UPDATES

വിദേശം

തെക്കന്‍ ചൈനാ സമുദ്രത്തില്‍ ചൈനയുടെ ചില ‘മണ്ടന്‍’ ഇടപെടലുകള്‍

Avatar

സിമോണ്‍ ഡെന്യര്‍
(വാഷിംഗ്ടണ്‍ പോസറ്റ്)

തര്‍ക്കത്തില്‍ കിടക്കുന്ന സമുദ്രാതിര്‍ത്തി തിരിച്ചുപിടിക്കുക എന്ന ലക്ഷ്യവുമായി ഗ്രേറ്റ് വാള്‍ ഓഫ് സാന്‍ഡ് എന്ന പേരില്‍ ചൈന പുതിയൊരു സമരത്തിന് ഒരുങ്ങുകയാണ്. യു എസ് പസിഫിക് നാവികസേന കമാന്‍ഡറുടെ നിഗമനത്തില്‍ തര്‍ക്കത്തില്‍ കിടക്കുന്ന ഈ അതിര്‍ത്തികള്‍ക്ക് വേണ്ടി സൈനിക ഇടപെടല്‍ ഭാവിയില്‍ വേണ്ടിവരും എന്ന നിഗമനത്തിലാണ് ഈ പുതിയ നടപടികള്‍.

കഴിഞ്ഞ ചൊവ്വാഴ്ച നടന്ന നാവിക സമ്മേളനത്തില്‍, ഇത്തരത്തില്‍ എല്ലാ രാജ്യങ്ങളും തെക്കേ ചൈന കടലില്‍ തങ്ങളുടെ അതിര്‍ത്തി സംരക്ഷണം തുടര്‍ന്നാല്‍ അത് രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് വഴിവയ്ക്കും എന്ന് അഡ്മിറല്‍ ഹാരി ബി ഹാരിസ് ജൂനിയര്‍ പറഞ്ഞു. ചൈനയുടെ ഈ നടപടിക്കെതിരെ ഇതുവരെ വന്ന ഏറ്റവും ശക്തമായ എതിര്‍പ്പാണ് ഹാരിസ് ജൂനിയര്‍ ഉന്നയിച്ചത്. ചൈന ഇപ്പോള്‍ നടത്തുന്ന ഈ ‘നൂതന’ ഇടപെടലില്‍ ശ്രദ്ധ ഊന്നേണ്ടതുണ്ട്. 

ഈ നിര്‍മാണത്തില്‍ പവിഴ പുറ്റുകള്‍ക്ക് നാശം വരുത്തുന്ന വിധത്തില്‍ നിരവധി ദ്വീപുകള്‍, തുറമുഖങ്ങള്‍, ഹെലിപ്പാഡുകള്‍ എന്നിവ നിര്‍മിക്കുന്നതിലാണ് ചൈന വ്യാപൃതരായിരിക്കുന്നത് എന്നാണ് സാറ്റലൈറ്റ് ദൃശ്യങ്ങള്‍ വെളിവാക്കുന്നത്. തര്‍ക്ക പ്രദേശങ്ങളില്‍ പട്ടാളമേധാവിത്വം നേടാനുള്ള ശ്രമത്തിലാണ് ചൈന എന്ന് സ്‌റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് വക്താവ് ജെന്‍ പ്‌സകി ആശങ്ക പ്രകടിപ്പിച്ചു. 

കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ തന്നെ ചൈന ഏകദേശം 1.5 square miles കൃത്രിമ ഭൂമി നിര്‍മിച്ചു കഴിഞ്ഞു എന്നും ഹാരിസ് അഭിപ്രായപ്പെട്ടു.

പവിഴപ്പുറ്റു തീരങ്ങള്‍ക്ക് മുകളില്‍ മണ്ണ് നിക്ഷേപിച്ചു കൊണ്ടാണ് ചൈന കൃത്രിമ ഭൂമി നിര്‍മിക്കുന്നത്. പല പവിഴപ്പുറ്റുകളും നാശോന്മുഖമായി കഴിഞ്ഞു. ഈ പവിഴപ്പുറ്റുകള്‍ക്ക് മുകളില്‍ സിമന്റ് ഇട്ടാണ് അതിനെ ഉറപ്പിക്കുന്നത്. ഗ്രേറ്റ് വാള്‍ ഓഫ് സാന്‍ഡ് എന്ന മണ്ടന്‍ ആശയം നടപ്പിലാക്കാന്‍ അതിമനോഹരമായ പ്രകൃത്യാലുള്ള ഒരു ദ്വീപിനെ ചൈന ബുള്‍ഡോസര്‍ കൊണ്ടും കുഴികള്‍ എടുത്തും നശിപ്പിച്ചുകൊണ്ടിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. 

തെക്കേ ചൈനാ സമുദ്രത്തിന്റെ അതിര്‍ത്തികള്‍ തങ്ങള്‍ക്കു മാത്രം അവകാശപ്പെട്ടതാണ് എന്ന് ചൈന പറയുമ്പോഴും, അതില്‍ ഭൂമിശാസ്ത്രപരമായി വിയറ്റ്നാം, ഫിലിപ്പയന്‍സ്, തായ്‌വാന്‍, മലേഷ്യ, ബ്രൂണയ് എന്നീ രാജ്യങ്ങള്‍ക്കും അവകാശം ഉണ്ട്.

എന്നാല്‍ ചൈന തന്റെ അധീനതയിലുള്ള പ്രദേശങ്ങളിലാണ് നിര്‍മാണങ്ങള്‍ നടത്തുന്നത് എന്നും ഇതിലൂടെ തെക്കന്‍ ചൈന കടലിലെ തിരക്കേറിയ പാതയിലൂടെ സുഗമമായ സഞ്ചാരത്തിന് വേണ്ടിയാണ് ശ്രമിക്കുന്നത് എന്നും ചൈനയുടെ വിദേശ കാര്യ മന്ത്രി വാംഗ് യി കഴിഞ്ഞ മാസം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കും എന്നും അദ്ദേഹം പറഞ്ഞു. പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ ആര്‍ക്കും എതിരായതോ ആരെയും ബുദ്ധിമുട്ടിക്കുന്നതോ അല്ല. ഞങ്ങളുടെ സ്വന്തം ഭൂമിയില്‍ നിയമപരമായ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുമ്പോള്‍ അതിനെ പുറത്തു നിന്നുള്ളവര്‍ എതിര്‍ക്കുന്നത് അംഗീകരിക്കാന്‍ ആകില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു . 

ഈ വിഷയത്തില്‍ അമേരിക്കയുടെ വെപ്രാളത്തെയും മുന്‍വിധികളെയും ചാര പ്രവൃത്തികളെയും പരിഹസിച്ചുകൊണ്ടാണ് സ്‌റ്റേറ്റ് ന്യൂസ് ഏജന്‍സി ആയ സിന്‍ഹുയ പ്രതികരിച്ചത്.

മുന്‍വര്‍ഷങ്ങളില്‍ ചൈന മറ്റു പല കാര്യങ്ങളിലും വ്യാപൃതരായിരുന്ന സമയത്ത് മറ്റു പല ശക്തികളും ആര്‍ക്കിപിലഗോയുടെ ഭാഗമായ പല ദ്വീപുകളിലും അവകാശം സ്ഥാപിക്കുകയും, നിരവധി തുറമുഖങ്ങളും മറ്റു നിര്‍മാണങ്ങളും നടത്തുകയും ചെയ്തിരുന്നു. ഇപ്പോള്‍ അത് തിരിച്ചറിഞ്ഞതിനു ശേഷം ചൈനയും അതെ പാത പിന്തുടര്‍ന്നു. 

ഏഷ്യന്‍ മാരി ടൈം ട്രാന്‍സ്പരന്‍സി ഇന്‍ഷ്യേറ്റിവിന്റെ ഡയറക്ടറും സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ഇന്റര്‍നാഷണല്‍ സ്റ്റഡീസിന്റെ മെമ്പറുമായ മിര റാപ്പ് ഹോപ്പേര്‍ ഒരു റിപ്പോര്‍ട്ടില്‍ എഴുതിയതിങ്ങനെ ആണ്- ‘ ഈ ചരിത്രം ഒരുപാട് പ്രാധാന്യം അര്‍ഹിക്കുന്നു. വാഷിംഗ്ടണ്‍ എന്തിനെയാണോ നിയമവിരുദ്ധമായ നിര്‍മാണം എന്ന് പറഞ്ഞു തടയാന്‍ ശ്രമിക്കുന്നത് അത് തങ്ങളുടെ അവകാശം ആണെന്ന് കരുതിയാണ് ചൈന പ്രവര്‍ത്തനങ്ങള്‍ തുടരുന്നത്’.

ചൈനയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മറ്റുള്ള രാജ്യങ്ങളുടെതില്‍ നിന്ന് വ്യത്യസ്തമാണ്. ബീജിംഗ് ഓരോ നിര്‍മാണപ്രവര്‍ത്തനത്തിലും നിലനില്‍ക്കുന്ന ഘടനയില്‍ മാറ്റങ്ങള്‍ വരുത്തുകയും കൂട്ടിച്ചേര്‍ക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. എന്നാല്‍ മറ്റുള്ള രാജ്യങ്ങള്‍ അടിസ്ഥാന ഘടനയില്‍ മാറ്റം വരുത്താന്‍ ശ്രമിക്കുന്നില്ല. 

ആര്‍ക്കിപിലഗോയില്‍ ഒരു വിമാനത്താവളം പണിയുന്നതിനു പകരം ഫയേരി ക്രോസ് റീഫിനെ സ്പ്രട്ട്‌ലി ദ്വീപ് സമൂഹത്തിലെ ഏറ്റവും വലിയ ദ്വീപായി മാറ്റാന്‍ ആണ് ചൈന ശ്രമിക്കുന്നത് എന്നാണ് വിദഗ്ധര്‍ പറയുന്നത്. 

ബിജിംഗിലെ ഇന്റര്‍നാഷണല്‍ ക്രൈസിസ് ഗ്രൂപ്പിന്റെ ചൈനയിലെ അനലിസ്റ്റ് ആയ യാന്മേഷയ് സൈയുടെ അഭിപ്രായത്തില്‍ ഈ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വളരെ നയപരമായി കൈകൊണ്ട ഒരു തീരുമാനമാണ്.

പക്ഷെ ചൈനയുടെ യഥാര്‍ത്ഥ ഉദ്ദേശ്യം എന്താണെന്നു ഇതുവരെ മനസ്സിലായിട്ടില്ല. എന്നാലും ചൈനയുടെ ശക്തി പ്രദര്‍ശനത്തിന്റെ ഭാഗമാണ് ഇതെന്ന് വേണം കരുതാന്‍. അതായത്; ഇത്തരത്തില്‍ നിര്‍മാണ പ്രവര്‍ത്തനം നടത്തി ഇപ്പോള്‍ വ്യോമയാന മേഖലയില്‍ ഉള്ള സ്വാധീനം വര്‍ദ്ധിപ്പിക്കാനും അതേപോലെ സമുദ്രയാത്രയില്‍ തങ്ങള്‍ ഇനിയും മുന്നേറും എന്ന സൂചന നല്‍കല്‍ കൂടിയാണിത്. 

എപ്പോഴുള്ള കൂടുതല്‍ കഴിവുകള്‍ വച്ച് ദക്ഷിണ ചൈന കടലില്‍ ഒരു വ്യോയാന പ്രതിരോധ മേഖല തീര്‍ക്കാന്‍ ചൈന ശ്രമിക്കുന്നുണ്ട്. എന്നാല്‍ അവര്‍ രാഷ്ട്രീയസാമ്പത്തിക നയങ്ങളുടെ ഭാഗമായി അടുത്തകാലത്തൊന്നും ഈ വിവരം ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ സാധ്യത ഇല്ല. 

2013ല്‍, സൗത്ത് ചൈന കടലിന്റെ ജല അതിര്‍ത്തി ഭാഗത്തിനെ സ്വന്തം ഇഷ്ട പ്രകാരം വ്യോമസേന പ്രതിരോധ തിരിച്ചറിയല്‍ മേഖല എന്ന് പറഞ്ഞുകൊണ്ട് ചൈന അമേരിക്കയുടെ കടുത്ത എതിര്‍പ്പ് ഏറ്റുവാങ്ങി. അന്ന് ഭാവിയില്‍ ഇത്തരത്തില്‍ നിരുത്തരവാദപരമായി പെരുമാറരുത് എന്ന് അന്നത്തെ സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ എഫ് കെറി താക്കീത് നല്‍കിയിരുന്നു. 

ഇപ്പോള്‍ ചൈന നടത്തുന്ന കൃത്രിമ ഭൂമി നിര്‍മാണത്തിന്റെ വേഗത കാണുമ്പോള്‍ അവരുടെ ഉദ്യേശത്തെ ചൊല്ലി നിരവധി ചോദ്യങ്ങള്‍ ഉയരുന്നുണ്ടെന്നു ഹാരിസ് പറഞ്ഞു.

ഈ പ്രവര്‍ത്തനത്തിലൂടെ സഹകരണമാണോ അതോ ആക്രമണമാണോ ലക്ഷ്യം വയ്ക്കുന്നത് എന്ന് കാത്തിരുന്നു കാണണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു . 

വിദേശകാര്യ വിദഗ്ധരുടെ അഭിപ്രായത്തില്‍ യു എന്നിന്റെ അധികാര പരിധിയില്‍ ഉള്ള സമുദ്രാതിര്‍ത്തി നിയമങ്ങളുടെ ലംഘനമാണ് ചൈന ഇപ്പോള്‍ നടത്തുന്നത് എന്നും ഈ നിര്‍മാണത്തിനുമേല്‍ ചൈനയുടെ അവകാശവാദങ്ങള്‍ വിലപ്പോവില്ല എന്നുമാണ്. എന്നാല്‍ ചില പ്രദേശങ്ങളില്‍ വളരെ ചെറിയ തോതില്‍ അധികാരം നേടാന്‍ അവരെ ഇത് സഹായിച്ചേക്കാം എന്നുമാത്രം.

സി എസ് ഐ എസ്സിന്റെ മുതിര്‍ന്ന ഉപദേഷ്ടാവായ ക്രിസ് ജോണ്‍സന്റെ അഭിപ്രായത്തില്‍ മറ്റുള്ള അവകാശികള്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങളെക്കാള്‍ കൂടുതല്‍ നിര്‍മാണങ്ങള്‍ ചൈന അഞ്ചു മാസം കൊണ്ട് നടത്തി. എന്നിട്ട് ഈ മേഖലയില്‍ യാതൊരു എതിര്‍പ്പും ഇല്ലാതെ അവര്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം നേടുകയും മറ്റുള്ളവര്‍ അതംഗീകരിക്കുകയും വേണം എന്ന നിലപാടാണ് ചൈനയുടേത്. 

എന്താകും അവസാനം സംഭവിക്കുക? ഈ മേഖലയില്‍ സുഗമ സഞ്ചാരം ഇവര്‍ക്ക് സാധ്യമാകുമോ? അതിലൂടെ ആ പ്രദേശങ്ങളിലെ അധികാരം അവര്‍ക്ക് ലഭിക്കുമോ? തങ്ങളെ എതിര്‍ക്കുന്നവരെ നശിപ്പിക്കാന്‍ ആകുമോ അവരുടെ പദ്ധതി? അതാകാന്‍ വഴിയില്ല. എങ്കിലും അവരുടെ ഈ പോക്ക് കാണുമ്പോള്‍ തങ്ങള്‍ എന്ത് ചെയ്താലും മറ്റുള്ളവര്‍ അതിനെ ബഹുമാനിക്കണം എന്ന ചിന്ത അവര്‍ക്ക് ഉണ്ടെന്നു തോന്നും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍