UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഞാന്‍ മുസ്ലീം, സ്ത്രീ, കുടിയേറ്റക്കാരി; വോട്ട് ചെയ്തത് ട്രംപിന്

Avatar

അസ്ര ക്യു. നൊമാനി
(വാഷിംഗ്ടണ്‍ പോസ്റ്റ്)

‘നിശബ്ദരും നിഗുഢരുമായ ട്രംപ് അനുഭവികളെ’ കുറിച്ച് ഏറെ പറഞ്ഞു കഴിഞ്ഞു. ഇതെന്റെ കുറ്റസമ്മതവും വിശദീകരണവുമാണ്: ഞാന്‍- 51 വയസ്സുള്ള മുസ്ലീം ‘നിറ’ കുടിയേറ്റക്കാരി-ട്രംപിന്റെ നിശബ്ദ വോട്ടര്‍മാരില്‍ ഒരാളാണ്. ട്രംപ് വോട്ടര്‍മാര്‍ വിശേഷിപ്പിക്കപ്പെടുന്നതുപോലെ, ഞാനൊരു ‘മതഭ്രാന്തയോ’, ‘വര്‍ണവെറി’ ഉള്ളയാളോ ‘അധീശത്വത്തിന്റ’ ആളോ അല്ലെങ്കില്‍ ‘വെള്ളക്കാര്‍ക്ക് വേണ്ടി വാദിക്കുന്ന ആളോ’ അല്ലെന്ന് മാത്രമല്ല ഏതെങ്കിലും ‘വെളുത്തപ്രഹരം’ എന്ന് വിളിക്കപ്പെടുന്നതിന്റെ ഭാഗമോ അല്ല.

യുണൈറ്റഡ് സ്‌റ്റേറ്റ്‌സിന്റെ ആദ്യ ആഫ്രോ-അമേരിക്കന്‍ പ്രസിഡന്റായി ബരാക് ഒബാമയെ തിരഞ്ഞെടുക്കാന്‍ സഹായിച്ച സംസ്ഥാനം എന്ന നിലയില്‍ മാത്രമാണ്, 2008ല്‍ ആജീവനാന്ത ലിബറലും അടിമത്തത്തിന്റെ സമയത്ത് ചരിത്രപരമായ ശരിയുടെ കൂടെ നിന്ന വെസ്റ്റ് വെര്‍ജീനിയയുടെ അഭിമാനപുത്രിയുമായ ഞാന്‍ ചരിത്രപരമായി യാഥാസ്ഥിതികത്വത്തിന്റെ ഭാഗത്ത് നില്‍ക്കുന്ന വെര്‍ജീനിയയിലേക്ക് കൂടുമാറിയത്.

എന്നാല്‍, കഴിഞ്ഞ കാലങ്ങളിലൊക്കെ തന്നെയും എന്റെ സ്ഥാനാര്‍ത്ഥികളെ കുറിച്ചുള്ള മുന്‍ഗണനകള്‍ രഹസ്യമാക്കി വെക്കുകയായിരുന്നു: റിപ്പബ്ലിക്കന്‍മാരുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിലേക്ക് ഞാന്‍ പതിയെ ചാഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.

ചൊവ്വാഴ്ച വൈകിട്ട്, ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള ഫെയര്‍ഫാക്‌സ് കൗണ്ടിയിലെ ഫോറസ്റ്റ്വില്ലെ എലിമെന്ററി സ്‌കൂളില്‍ വോട്ടെടുപ്പ് അവസാനിക്കുന്നതിന് തൊട്ടുമുമ്പ്, ട്രംപിന്റെയും അദ്ദേഹത്തിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി മൈക്ക് പെന്‍സിന്റെയും പേരുകളില്‍ വോട്ട് രേഖപ്പെടുന്നതിനായി വിരല്‍ലുകള്‍ക്കിടയില്‍ പെന്‍സില്‍ ശ്രദ്ധാപൂര്‍വം പിടിച്ചുകൊണ്ട്, കാര്‍ഡ്‌ബോര്‍ഡ് വിഭജനങ്ങള്‍ക്കിടയില്‍ ഞാന്‍ കാത്തുനിന്നു.

ഹിലരി പരാജയം സമ്മതിച്ചതിനെ തുടര്‍ന്ന് ട്രംപ് അമേരിക്കയുടെ നിയുക്ത പ്രസിഡന്റായതിന് ശേഷം, ട്രംപിന്റെ ‘വെറുപ്പ്/വിഭാഗീയത/അജ്ഞത’ ഇഷ്ടപ്പെടാത്ത ദശലക്ഷക്കണക്കിന് അമേരിക്കക്കാരുണ്ടെന്ന് പറഞ്ഞുകൊണ്ട് ഒരു സുഹൃത്ത് ലോകത്തോട് ക്ഷമ ചോദിക്കുന്ന സന്ദേശം ട്വിറ്ററില്‍ ഇട്ടു. ‘അങ്ങനെ ചെയ്യുന്ന ദശലക്ഷങ്ങളെ ഓര്‍ത്ത് ലജ്ജിക്കുന്നു,’ എന്നു പറഞ്ഞുകൊണ്ടാണ് അവര്‍ സന്ദേശം അവസാനിപ്പിച്ചത്.

ആ ലജ്ജ ഒരു പക്ഷെ എന്നെ കുറിച്ചുകൂടി ഓര്‍ത്താകാം-എന്നാല്‍ അങ്ങനെയല്ല എന്നു വരുന്നിടത്താണ് ക്ലിന്റണെ തോല്‍വിയിലേക്ക് നയിച്ച വോട്ടര്‍മാരുടെ ആകുലതകള്‍ തള്ളിക്കളയപ്പെടുന്നത്. ‘വെറുപ്പ്/വിഭാഗീയത/അജ്ഞത,’ എന്ന് മൂന്ന് വാക്കിലുള്ള മുദ്രാവാക്യത്തെ ഞാന്‍ തീര്‍ച്ചയായും എതിര്‍ക്കുന്നു. ഗര്‍ഭച്ഛിദ്രം, ഒരേ ലിംഗത്തില്‍ പെട്ടവരുടെ വിവാഹം, കാലാവസ്ഥ വ്യതിയാനം എന്നീ വിഷയങ്ങളിലുള്ള ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നിലപാടിനെ ഞാന്‍ പിന്തുണയ്ക്കുന്നു.

പക്ഷെ ഒബാമ കെയറിന്റെ കീഴിലുള്ള ആരോഗ്യ ഇന്‍ഷ്വറന്‍സ് താങ്ങാന്‍ കഴിയാത്ത വിവാഹമോചനം നേടിയ അമ്മയാണ് ഞാന്‍. പ്രസിഡന്റിന്റെ പണയ-വായ്പ പരിഷ്‌കരണ പരിപാടിയായ ‘ഹോപ് നൗ’ എന്നെ സഹായിക്കുന്നില്ല. ചൊവ്വാഴ്ച, എന്റെ നാടായ വെസ്റ്റ് വെര്‍ജീനിയയിലെ മോര്‍ാന്‍ടൗണില്‍ നിന്നും വിര്‍ജീനിയയിലേക്ക് കാറോടിക്കുന്നതിനിടയില്‍, എട്ടുവര്‍ഷത്തെ ഒബാമ ഭരണത്തിന് കീഴില്‍ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ബുദ്ധിമുട്ടുന്ന എന്നെ പോലുള്ള സാധാരണ അമേരിക്കക്കാരെയും ഗ്രാമീണ അമേരിക്കയെയും ഞാന്‍ കണ്ടു.

അവസാനമായി, ഈ ലോകത്തിലെ മുസ്ലീം തീവ്രവാദത്തെ കുറിച്ച് നേരിട്ടറിഞ്ഞ ഒരു ലിബറല്‍ മുസ്ലീം എന്ന നിലയില്‍, ഇസ്ലാമിക് സ്റ്റേറ്റിനെ നേരിടുന്ന കാര്യത്തില്‍ പ്രസിഡന്റ് ഒബാമയും ഡെമോക്രാറ്റിക് പാര്‍ട്ടിയും ‘ഇസ്ലാം’ എന്ന സംജ്ഞയുടെ ചുറ്റും പതിഞ്ഞ നൃത്തം നടത്താന്‍ എടുത്ത തീരുമാനത്തെ എതിര്‍ക്കുന്ന ഒരാളാണ് ഞാന്‍. ട്രംപിന്റെ നിര്‍ദ്ദേശങ്ങള്‍ തീര്‍ച്ചയായും പരുഷമാണെന്ന് മാത്രമല്ല അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങളോട് ജനങ്ങള്‍ക്ക് നയപരമായ എതിര്‍പ്പുകള്‍ ഉണ്ടാവുകയും ചെയ്യാം. എന്നാല്‍, എന്നെ സംബന്ധിച്ചിടത്തോളം അതൊക്കെ, ഖത്തറും സൗദി അറേബ്യയെയും പോലുള്ള സര്‍ക്കാരുകളും അല്‍ ജസീറ പോലെയുള്ള അവരുടെ മാധ്യമ ചാനലുകളും അവരുടെ പാശ്ചാത്യ അണികളും ചേര്‍ന്ന് ഭൂമിയില്‍ ജീവിക്കുന്ന ഒരു മനുഷ്യജീവി എന്ന നിലയില്‍ എന്നെ ഏറ്റവും കൂടുതല്‍ ആകുലപ്പെടുത്തുന്ന ഒരു വിഷയത്തില്‍ നിന്നും ശ്രദ്ധ തിരിക്കുന്നതിനായി നടത്തിയ അത്യുക്തിയും വികൃതവല്‍ക്കരണവും മാത്രമാണ്: മുംബെയിലെ ടാജ് ഹോട്ടലിലെ ഇടനാഴിയില്‍ മുതല്‍ ഫ്‌ളോറിഡയിലെ ഓര്‍ലാന്റോയിലെ പള്‍സ് നൈറ്റ് ക്ലബിലെ നൃത്തശാലയിലേക്ക് വരെ അത്തരം തീവ്രവാദ ഇസ്ലാം ചോര പടര്‍ത്തുന്നു.

ജൂണ്‍ മധ്യത്തില്‍ പള്‍സില്‍ നടന്ന ക്രൂരമായ വെടിവെപ്പിന് ശേഷം, തന്റെ നിഗൂഢ ശൈലിയില്‍ അയച്ച ഒരു ട്വീറ്റില്‍ ട്രംപ് ഇങ്ങനെ പറഞ്ഞു: ‘അവസാനം, മൗലീക ഇസ്ലാമിക തീവ്രവാദം എന്ന വാക്ക് പ്രസിഡന്റ് ഒബാമ ഉച്ചരിക്കാന്‍ പോവുകയാണോ? അല്ലെങ്കില്‍ ലജ്ജകൊണ്ട് അദ്ദേഹം ഉടനടി രാജിവെക്കണം!’

അതേസമയം ഒബാമ നൃത്തം അനുകരിച്ച ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ക്ലിന്റണ്‍ സിഎന്‍എന്നിന്റെ ‘ന്യൂ ഡേ’ പരിപാടിയില്‍ ഇങ്ങനെ പറഞ്ഞു, ‘എന്റെ കാഴ്ചപ്പാടില്‍ എന്തു പറയുന്നു എന്നതിനേക്കാള്‍ എന്ത് ചെയ്യുന്നു എന്നതാണ് പ്രധാനം. അയാളെ നമ്മള്‍ അങ്ങനെയല്ല സംബോധന ചെയ്യുന്നതെങ്കിലും, ബിന്‍ ലാദനെ പിടിക്കാന്‍ നമുക്ക് സാധിച്ചു. നമുക്ക് എന്ന് ഞാന്‍ വ്യക്തമായി പറയുന്നു-നിങ്ങള്‍ അതിനെ തീവ്ര ജിഹാദിസം എന്ന് വിളിച്ചാലും തീവ്ര ഇസ്ലാമിസം എന്ന് വിളിച്ചാലും, രണ്ടു രീതിയിലും വിശേഷിപ്പിക്കുന്നതില്‍ എനിക്ക് സന്തോഷമേയുള്ളു. രണ്ടിനും ഒരേ അര്‍ത്ഥമാണുള്ളതെന്ന് ഞാന്‍ കരുതുന്നു.’

2014 ഓഗസ്റ്റ് 17ന്, വിക്കിലീക്‌സിന്റെ നിധികുംഭത്തില്‍ നിന്നും ക്ലിന്റണിന്റെ ഇ-മെയിലുകള്‍ പുറത്തുവന്നത് കാര്യങ്ങള്‍ കൂടുതല്‍ വിഷലിപ്തമാക്കിയതായി ഞാന്‍ കരുതുന്നു. ആ മെയിലുകളിലൊന്നില്‍, തന്റെ സഹായി ജോണ്‍ പോഡെസ്റ്റയോട് ക്ലിന്റണ്‍ ഇങ്ങനെ പറയുന്നു: ‘ഐഎസ്‌ഐഎല്ലിനും പ്രദേശത്തെ മറ്റ് തീവ്ര സുന്നി സംഘങ്ങള്‍ക്കും രഹസ്യമായി ധനകാര്യ, ആയുധ സഹായങ്ങള്‍ നല്‍കുന്ന ഖത്തര്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളെ സമ്മര്‍ദത്തിലാക്കുന്നതിന് നമ്മള്‍ കൂടുതല്‍ നയതന്ത്രപരവും കൂടുതല്‍ പരമ്പരാഗത രഹസ്യാന്വേഷണ ആസ്തികളും ഉപയോഗിക്കേണ്ടിയിരിക്കുന്നു,’. ഇസ്ലാമിക് സ്‌റ്റേറ്റിന്റെ കൂടുതല്‍ രാഷ്ട്രീയമായി ശരിയായ പേരാണ് ഐഎസ്‌ഐഎല്‍.

സൗദി അറേബ്യയില്‍ നിന്നും ഖത്തറില്‍ നിന്നും ക്ലിന്റണ്‍ ഫൗണ്ടേഷന് ലഭിക്കുന്ന ദശലക്ഷക്കണക്കിന് ഡോളര്‍ സാമ്പത്തിക സംഭാവനകളെ കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍, ക്ലിന്റണുള്ള എന്റെ പിന്തുണയെ കൊന്നു. തുല്യ വേതനം വേണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ട്രംപിന്റെ ലോക്കര്‍ റൂം ‘വീമ്പുകളും’, മെക്‌സിക്കോയ്ക്കും അമേരിക്കയ്ക്കും നടവില്‍ മതില്‍ എന്ന ആശയത്തെയും മുസ്ലീങ്ങളെ നിരോധിക്കാനുള്ള നീക്കത്തെയും ഞാന്‍ എതിര്‍ക്കുന്നു. എന്നാല്‍ ഞാന്‍ യുണൈറ്റഡ് സ്‌റ്റേറ്റ്‌സിനെ വിശ്വസിക്കുന്നതിനാല്‍, ട്രംപിനെയും അനുകൂലികളെയും വില്ലന്മാരായി ചിത്രീകരിക്കുന്ന തരത്തിലുള്ള സ്വാര്‍ത്ഥപൂര്‍ണണായ ലക്ഷ്യത്തോടെയുള്ള സ്വത്വ രാഷ്ട്രീയത്തിന്റെ അത്യുക്തിയെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്.

എന്റെ ചിന്തകള്‍ ട്വിറ്ററില്‍ സൗമ്യമായി അവതരിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചു. എന്നാല്‍ എതൊരു സൂക്ഷ്മ സംവാദത്തെയും ചവിട്ടിയരയ്ക്കാന്‍ പോന്നതാണ് ‘പാന്റ്‌സ്യൂട്ട് വിപ്ലവം.’ നിങ്ങള്‍ ട്രംപിനെ അനുകൂലിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ നിരക്ഷരകുക്ഷിയാണ്. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ നിന്നുള്ള ഒരു മാധ്യമ പ്രവര്‍ത്തകന്‍ എന്നോട് ഇ-മെയിലില്‍ ചോദിച്ചു: ‘ട്രംപ് അമേരിക്കയിലെ’ മുസ്ലീങ്ങളെ കുറിച്ചുള്ള നിങ്ങളുടെ ചിന്തകള്‍ എങ്ങിനെയാണ്?

1969ല്‍ തന്റെ നാലാം വയസ്സില്‍ അമേരിക്കയിലെത്തിയ ഒരു ഇന്ത്യന്‍ കുട്ടി എന്ന നിലയില്‍, ‘ട്രംപ് അമേരിക്കയിലെ’ മുസ്ലീങ്ങളെ കുറിച്ച് എനിക്ക് യാതൊരു ഭീതിയുമില്ലെന്ന് ഞാന്‍ മറുപടി അയച്ചു. സ്ഥാനാര്‍ത്ഥി ട്രംപിന്റെ വാചാടോപവുമായി ബന്ധപ്പെട്ട ഭീതികളെ ഫലപ്രദമാക്കാന്‍ അമേരിക്കയില്‍ നിലവിലുള്ള തടയണകളും സന്തുലന സംവിധാനങ്ങളും മാത്രമല്ല സാമൂഹിക നീതിയിലും പൗരാവകാശങ്ങളിലുമുള്ള ഈ രാജ്യത്തിന്റെ സമ്പന്ന ചരിത്രവും അനുവദിക്കില്ല.

ഹിലരി ക്ലിന്റണിന്റെ അമേരിക്കയില്‍ ഖത്തറും സൗദി അറേബ്യയും ഉള്‍പ്പെടെയുള്ള മുസ്ലീം പൗരോഹിത്യ ഏകാധിപത്യങ്ങള്‍ക്ക് ഉണ്ടാകുന്ന സ്വീാധീനത്തെ കുറിച്ചായിരുന്നു എന്റെ വലിയ ആകുലതകള്‍. അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ നല്‍കുന്നതിലും ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്കും സിറിയയില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്കും പൗരത്വം നല്‍കുന്നതിലും അവര്‍ പ്രദര്‍ശിപ്പിച്ച വീഴ്ചയും തങ്ങളുടെ ഏകാധിപത്യത്തിന്റെ കീഴില്‍ എല്ലാവരെയും അപ്രഖ്യാപിത അടിമകളായി പരിഗണിക്കുന്ന രീതിയും കണക്കിലെടുക്കുമ്പോള്‍ ഒരു പുരോഗമന സമൂഹത്തിന്റെ തിളക്കമുള്ള ഉദാഹരണങ്ങളല്ല ഈ രാജ്യങ്ങളെന്ന് പെട്ടെന്ന് തിരിച്ചറിയാനാവും.

മുസ്ലീങ്ങള്‍ക്കെതിരായ വെറുപ്പിന്റെ പേരില്‍ മാത്രമല്ല മുസ്ലീങ്ങളുടെ വെറുപ്പിനെയും എതിര്‍ക്കാനും അങ്ങനെ എല്ലാവര്‍ക്കും സമാധാനപരമായ മനസ്സോടെ ജീവിക്കാനും സാഹചര്യം ഒരുക്കുന്ന രീതിയിലുള്ള ധാര്‍മ്മിക സ്ഥൈര്യമാണ് നാം പ്രദര്‍ശിപ്പിക്കേണ്ടത് എന്ന് പറഞ്ഞുകൊണ്ടാണ് ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകനുള്ള മറുപടി ഞാന്‍ അവസാനിപ്പിച്ചത്.

അദ്ദേഹത്തിന് എന്റെ ഇ-മെയില്‍ ലഭിച്ചില്ല. എനിക്കെതിരെ ഉയരാവുന്ന രോഷം ഭയന്ന് ആ മെയില്‍ വീണ്ടുമയയ്ക്കാന്‍ ഞാന്‍ തയ്യാറായില്ല. പക്ഷെ, അതിന് ശേഷം ഞാന്‍ വോട്ടുചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍