UPDATES

വിദേശം

എന്തുകൊണ്ട് സാന്‍ഡേഴ്‌സ് പോരാട്ടം തുടരണം

Avatar

കത്രീന വാന്‍ഡെന്‍ ഹ്യൂവെല്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഒരു വര്‍ഷം മുന്‍പ് ഇതേ സമയത്താണ് സെനറ്റര്‍ ബെര്‍നി സാന്‍ഡേഴ്‌സ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നു പ്രഖ്യാപിച്ചത്. ഒരു വിമതന്റെ പ്രതിഷേധം എന്ന മട്ടില്‍ പരക്കെ അവഗണിക്കപ്പെട്ട പ്രചാരണമായിരുന്നു സാന്‍ഡേഴ്‌സിന്റേത്.

എന്നാല്‍ കഴിഞ്ഞ 12 മാസം കൊണ്ട് രാഷ്ട്രീയ, മാധ്യമ രംഗത്തുള്ള പലരുടെയും കണക്കുകൂട്ടലുകളെ വെല്ലുവിളിക്കാന്‍ സാന്‍ഡേഴ്‌സിനു കഴിഞ്ഞു. തന്റെ പ്രചാരണത്തിനു ജീവന്‍ നല്‍കുന്ന പുരോഗമനചിന്താഗതികളെ അനുകൂലിക്കുന്ന വലിയൊരു സംഘം വോട്ടര്‍മാരുണ്ടെന്നു തെളിയിക്കാന്‍ അദ്ദേഹത്തിനായി. പല കാര്യങ്ങളിലും ഉറച്ച നിലപാടെടുക്കാന്‍ ഡമോക്രാറ്റിക് മുന്‍നിര സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റനെ നിര്‍ബന്ധിക്കാനും സാന്‍ഡേഴിസിനു കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ ഡെലിഗേറ്റുകളുടെ പിന്തുണക്കണക്കുകള്‍ എതിരായിത്തുടങ്ങിയതോടെ സാന്‍ഡേഴ്‌സ് കളം വിടണമെന്ന് ഹിലരിയുടെ അനുയായികള്‍ ആവശ്യപ്പെടുന്നു. സാന്‍ഡേഴ്‌സ് അവരെ അവഗണിക്കുകയാണു ചെയ്യേണ്ടത്.

ഹിലരി തന്നെയാകും ഡമോക്രാറ്റിക് നോമിനി എന്ന് ഏകദേശം ഉറപ്പാണ്. എന്നാല്‍ സാന്‍ഡേഴ്‌സ് രംഗത്തുനിന്നു മാറണമെന്ന് ആവശ്യപ്പെടുന്നവര്‍ അദ്ദേഹത്തിന് നേടാനാകുന്ന കാര്യങ്ങളെ വിലകുറച്ചു കാണുകയാണ്. ജൂണിലെ അവസാന പ്രൈമറികള്‍ വരെ തുടരുകയും ജൂലൈയിലെ കണ്‍വന്‍ഷനില്‍ കൂടുതല്‍ ഡെലിഗേറ്റുകളുടെ പിന്തുണയും പ്രൈമറി വിജയങ്ങളുമായി എത്തുകയും ചെയ്യുക വഴി സാന്‍ഡേഴ്‌സിന് പാര്‍ട്ടിയെ സ്വാധീനിക്കാനും പൊതുതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വിജയസാധ്യത കൂട്ടാനും കഴിയും.

ഡമോക്രാറ്റിക് പാര്‍ട്ടി കണ്‍വന്‍ഷന് ഒരു കിരീടധാരണത്തിലും ഉയര്‍ന്നതലത്തിലാകാന്‍ കഴിയും, കഴിയണം. പാര്‍ട്ടി അവരുടെ നിയമങ്ങളും ദേശീയനയങ്ങളും തീരുമാനിക്കുന്ന സ്ഥലമാണത്. ഇരു കമ്മിറ്റികളിലും ഹിലരിയെ പിന്തുണയ്ക്കുന്നവരുടെ തള്ളിക്കയറ്റമാണെങ്കിലും സാന്‍ഡേഴ്‌സ് ഉയര്‍ത്തിക്കൊണ്ടുവന്ന സംവാദ വിഷയങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കേണ്ടതുണ്ട്. ഈ അവസരത്തില്‍ സാന്‍ഡേഴ്‌സ് പിന്‍മാറിയാല്‍ അടുത്ത തലമുറയ്ക്കുവേണ്ടിയുള്ള രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന നയങ്ങളെ സ്വാധീനിക്കാനുള്ള അവസരമാകും അദ്ദേഹവും അനുയായികളും നഷ്ടപ്പെടുത്തുന്നത്. അതേസമയം രംഗത്ത് തുടരുകയാണെങ്കില്‍ സ്വന്തം പ്രചാരണത്തെ മുന്നോട്ടുനയിച്ച ആശയങ്ങള്‍ക്ക് ഡമോക്രാറ്റ് വേദിയില്‍ വേണ്ടത്ര പ്രാതിനിധ്യം ലഭിക്കുന്നു എന്നുറപ്പാക്കാന്‍ അദ്ദേഹത്തിനു കഴിയും.

ഹിലരിയെ പിന്തുണയ്ക്കുന്നതിനു മുന്‍പ് സംവാദങ്ങളിലൂടെ സൗജന്യ ഉന്നത വിദ്യാഭ്യാസം, കുറഞ്ഞ കൂലി, കോര്‍പറേറ്റ് വ്യാപാരക്കരാറുകള്‍, രാഷ്ട്രീയത്തിലെ പണം ഒഴുക്ക്, വിദേശനയം തുടങ്ങി പലതിലും പാര്‍ട്ടിയുടെ നിലപാട് കൂടുതല്‍ പുരോഗമനപരമാകണമെന്നു നിര്‍ദേശിക്കാന്‍ സാന്‍ഡേഴ്‌സിനു കഴിയും. വരുംകാല തിരഞ്ഞെടുപ്പുകളില്‍ പ്രൈമറികള്‍ കൂടുതല്‍ സുതാര്യമാക്കാനുള്ള നിയമങ്ങളും അദ്ദേഹത്തിനു നിര്‍ദേശിക്കാനാകും. ഉദാഹരണത്തിന് തിരഞ്ഞെടുക്കപ്പെടാത്ത സൂപ്പര്‍ ഡെലിഗേറ്റുകളുടെ പങ്ക് കുറയ്ക്കുക.

ഡൊണാള്‍ഡ് ട്രംപിനെ പിടിച്ചുനിര്‍ത്താന്‍ ചില റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ ആലോചിച്ചുവരുന്ന തരം കടുത്ത പോരാട്ടത്തിന് സാന്‍ഡേഴ്‌സ് തയ്യാറെടുക്കണമെന്നല്ല ഈ പറഞ്ഞവയുടെ അര്‍ത്ഥം. 1988ലെ ഡമോക്രാറ്റിക് പ്രൈമറി കുറച്ചുകൂടി സാമ്യമുള്ളതായിരിക്കും. അന്ന് വിമതസ്ഥാനാര്‍ത്ഥിയായിരുന്ന ജെസെ ജാക്‌സന്‍ വേനല്‍ക്കാലം വരെ നന്നായി പ്രചാരണം നടത്തിയശേഷമാണ് കണ്‍വന്‍ഷനില്‍ മൈക്കല്‍ ഡ്യൂകാകിസിന് പിന്തുണ പ്രഖ്യാപിച്ചത്. അവിടെ നിര്‍ണായക വിഷയങ്ങളില്‍ സംവാദങ്ങള്‍ നടത്തുകയും പ്രധാന പ്രഭാഷണ വേദി കരസ്ഥമാക്കുകയും ചെയ്തു. ജാക്‌സന്‍ പാര്‍ട്ടിയെ വിഭജിക്കുകയാണെന്ന് വാദമുയര്‍ന്നപ്പോള്‍ നല്ല ഒരു പോരാട്ടത്തിനുശേഷം അനുരഞ്ജനത്തെ പ്രോല്‍സാഹിപ്പിക്കുകയാണെന്നായിരുന്നു ജാക്‌സന്റെ മറുപടി. ‘ സംവാദത്തിലൂടെയും കൂടിയാലോചനകളിലൂടെയുമാണ് നാം വളരുന്നത്. ഐകരൂപ്യമില്ലാതെ തന്നെ ഐക്യമുണ്ടാക്കാന്‍ നമുക്കു കഴിയണം.’

ആ ഐക്യമുണ്ടാകുന്നതിനുമുന്‍പ് സാന്‍ഡേഴ്‌സ് പിന്‍വാങ്ങിയാല്‍ ഹിലരിക്ക് അതിന്റെ വിപരീതഫലം അനുഭവിക്കേണ്ടിവരും. വളരെ നേരത്തെ തന്നെ മത്സരരംഗം വിടാന്‍ ഹിലരി സാന്‍ഡേഴ്‌സിനെ നിര്‍ബന്ധിതനാക്കിയെന്ന ധാരണ പടര്‍ന്നാല്‍ പല വോട്ടര്‍മാരും ഹിലരിക്കു വോട്ട് ചെയ്യാന്‍ മടിക്കും. പ്രചാരണകാലത്ത് ഇരുവരും തമ്മിലുണ്ടായ സുഖകരമല്ലാത്ത വാക്പയറ്റുകള്‍ ഇതിന് ശക്തി പകരും. മറിച്ച് അവരുടെ അഭിപ്രായങ്ങള്‍ മാനിക്കപ്പെട്ടതായി തോന്നലുണ്ടായാല്‍ സാന്‍ഡേഴ്‌സിന്റെ അനുയായികള്‍ക്ക് നവംബറില്‍ ഡമോക്രാറ്റ് സ്ഥാനാര്‍ത്ഥിയെ വിജയത്തിലേക്കു നയിക്കാനാകും.

ഇപ്പോള്‍ മുതല്‍ കണ്‍വന്‍ഷന്‍ വരെയുള്ള കാലത്ത് ഇരുസ്ഥാനാര്‍ത്ഥികളും യുക്തമായി പ്രവര്‍ത്തിച്ചാല്‍ സാന്‍ഡേഴ്‌സിന്റെ സാന്നിദ്ധ്യം വൈറ്റ്ഹൗസിലേക്കുള്ള ഡമോക്രാറ്റുകളുടെ യാത്ര എളുപ്പമാക്കും. കോണ്‍ഗ്രസിലെ നിയന്ത്രണം വീണ്ടെടുക്കാനുള്ള ശ്രമത്തിലും ഇത് സഹായമാകും. ഇപ്പോള്‍ത്തന്നെ അദ്ദേഹത്തിന്റെ പ്രചാരണം പാര്‍ട്ടിക്ക് ഉത്സാഹം പകര്‍ന്നുകഴിഞ്ഞു. കഴിഞ്ഞയാഴ്ച ന്യൂയോര്‍ക്ക് പ്രൈമറിയിലെത്തിയ വോട്ടര്‍മാരില്‍ 10ല്‍ ഏഴുപേരും നോമിനേഷനുവേണ്ടിയുള്ള പോരാട്ടം പാര്‍ട്ടിയെ ഊര്‍ജസ്വലമാക്കിയെന്നാണ് അഭിപ്രായപ്പെട്ടത്; പാര്‍ട്ടിയെ വിഭജിച്ചു എന്നല്ല. പൊതുതിരഞ്ഞെടുപ്പില്‍ ഹിലരിക്കുള്ള പിന്തുണ അവരുടെ പൊതുനയങ്ങളെ ആശ്രയിച്ചിരിക്കുമെന്ന് സാന്‍ഡേഴ്‌സ് പറയുന്നുണ്ടെങ്കിലും അദ്ദേഹം ഇപ്പോള്‍ത്തന്നെ കോണ്‍ഗ്രസിലേക്ക് കൂടുതല്‍ പുരോഗമനചിന്താഗതിക്കാരായ വനിതകളെ കൊണ്ടുവരാന്‍ തന്റെ സ്വാധീനം ഉപയോഗിക്കുന്നുണ്ട്.

ആത്യന്തികമായി ചരിത്രം സാന്‍ഡേഴ്‌സിനെ വിലയിരുത്തുക അദ്ദേഹം നേടിയ വോട്ടുകളുടെ എണ്ണംകൊണ്ടായിരിക്കില്ല – അദ്ദേഹം ആവശ്യത്തിനു വോട്ടുകള്‍ നേടിക്കഴിഞ്ഞു എങ്കിലും. മറിച്ച് ഈ ചരിത്രമുഹൂര്‍ത്തത്തെ രൂപപ്പെടുത്തുന്നതിലും ഭാവിസംവാദങ്ങള്‍ക്ക് അടിത്തറ പാകുന്നതിലും അദ്ദേഹത്തിന്റെ സംഭാവനകള്‍ നോക്കിയാകും. സാന്‍ഡേഴ്‌സ് തന്നെ പറഞ്ഞതുപോലെ : ‘ നിങ്ങളുടെ സന്ദേശത്തിന് ലക്ഷക്കണക്കിനാളുകള്‍ പ്രതികരിക്കുമ്പോള്‍ ആ സന്ദേശം മുഖ്യധാരയിലെത്തിക്കഴിഞ്ഞു എന്നാണ് അര്‍ത്ഥം. അത് രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങളില്‍ മാറ്റമുണ്ടാക്കുന്നു.’ സാന്‍ഡേഴ്‌സ് നമ്മുടെ രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങളില്‍ മാറ്റം കൊണ്ടുവന്നു കഴിഞ്ഞുവെങ്കിലും അദ്ദേഹത്തിന് ഇനിയും ഉയരങ്ങള്‍ കീഴടക്കാം. ലക്ഷ്യം ഓവല്‍ ഓഫിസല്ലെങ്കിലും. കൂടുതല്‍ പുരോഗമനപരമായ ഒരു ഡമോക്രാറ്റിക് പാര്‍ട്ടി എന്ന ലക്ഷ്യം നേടാനായാല്‍ തുടങ്ങിവച്ച രാഷ്ട്രീയവിപ്ലവം തുടരുമെന്ന് അദ്ദേഹത്തിന് തീര്‍ച്ചയായും പ്രതീക്ഷിക്കാനാകും..

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍