെ ‘ഊര്‍ജ്ജമില്ലാത്ത  പയ്യന്‍,’എന്ന് വിശേഷിപ്പിച്ചുകൊണ്ട്; സ്ഥാനാര്‍ത്ഥിയാവാന്‍ കിണഞ്ഞു ശ്രമിച്ച ഫ്‌ളോറിഡയയില്‍ നിന്നുള്ള കുറിയ മനുഷ്യന്‍ സെനറ്റര്‍ റൂബിയോയെ ‘ലിറ്റില്‍ മാര്‍ക്കോ എന്ന് വിശേഷിപ്പിച്ചുകൊണ്ട്, ഓരോരുത്തര്‍ക്കും അര്‍ഹിക്കുന്ന വിശേഷണങ്ങള്‍ നല്‍കിക്കൊണ്ട് റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ തന്റെ 16 എതിരാളികളെയും ട്രംപ് മടക്കിയയച്ചു.

ആവേശഭരിതയും ശക്തയുമെങ്കിലും മധ്യവര്‍ഗ്ഗ വോട്ടര്‍മാരുടെ ഇടയില്‍ കടന്നു കയറാന്‍ സാധിക്കാത്തവരും താന്‍ എതിര്‍ക്കാന്‍ ഉദ്ദേശിക്കുന്ന അതേ അധികാരാടിത്തറയില്‍ നിന്നും വരുന്നവരുമായ ഹിലരിയെ തോല്‍പ്പിക്കാനാവുമെന്ന ആത്മവിശ്വാസം ട്രംപിനുണ്ടായിരുന്നു. അമിതവ്യവഹാരഭാഷയില്‍ ഊന്നിയ ഭാഷയുടെയും സംരക്ഷിത പൊതുവ്യക്തിത്വത്തിന്റെയും പുറത്ത് പതിറ്റാണ്ടുകള്‍ക്കൊണ്ട് കെട്ടിപ്പൊക്കിയ ക്ലിന്റണിന്റെ വളര്‍ന്നു വരുന്ന രാഷ്ട്രീയക്കാരി എന്ന പ്രതിച്ഛായയെ പൊള്ളിക്കുന്ന, ദേഷ്യം പിടിക്കുന്ന ഒരു ക്രിമിനലാക്കി, ‘വഞ്ചകയായ ഹിലരി,’ ആക്കി മാറ്റുന്നതില്‍ അദ്ദേഹം വിജയിച്ചു.

സര്‍ക്കാര്‍ വിതരണം ചെയ്യുന്ന കമ്പ്യൂട്ടറുകള്‍ ഉപയോഗിക്കണമെന്നിരിക്കെ സ്വകാര്യ ഇ-മെയില്‍ ഉപയോഗിച്ചതിന്റെ പേരില്‍ തന്റെ നേരെ നീണ്ടുവന്ന സാവധാനത്തിലുള്ള രാഷ്ട്രീയ അപകടത്തെ കൈകാര്യം ചെയ്യുന്നതില്‍ ക്ലിന്റണ്‍ കാണിച്ച വിമുഖത, തന്റെ മൂര്‍ച്ഛയേറിയ അവഹേളനത്തിന്റെ മുന അവര്‍ക്കെതിരെ തിരിക്കുന്നതിനുള്ള സുവര്‍ണാവസരം ട്രംപിന് നല്‍കി. ക്ലിന്റണ്‍ ക്രിമിനല്‍ കുറ്റമൊന്നും ചെയ്തില്ലെങ്കിലും ‘അങ്ങേയറ്റം അശ്രദ്ധ’ കാണിച്ചുവെന്ന് എഫ്ബിഐ ഡയറക്ടര്‍ ജയിംസ് ബി കോമെ പ്രഖ്യാപിച്ചെങ്കിലും, ഇ-മെയിലുകള്‍ വീണ്ടും തുറക്കാന്‍ താന്‍ തീരുമാനിച്ചതായി രാഷ്ട്രത്തെ ഞെട്ടിച്ചുകൊണ്ട് കഴിഞ്ഞമാസം കോണെ തന്റെ നിലപാടില്‍ മലക്കം മറിഞ്ഞതോടെ തന്റെ ആക്രമണങ്ങള്‍ക്ക് മൂര്‍ച്ഛ കൂട്ടാന്‍ ട്രംപിന് സാധിച്ചു. ‘അവരെ തുറങ്കലിലടയ്ക്കൂ,’ എന്ന മന്ത്രണങ്ങള്‍, കൂടുതല്‍ ശിക്ഷയ്ക്കുള്ള മുറവിളിയായി മാറാന്‍ തുടങ്ങി. എഫ്ബിഐ ക്ലിന്റണെ കുറ്റവിമുക്തയാക്കി എന്ന കോമെയുടെ വോട്ടെപ്പിന് രണ്ടുദിവസം മുമ്പുള്ള പ്രഖ്യാപനം എന്തെങ്കിലും വ്യത്യാസം വരുത്താന്‍ സാധിക്കാത്ത വിധത്തില്‍ താമസിച്ചുള്ളതായിരുന്നു.

ആസൂത്രണം ചെയ്ത രീതിയില്‍ തന്നെ ജയിക്കാന്‍ ട്രംപിന് സാധിച്ചു. നാലു വര്‍ഷം മുമ്പുള്ള റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി മിറ്റ് റൂമ്‌നിയെ കടത്തിവെട്ടി. മധ്യവര്‍ഗ്ഗങ്ങളും തൊഴിലാളികളും എങ്ങനെ കഷ്ടപ്പെടുന്നു എന്ന് തിരിച്ചറിയാത്ത ധനികനും കൈയെത്താദുരത്തുള്ളവനുമായ റോമ്‌നി തോറ്റിടത്തെല്ലാം ട്രംപ് വെന്നിക്കൊടി പാറിച്ചു. അതുപോലെ തന്നെ ട്രംപ് ആഗ്രഹിച്ച രീതിയില്‍ ഹിലരി തന്റെ തിരഞ്ഞെടുപ്പ് പ്രചരണം നടത്തി. രാജ്യത്തെ മധ്യവര്‍ഗ്ഗങ്ങള്‍ക്ക് ഒരു സമാന്തര വീക്ഷണം പ്രദാനം ചെയ്യുന്നതിന് പകരം ട്രംപിനെ ആക്രമിക്കുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു.

എക്‌സിറ്റ് പോള്‍ കണക്കുകള്‍ പ്രകാരം 60 ശതമാനം വെള്ളക്കാരായ പുരുഷന്മാരുടെയും 52 ശതമാനം വെള്ളക്കാരായ സ്ത്രീകളുടെയും വോട്ട് ട്രംപിന് ലഭിച്ചു. പ്രചാരണത്തിന്റെ അവസാന ആഴ്ചകളില്‍ റിപബ്ലിക്കന്മാരെ ഒന്നിച്ചു നിറുത്തിക്കൊണ്ട്, മുത്തശ്ശി പാര്‍ട്ടിയെ ഏകീകരിക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. 88 ശതമാനം റിപ്പബ്ലിക്കന്‍ വോട്ടുകളും വോട്ട് ചെയ്ത വെള്ളക്കാരായ ഇവാഞ്ചലിക്കല്‍സിന്റെ 78 ശതമാനം വോട്ടും ട്രംപിന് ലഭിച്ചതായി എക്‌സിറ്റ് പോള്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഡെമോക്രാറ്റിക് പാര്‍ട്ടി, വെള്ളക്കാരല്ലാത്തവര്‍, കോളേജ് വിദ്യാഭ്യാസം നേടിയ വെള്ളക്കാര്‍ എന്നിങ്ങനെ വളരെ ഇടുങ്ങിയ ഒരു നിര്‍വചനത്തിലേക്ക് ക്ലിന്റണിന്റെ ശക്തി ചുരുങ്ങി. മൊത്തം വോട്ടര്‍മാരുടെ പകുതി കോളേജ് വിദ്യാഭ്യാസം നേടിയവരാണെങ്കിലും, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഒബാമ നടത്തിയതിനേക്കാള്‍ മെച്ചപ്പെട്ട പ്രകടനം അവര്‍ക്കിടയില്‍ നടത്താന്‍ ഹിലാരിക്ക് കഴിഞ്ഞെങ്കിലും നാമമാത്രമായോ അല്ലെങ്കില്‍ തീരെയോ കോളേജില്‍ പോയിട്ടില്ലാത്തവരുടെ ഇടയിലുള്ള ട്രംപിന്റെ വിജയം 39 പോയിന്റ് എന്ന വലിയ സംഖ്യയായിരുന്നു. നാലു വര്‍ഷം മുമ്പ് ഇവര്‍ക്കിടയില്‍ റോമ്‌നെയ്ക്ക് ലഭിച്ചത് വെറും 25 പോയിന്റുകളാണ്.

തന്റെ നയസന്ദേശങ്ങളെക്കാള്‍, വരേണ്യര്‍ക്കിടയില്‍ താന്‍ എങ്ങനെ സ്വയം പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു എന്നതാണ് ട്രംപിനെ വോട്ടര്‍മാരിലേക്ക് ആകര്‍ഷിച്ചതെന്ന് വേണം കരുതാന്‍. മെക്‌സിക്കന്‍ കുടിയേറ്റക്കാര്‍ക്കെതിരെ മതില്‍ നിര്‍മ്മിക്കുമെന്ന അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ടതും ആവര്‍ത്തിച്ചുള്ളതുമായ നിലപാടുപോലും അദ്ദേഹത്തെ പിന്തുണച്ചവര്‍ക്കിടയില്‍ വലിയ ചലനം സൃഷ്ടിച്ചില്ല എന്ന് വേണം കണക്കാക്കാന്‍: മതില്‍ എന്ന ആശയത്തെ ഭൂരിപക്ഷം വോട്ടര്‍മാരും എതിര്‍ത്തതായി എക്സിറ്റ് പോള്‍ കണക്കുകള്‍ കാണിക്കുന്നു. അനധികൃത കുടിയേറ്റക്കാര്‍ക്ക് നിയമപരമായ താമസക്കാരാകാന്‍ ഒരവസരം ലഭിക്കണമെന്ന് 10ല്‍ ഏഴ് വോട്ടര്‍മാരും അഭിപ്രായപ്പെട്ടപ്പോള്‍, രാജ്യത്ത് അനഃധികൃതമായി കടന്ന എല്ലാവരെയും പുറത്താക്കണമെന്ന ട്രംപിന്റെ അഭിപ്രായത്തോട് യോജിക്കുന്നത് നാലില്‍ ഒന്ന് വോട്ടര്‍മാര്‍ മാത്രമാണ്.

തന്റെ വ്യാപാരം കൊണ്ടു പോകുന്ന അതേ രീതിയിലാണ് ട്രംപ് തന്റെ പ്രചാരണവും സംഘടിപ്പിച്ചത്. വികേന്ദ്രീകൃത അധികാരം എന്ന ആധുനിക സങ്കല്‍പത്തിന് പകരം ഏറ്റവും വിശ്വസ്തരായ ഉപദേശകരുടെ കര്‍ക്കശ വൃന്ദത്തിനുള്ളില്‍ തന്നെ നിന്നു. പ്രചാരണത്തില്‍ പരിചയസമ്പന്നരായവര്‍ക്ക് പകരം എന്തുവന്നാലും തന്നോടൊപ്പം നില്‍ക്കും എന്ന് ഉറപ്പുള്ളവരെ മാത്രം അദ്ദേഹം കൂടെ കൂട്ടി.

ട്രംപിനോട് ആവശ്യങ്ങളൊന്നും ഉന്നയിക്കാത്ത, സ്ഥാനാര്‍ത്ഥിയുടെ ചോദനകളും വികാരവിക്ഷോഭങ്ങളും തിരിച്ചറിയുന്ന ന്യൂഹംഷെയറില്‍ നിന്നുള്ള കോറെ ലെവാന്‍ഡോവ്‌സ്‌കിയെയാണ് കഴിഞ്ഞ വര്‍ഷം പ്രചാരണം തുടങ്ങിപ്പോള്‍ ട്രംപ് തന്റെ മനേജരാക്കിയത്. റിപ്പോര്‍ട്ടര്‍മാരോട് ആക്രമോത്സുകമായ സമീപനം സ്വീകരിച്ച ലെവാന്‍ഡോവ്‌സ്‌കി, കഴിഞ്ഞ ജൂണില്‍ പുറത്താക്കപ്പെട്ടിട്ടും വിശ്വസ്തനായി തുടര്‍ന്നു.

കൂടുതല്‍ പ്രവചനീയമായ ഒരു പ്രചാരണത്തിലേക്ക് ട്രംപിനെ തളയ്ക്കാന്‍ ഉദ്ദേശിച്ചിരുന്ന റിപബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് പാര്‍ട്ടിയുടെ മുതിര്‍ന്ന സഹയാത്രിക്കന്‍ പോള്‍ മാന്‍ഫോര്‍ട്ടിനെ ആ സ്ഥാനത്ത് നിയമിക്കാന്‍ ട്രംപ് നിര്‍ബന്ധിതനായി. 1976ല്‍ ജെറാള്‍ഡ് ആര്‍ ഫോഡിന്റെയും 1996 ബോബ് ഡോളിന്റെ പ്രചാരണ സംഘത്തില്‍ അംഗമായിരുന്ന അനുഭവസമ്പത്തുള്ളയാളാണ് മാന്‍ഫോര്‍ട്ട്.

മാന്‍ഫോര്‍ട്ട് സ്ഥാനമൊഴിയാന്‍ നിര്‍ബന്ധിതനായപ്പോള്‍, ‘ട്രംപ് ട്രംപായി തന്നെയിരിക്കട്ടെ’ എന്ന് പറഞ്ഞുകൊണ്ട് മൂന്നാമത്തെ ഒരു സംഘത്തെ അദ്ദേഹം നിയമിച്ചു. കടുത്ത വലതുപക്ഷ വാര്‍ത്ത സൈറ്റായ ബ്രെയ്റ്റ്ബാര്‍ട്ടില്‍ നിന്നും വന്ന പ്രചാരണ ചീഫ് എക്‌സിക്യൂട്ടീഫ് സ്റ്റീഫന്‍ കെ ബാനോണും പ്രചാരണ മാനേജര്‍ കെല്ലിയാനെ കോണ്‍വേയും ട്രംപിന്റെ സ്ഥാപനവിരുദ്ധ സന്ദേശങ്ങള്‍ കടുപ്പിക്കാനും ഗ്രാമീണ സ്ത്രീകളെ ആകര്‍ഷിക്കാനുള്ള വാചാടോപം തണുപ്പിക്കാനും ശ്രമിച്ചു.

വരേണ്യര്‍ക്കെതിരായ മറ്റൊരു അപ്രതീക്ഷിത ജനകീയമുന്നേറ്റം എന്ന് വിശേഷിപ്പിക്കാവുന്ന യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിടാനുള്ള ബ്രിട്ടണിന്റെ ഈ വര്‍ഷം ആദ്യത്തെ വോട്ടിന്റെ അമേരിക്കന്‍ പ്രതിരൂപമായി ട്രംപിനെ ബാനോണ്‍ കണ്ടു. ട്രംപിന്റെ വിജയം മധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും കാണുന്നതുപോലെ ഒരു അട്ടിമറിയല്ലെന്നും ആഗോളീകരണത്തിനും സാങ്കേതിക ഉട്ടോപ്യന്‍ ആധിപത്യത്തിനും വിദ്യാസമ്പന്നരുടെ ധാര്‍ഷ്ട്യത്തിനുമെതിരായ ആഗോള പോരാട്ടത്തിന്റെ ഭാഗമാണെന്നും ബാനോണ്‍ വിശ്വസിച്ചു.

ബ്രിട്ടണിലെ ബ്രക്‌സിറ്റ് പ്രചാരണത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന നൈജല്‍ ഫരേജിനെ ട്രംപിന്റെ റാലിയില്‍ പങ്കെടുപ്പിച്ച ബാനോണ്‍, ധനകാര്യം, മാധ്യമം, രാഷ്ട്രീയം എന്നീ രംഗങ്ങളിലെ വരേണ്യര്‍ക്കെതിരായ ആഗോള പ്രസ്ഥാനത്തിന്റെ ഭാഗമായുള്ള വലിയ ദൗത്യമാണ് ട്രംപിന്റെ സ്ഥാനാര്‍ത്ഥിത്വമെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തി.

അദ്ധ്വാനവര്‍ഗ്ഗത്തിന്റെ എതിരാളി മാത്രമല്ല മറിച്ച് ‘അഴിമതിക്കാരിയും’ ‘ആഗോളീകരണവാദിയും’ ആണ് ക്ലിന്റണ്‍ എന്ന് വരച്ചുകാട്ടാന്‍ ട്രംപിനെ ബാനോണ്‍ പ്രേരിപ്പിച്ചു. രണ്ടു മിനിട്ടു നീണ്ടുനില്‍ക്കുന്ന ട്രംപിന്റെ അവസാന പരസ്യത്തില്‍ ‘റിപബ്ലിക്കന്‍’ ‘ഡെമോക്രാറ്റ്’ എന്നീ വാക്കുകള്‍ ഉപയോഗിക്കുന്നതേയില്ല, മറിച്ച് ബാങ്കര്‍മാരും സാമ്പത്തിക അധികാര ഇടനിലക്കാരുമായും കൈകോര്‍ക്കുന്ന ക്ലിന്റണെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇവരില്‍ പലരും ജൂതന്മാരാണെന്നതും ശ്രദ്ധേയമാണ്. സെമിറ്റിക് വിരുദ്ധ പോരാളികളെ പ്രചാരണത്തില്‍ ട്രംപ് രംഗത്തിറക്കിയെന്ന് പല ജൂത സംഘടനകളും രാഷ്ട്രീയ നേതാക്കളും ആരോപിക്കുന്നതിനും ഈ പരസ്യം കാരണമായി.

ബനോണോ മറ്റേതെങ്കിലും പ്രചാരകരോ ട്രംപിനെ വൈറ്റ് ഹൗസിലേക്ക് അനുഗമിക്കുമോ എന്ന് ഇനിയും വ്യക്തമല്ല. പതിറ്റാണ്ടുകളായി അദ്ദേഹത്തോടൊപ്പം നില്‍ക്കുന്നവരാണ് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങളിലുള്ള എക്‌സിക്യൂട്ടീവുകളും സഹായികളും. വര്‍ഷങ്ങള്‍ നീണ്ട യാത്രയില്‍ അദ്ദേഹം പുതിയ ചിലരെ കൂടെ കൂട്ടിയിട്ടുണ്ട്. ‘ഞാന്‍ കൂടുതല്‍ ഇടപഴകുന്ന ആളുകള്‍ വ്യാപാരവുമായി ബന്ധപ്പെട്ടവരായതിനാല്‍ എന്റെ സുഹൃത്തുകളില്‍ അധികവും ആ രംഗത്തുനിന്നുള്ളവരാണ്,’ എന്ന് ഒരഭിമുഖത്തില്‍ ട്രംപ് പറഞ്ഞിരുന്നു. ‘എനിക്ക് ഒരുപാട് സുഹൃത്തുക്കളുണ്ടെന്ന് ഞാന്‍ കരുതുന്നു, ഒരു പക്ഷെ അവര്‍ സുഹൃത്തുക്കളെ പോലെ അല്ലായിരിക്കും, എല്ലായിപ്പോഴും ഒന്നിച്ചിരിക്കുകയും ഒന്നിച്ച് അത്താഴം കഴിക്കുകയും ചെയ്യുന്ന സുഹൃത്തുക്കള്‍ മറ്റുള്ളവര്‍ക്ക് ഉണ്ടാകാം….എനിക്ക് ശക്തരായ ശത്രുക്കളുമുണ്ട്, പക്ഷെ അത് കുഴപ്പമില്ല.’

വലിയൊരാളാകാന്‍ വേണ്ടി ജീവിതം സമര്‍പ്പിക്കണമെന്ന് വളരെ ചെറുപ്രായത്തില്‍ തന്നെ ട്രംപിന്റെ പിതാവും ന്യൂയോര്‍ക്കിലെ റിയല്‍ എസ്‌റ്റേറ്റ് വ്യാപാരിയുമായ ഫ്രഡ് ട്രംപ് തന്റെ പയ്യന് ഉപദേശം നല്‍കിയിരുന്നു. ‘ഒന്നുമാവാതിരിക്കുന്നതിനേക്കാള്‍’ മോശമായി ഒന്നുമില്ലെന്നായിരുന്നു പിതാവിന്റെ ഉപദേശം. ജോലിയോടുള്ള പിതാവിന്റെ സമര്‍പ്പണവും കെട്ടുകാഴ്ചയിലുള്ള മാതാവിന്റെ ഭ്രമവും കരാറുകള്‍ ഉണ്ടാക്കുന്നതിലും കണക്കുകള്‍ തീര്‍ക്കുന്നതിലും തന്റെ തലതൊട്ടപ്പനും ന്യൂയോര്‍ക്കിലെ അഭിഭാഷകനുമായ റോയ് കോണ്‍ കാണിച്ച അമിത ആക്രമണോത്സുകതയും സമന്വയിപ്പിച്ച ഒരു പൊതുവ്യക്തിത്വമാണ് ഡൊണാള്‍ഡ് ട്രംപ്. ഇതിനെ പിന്തുണയ്ക്കുന്നതിനായി പണവും അഹംബോധവും.

മാധ്യമങ്ങളെ ക്രിയാത്മകമായി ഉപയോഗിക്കുക വഴി, താന്‍ ആഗ്രഹിക്കുന്ന തരത്തില്‍ സാധാരണ ജനങ്ങളെ പ്രചോദിപ്പിക്കാന്‍ സാധിക്കുന്ന ഒരു പ്രതിച്ഛായ നിര്‍മ്മിക്കാന്‍ സാധിക്കുമെന്ന് ട്രംപ് വിശ്വസിച്ചു. ആ പ്രതിച്ഛായ കൃത്യമായി ഉപയോഗിക്കാന്‍ സാധിച്ചാല്‍, പണവും അധികാരവും ലഭിക്കുമെന്നും രാജ്യത്തെ പരമോന്നത സ്ഥാനത്തെത്താന്‍ സാധിക്കുമെന്നും അദ്ദേഹം വിശ്വസിച്ചു. അരനൂറ്റാണ്ട് നീണ്ട കയറ്റത്തിനൊടുവില്‍ ചൊവ്വാഴ്ച അദ്ദേഹം അവസാന പടികയറി.

അവിടെ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് അദ്ദേഹത്തിന് പോലും അറിയില്ല. യഥാര്‍ത്ഥത്തില്‍ പ്രസിഡന്റാവാനുള്ള തയ്യാറെടുപ്പിനായി ഒരുപാട് സമയം ചിലവഴിക്കാറുണ്ടോയെന്ന് ഈ വര്‍ഷം ആദ്യം ചോദിച്ചപ്പോള്‍, പ്രചാരണത്തില്‍ മാത്രമാണ് ശ്രദ്ധയെന്ന് ട്രംപ് സമ്മതിച്ചിരുന്നു. ‘തിരച്ചിലിലും പിന്തുടരലിലുമാണ് എനിക്ക് താല്‍പര്യം,’ അദ്ദേഹം പറഞ്ഞു. ‘ഞാന്‍ അതിയായി ആഗ്രഹിച്ചിരുന്നതെന്തെങ്കിലും എനിക്ക് ലഭിച്ച് കഴിയുമ്പോള്‍, ചിലപ്പോള്‍ എനിക്കതിലുള്ള താല്‍പര്യം നഷ്ടപ്പെടും.’

ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്ക് ഇനി 72 ദിവസങ്ങള്‍ കൂടിയുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍