UPDATES

വിദേശം

ന്യൂഹാംപ്‌ഷെയറില്‍ പ്രവചനങ്ങള്‍ സത്യമായി; ട്രംപിനും സാന്‍ഡേഴ്‌സിനും പക്ഷേ കാത്തിരിക്കേണ്ടതുണ്ട്

Avatar

ജൊനാഥന്‍ ബേണ്‍സ്റ്റീന്‍
(ബ്ലൂംബര്‍ഗ്‌വ്യൂ)

പതിവില്‍നിന്നു വ്യത്യസ്തമായി അഭിപ്രായ വോട്ടെടുപ്പുകാരുടെ പ്രവചനം ഇത്തവണ ശരിയായി. ന്യൂഹാംപ്‌ഷെയറില്‍ റിപ്പബ്ലിക്കന്‍ സ്വതന്ത്രന്‍ ഡൊണാള്‍ഡ് ട്രംപ് മികച്ച വിജയം നേടിയപ്പോള്‍ ഡമോക്രാറ്റുകളില്‍ ബെര്‍നി സാന്‍ഡേഴ്‌സ് ഹിലരി ക്ലിന്റനെതിരെ തകര്‍പ്പന്‍ വിജയം കരസ്ഥമാക്കി.

പാര്‍ട്ടി നാമനിര്‍ദേശം നേടണമെങ്കില്‍ സാന്‍ഡേഴ്‌സിന് ഇവിടെ വിജയം അത്യന്താപേക്ഷിതമായിരുന്നു. സാന്‍ഡേഴ്‌സിന്റെ എല്ലാ അനുകൂല ഘടകങ്ങളുമുള്ള സ്ഥലമാണ് ന്യൂഹാംപ്‌ഷെയര്‍. അദ്ദേഹം ഗവര്‍ണറായ വെര്‍മോണ്ട് ന്യൂഹാംപ്‌ഷെയറിനു തൊട്ടടുത്ത സംസ്ഥാനവുമാണ്.

ന്യൂഹാംപ്‌ഷെയര്‍ പ്രൈമറികളില്‍ വോട്ട് ചെയ്ത സ്വതന്ത്രവോട്ടര്‍മാര്‍ക്കിടയില്‍ സാന്‍ഡേഴ്‌സ് ജനപ്രിയനായിരുന്നു. മറ്റു പല സംസ്ഥാനങ്ങളിലും പ്രൈമറികളിലെ വോട്ടെടുപ്പ് റജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാര്‍ക്കു മാത്രം പങ്കെടുക്കാവുന്ന ഒന്നാണ്. ഇത് ഹിലരി ക്ലിന്റന് അനുകൂലമായ ഘടകവുമാണ്. ന്യൂഹാംപ്‌ഷെയര്‍ വെളുത്തവര്‍മാത്രമുള്ള സ്ഥലമാണ്. അതിനാല്‍ ന്യൂനപക്ഷവോട്ടുകളുടെ പ്രശ്‌നവുമില്ല.

പ്രൈമറികളുടെ ഫലത്തെത്തുടര്‍ന്ന് വരുംദിവസങ്ങളില്‍ മാധ്യമങ്ങള്‍ ഹിലരിയുടെ വിജയസാധ്യത അരിച്ചുപെറുക്കി വിശകലനം ചെയ്യുമെന്നതാണ് സാന്‍ഡേഴ്‌സിനു ലഭിക്കുന്ന ഏറ്റവും മികച്ച നേട്ടം. ഇവയില്‍ മിക്കതും നീതീകരണമില്ലാത്തതായിരിക്കും. 2000ല്‍ അല്‍ ഗോര്‍ ചെയ്തതുപോലെ 50 സ്‌റ്റേറ്റുകളിലും വിജയിക്കാന്‍ ഹിലരിക്ക് ആയേക്കില്ല. എങ്കിലും അഭിപ്രായവോട്ടെടുപ്പുകളിലെ അവരുടെ മുന്‍തൂക്കം തെറ്റാനുമിടയില്ല.

വോട്ടര്‍മാരിലെ കറുത്തവരും ലാറ്റിന്‍കാരും പെട്ടെന്ന് ബെര്‍നിക്ക് അനുകൂലമായി തിരിയുമോ? അത് എങ്ങനെ സാധിക്കുമെന്നു വ്യക്തമല്ല. ഫെബ്രുവരി 20ന് അടുത്ത ഡമോക്രാറ്റിക് പ്രൈമറി നടക്കുന്ന നെവാദയില്‍ ഇതിന് ഉത്തരം ലഭിച്ചേക്കും.

ട്രംപിനും ന്യൂഹാംപ്‌ഷെയറില്‍ അനുകൂലഘടകങ്ങളുണ്ടായിരുന്നു. മറ്റുപല സംസ്ഥാനങ്ങളെയും അപേക്ഷിച്ച് ഇവിടെ റിപ്പബ്ലിക്കന്‍ വോട്ടര്‍മാരില്‍ ഇവാഞ്ചലിസ്റ്റ്, യാഥാസ്ഥിതികരുടെ എണ്ണം കുറവാണ്. ഫ്‌ളോറിഡ സെനറ്റര്‍ മാര്‍ക്കോ റുബിയോയോ ടെക്‌സസ് സെനറ്റര്‍ ടെഡ് ക്രൂസോ അയോവയിലെ ഫലം ഉപയോഗിച്ച് മുന്‍കൈ നേടാന്‍ ശ്രമിച്ചില്ലെന്നതാണ് ട്രംപിനുണ്ടായ വന്‍ നേട്ടം.

മൂന്നിലൊന്ന് വോട്ടുകളാണ് ട്രംപിനു ലഭിച്ചത്. കുറച്ചുകൂടി റിപ്പബ്ലിക്കന്‍ സ്വഭാവമുള്ള മറ്റുസംസ്ഥാനങ്ങളില്‍ ട്രംപിന്റെ പ്രകടനം അയോവയിലേതുപോലെയാകാനാണ് സാധ്യതയെന്ന് തെരഞ്ഞെടുപ്പ് പ്രവണതകള്‍ കാണിക്കുന്നു. അയോവയില്‍ 30ശതമാനം വോട്ടുകള്‍ നേടാന്‍ ട്രംപിനായില്ല. റിപ്പബ്ലിക്കന്‍ തിരഞ്ഞെടുപ്പുരംഗം വ്യക്തമാകുന്നതോടെ ട്രംപിന് ഈ ശരാശരി മതിയാകാതെ വരും.

താമസിയാതെ രംഗം വ്യക്തമാകുക തന്നെ ചെയ്യും. ന്യൂഹാംപ്‌ഷെയര്‍ ഫലത്തോടെ പുറത്താകുന്നത് ന്യൂ ജഴ്‌സി ഗവര്‍ണര്‍ ക്രിസ് ക്രിസ്റ്റിയും ഹ്യൂലറ്റ് പക്കാര്‍ഡ് മുന്‍ സിഇഒ കാര്‍ലി ഫ്‌ളോറിനയും മാത്രമാണ്. സൗത്ത് കരോലിന വരെ ചിലപ്പോള്‍ ഇവര്‍ രംഗത്തു തുടര്‍ന്നേക്കാം. പക്ഷേ കൂടുതല്‍ മുന്നോട്ടുപോകാനുള്ള ഫണ്ട് രണ്ടുപേര്‍ക്കുമില്ല. അതോടെ രംഗത്ത് അവശേഷിക്കുക ആറുസ്ഥാനാര്‍ത്ഥികളാകും. ഇവരില്‍ ഒരാള്‍ – മുന്‍ സര്‍ജന്‍ ബെന്‍ കാഴ്‌സന്‍ – കഷ്ടിച്ച് വെള്ളത്തിനു മുകളിലാണെന്നേയുള്ളൂ.

ഓഹിയോ ഗവര്‍ണര്‍ ജോണ്‍ കസിഷും ക്രിസ്റ്റിയും പ്രതീക്ഷവച്ചിരുന്നത് ന്യൂഹാംപ്‌ഷെയറിലാണ്. കസിഷ് രണ്ടാംസ്ഥാനത്തെത്തി. പക്ഷേ അത് വളരെ ആകര്‍ഷകമായ ഒന്നായിരുന്നില്ല. 20 ശതമാനം വോട്ട് നേടാന്‍ അദ്ദേഹത്തിനായില്ല. മറ്റുസ്ഥലങ്ങളില്‍ കസിഷ് കാര്യമായ പ്രചാരണത്തിലില്ല. ടെഡ് ക്രൂസ്, ജെബ് ബുഷ്, മാര്‍കോറുബിയോ എന്നിവരെ പിന്നിലാക്കാനായെങ്കിലും കസിഷിന് കാര്യമായ സംഭാവനകള്‍ ലഭിക്കാനിടയില്ല.

ക്രൂസ്, ബുഷ്, റൂബിയോ എന്നിവരെല്ലാം ന്യൂഹാംപ്‌ഷെയറിനെ ആശയക്കുഴപ്പത്തിലാക്കുന്നു. എന്നാല്‍ സൗത്ത് കരോലിനയിലെ റിപ്പബ്ലിക്കന്‍ വോട്ടര്‍മാര്‍ 20ന് വോട്ട് ചെയ്യാനിരിക്കെ അവര്‍ ഏറെക്കാലം അങ്ങനെ തുടരാന്‍ ഇടയില്ല.

ഒന്നുകില്‍ ട്രംപ് എല്ലായിടത്തും വിജയിക്കും, അല്ലെങ്കില്‍ ഒരാള്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയിലായിരിക്കും കാര്യങ്ങള്‍ എന്നിങ്ങനെയുള്ള ഊഹാപോഹങ്ങള്‍ നാം കേള്‍ക്കാനിരിക്കുന്നതേയുള്ളൂ. അവ വിശ്വസിക്കരുത്.

കഴിഞ്ഞ അഞ്ച് റിപ്പബ്ലിക്കന്‍ മല്‍സരങ്ങളില്‍ നാലിലും നാലുസ്ഥാനാര്‍ത്ഥികള്‍ സൗത്ത് കരോലിന വോട്ടിന്റെ 10 ശതമാനമെങ്കിലും നേടി. പക്ഷേ പിന്നീട് ഒരു വിജയി ഉയര്‍ന്നുവരുന്നതുവരെ തോറ്റവര്‍ ക്രമേണ പുറത്തായിക്കൊണ്ടിരുന്നു. ആ തെരഞ്ഞെടുപ്പുകളില്‍ ഒരു ട്രംപ് ഉണ്ടായിരുന്നില്ല എന്നത് ശരിതന്നെ. പക്ഷേ നേര്‍ക്കുനേരെയുള്ള പോരാട്ടത്തില്‍ ക്രൂസ്, കസിഷ്, റൂബിയോ, ബുഷ് എന്നിവരെല്ലാവരും ട്രംപിനെ തോല്‍പിക്കാന്‍ കഴിവുള്ളവരാണ്. ന്യൂഹാംപ്‌ഷെയറിലോ അയോവയിലോ സംഭവിച്ചതൊന്നിനും ഇതിനു മാറ്റം വരുത്താനാകില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍