UPDATES

പ്രവാസം

യുഎസിന്റെ എച്ച്-2എ, എച്ച്-2ബി വിസ പദ്ധതിയില്‍ ഇന്ത്യയില്ല

Avatar

അഴിമുഖം പ്രതിനിധി

യുഎസിന്റെ എച്ച്-2എ, എച്ച്-2ബി വിസ പദ്ധതിയിലേക്ക് പുതുതായി പതിനൊന്ന് രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്തി. എന്നാല്‍ നരേന്ദ്ര മോദിയുടെ കീഴില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളില്‍ വന്‍ മുന്നേറ്റമുണ്ടായിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും പട്ടികയില്‍ ഇടംപിടിക്കാന്‍ ഇന്ത്യയ്ക്കായില്ല. കാര്‍ഷിക, കാര്‍ഷികേതര മേഖലകളില്‍ താല്‍ക്കാലിക തൊഴിലുകള്‍ക്കാണ് ഈ ഗണത്തിലുള്ള വിസകള്‍ യുഎസ് അനുവദിക്കുന്നത്. എച്ച്-2എ കാര്‍ഷികമേഖലയ്ക്കും എച്ച്-2ബി കാര്‍ഷികേതര മേഖലയ്ക്കുമായി തരംതിരിച്ചിട്ടുണ്ട്.

താഴ്ന്ന വൈദഗ്ധ്യം ആവശ്യമുള്ള മേഖലകള്‍ക്കാണ് ഈ വിസകള്‍ അനുവദിക്കുന്നത്. താല്‍കാലിക ജോലികള്‍ക്കായി വിദേശ തൊഴിലാളികളെ യുഎസിലേക്ക് കൊണ്ടുവരാന്‍ ഈ പദ്ധതി പ്രകാരം തൊഴിലുടമകള്‍ക്ക് സാധിക്കും. എന്നാല്‍, ഇത്തരം തൊഴിലുകള്‍ ചെയ്യുന്നതിന് യുഎസില്‍ ആളുകളെ ലഭിക്കുന്നില്ലെന്ന് കാണിക്കുന്നതിനായി തൊഴിലുടമകള്‍, താല്‍ക്കാലിക തൊഴില്‍ സര്‍ട്ടിഫിക്കേഷന് അപേക്ഷ നല്‍കേണ്ടതുണ്ട്. പ്രസിദ്ധീകരിക്കപ്പെട്ട പട്ടികയില്‍ ഉള്ള രാജ്യങ്ങളില്‍ നിന്ന് മാത്രമേ തൊഴിലാളികളെ കൊണ്ടുവരാനും സാധിക്കുകയുള്ളൂ.

യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്റ് ഇമിഗ്രേഷന്‍ സര്‍വീസസാണ് പുതിയ പട്ടിക പുറത്തിറക്കിയത്. ബാര്‍ബഡോസ്, ബെലിസെ, ചെക്ക് റിപ്പബ്ലിക്, ഡെന്‍മാര്‍ക്ക്, ഡോമിനിക്കന്‍ റിപ്പബ്ലിക്, ഗ്രെനഡ, ഹെയ്തി, ജമൈക്ക, മഡഗോസ്‌കര്‍, പോര്‍ച്ചുഗല്‍, സ്വീഡന്‍ എന്നിവയാണ് പുതുതായി പട്ടികയില്‍ ഇടംപിടിച്ച രാജ്യങ്ങള്‍. ഇതോടെ ഈ വിസകള്‍ അനുവദിക്കപ്പെടുന്ന രാജ്യങ്ങളുടെ എണ്ണം 63 ആയി വര്‍ദ്ധിച്ചിട്ടുണ്ട്. ജപ്പാനും തായ്‌ലന്റും ഒഴികെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ക്കൊന്നും ഇതുവരെ പട്ടികയില്‍ ഇടംനേടാനായിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍