UPDATES

യുഎസ് എച്ച്-1ബി വിസ പരിഷ്‌കാരങ്ങള്‍ ഇന്ത്യന്‍ ഐടി തൊഴിലാളികള്‍ക്ക് തിരിച്ചടിയാവും

വരുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാവുമെന്ന് പരക്കെ വിശ്വസിക്കപ്പെടുന്ന ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ ഇമിഗ്രേഷന്‍ നിര്‍ദ്ദേശങ്ങള്‍ ഇന്ത്യന്‍ വിദഗ്ധ തൊഴിലാളികള്‍ക്ക് ഭീഷണിയാവുന്നു. വിദഗ്ധ തൊഴിലാളികള്‍ക്കായുള്ള എച്ച്-1ബി വിസക്കാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കണമെന്ന ട്രംപിന്റെ പുതിയ നിര്‍ദ്ദേശമാണ് ഇന്ത്യന്‍ വിദഗ്ധ തൊഴിലാളികള്‍ക്ക് ഭീഷണിയാവുന്നത്. ഇതോടെ വിദേശ തൊഴിലാളികളെ നിയമിക്കാന്‍ കമ്പനികള്‍ മടിക്കുമെന്നും അമേരിക്കന്‍ പൗരന്മാരെ കൂടുതലായി റിക്രൂട്ട് ചെയ്യാന്‍ കമ്പനികള്‍ നിര്‍ബന്ധിതമാകുമെന്നും വിലയിരുത്തപ്പെടുന്നു.

പ്രതിവര്‍ഷം 85,000 വിദേശികളാണ് വിദഗ്ധ തൊഴിലുകള്‍ക്കായി യുഎസില്‍ എത്തുന്നത്. ഇതില്‍ തന്നെ ഐടി ജോലികള്‍ക്കായി അനുവദിക്കുന്ന വിസകളുടെ 85 ശതമാനവും ഇന്ത്യക്കാര്‍ക്കാണ് ലഭിക്കുന്നത്. എന്നാല്‍ കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി എച്ച്-1ബി വിസക്കാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കുക എന്ന തന്ത്രമാണ് ട്രംപ് മുന്നോട്ട് വയ്ക്കുന്നത്. ഇതുവഴി കൂടുതല്‍ തദ്ദേശീയരെ ജോലിക്ക് നിയമിക്കാന്‍ യുഎസ് ഐടി കമ്പനികള്‍ നിര്‍ബന്ധിതമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. മാത്രമല്ല, വിദേശത്ത് നിന്നും കുറഞ്ഞ വേതനത്തിന് ജോലിക്കാരെ ലഭിക്കുന്നത് വഴി വന്‍കിട കമ്പനികള്‍ എച്ച്-1ബി വിസ ചട്ടങ്ങള്‍ ചൂഷണം ചെയ്യുകയാണെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.

എന്നാല്‍ ഇപ്പോള്‍ തന്നെ എച്ച്-1ബി വിസക്കാര്‍ക്ക് മാന്യമായ ശമ്പളമാണ് ലഭിക്കുന്നതെന്ന് ഐടി രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, മൊത്തം ഐടി മേഖലയിലെ തൊഴില്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് കൂടുതല്‍ എച്ച്-1ബി വിസകള്‍ അനുവദിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞ വര്‍ഷം മാത്രം ഐടി മേഖലയില്‍ 223,000 ഒഴിവുകളാണ് ഉണ്ടായതെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ 85,000 എച്ച്-1ബി വിസകള്‍ മാത്രമാണ് കഴിഞ്ഞ വര്‍ഷം അനുവദിച്ചത്.

വിദഗ്ധ തൊഴിലാളികളുടെ കുടിയേറ്റത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിലൂടെ യുഎസിലെ തൊഴില്‍ കമ്പോളങ്ങളില്‍ ക്ഷാമം നേരിടുകയാണെന്ന് പുതിയ നിര്‍ദ്ദേശങ്ങളോട് പ്രതികരിച്ചുകൊണ്ട് ഐടി ഭീമനായ മൈക്രൊസോഫ്റ്റ് അഭിപ്രായപ്പെട്ടു. പ്രതിവര്‍ഷം 195,000 എച്ച്-1ബി വിസകള്‍ അനുവദിക്കണമെന്നാണ് മാര്‍ക്ക് സുക്കര്‍ബര്‍ഗ് ആവശ്യപ്പെടുന്നത്. എന്നാല്‍ ട്രംപിന്റെ വീക്ഷണം ഇതിന് നേര്‍വിപരീദമാണ്. അദ്ദേഹം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നപക്ഷം ഇന്ത്യന്‍ പ്രവാസികള്‍ക്ക് പ്രതികൂല സാഹചര്യമാവും ഉണ്ടാവുക എന്ന് വേണം വിലയിരുത്താന്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍