UPDATES

യുഎസ് തിരഞ്ഞെടുപ്പ്: ഹിലരിക്ക് ജയസാധ്യതയെന്ന് അഭിപ്രായ സര്‍വേകള്‍

അഴിമുഖം പ്രതിനിധി

അമേരിക്കന്‍ പ്രസിഡന്‌റ് തിരഞ്ഞെടുപ്പിലെ അവസാനഘട്ട സര്‍വേ ഫലങ്ങള്‍ പ്രവചിക്കുന്നത് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണ്‍ ജയിക്കുമെന്നാണ്. വിവിധ ഏജന്‍സികള്‍ നടത്തിയ സര്‍വേകളില്‍ ഹിലരിക്കാണ് മുന്‍തൂക്കം. മൂന്ന് മുതല്‍ അഞ്ച് വരെ പോയന്റുകളുടെ വ്യത്യാസത്തിലാണ് ഹിലരി, എതിരാളിയായ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ മുന്നിട്ടുനില്‍ക്കുന്നത്.

വാഷിംഗ്ടണ്‍ പോസ്റ്റും എ.ബി.സി.ന്യൂസും സംയുക്തമായി നടത്തിയ സര്‍വേയില്‍ ട്രംപിന് 43 ശതമാനം പിന്തുണയും ഹിലരിക്ക് 48 ശതമാനം പിന്തുണയും ലഭിച്ചു. പൊളിറ്റിക്കോയും മോണിംഗ് കണ്‍സള്‍ട്ട് എന്ന കണ്‍സള്‍ട്ടിങ് സ്ഥാപനവും നടത്തിയ സര്‍വേയില്‍ ട്രംപിന് 42 ശതമാനം വോട്ടാണ് ലഭിച്ചത്. ഹിലരി 45 ശതമാനം വോട്ട് നേടി നില മെച്ചപ്പെടുത്തി. അതേസമയം റോയിട്ടേഴ്‌സും ഐപിഎസ്ഒഎസും നടത്തിയ സര്‍വേയില്‍ ഹിലരി ക്ലിന്‌റന് വ്യക്തമായ മേധാവിത്തമാണുള്ളത്. റോയിട്ടേഴ്‌സ് സര്‍വേ 90 ശതമാനം ജയസാദ്ധ്യതയും ഹിലരിക്കാണെന്ന് പറയുന്നു. ജയിക്കാന്‍ വേണ്ടത് 270 ഇലക്ടറല്‍ കോളേജ് വോട്ടുകളാണ്. എന്നാല്‍ ഹിലരി 303 വോട്ട് നേടുമെന്നാണ് റോയിട്ടേഴ്‌സ് പ്രവചനം. ട്രംപിന് 235 വോട്ടേ ലഭിക്കൂ. ഫോക്‌സ് ന്യൂസും സിബിസി ന്യൂസും ചേര്‍ന്ന് നടത്തിയ സര്‍വേയില്‍ ട്രംപിനേക്കാള്‍ നാല് പോയന്‌റ് മുന്നിലാണ് ഹിലരി.

ലാറ്റിനോകള്‍, ആഫ്രിക്കന്‍ വംശജര്‍, യുവാക്കള്‍ തുടങ്ങിയവരുടെയെല്ലാം പിന്തുണ ഹിലരിയ്ക്ക് ലഭിക്കും. അതേസമയം ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ അതൃപ്തരുടെ വോട്ട് ലഭിക്കുമെന്ന പ്രതീക്ഷയാണ് ട്രംപിനുള്ളത്. സ്ഥിരമായി ഡെമോക്രാറ്റുകള്‍ ജയിച്ച് വന്നിരുന്ന മിഷിഗണില്‍ ഇത്തവണ കടുത്ത പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്. പെന്‍സില്‍വാനിയയിലും പോരാട്ടം ശക്തമാണ്.

വിദേശകാര്യ സെക്രട്ടറിയായിരിക്കെ ഔദ്യോഗികാവശ്യങ്ങള്‍ക്ക് സ്വകാര്യ ഇ മെയില്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഹിലരിക്കെതിരെ കുറ്റം ചുമത്തില്ലെന്ന എഫ്.ബി.ഐ നിലപാട് നിര്‍ണായകമാവും. എഫ്.ബി.ഐ ഡയറക്ടര്‍ ജയിംസ് കോമിയാണ് ഇക്കാര്യം ആവര്‍ത്തിച്ച് വ്യക്തമാക്കിയത്. ജൂലായില്‍ തന്നെ എഫ്ബിഐ ഇക്കാര്യം അറിയിച്ചിരുന്നു.

കഴിഞ്ഞ സര്‍വേകള്‍ വെച്ചുനോക്കുമ്പോള്‍ ട്രംപിന് 44 ശതമാനത്തിലധികം വോട്ട് നേടാന്‍ കഴിഞ്ഞിട്ടില്ല. ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിക്കാത്ത നിഷ്പക്ഷ വോട്ടര്‍മാര്‍ക്കിടയില്‍ ട്രംപിന് സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന നിഗമനത്തിലാണ് നിരീക്ഷകരുള്ളത്.

ട്രംപിനെതിരായ ലൈംഗിക പീഡനാരോപണങ്ങളും ഹിലരിക്കെതിരായ ഇ-മെയില്‍ വിവാദവുമാണ് പ്രചാരണത്തെ നിര്‍ണായകമായത്. ഇരുവരുടെയും വിജയസാധ്യതകളെ മാറ്റിമറിക്കാന്‍ ഈ രണ്ട് കാര്യങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍