കശ്മീരിലേക്കുള്ള നുഴഞ്ഞുകയറ്റം കുറഞ്ഞതായി റിപ്പോര്‍ട്ട്
പാകിസ്താന്‍ പ്രധാനമന്ത്രി ഇംമ്രാന്‍ ഖാന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി ഭീകരര്‍ക്കെതിരെ എടുക്കുന്ന നടപടികളില്‍ പൂര്‍ണ തൃപ്തിയില്ലാതെ അമേരിക്ക. ലഷ്‌കര്‍ ഇ തൊയ്ബ നേതാവ് ഹാഫീസ് സയ്യീദിനെ നേരത്തെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അത് അദ്ദേഹത്തിന്റെയോ ഭീകരസംഘടനയുടെയോ പ്രവര്‍ത്തനങ്ങളില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും അമേരിക്കന്‍ വിദേശകാര്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇനി എന്ത് നടപടിയെടുക്കുമെന്ന കാര്യം അമേരിക്ക നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനെ തടയുന്നതിനായി രൂപീകരിച്ച ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് കരിമ്പട്ടികയില്‍ പെടുത്തുമെന്ന ആശങ്കയാണ് ചില സംഘടനകള്‍ക്കെതിരെ നടപടികളെടുക്കാന്‍ പാകിസ്താനെ നിര്‍ബന്ധിതമാക്കിയതെന്നും സൂചനയുണ്ട്. 20 ഭീകര സംഘടനകളുടെ പരിശീലന കേന്ദ്രങ്ങളാണ് പാകിസ്താന്‍ ഈയിടെയായി അടച്ചു പൂട്ടിയത്.
2001നു ശേഷം ഇത് ഏഴാം തവണയാണ് ലഷ്‌കര്‍ ഇ തോയ്ബ നേതാവ് ഹാഫിസ് സയ്യീദ് പാകിസ്താനില്‍ അറസ്റ്റ് ചെയ്യപ്പെടുന്നത്. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരകനായ ഇയാളെ ഈയിടെയാണ് യുഎന്‍ ഭീകരനായി പ്രഖ്യാപിച്ചത്. എന്നാല്‍ ഈ അറസ്റ്റുകളൊന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിരുന്നില്ല. അദ്ദേഹം നയിക്കുന്ന ഭീകരപ്രസ്താനത്തിന്റെ പരിശീലന കേന്ദ്രങ്ങള്‍ നിര്‍ബാധം പാകിസ്താനില്‍ പ്രവര്‍ത്തിച്ചുപോന്നു. ഇതാണ് പാകിസ്താന്റെ നടപടികളെ സംശയത്തോടെ കാണാന്‍ അമേരിക്കയെ നിര്‍ബന്ധിതമാക്കിയതെന്നാണ് സൂചന. ‘ പാകിസ്താന്‍ സൈന്യവുമായി ബന്ധപ്പെട്ട രഹസ്യാന്വേഷണ കേന്ദ്രങ്ങള്‍ക്ക് ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നത് ഒരു വസ്തുതയാണ്. ഇപ്പോള്‍ അറസ്റ്റിലായവര്‍ക്കെതിരെ നിയമ നടപടികള്‍ എടുക്കാന്‍ പാകിസ്താന്‍ തയ്യാറാകുന്നുണ്ടോ എന്നതാണ് പ്രധാനം. അതേസമയം പാകിസ്താന്റെ മണ്ണ് ഭീകരതയ്ക്ക് വേണ്ടി ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന പ്രധാനമന്ത്രി ഇംമ്രാന്‍ ഖാന്റെ പ്രസ്താവനയെ അമേരിക്ക സ്വാഗതം ചെയ്യുകയും ചെയ്തു.
കഴിഞ്ഞ ദിവസങ്ങളായി പാകിസ്താന്‍ ഭീകരതയ്‌ക്കെതിരായ നടപടി ശക്തമാക്കിയതിന് പിന്നില്‍ അന്താരാഷ്ട്ര സംഘടനയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് കരിമ്പട്ടികയില്‍ പെടുത്തുമെന്ന ആശങ്കയാണെന്ന് സൂചനയുണ്ട്. ഭീകരസംഘടനകള്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതടക്കമുള്ള കാര്യങ്ങള്‍ നിരോധിക്കുന്നതിന് 1989ല്‍ രൂപികരിച്ച സംഘടനയാണ് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ്. പാകിസ്താന്‍ അധീന കാശ്മീരിലടക്കം 20 ഭീകര പരിശീലന കേന്ദ്രങ്ങളാണ് പാകിസ്താന്‍ സമീപകാലത്ത് അടച്ചുപൂട്ടിച്ചത്. ഇതോടുകൂടി അതിര്‍ത്തി വഴിയുള്ള നുഴഞ്ഞുകയറ്റവും കുറഞ്ഞു. കഴിഞ്ഞ മാസം അമേരിക്കയിലായിരുന്നു ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ യോഗം. ഭീകരതയെ പിന്തുണയ്ക്കുന്ന നടപടികള്‍ ശക്തമാക്കിയില്ലെങ്കില്‍ അടുത്ത ഒക്ടോബറില്‍ പാരീസില്‍ ചേരുന്ന യോഗത്തില്‍ പാകിസ്താനെ കരിമ്പട്ടികയില്‍ പെടുത്തുമെന്ന സൂചനയുണ്ടായിരുന്നു. കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയോ ഇപ്പോഴുള്ളതുപോലെ ഗ്രേ പട്ടികയില്‍ തുടരാന്‍ നിര്‍ബന്ധിക്കപ്പെടുകയോ ചെയ്താല്‍ അത് പുനരുജ്ജീവനത്തിന് ശ്രമിക്കുന്ന പാകിസ്താന്‍ സമ്പദ് വ്യവസ്ഥയെ കൂടുതല്‍ പ്രതിസന്ധിയിലാക്കും. ഈ അവസ്ഥ ഒഴിവാക്കാനുള്ള ശ്രമമാണ് പ്രധാനമന്ത്രിയായി ചുമതലയേറ്റെടുത്തതിന് ശേഷം ഇംമ്രാന്‍ ഖാന്‍ ശ്രമിക്കുന്നത്.
നാളെയാണ് ഇംമ്രാന്‍ ഖാന്‍ അമേരിക്കയിലേക്ക് പോകുന്നത്. തിങ്കളാഴ്ച അമേരിക്കന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തും. സാമ്പത്തിക പ്രതിസന്ധി കാരണം ഖത്തര്‍ എയര്‍വേയ്‌സിന്റെ വിമാനത്തിലാവും ഇംമ്രാന്‍ വാഷിംങ്ടണിലേക്ക് പോകുകയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
read more:സര്‍ക്കാര്‍ വൈദ്യുതി വിച്ഛേദിച്ചു; ഒരു രാത്രി മുഴുവന്‍ ഇരുട്ടത്തിരുന്ന് പ്രിയങ്ക ഗാന്ധി