UPDATES

വിദേശം

തിരഞ്ഞെടുപ്പ് ഗോദയിലെ ട്രംപ് ചരിതങ്ങള്‍‍

Avatar

ബിജോ ജോസ് ചെമ്മാന്ത്ര

“ന്യൂയോര്‍ക്കിലെ 5thഅവന്യുവിന്‍റെ നടുവില്‍ നിന്ന് ഞാന്‍ ആരെയെങ്കിലും വെടിവെച്ചാലും എനിക്ക് ഒരു വോട്ടും നഷ്ടപ്പെടാനില്ല”- ഇത് ഏതെങ്കിലുമൊരു ത്രില്ലര്‍ സിനിമയിലെ വില്ലന്‍റെ തീപ്പൊരി ഡയലോഗല്ല. അയൊവാ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ അമേരിക്കന്‍ പ്രസിഡന്‍റ്‌ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്‍റെ വാക്കുകളാണിവ.

 

58-മത് അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് മുമ്പുണ്ടാകാത്ത തരത്തില്‍ ആഗോളതലത്തില്‍ വാര്‍ത്താപ്രാധാന്യം നേടുന്നതിന്‍റെ കാരണം പ്രഥമ വനിതാ പ്രസിഡന്‍റിനെ തിരഞ്ഞെടുക്കപ്പെടാനുള്ള സാധ്യതയോ, രാഷ്ട്രീയത്തില്‍ ഒരനുഭവസമ്പത്തുമില്ലാത്ത ഒരു വ്യവസായി കടന്നു വരുന്നതിലെ പുതുമയോ അല്ല. മറിച്ച് അത് ട്രംപ് എന്ന പ്രതിഭാസത്തില്‍ കേന്ദ്രീകൃതമായ ഇലക്ഷന്‍ പ്രചാരണമാണ്.

 

തുടക്കത്തില്‍ തന്നെ തീവ്രദേശീയത, വംശീയത തുടങ്ങിയവ വിഷയമാക്കിയ ട്രംപിന് പൊതുവെ മുസ്ലീം തീവ്രവാദത്തെ ഭയന്നിരുന്ന ഒരുവിഭാഗത്തിന്‍റെ പിന്തുണ നേടാനായി. ജനങ്ങളുടെ വികാരങ്ങളുണര്‍ത്തി കൌശലത്തോടെ രാഷ്ട്രീയ മുതലെടുപ്പു നടത്തിയ അദ്ദേഹം അപ്രിയമായ കാര്യങ്ങള്‍ നടപ്പാക്കുമെന്നു വീമ്പിളക്കി തുടക്കത്തിലേ മാധ്യമശ്രദ്ധ പിടിച്ചു പറ്റി. അനധികൃത കുടിയേറ്റം തടയാന്‍ മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതിലുകെട്ടുമെന്ന് തുടങ്ങിയ വിചിത്രമായ വാദഗതികള്‍ ഉന്നയിച്ച് ഒബാമ ഭരണത്തില്‍ പൊതുവെ അസന്തുഷ്ടരായിരുന്ന ഒരു വിഭാഗത്തിന്‍റെ ശ്രദ്ധ നേടി. ആദ്യം അത്ര ഗൌരവകരമായെടുത്തില്ലെങ്കിലും പിന്നീട് ട്രംപിന് ഒരു താരപരിവേഷമാണ് മാധ്യമങ്ങള്‍ നല്‍കിയത്. ഏതുതരം പ്രശസ്തിയും അധികാരത്തിലേക്കുള്ള ചുവടുവെയ്പ്പാണെന്നറിയാമായിരുന്ന അദ്ദേഹം അത് സമര്‍ത്ഥമായി ഉപയോഗിച്ചു. വൈകിയാണ് മാധ്യമങ്ങള്‍ പോലും ഇതിലെ അപകടം തിരിച്ചറിഞ്ഞത്. ഒരുപക്ഷേ ന്യൂയോര്‍ക്ക് ടൈംസ്, വാഷിംഗ്‌ടണ്‍ പോസ്റ്റ്‌ തുടങ്ങിയ മുഖ്യധാരാ വാര്‍ത്താമാധ്യമങ്ങള്‍ ഒരു പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിക്കെതിരെ ഇത്രയും തുറന്ന പോരിനിറങ്ങുന്നത്‌ നടാടെയായിരിക്കും.

 

എന്താണ്‘ട്രംപ് ഇഫക്റ്റ്? എതിര്‍ക്കുന്നവരെയും വിമര്‍ശിക്കുന്നവരെയും തരംതാഴ്ത്തി സംസാരിക്കുകയും അവഹേളിക്കുകയും ചെയ്തുകൊണ്ട് അവരെ കഴിവുകെട്ടവരായി ചിത്രീകരിക്കുന്ന രീതിയാണിത്. അന്ധമായ മുസ്ലീം വിരുദ്ധതയും കുടിയേറ്റക്കാരോടുള്ള വിരോധവും ന്യൂനപക്ഷ വംശീയ അസഹിഷ്ണതയും അദ്ദേഹത്തിന്‍റെ ഓരോ വാക്കിലും നിറഞ്ഞു. അമേരിക്കയിലെ സ്കൂള്‍ ടീച്ചേഴ്സിന്‍റെ ഇടയില്‍ നടത്തിയ സര്‍വെയില്‍ കുട്ടികളുടെ ഇടയില്‍ ഇതുളവാക്കിയ മാനസികാഘാതത്തെപ്പറ്റി സൂചിപ്പിക്കുന്നു. പലയിടങ്ങളിലും പുതിയ കുടിയേറ്റക്കാരായ കുട്ടികളെ രാജ്യത്തിന് പുറത്താക്കുമെന്ന് മറ്റു കുട്ടികള്‍ ഭീഷണിപ്പെടുത്തുന്ന സ്ഥിതിയുണ്ടായി. ന്യൂനപക്ഷങ്ങളും ഉത്ക്കണ്ഠയിലായി. താരപരിവേഷമുള്ള പുരുഷകേസരികള്‍ക്ക്‌ സ്ത്രീകളെ ബലാത്ക്കാരമായി സ്പര്‍ശിക്കുന്നതില്‍ അപാകതയില്ലെന്നും അവസരം കിട്ടുമ്പോള്‍ താന്‍ അത് ചെയ്യാറുണ്ടെന്നും ട്രംപ് വീമ്പിളക്കിയത് ചെറുപ്പത്തില്‍ ലൈംഗിക പീഡനത്തിന് വിധേയരായിട്ടുള്ള പല സ്ത്രീകളേയും മാനസികമായി തളര്‍ത്തി. ജനങ്ങളുടെ ഇടയില്‍ പ്രത്യേകിച്ച് സ്ത്രീകളിലും കുട്ടികളിലും ആശങ്കയും പരിഭ്രാന്തിയും ഉടലെടുക്കാന്‍ ട്രംപിന്‍റെ ഈ ശൈലി വഴിവെച്ചിട്ടുണ്ട്.

 

 

ട്രംപിന് ഡന്നിംഗ്-ക്രഗര്‍ പ്രഭാവം (Dunning-Kruger Effect ) ബാധിച്ചിരിക്കുകയാണെന്ന്‍ പല മന:ശാസ്ത്രവിദഗ്ദ്ധരും‍ വിലയിരുത്തുന്നു. തന്‍റെ കഴിവില്ലായ്മ തിരിച്ചറിയാനാവാതെ മായികമായ ഭ്രമങ്ങളാല്‍ സ്വയം അതിമാനുഷനാണെന്ന് ധരിച്ച് ആ ചിന്തകളില്‍ അഭിരമിക്കുന്ന അവസ്ഥയാണിത്‌.

 

കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന ഇവാഞ്ചലിക്കല്‍ ക്രിസ്ത്യന്‍ വിശ്വാസികളില്‍ നടത്തിയ സര്‍വെ (PRRI survey) ഫലം കൌതുകകരമാണ്. തിരഞ്ഞെടുക്കപ്പെടുന്ന ഒരു ജനപ്രതിനിധിയുടെ സ്വകാര്യ ജീവിതത്തില്‍ അനുവര്‍ത്തിച്ചുവരുന്ന സദാചാര വീഴ്ചകള്‍ രാഷ്ട്രീയ ജീവിതത്തിന് കാര്യമാക്കേണ്ടതില്ല എന്നാണ് അതില്‍ പങ്കെടുത്ത എഴുപത്തിരണ്ട് ശതമാനത്തോളം പേര്‍ അഭിപ്രായപ്പെട്ടത്. 2011–ല്‍ ഈ അഭിപ്രായം പ്രകടിപ്പിച്ചവര്‍ വെറും മുപ്പത് ശതമാണെന്നറിയുമ്പോഴാണ് ട്രംപിന്‍റെ സ്വാധീനം വ്യക്തമാകുന്നത്.

 

ഒരാളുടെ ഭൂതകാല പ്രവര്‍ത്തനങ്ങളാണ് അയാളുടെ ഭാവിയിലേക്കുള്ള ചൂണ്ടുപലകയെന്ന് കരുതാമെങ്കില്‍‍‍ ട്രംപിന്‍റെ കാര്യത്തില്‍ അതൊട്ടും ആശാവഹമല്ല. കൌശലക്കാരനും സ്വാര്‍ത്ഥനുമായ ഒരു വ്യവസായിയെന്നല്ലാതെ രാഷ്ട്രത്തിനോ പൊതുസമൂഹത്തിനോ എടുത്തു പറയാവുന്ന ഒരു സംഭാവനയും ട്രംപ് നല്‍കിയിട്ടില്ല. അദ്ദേഹം അവകാശപ്പെടുന്നതു പോലെ പൂര്‍ണ്ണവിജയം വരിച്ച ഒരു ബിസിനസ്സുകാരനുമല്ല. കടക്കെണിയില്‍ നിന്ന് രക്ഷപെടാനായി പല തവണ പാപ്പരായി പ്രഖ്യാപിച്ച്, തുടങ്ങിയ സംരംഭങ്ങളില്‍ പലതും അടച്ചു പൂട്ടിയ ചരിത്രം അദ്ദേഹത്തിനുണ്ട്. പിതാവില്‍ നിന്നും കിട്ടിയ ദശലക്ഷക്കണക്കിന്‌ ഡോളറിന്‍റെ മൂലധനത്തില്‍ നിന്നും നിര്‍മ്മിച്ചെടുത്ത വ്യവസായ സാമ്രാജ്യത്തിന് ഒന്നുമില്ലായ്മയില്‍ നിന്നും സ്വയം കെട്ടിപ്പൊക്കിയതിന്‍റെ കരുത്ത് അവകാശപ്പെടാനാവില്ലല്ലോ. മറ്റൊരു സംരംഭമായ ‘ട്രംപ് സര്‍വ്വകലാശാല’ തട്ടിപ്പ് നടത്തിയതിനാല്‍ നിയമ നടപടികള്‍ നേരിട്ടുകൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്‍റെ ഉടമസ്ഥതയിലുള്ള ചൂതാട്ടകേന്ദ്രങ്ങള്‍ തൊഴിലാളികള്‍ക്ക് ആരോഗ്യസുരക്ഷയുള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ നിഷേധിച്ചതു മൂലമുള്ള തൊഴില്‍ സമരങ്ങളാല്‍ പ്രവര്‍ത്തനം നിര്‍ത്തേണ്ടി വന്നിട്ടുണ്ട്. നയതന്ത്രജ്ഞതയുടെ ഗൌരവം ഉള്‍ക്കൊള്ളാതെ ബിസിനസ്സില്‍ തന്‍റെ വിലപേശാനുള്ള കഴിവ് അന്തര്‍ദേശീയ ഉടമ്പടികള്‍ക്ക് മുതല്‍ക്കൂട്ടാവുമെന്ന ട്രംപിന്‍റെ വാദം ബാലിശമാണ്.

 

ഞാന്‍ ജയിച്ചാല്‍ മാത്രമേ തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുകയുള്ളുന്നുവെന്നും ഇത്തവണ തിരഞ്ഞെടുപ്പ് ഒഴിവാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന് അഭിപ്രായപ്പെട്ടതുമെല്ലാം ജനാധിപത്യ വ്യവസ്ഥയിലുള്ള അദ്ദേഹത്തിന്‍റെ ‘വിശ്വാസം’ വ്യക്തമാക്കുന്നു. നിലവിലെ ഭരണവീഴ്ചകള്‍ക്ക് അന്ത്യം കുറിക്കാന്‍ തനിക്കാകുമെന്നും രാഷ്ട്രീയത്തിലെ അഴിമതിയെ ഇല്ലായ്മ ചെയ്യാന്‍ തനിക്കേ സാധിക്കുകയുള്ളുവെന്ന ഫലപ്രദമായ പ്രചാരണമാകാം ട്രംപിനെതിരെയുള്ള വിവാദങ്ങളെ പലരും നിസ്സാരമായി കാണുന്നതിന്റെ കാരണം. അധാര്‍മ്മികതയെ സാധൂകരിക്കാനാവുന്ന സമൂഹത്തിലെ അധികാരത്തിന്‍റെയും സമ്പത്തിന്‍റെയും പ്രതീകമായി ട്രംപ് മാറിയിരിക്കുന്നു.

 

സ്ഥാനാര്‍ത്ഥികളുടെ വാദപ്രതിവാദം പോലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയോ ഡെമോക്രാറ്റിക്‌ പാര്‍ട്ടിയുടെയോ നിലപാടുകള്‍ വ്യക്തമാക്കുന്ന ആശയസംവാദമായിരുന്നില്ല. ട്രംപ് അതിനെ വ്യക്തിഹത്യയും അവഹേളനവുമായി ചുരുക്കുകയായിരുന്നു. ആരോഗ്യസുരക്ഷയിലും രാഷ്ട്രീയ, നയതന്ത്ര ബന്ധങ്ങളിലും വിദേശകാര്യ നയങ്ങളിലും മറ്റുമുള്ള അദ്ദേഹത്തിന്‍റെ അറിവില്ലായ്മ ഈ മൂന്നു സംവാദങ്ങളിലും വെളിവായതാണ്.

 

ട്രംപ്പിന്റെ കൊട്ടാരസദൃശ്യമായ ഭവനം സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ ജീവചരിത്രമെഴുതിയ ഡിഅന്‍റോണിയോയെ അതിശയിപ്പിച്ച ഒരു കാര്യമുണ്ട്. ആഡംബരവസ്തുക്കള്‍‍ നിറഞ്ഞ ആ മഹാസൌധത്തില്‍ ചുറ്റിയടിച്ചിട്ടും ആ എഴുത്തുകാരന് അവിടെ ഒരുപുസ്തകം പോലും കാണാന്‍ കഴിഞ്ഞില്ല. ഏറ്റവും സ്വാധീനിച്ച പുസ്തകത്തെപ്പറ്റി ചോദിച്ചപ്പോള്‍ അതിന് മറുപടി നല്‍കാതെ തന്‍റെ പേരില്‍ പുറത്തിറങ്ങിയ പുസ്തകത്തെപ്പറ്റി വാഴ്ത്ത്തുകയായിരുന്നു ട്രംപ് ചെയ്തത്. അദ്ദേഹത്തിന്‍റെ വ്യക്തിത്വ വികാസത്തിന് വായന ഒരു സ്വാധീനവും ചെലുത്തിയിട്ടില്ലെന്ന് മനസ്സിലാക്കാം.

 

 

പുതിയ സാഹചര്യം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്ന തരത്തില്‍ വളര്‍ന്നിരിക്കുകയാണ്. ട്രംപ് ആ പാര്‍ട്ടിക്കു തന്നെ അനഭിമതനായതു മാത്രമല്ല കാരണം. ഭാവിയില്‍ പാര്‍ട്ടി അദ്ദേഹത്തിന്‍റെ നിഴലായി മാറേണ്ട സാഹചര്യമാണുള്ളത്. തോല്‍‌വിയില്‍ നിന്നു പോലും ഒരു രാഷ്ട്രീയ കൂട്ടായ്മക്ക് രൂപം കൊടുക്കാനുള്ള അടിത്തറ ട്രംപ് ഇതിനോടകം ആര്‍ജ്ജിച്ചിരിക്കുന്നു. ജയിച്ചാലും തോറ്റാലും അമേരിക്കയുടെ പുരോഗമന ജനാധിപത്യ വ്യവസ്ഥയെ ചോദ്യം ചെയ്യാനുള്ള കരുത്ത് അദ്ദേഹം സംഭരിക്കുന്നുണ്ടാവാം.

 

വാക്കും പ്രവര്‍ത്തിയുമായുള്ള വൈരുദ്ധ്യത അദ്ദേഹമുന്നയിക്കുന്ന ഓരോ വിഷയത്തിലും കാണാം. സര്‍ക്കാര്‍ പുറംകരാര്‍ ഉടമ്പടികളിലൂടെ അമേരിക്കയിലെ തൊഴില്‍ മറ്റ് രാജ്യങ്ങളിലേക്ക് മാറ്റിയതായി ട്രംപ് ആരോപിക്കുമ്പോഴും തന്‍റെ വ്യവസായ ഉല്‍പ്പന്നങ്ങള്‍ മെക്സിക്കയുള്‍പ്പെടെ 12 രാജ്യങ്ങളില്‍ നിന്നാണ് നിര്‍മ്മിച്ചതെന്ന് അദ്ദേഹം മറച്ചുവെക്കുന്നു. പുതിയ നികുതിനയങ്ങളെപ്പറ്റി പറയുമ്പോഴും സ്വയം നികുതി നല്‍കാതെ നിസാര കാരണങ്ങള്‍ നിരത്തി തന്‍റെ ടാക്സ് രേഖകള്‍ പുറത്തുവിടാന്‍ ട്രംപ് തയ്യാറാകാത്തതും വിരോധാഭാസമാണ്. ഇവയൊന്നും അദ്ദേഹത്തിന് കാര്യമായ ദോഷം ചെയ്തിട്ടില്ലെന്നതാണ് സത്യം. വൈകാരിക പ്രശ്നങ്ങളെ ഉയര്‍ത്തി മനുഷ്യന്‍റെ ക്രിയാത്മകമായ സാമാന്യചിന്തകളെ തടയിടാന്‍ അദ്ദേഹത്തിന് സാധിച്ചതാവാം അതിന് കാരണം.

 

മറുഭാഗത്ത് ഹിലാരി ക്ലിന്‍റന്റെ ഇ-മെയില്‍ സെര്‍വര്‍ വിവാദവും ക്ലിന്‍റണ്‍ ഫൌണ്ടേഷന്‍ സംഭാവനകളും കൂടുതല്‍ വിശദമായ അന്വേഷണങ്ങള്‍ക്ക് വിധേയമാക്കേണ്ടതാണ്. ബോധപൂര്‍വ്വമായോ അല്ലാതെയോ ഉള്ള ജാഗ്രതക്കുറവ് ഉണ്ടായിരിക്കുന്നുവെന്ന് സമ്മതിച്ചേ പറ്റൂ. സുരക്ഷാ വീഴ്ചയിലെ പാളിച്ചകള്‍ ഗൌരവകരം തന്നെ. പക്ഷേ ശരിയായ അന്വേഷണത്തിന്‍റെ അഭാവത്തില്‍ ഇലക്ഷന്‍ ഫലത്തെ സ്വാധീനിക്കുന്ന തരത്തില്‍ എഫ്ബിഐ ഡയറക്ടറുടെ പരാമര്‍ശങ്ങള്‍ സംശയം ജനിപ്പിക്കുന്നത് തന്നെയാണ്.

 

ട്രംപിന്‍റെ തീവ്രനിലപാടുകളെ സംസ്‌ക്കാരബോധമുള്ള ഒരു ജനാധിപത്യവിശ്വാസിക്കും അംഗീകരിക്കാനാവില്ല. പുരോഗമന ചിന്തകളെയും മാനവികതാ ബോധത്തെയും നിരന്തരം ചോദ്യം ചെയ്തതുകൊണ്ട് മാത്രമല്ല അത്; കുഴിച്ചു മൂടേണ്ട കുടിലതകളെ പ്രതിനിധാനം ചെയ്യുന്നതു കൊണ്ടു കൂടിയാണ്.

 

(ബിജോ 17 വര്‍ഷമായി അമേരിക്കയില്‍ താമസിക്കുന്നു)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍