ട്രംപിന്റെ പ്രസ്താവനയെക്കുറിച്ച് പ്രധാനമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കശ്മീരുമായി ബന്ധപ്പെട്ട നടത്തിയ പ്രസ്താവനയില്‍ വിവാദം അവസാനിക്കുന്നില്ല. പ്രശ്ന പരിഹാരത്തിന് മധ്യസ്ഥം വഹിക്കാന്‍ ആവശ്യപ്പെട്ടുവെന്ന പ്രസ്താവന ഉണ്ടാക്കി പറഞ്ഞതല്ലെന്ന് അമേരിക്കയിലെ ഉന്നത ഉദ്യോഗസ്ഥന് പറഞ്ഞു. കശ്മീര്‍ പ്രശ്നത്തില്‍ മധ്യസ്ഥം വഹിക്കാന്‍ മോദി ആവശ്യപ്പെട്ടുവെന്ന വാര്‍ത്ത ഇന്ത്യ നിഷേധിച്ചിരുന്നു. ഇത് സംബന്ധിച്ച ചോദ്യത്തിനാണ് ഡൊണാള്‍ഡ് ട്രംപിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് പ്രതികരിച്ചത്.
നരേന്ദ്ര മോദി മധ്യസ്ഥം വഹിക്കാന്‍ അമേരിക്കയോട് ആവശ്യപ്പെട്ടുവെന്ന വാര്‍ത്ത ട്രംപ് ഉണ്ടാക്കി പറഞ്ഞതാണോ എന്ന ചോദ്യത്തോടായിരുന്നു ലാറി കഡ്ലോവിന്റെ പ്രതികരണം. പ്രസിഡന്റ് കാര്യങ്ങള്‍ സ്വയം സൃഷ്ടിക്കാറില്ലെന്നായിരുന്നു പ്രതികരണം. പാകിസ്താന് പ്രധാനമന്ത്രി ഇംമ്രാന്ഖാനുമായുള്ള സംയുക്ത വാര്‍ത്ത സമ്മേളനത്തിനിടെയാണ് കശ്മീര്‍ പ്രശ്ന പരിഹാരത്തിന് നരേന്ദ്ര മോദി തന്റെ ഇടപെടല്‍ ആവശ്യപ്പെട്ടതെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്. ജപ്പാനിലെ ഒസാക്കയില്‍ നടന്ന ചര്‍ച്ചയ്ക്കിടെയാണ് ഈ ആവശ്യം നരേന്ദ്ര മോദി ഉന്നയിച്ചതെന്നായിരുന്നു ട്രംപിന്റെ അവകാശ വാദം. എന്നാല്‍ ഇത്തരമൊരു ആവശ്യം ഇന്ത്യ നടത്തിയിട്ടില്ലെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം.
‘രണ്ടാഴ്ച മുമ്പ് പ്രധാനമന്ത്രി മോദിയെ കണ്ടപ്പോള്‍ അദ്ദേഹം ഈ കാര്യം ഉന്നയിച്ചു. താങ്കള്‍ക്ക് ഇക്കാര്യത്തില്‍ മധ്യസ്ഥനായി ഇടപെടാന്‍ കഴിയുമോ എന്ന് ചോദിച്ചു. ഏത് വിഷയത്തില്‍ എന്ന് ഞാന്‍ ചോദിച്ചു. കശ്മീരില്‍, കാരണം കുറെ വര്‍ഷങ്ങളായി ഈ പ്രശ്നം നിലനില്‍ക്കുന്നുവെന്നായിരുന്നു മറുപടി’ ഇതായിരുന്നു ട്രംപിന്റെ വിവാദ പ്രസ്താവന.
ഒസാക്കയില്‍ പ്രധാനമന്ത്രി ട്രംപുമായി നടത്തിയ ചര്‍ച്ചയില്‍ കശ്മീര്‍ ഉണ്ടായിരുന്നില്ലെന്നായിരുന്നു ഇന്ത്യയുടെ മറുപടി. പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് കശ്മീര്‍ ഇന്ത്യയ്ക്കും പാകിസ്താനുമിടയിലെ ഉഭയകക്ഷി വിഷയമാണെന്ന് അമേരിക്ക നിലപാടെടുത്തിരുന്നു.
ട്രംപിന്റെ പ്രസ്തവന ഇന്ത്യയില്‍ വലിയ വിവാദമാണ് ഉണ്ടാക്കിയത്. പാര്‍ലമെന്റിന്റെ ഇരു സഭകളിലും വലിയ ബഹളമുണ്ടാകുകയും സഭ സ്തംഭിക്കുകയും ചെയ്തു. കശ്മീര്‍ ഉഭയകക്ഷി പ്രശ്നമാണെന്നാണ് ഇന്ത്യയുടെ കാലാകാലമായുള്ള നിലപാട്. ട്രംപ് നടത്തിയ പ്രസ്താവനയെക്കുറിച്ച് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്നതാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.
Read More: ‘അത് എറണാകുളം ജില്ല വിട്ട് പോയിരിക്കുന്നു’; നിപയെ ഒരിക്കല്‍ കൂടി കീഴടക്കി കേരളത്തിന്റെ ആരോഗ്യരംഗം