UPDATES

വിദേശം

യു എസ് തിരഞ്ഞെടുപ്പില്‍ ആര് ജയിക്കും? എല്ലാം ഈ കമ്പിളിപ്പുഴുക്കള്‍ പറയും

Avatar

കാരിന്‍ ബ്രുള്ളിയാഡ്
(വാഷിങ്ടണ്‍ പോസ്റ്റ്)

യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ആരാകും വിജയി? ഉത്തരം അറിയാമെങ്കില്‍ എത്ര നന്നായിരുന്നു! ഈ ചോദ്യത്തിന് ക്രിസ്റ്റല്‍ ബോളുപയോഗിക്കാതെ ഉത്തരം കാണാന്‍ ശ്രമിക്കുന്നവരെ സ്വീകരിക്കുക ദേശീയ, സംസ്ഥാന അഭിപ്രായവോട്ടെടുപ്പുകളുടെ ഒരു നിരയായിരിക്കും. കൂടാതെ ഫണ്ട് റെയ്‌സിങ് ടേബിള്‍, ഡെലിഗേറ്റ് കൗണ്ട്, പരസ്യങ്ങള്‍, പ്രവചന വിപണി എന്നിങ്ങനെ പലതും.

ഇവയില്‍നിന്നെല്ലാം മാറി കൂടുതല്‍ ഭംഗിയും വിശ്വാസ്യതയുമുള്ള ഒരു കേന്ദ്രത്തിലേക്കു വിരല്‍ ചൂണ്ടിയാലോ – കാലിഫിലെ ബോഡെഗാ ബേയിലെ കമ്പിളിപ്പുഴുക്കളാണ് താരങ്ങള്‍.

30 വര്‍ഷമായി റിപ്പബ്‌ളിക്കന്‍ സ്ഥാനാര്‍ത്ഥിയാണോ ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയാണോ വിജയിക്കുക എന്ന് തെറ്റാതെ പ്രവചിച്ചവരാണ് ഈ പുഴുക്കള്‍. ഈ വര്‍ഷത്തെ പ്രവചനം? അതു പറയുംമുന്‍പ് കമ്പിളിപ്പുഴുക്കളെപ്പറ്റി ചില കാര്യങ്ങള്‍ അറിയേണ്ടതുണ്ട്.

കമ്പിളിപ്പുഴു വിദഗ്ധനായ റിച്ചാര്‍ഡ് കര്‍ബന്റെ കീഴില്‍ പഠനം നടത്തുന്ന കാലിഫോര്‍ണിയ ഡേവിസ് യൂണിവേഴ്‌സിറ്റിയിലെ എറിക് ലോപ്രെസ്റ്റിയും മറ്റ് ബിരുദ വിദ്യാര്‍ത്ഥികളുമാണ് കമ്പിളിപ്പുഴുക്കളുടെ ഈ കഴിവ് പുറത്തുകൊണ്ടുവന്നത്. 1980 മുതല്‍ സാന്‍ഫ്രാന്‍സിസ്‌കോയ്ക്കു വടക്കുള്ള മനോഹര തീരപ്രദേശത്ത് ലൂപൈന്‍ കുറ്റിച്ചെടികളില്‍ വസിക്കുന്ന കമ്പിളിപ്പുഴുക്കളുടെ വാര്‍ഷിക കണക്കെടുപ്പ് മുടങ്ങാതെ നടത്തുന്നയാളാണ് കര്‍ബന്‍.

പുഴുക്കളുടെ സംഖ്യ ചില വര്‍ഷങ്ങളില്‍ വളരെ കൂടുതലായിരിക്കും. മറ്റു ചില വര്‍ഷങ്ങളില്‍ വളരെ കുറവും. ആക്രമണകാരികളായ ഉറുമ്പുകളുടെ എണ്ണം കൂടുന്നതും കുറയുന്നതും കമ്പിളിപ്പുഴുക്കളുടെ എണ്ണത്തിലെ വ്യത്യാസത്തിനു കാരണമായേക്കാമെന്ന് ലോപ്രെസ്റ്റി പറയുന്നു. എങ്കിലും വിശദീകരിക്കാനാകാത്ത മറ്റു കാരണങ്ങളുമുണ്ടെന്ന് കരുതപ്പെടുന്നു.

കീടങ്ങള്‍ക്കെതിരെ ചെടികളുടെ പ്രതിരോധത്തെപ്പറ്റി പഠിക്കുന്ന ലോപ്രെസ്റ്റിയും കൂട്ടുകാരും കമ്പിളിപ്പുഴുക്കളുടെ എണ്ണത്തില്‍ രാഷ്ട്രീയം കാണുകയാണ്. മാര്‍ച്ച് മാസത്തില്‍ കമ്പിളിപ്പുഴുക്കളുടെ എണ്ണം കൂടുതലായിരുന്ന വര്‍ഷങ്ങളിലെല്ലാം തിരഞ്ഞെടുപ്പില്‍ വിജയിച്ചത് ഡമോക്രാറ്റുകളാണ്. കമ്പിളിപ്പുഴുക്കള്‍ കുറവായിരുന്ന തിരഞ്ഞെടുപ്പുവര്‍ഷങ്ങളില്‍ വിജയം റിപ്പബ്ലിക്കന്‍മാര്‍ക്കായിരുന്നു. 1984 മുതലുള്ള എല്ലാ തിരഞ്ഞെടുപ്പിലും ഇതു ശരിയായി.

ലോപ്രെസ്റ്റിയുടെ ബ്ലോഗായ നാച്ചുറല്‍ മ്യൂസിങ്‌സിലാണ് ഗവേഷകര്‍ ഈ കണ്ടുപിടിത്തത്തെപ്പറ്റി എഴുതിയത്. എന്നാല്‍ ഇത് കമ്പിളിപ്പുഴുക്കളുടെ പരസ്യമായി കാണേണ്ടതില്ലെന്നും ബ്ലോഗ് പറയുന്നു. ‘കമ്പിളിപ്പുഴുക്കള്‍ ഡമോക്രാറ്റുകളാണെന്നു പറയാന്‍ എളുപ്പമാണ്. ബില്‍ ക്ലിന്റനു രണ്ടാമത്തെ അവസരം കിട്ടിയതില്‍ വളരെ ആഹ്ളാദിച്ചവരുമായിരുന്നു പുഴുക്കള്‍. എന്നാല്‍ അവരുടെ എണ്ണക്കൂടുതല്‍ ഒരു പ്രതിഷേധമാര്‍ഗമാകാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാകില്ല.’

അപ്പോള്‍ നിര്‍ണായകമായ ചോദ്യം. 2016 മാര്‍ച്ചില്‍ ആരെയാണ് കമ്പിളിപ്പുഴുക്കള്‍ ഇഷ്ടപ്പെടുന്നത്? ഇത്തവണത്തെ വിചിത്രമായ പ്രചാരണ സംഭവവികാസങ്ങളില്‍ ഈ ജീവികള്‍ പോലും ആശയക്കുഴപ്പത്തിലാണെന്നു തോന്നുന്നതായി ലോപ്രെസ്റ്റി പറയുന്നു. അവയുടെ എണ്ണം ഇത്തവണ വളരെക്കൂടുതലാണെന്നു പറയാനാകില്ല. റിപ്പബ്ലിക്കന്‍ വിജയസൂചനയാണിതെന്നു കരുതാനുമാകില്ല. കാരണം റിപ്പബ്ലിക്കന്‍ വിജയവര്‍ഷത്തേതിലും 36 ശതമാനം കൂടുതലാണ് ഈ വര്‍ഷം അവയുടെ എണ്ണം. ഏറ്റവും എണ്ണം കുറഞ്ഞ ഡമോക്രാറ്റ് വര്‍ഷത്തിന്റെ 36 ശതമാനമേ ഉള്ളൂ താനും.

മുന്‍ തിരഞ്ഞെടുപ്പു വര്‍ഷങ്ങളിലൊന്നും സംഭവിക്കാത്ത കാര്യമാണിതെന്നു ഗവേഷകര്‍ പറയുന്നു. ‘റിപ്പബ്ലിക്കന്‍ മുന്‍തൂക്കം കാണുന്നുവെന്നു കരുതാം. മറ്റൊരു സാധ്യത മൂന്നാമതൊരാളുടെ വിജയമാണ്. വലതുപക്ഷ സ്വതന്ത്രനോ മറ്റോ. റിപ്പബ്ലിക്കന്‍ കണ്‍വന്‍ഷനില്‍ തിരഞ്ഞെടുപ്പുണ്ടായാല്‍ പാര്‍ട്ടിയില്‍ പൊട്ടലും ചീറ്റലുമുണ്ടാകും. പഴയ റിപ്പബ്ലിക്കന്‍ കമ്പിളിപ്പുഴുവിന് പുതിയ സംഭവവികാസത്തെ പ്രതിനിധീകരിക്കാന്‍ കഴിയണമെന്നില്ല ‘

മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ ഉത്തരം വ്യക്തമല്ല.

മുന്‍ ന്യൂയോര്‍ക്ക് മേയര്‍ മൈക്കല്‍ ബ്ലൂംബര്‍ഗിനെപ്പോലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്കാകുമോ കമ്പിളിപ്പുഴുവിന്റെ പിന്തുണ എന്ന ചോദ്യത്തിന് അത് ശക്തമായ ഒരു ഊഹമാണെന്നായിരുന്നു ലോപ്രെസ്റ്റിയുടെ മറുപടി.

 നമുക്ക് അതിനെ ശരിയായി കണക്കാക്കാന്‍ കഴിയില്ല, എന്നാല്‍ ആ സാധ്യത തള്ളിക്കളയാനുമാകില്ല.’ 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍