UPDATES

വിദേശം

ട്രംപ് മുന്നേറുന്നിടത്ത് ബ്ലൂംബര്‍ഗിന് എന്തു കാര്യം?

Avatar

പോള്‍ ഷ്വാര്‍ട്‌സ്മാന്‍
(വാഷിങ്ടണ്‍ പോസ്റ്റ്)

ന്യൂയോര്‍ക്കില്‍ നിന്ന് കോടീശ്വരനും പിന്നീട് റിയാലിറ്റി ടിവി സ്റ്റാറുമായ ഒരാളും വെര്‍മോണ്ടില്‍ നിന്നുള്ള സോഷ്യലിസ്റ്റും താരങ്ങളായ ആകെ കുഴഞ്ഞുമറിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മാന്‍ഹാട്ടന്റെ കിഴക്കുവശത്തുനിന്നുവരുന്ന മറ്റൊരു കോടീശ്വരന് സ്ഥാനമുണ്ടോ?

വെറ്റ്ഹൗസിലെത്താന്‍ ശ്രമിക്കുന്ന മുന്‍ ന്യൂയോര്‍ക്ക് മേയര്‍ മൈക്കല്‍ ബ്ലൂംബര്‍ഗ് അഭിമുഖീകരിക്കുന്ന ചോദ്യമാണിത്.

ശനിയാഴ്ച സൗത്ത് കരോലിനയിലും ചൊവ്വാഴ്ച നെവാദയിലും നേടിയ വിജയം റിപ്പബ്‌ളിക്കന്‍ സ്ഥാനാര്‍ത്ഥികളുടെ മുന്‍നിരയില്‍ ട്രംപിന്റെ സ്ഥാനം ഉറപ്പാക്കിക്കഴിഞ്ഞു. നെവാദയിലെ ചെറിയ മാര്‍ജിനോടെയുള്ള വിജയത്തോടെ ഹിലരി ആവേശം വീണ്ടെടുത്തെങ്കിലും ഡമോക്രാറ്റുകളില്‍ സെനറ്റര്‍ ബെര്‍നി സാന്‍ഡേഴ്‌സിന്റെ ന്യൂഹാംപ്‌ഷെയറിലെ വിജയം അദ്ദേഹത്തെ മത്സരരംഗത്ത് ഉറപ്പിച്ചു നിര്‍ത്തുന്നു.

സ്ഥാനാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞുവരുമ്പോഴും അനിശ്ചിതമായി തുടരുന്ന മല്‍സരരംഗത്തേക്ക് കടക്കാന്‍ ബ്ലൂംബര്‍ഗ് തയാറാണോ എന്നതാണ് ഇപ്പോഴും അറിവാകാത്തത്.

കഴിഞ്ഞയാഴ്ച പ്രചാരണരംഗത്തെ അപലപിച്ചു സംസാരിച്ച ബ്ലൂംബര്‍ഗ് അഴിമതിനിറഞ്ഞതും തകര്‍ന്നതും അനങ്ങാനാകാത്ത വിധം കുഴമറിഞ്ഞതുമായ രാഷ്ട്രീയസംവിധാനത്തില്‍ അമേരിക്കക്കാര്‍ക്ക് നഷ്ടപ്പെട്ട വിശ്വാസത്തെ സ്ഥാനാര്‍ത്ഥികള്‍ ചൂഷണം ചെയ്യുകയാണെന്ന് ആരോപിച്ചിരുന്നു. 

‘അതുകൊണ്ടാണ് യാഥാസ്ഥിതിക സ്ഥാനാര്‍ത്ഥികളെക്കാള്‍ ഇപ്പോഴത്തെ സ്ഥാനാര്‍ത്ഥികള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത് നിങ്ങള്‍ കാണുന്നത്. ‘ ട്രംപിനെയും സാന്‍ഡേഴ്‌സിനെയും പരാമര്‍ശിച്ച് മാന്‍ഹാട്ടന്‍ ബുക്ക് പാര്‍ട്ടിയില്‍ ബ്ലൂംബര്‍ഗ് പറഞ്ഞു.

ബ്ലൂംബര്‍ഗ് കളത്തിലിറങ്ങിയാല്‍ ഏതുകക്ഷിക്കാകും കൂടുതല്‍ പ്രശ്‌നമുണ്ടാകുക എന്നതാണ് അടുത്ത ചോദ്യം. റിപ്പബ്ലിക്കന്‍ വോട്ടുകളെക്കാള്‍ ഡമോക്രാറ്റിക് വോട്ടുകളായിരിക്കും ബ്ലൂംബര്‍ഗിനു ലഭിക്കുക എന്നാണ് അഭിപ്രായവോട്ടെടുപ്പുകള്‍ കാണിക്കുന്നത്. അതുകൊണ്ടുതന്നെ ട്രംപിന്റെ മുന്നേറ്റം ബ്ലൂംബര്‍ഗിനെ മത്സരത്തിനിറങ്ങാന്‍ പ്രേരിപ്പിക്കാനിടയില്ല. ദീര്‍ഘമായ നാമനിര്‍ദേശ നടപടിക്രമങ്ങള്‍ മൂലം ഹിലരിയുടെ സാധ്യതകള്‍ക്കു മങ്ങലേറ്റാലേ ബ്ലൂംബര്‍ഗിനു സാധ്യത വര്‍ധിക്കൂ.

വിമര്‍ശകരുടെ വാദങ്ങള്‍ തെറ്റാണെന്നു തെളിയിക്കാന്‍ തനിക്കുള്ള കഴിവ് 15 വര്‍ഷം മുന്‍പ് ന്യൂയോര്‍ക്ക് സിറ്റി ഹാളില്‍ ബ്ലൂംബര്‍ഗ് തെളിയിച്ചതാണ്. എന്നാല്‍ ന്യൂയോര്‍ക്കല്ല യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്. തോക്കിനെയും പുകവലിയെയും സോഡകളെയും എതിര്‍ക്കുന്ന റിപ്പബ്ലിക്കനെ സ്വതന്ത്രവോട്ടര്‍മാര്‍ മുഴുവന്‍ പിന്തുണയ്ക്കുമെന്നു വിശ്വസിക്കാനാകില്ല. പ്രായോഗികതയെക്കാള്‍ അസ്വസ്ഥതയുണ്ടാക്കുന്ന ശബ്ദധോരണിക്കൊപ്പം നില്‍ക്കാന്‍ ഇഷ്ടപ്പെടുന്നതായി തെളിയിച്ചുകഴിഞ്ഞ വോട്ടര്‍മാര്‍ അളന്നുതൂക്കി സംസാരിക്കുന്ന മിതവാദിക്കൊപ്പം വരുമെന്നതിനും ഉറപ്പില്ല.

‘മറ്റുള്ളവര്‍ക്കെതിരെ വിരല്‍ ചൂണ്ടിയോ ആകാശംമുട്ടുന്ന വാഗ്ദാനങ്ങള്‍ നല്‍കിയോ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകില്ല,’ കഴിഞ്ഞയാഴ്ച ബ്ലൂംബര്‍ഗ് പറഞ്ഞു. ‘ പൊതുതാല്‍പര്യങ്ങള്‍ക്കായി ജനങ്ങളെ ഒരുമിച്ചുകൊണ്ടുവന്ന്, കണ്ടുപിടുത്തങ്ങളെ പ്രോത്സാഹിപ്പിച്ച്, സ്വാതന്ത്ര്യം ദൃശ്യമാക്കി, ഒത്തുതീര്‍പ്പ് എന്നത് ഒരു ചീത്തവാക്കല്ലെന്നു മനസിലാക്കി വേണം പ്രശ്‌നപരിഹാരം ഉണ്ടാക്കാന്‍.’

സ്വതന്ത്രരെന്ന് അഭിമാനിക്കുകയും പ്രധാനപ്പെട്ട രണ്ടുകക്ഷികളിലും വിശ്വാസമില്ലാതിരിക്കുകയും ചെയ്യുന്ന വോട്ടര്‍മാരിലാണ് സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ ബ്ലൂംബര്‍ഗിന്റെ സാധ്യത നിലനില്‍ക്കുന്നത്. ഇത്തരം വോട്ടര്‍മാര്‍ക്ക് ക്ലിന്റന്‍, ജെബ് ബുഷ് എന്നീ പേരുകള്‍ ഒരേപോലെയാണ്. അതേസമയം സാന്‍ഡേഴ്‌സ്, ട്രംപ്, ടെഡ് ക്രൂസ് എന്നിവ മറ്റേയറ്റവുമാണ്. ഇതാണ് ബ്ലൂംബര്‍ഗിന് അവസരം നല്‍കുന്നത്. മുന്‍പ് ഡമോക്രാറ്റായിരുന്ന ബ്ലൂംബര്‍ഗ് പിന്നീട് റിപ്പബ്ലിക്കനായി മാറി. 2007ല്‍ ഒരുപാര്‍ട്ടിയോടും കൂറില്ലെന്നു പ്രഖ്യാപിക്കുകയും ചെയ്തു.

‘സമ്മതിദായകരുടെ സംഖ്യ വിശാലമാണ്. ഈ തിരഞ്ഞെടുപ്പിലെ ധ്രുവീകരണം നോക്കുമ്പോള്‍ അത് ഇനിയും വികസിക്കാം,’ ബ്ലൂംബര്‍ഗിന്റെ ജനഹിതപരിശോധനാ വിദഗ്ധനായ ഡഗ്ലസ് ഷോയെന്‍ പറയുന്നു. വാള്‍ സ്ട്രീറ്റ് ജേണലില്‍ ‘ വൈ മൈക്ക് ബ്ലൂംബര്‍ഗ് കാന്‍ വിന്‍’ എന്ന ലേഖനമെഴുതിയിരുന്നു ഷോയെന്‍.

‘ഇരുകക്ഷികളും തമ്മിലുള്ള അഭിപ്രായസമന്വയം, ഈരുപാര്‍ട്ടികളും ചേര്‍ന്നുള്ള തീരുമാനം, ഫലാധിഷ്ഠിത നയങ്ങള്‍ എന്നിവയെപ്പറ്റി സംസാരിക്കുന്ന ഏക നേതാവാണ് ബ്ലൂംബര്‍ഗ്,’ ഷോയെന്‍ പറയുന്നു. ‘നാം ഇപ്പോള്‍ അഭിമുഖീകരിക്കുന്നതുപോലെയുള്ള പ്രക്ഷുബ്ദത നിറഞ്ഞ അസ്ഥിര രാഷ്ടീയ സാഹചര്യത്തില്‍ ഒരു സ്ഥാനാര്‍ത്ഥിയെയും എഴുതിത്തള്ളാനാകില്ല.’

മത്സരിക്കാന്‍ തീരുമാനിച്ചാല്‍ ബ്ലൂംബര്‍ഗിന് കടുത്ത വെല്ലുവിളികള്‍ നേരിടേണ്ടിവരും. വിജയിക്കാന്‍ ആവശ്യമായ 270 ഇലക്ടറല്‍ കോളജ് വോട്ടുകള്‍ നേടാന്‍ തക്കവിധം സംസ്ഥാനങ്ങളുടെ പിന്തുണ നേടുകയാണ് അവയില്‍ ചെറുതല്ലാത്ത ഒന്ന്.

ഒരു മൂന്നാംകക്ഷി സ്ഥാനാര്‍ത്ഥിയെ ഒരിക്കലും അമേരിക്കക്കാര്‍ പ്രസിഡന്റായി തിരഞ്ഞെടുത്തിട്ടില്ല. 1992ല്‍ പ്രസിഡന്റ് എച്ച് ഡബ്ലിയു ബുഷിനെയും ബില്‍ക്ലിന്റനെയും നേരിട്ട റോസ് പെറോട്ടിന് ലഭിച്ചത് 19 ശതമാനം വോട്ടാണ്. പക്ഷേ ഒരു സംസ്ഥാനം പോലും നേടാന്‍ അദ്ദേഹത്തിനായില്ല.

50 സംസ്ഥാനങ്ങളില്‍ നിന്ന് 900,000 ഒപ്പുകള്‍ സമ്പാദിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യത നേടുക എന്നതാണ് ബ്ലൂംബര്‍ഗ് ആദ്യം ചെയ്യേണ്ട കാര്യം. ‘ ഓരോ സംസ്ഥാനത്തിനും നടപടിക്രമങ്ങള്‍ വ്യത്യസ്തമാണ്. നടപടികള്‍ വിഷമകരമാക്കാന്‍ ഉദ്ദേശിച്ചുള്ളവയുമാണ്,’ 2008ല്‍ സെനറ്റര്‍ ജോണ്‍ മക്കെയ്‌ന്റെ പ്രചാരണ ഉപദേശകനായിരുന്ന റീഡ് ഗലാന്‍ പറയുന്നു. ‘ ബാലറ്റില്‍ കടന്നുകൂടുക എന്നത് സാധ്യമാണോ? അതെ. എളുപ്പമാണോ? അല്ല.’

തന്നെപ്പറ്റി അജ്ഞരായ ഒരു സംഘം വോട്ടര്‍മാര്‍ക്ക് തന്നെ പരിചയപ്പെടുത്തുക എന്നതാണ് ബ്ലൂംബര്‍ഗ് നേരിടുന്ന അടുത്ത നിര്‍ണായക വെല്ലുവിളി. ഈ മാസം ആദ്യം നടന്ന ഒരു അഭിപ്രായവോട്ടെടുപ്പില്‍ പങ്കെടുത്തവരില്‍ 56 ശതമാനം പേരും ബ്ലൂംബര്‍ഗിനെപ്പറ്റി കേട്ടിട്ടുണ്ടായിരുന്നില്ല. സ്വന്തം പേരില്‍ ഒരു മാധ്യമപ്രസ്ഥാനം ഉണ്ടായിട്ടുപോലും.

ഈയാഴ്ച അസോസിയേറ്റഡ് പ്രസ് നടത്തിയ സര്‍വേയുടെ ഫലം അതിലും നിരാശാജനകമായിരുന്നു. ഇരുപാര്‍ട്ടികളിലെയും ഭൂരിപക്ഷം വോട്ടര്‍മാരും ബ്ലൂംബര്‍ഗിന് വോട്ട് ചെയ്യുന്നതിനെപ്പറ്റി ചിന്തിക്കാന്‍ പോലും തയാറില്ല.

സിഎന്‍എന്നിലെ ലാറി കിങ് ടോക് ഷോയിലെ റോസ് പെറോട്ടിന്റെ പ്രത്യക്ഷപ്പെടല്‍ രാജ്യമെങ്ങും വോട്ട് നേടാന്‍ അദ്ദേഹത്തെ സഹായിച്ചതായി 1992ല്‍ പെറോട്ടിനെ ഉപദേശിച്ചിരുന്ന റിപ്പബ്ലിക്കന്‍ നയതന്ത്രജ്ഞന്‍ എഡ് റോളിന്‍സ് ഓര്‍മിക്കുന്നു. ട്രംപിനും സാന്‍ഡേഴ്‌സിനും എവിടെയും ഹോര്‍ഡിങ്ങുകളുണ്ട്.  എന്നാല്‍ ബ്ലൂംബര്‍ഗിന് ഒന്നുമില്ല. ‘ അദ്ദേഹത്തിന് കോടികളുടെ സമ്പാദ്യമുണ്ട്. എന്നാല്‍ കൂടെനില്‍ക്കുന്ന ഒരു പ്രസ്ഥാനമില്ല.’

‘ബ്ലൂംബര്‍ഗിനോട് മത്സരിക്കാന്‍ ആവശ്യപ്പെടുന്നത് ഇരുപാര്‍ട്ടികളിലെയും സ്ഥാനാര്‍ത്ഥികളെ ഇഷ്ടപ്പെടാത്ത അദ്ദേഹത്തിന്റെ സുഹൃത്തുക്കളാണെന്ന് എനിക്കു തോന്നുന്നു. അത് ഒരു നിയോജകമണ്ഡലമോ പ്രസ്ഥാനമോ അല്ല.’

‘ന്യൂയോര്‍ക്ക് നന്നായി നടത്തിക്കൊണ്ടുപോകാന്‍ അദ്ദേഹത്തിനായി. പക്ഷേ ബഹുഭൂരിപക്ഷം അമേരിക്കക്കാരും ന്യൂയോര്‍ക്കിനെ കണക്കിലെടുക്കാറില്ല.’

2001ല്‍ മേയറാകാന്‍ മല്‍സരിച്ചപ്പോള്‍ ന്യൂയോര്‍ക്കിലെ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ ബ്ലൂംബര്‍ഗിനെ അപഹസിച്ചു. എത്ര സമ്പന്നനായാലും ഡമോക്രാറ്റിക് വോട്ടര്‍മാര്‍ നിറഞ്ഞ നഗരം പിടിക്കാന്‍ ഒരു പുതുരാഷ്ട്രീയക്കാരനായ റിപ്പബ്‌ളിക്കന് ആകില്ലെന്നായിരുന്നു അന്നത്തെ വിലയിരുത്തല്‍.

‘വേറെ പണിയൊന്നുമില്ലാത്തൊരു പണക്കാരന്‍ എന്നായിരുന്നു വിലയിരുത്തല്‍,’ ബ്ലൂംബര്‍ഗിന്റെ മുന്‍ ഉപദേശകനായ ബില്‍ കണ്ണിങ്ഹാം പറയുന്നു. അദ്ദേഹത്തിന്റെ പ്രചാരണത്തിനായി പ്രവര്‍ത്തിക്കുക എന്നത് ഭ്രാന്താണെന്ന് തന്റെ സുഹൃത്തുക്കള്‍ പറഞ്ഞതും കണ്ണിങ്ഹാം ഓര്‍മിക്കുന്നു.

എന്നാല്‍ സ്വന്തം സമ്പാദ്യത്തില്‍നിന്ന് പ്രചാരണത്തിനായി 50 മില്യണ്‍ ഡോളര്‍ ചെലവഴിക്കാനുള്ള ബ്ലൂംബര്‍ഗിന്റെ സന്നദ്ധത ന്യൂയോര്‍ക്കുകാരെ ടിവി പരസ്യങ്ങള്‍ക്കും കത്തുകള്‍ക്കും നടുവിലാക്കി. സെപ്റ്റംബര്‍ 11ന്റെ ഭീകരാക്രമണത്തില്‍ പ്രതിസന്ധിയിലായ സമ്പദ് വ്യവസ്ഥ ബ്ലൂംബര്‍ഗിന്റെ സാമ്പത്തികഭദ്രത കൂടുതല്‍ ആകര്‍ഷകമാക്കി. പതിനൊന്നാംമണിക്കൂറില്‍ അന്നത്തെ മേയര്‍ റുഡോള്‍ഫ് ഗിലിയാനിയില്‍നിന്നു ലഭിച്ച പ്രശംസ കൂടിയായപ്പോള്‍ ബ്ലൂംബര്‍ഗ് അനുഗ്രഹീതനായി.

ഇരുകക്ഷികളുമായും ബന്ധമില്ലാത്ത 800,000 ന്യൂയോര്‍ക്കുകാരെ തിരിച്ചറിയുകയും അവരോട് അഭ്യര്‍ത്ഥന നടത്തുകയും കൂടി ചെയ്താണ് ബ്ലൂംബര്‍ഗ് അന്ന് മുന്‍തൂക്കം നേടിയത്. മാസങ്ങളോളം നീണ്ട പ്രയത്‌നമായിരുന്നു അത്. നേരിയ മുന്‍തൂക്കത്തോടെയുള്ള അദ്ദേഹത്തിന്റെ വിജയത്തിനു പിന്നില്‍ ഇതാണെന്ന് എതിരാളികള്‍ പറയുന്നു.

‘ബ്ലൂംബര്‍ഗ് മുന്നിലെത്തിയപ്പോള്‍ എല്ലാവരും അമ്പരന്നു. ആരും അത് പ്രതീക്ഷിച്ചില്ല,’ ഹണ്ടര്‍ കോളജ് പൊളിറ്റിക്കല്‍ സയന്‍സ് പ്രഫസര്‍ കെന്നെത്ത് ഷെറില്‍  പറയുന്നു.

ഇങ്ങനെയാണെങ്കിലും ബ്ലൂംബര്‍ഗിന്റെ ന്യൂയോര്‍ക്കിലെ വിജയത്തിന് പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി സമാനതകളില്ല. പ്രസിഡന്റ് തിരഞ്ഞെടുപ്പ് ജനപ്രിയതയല്ല, ഇലക്ടറല്‍ കോളജാണ് തീരുമാനിക്കുക എന്നതാണു കാരണം.

‘ന്യൂയോര്‍ക്കില്‍ ഫലം കണ്ടത് രാജ്യത്തിന്റെ മറ്റുഭാഗങ്ങളില്‍ ഫലവത്താകണമെന്നില്ല’, നിഷ്പക്ഷമായ ഒരു ന്യൂസ് ലെറ്ററിന്റെ എഡിറ്റര്‍ സ്റ്റുവാര്‍ട്ട് റോഥെന്‍ബര്‍ഗ് പറയുന്നു. ‘ തോക്കുകള്‍ക്കും സോഫ്റ്റ് ഡ്രിങ്കുകള്‍ക്കുമെതിരെ നില്‍ക്കുന്ന ഒരാളെന്ന നിലയിലാണ് ബ്ലൂംബര്‍ഗ് അറിയപ്പെടുന്നത്. ഫെയര്‍ബാങ്ക്‌സ്, അലാസ്‌ക, ഇന്ത്യാനപോളിസ് പ്രാന്തപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ അത് എങ്ങനെയാകും സ്വീകരിക്കപ്പെടും?’

മൂന്നുമുഖങ്ങളുള്ള മത്സരം ജയിക്കാന്‍ ശ്രമിക്കുമ്പോള്‍ ട്രംപ്, സാന്‍ഡേഴ്‌സ് തുടങ്ങിയവര്‍ക്കെതിരെ ബ്ലൂംബര്‍ഗിന് പുരോഗമനനിലപാടുകള്‍ വലിയ പ്രശ്‌നമൊന്നുമുണ്ടാക്കില്ല. എന്നാല്‍ അദ്ദേഹത്തിന്റെ ജയം ഇരുപക്ഷത്തും പെടാത്ത സ്വതന്ത്രരുടെ പിന്തുണയില്‍ ആശ്രയിച്ചാണിരിക്കുന്നത്. വിജയിക്കുമെന്നുറപ്പില്ലാത്തൊരു സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യാനുള്ള അവരുടെ സന്നദ്ധതയില്‍ ആശ്രയിച്ച്.

സ്വതന്ത്രരെന്ന് അഭിമാനിക്കുന്നവരില്‍ പലരും അത്ര സ്വതന്ത്രരല്ല എന്നതാണ് യാഥാര്‍ത്ഥ്യം. ‘പലരിലും ആഴത്തിലുള്ള പക്ഷപാതമുണ്ട്. അവര്‍ വോട്ട് പാഴാക്കാന്‍ ഇഷ്ടപ്പെടുന്നില്ല,’  റോഥെന്‍ബര്‍ഗ് പറയുന്നു.

ഏതു പാര്‍ട്ടിക്കാകും ബ്ലൂംബര്‍ഗിന്റെ സ്ഥാനാര്‍ത്ഥിത്വം കൂടുതല്‍ ദോഷം ചെയ്യുക എന്ന ചോദ്യങ്ങളുമുണ്ട്. ഈയിടെ യുഎസ് എ ടുഡേയും സഫോക് യൂണിവേഴ്‌സിറ്റിയും ചേര്‍ന്നു നടത്തിയ സര്‍വേയില്‍ സാന്‍ഡേഴ്‌സ് ട്രംപിനെതിരെ കടുത്ത എതിരാളിയാണെന്നു കണ്ടു. എന്നാല്‍ ബ്ലൂംബര്‍ഗ് മത്സരിക്കാനിറങ്ങിയാല്‍ ട്രംപ് വിജയിക്കുമെന്നായിരുന്നു കണ്ടത്.

ആത്യന്തികമായി ജയിക്കാനാവശ്യമുള്ളത്ര ഇലക്ടറല്‍ വോട്ടുകള്‍ ലഭിക്കുന്ന സംസ്ഥാനങ്ങള്‍ കണ്ടെത്തുകയാണ് ബ്ലൂംബര്‍ഗ് ചെയ്യേണ്ടതെന്ന് ‘റോള്‍ കോളി’ല്‍ റോഥെന്‍ബര്‍ഗിന്റെ വിശകലനം പറയുന്നു.  രാജ്യത്തെ 20 യാഥാസ്ഥിതിക സംസ്ഥാനങ്ങളില്‍ ബ്ലൂംബര്‍ഗിന് സാധ്യത വളരെക്കുറവാണെന്ന് റോഥെന്‍ബര്‍ഗ് കണ്ടെത്തി. മിസിസിപ്പി, അലാബാമ, ലൂസിയാന, ഓക് ലഹോമ, സൗത്ത് കരോലിന എന്നിവ ഇവയില്‍ ഉള്‍പ്പെടുന്നു. ഓറിഗണ്‍, വെര്‍മോണ്ട്, മസാച്ചുസെറ്റ്‌സ്, മിഷിഗണ്‍, മേരിലാന്‍ഡ് തുടങ്ങി രാജ്യത്തെ ഇടതുപക്ഷ സംസ്ഥാനങ്ങളിലും ബ്ലൂംബര്‍ഗിനു നേരിടേണ്ടിവരുന്ന വെല്ലുവിളികള്‍ നിസാരമായിരിക്കില്ല.

എന്നാല്‍ ഇപ്പോഴത്തെ ‘സ്വിങ്’ സംസ്ഥാനങ്ങളായ ഓഹിയോ, അയോവ, ന്യൂഹാംപ്‌ഷെയര്‍, കൊളറാഡോ, വിര്‍ജീനിയ എന്നിവിടങ്ങളില്‍ ബ്ലൂംബര്‍ഗിന്റെ വരവ് കാര്യങ്ങള്‍ തകിടം മറിക്കുമെന്നതില്‍ സംശയമില്ല.

കലിഫോര്‍ണിയ, ന്യൂയോര്‍ക്ക്, കണക്ടിക്കട്ട്, ന്യൂ ജഴ്‌സി എന്നിവിടങ്ങളില്‍ ബ്ലൂംബര്‍ഗിനു വിജയിക്കാനാകുമെന്ന് റോഥെന്‍ബര്‍ഗ് പറയുന്നു. ഇവയെല്ലാം ഡമോക്രാറ്റുകള്‍ക്ക് വോട്ട് ചെയ്യുന്ന സംസ്ഥാനങ്ങളാണ്. ഈ പട്ടികയില്‍പ്പെടുത്താവുന്ന ഒരേയൊരു ‘സ്വിങ്’ സംസ്ഥാനം ഓഹിയോ ആണ്. ഇത്രയധികം സംസ്ഥാനങ്ങള്‍ കൈപ്പിടിയില്‍ ഒതുങ്ങാതെ വരുമെന്നതിനാല്‍ ബ്ലൂംബര്‍ഗിന് അത്യധ്വാനം തന്നെ ചെയ്യേണ്ടിവരും. ‘ അത് എളുപ്പമല്ല. വിജയിക്കുമെന്ന് എനിക്കു തോന്നുന്നില്ല.’

ട്രംപിന്റെയും സാന്‍ഡേഴ്‌സിന്റെയും വിജയം രാഷ്ട്രീയ പ്രവചനങ്ങള്‍ അപകടകരമാക്കിയിരിക്കുകയാണ്.  എങ്കിലും ബ്ലൂംബര്‍ഗിന്റെ കാര്യത്തില്‍ കണക്ക് ശരിയാകുന്നില്ലെന്ന് റോഥെന്‍ബര്‍ഗ് പറയുന്നു. ‘ബ്ലൂംബര്‍ഗിന്റെ പക്കല്‍ എത്ര പണമുണ്ടായാലും.’

‘ പ്രഹേളികയിലേക്കു നോക്കുമ്പോള്‍ ഏറ്റവും കുറഞ്ഞ വാക്കുകളില്‍ പറഞ്ഞാല്‍ അത് വളരെ ബുദ്ധിമുട്ടാണ്.’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍