UPDATES

വിദേശം

ഈ വീട്ടില്‍ മൂന്ന് അമേരിക്കന്‍ പ്രസിഡന്റുമാര്‍; ഒരാള്‍ അതിനുള്ള തയ്യാറെടുപ്പിലും

Avatar

ജൂലി സൗസ്‌മെര്‍
(വാഷിങ്ടണ്‍ പോസ്റ്റ്)

രാജ്യത്തിന്റെ മറ്റുഭാഗങ്ങളില്‍ നടക്കുന്ന പ്രചാരണം മറന്നേക്കൂ. ജെസെ നീല്‍സണും ജെന്നിഫറും സ്വന്തം വീടിനകത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിനു നടുവിലാണ്.

വോട്ട് റീഗന് ചെയ്യണോ കെന്നഡിക്കു ചെയ്യണോ എന്നതാണ് പ്രശ്‌നം.

ആര്‍ലിങ്ടണിലെ ഈ ദമ്പതികള്‍ അവരുടെ നാലാമത്തെ കുട്ടിക്കുവേണ്ടിയുള്ള പേര് തിരഞ്ഞെടുക്കുകയാണ്.

നീല്‍സണ്‍ കുടുംബത്തില്‍ ഇപ്പോള്‍ മൂന്നുകുട്ടികളുണ്ട്. എല്ലാവര്‍ക്കും മുന്‍ പ്രസിഡന്റുമാരുടെ പേരാണ്. ഗ്രാന്റ് (4), 1869 മുതല്‍ 1877 വരെ വൈറ്റ്ഹൗസ് ഭരിച്ച യൂലിസസ് എസിനെ പ്രതിനിധീകരിക്കുന്നു. നാലാമത്തെ പ്രസിഡന്റായ ജയിംസ് മാഡിസനില്‍ നിന്നെടുത്ത മാഡിസനാണ് രണ്ടുവയസുകാരിക്ക്. 1896ല്‍ ഭരിച്ചിരുന്ന വില്യം മക്കിന്‍ലിയുടെ സ്മരണയില്‍ ഒരുവയസുകാരിക്ക് പേര് മക്കിന്‍ലി.

മേയില്‍ വരുന്ന നാലാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണ് ഈ കുടുംബം. അഞ്ചു പ്രസിഡന്റുമാര്‍ക്ക് മുന്‍ഗാമികളുടെ തന്നെ കുടുംബപ്പേരായിരുന്നു എന്നതിനാല്‍ 36 പേരുകളില്‍നിന്നുവേണം നീല്‍സന്‍ കുടുംബത്തിന് പുതിയ കുഞ്ഞിനുള്ള പേര് കണ്ടെത്താന്‍.

ചില പേരുകള്‍ തുടക്കത്തില്‍ത്തന്നെ പുറത്തായിക്കഴിഞ്ഞു. ഫില്‍മോര്‍, വാന്‍ ബുറെന്‍, ബുക്കാനന്‍ തുടങ്ങി പേരുകളുമായി ഒരു കുഞ്ഞിനെ സങ്കല്‍പിക്കാനേ ആകില്ല.

പിറക്കാനിരിക്കുന്നത് പെണ്‍കുട്ടിയാണെന്നത് മറ്റുപല പേരുകളും ഉപേക്ഷിക്കാന്‍ കാരണമാകുന്നു. ആണ്‍കുട്ടിയായിരുന്നെങ്കില്‍ 21-ാം പ്രസിഡന്റ് ചെസ്റ്റര്‍ ആര്‍തര്‍ക്കും ഏഴാമത്തെ പ്രസിഡന്റായ ആന്‍ഡ്രൂ ജാക്‌സനും 23ാമനായിരുന്ന ബഞ്ചമിന്‍ ഹാരിസണും ഒന്‍പതാമനായിരുന്ന വില്യം ഹെന്റി ഹാരിസണുമൊക്കെ അവസരം കിട്ടുമായിരുന്നു. എന്നാല്‍ പെണ്‍കുട്ടിക്ക് ഈ പേരൊന്നും പറ്റില്ല.

ഇതുവരെ പേരിനെപ്പറ്റി തീരുമാനമെടുക്കാനായിട്ടില്ലെന്ന് ജെന്നിഫര്‍ പറയുന്നു. എവിടെത്തിരിഞ്ഞാലും പേരിനെപ്പറ്റി നിര്‍ദേശങ്ങളുമായി ആളുകള്‍ വരുന്നതും പ്രശ്‌നമാണ്.

ഗ്രാന്റ്, മക്കിന്‍ലി, മാഡിസന്‍ എന്നീ പ്രസിഡന്റുമാര്‍ യഥാക്രമം 50, 500, 5000 ഡോളര്‍ നോട്ടുകളില്‍ പ്രത്യക്ഷപ്പെടുന്നത് ഒരു സുഹൃത്ത് ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ കുട്ടികളുടെ പേരിന് പണം പ്രമേയമാണെങ്കില്‍ 50 സെന്റ് നാണയത്തിലുള്ള കെന്നഡിയാണ് യോജിച്ച പേര് എന്നര്‍ത്ഥം.

ഗ്രാന്റിന്റെ പ്രീ സ്‌കൂള്‍ ക്ലാസും തിരഞ്ഞെടുപ്പിനുണ്ട്.  അമേരിക്കന്‍ പ്രസിഡന്റുമാരുടെ പേരുകള്‍ മുഴുവന്‍ തിരഞ്ഞ ക്ലാസ് ടീച്ചര്‍ ഗ്രാന്റിന്റെ സഹോദരിക്കിണങ്ങുന്ന പേര് നിര്‍ദേശിക്കാന്‍ കുട്ടികളോട് ആവശ്യപ്പെട്ടു.

ഗ്രാന്റ്, മാഡിസന്‍, മക്കിന്‍ലി എന്നിവര്‍ അവരുടെ പേരിനു പിന്നിലുള്ള ചരിത്രം മനസിലാക്കാറായിട്ടില്ല. പിറന്നാളുകളില്‍ അവര്‍ക്ക് പ്രസിഡന്റുമാരെപ്പറ്റിയുള്ള പുസ്തകങ്ങള്‍ സമ്മാനമായി കിട്ടുന്നു. മാതാപിതാക്കള്‍ കുടുംബചിത്രങ്ങളെടുക്കാനായി ചുവപ്പ്, വെളുപ്പ്, നീല നിറങ്ങളിലുള്ള വസ്ത്രങ്ങളണിയിച്ച് അവരെ വൈറ്റ്ഹൗസില്‍ കൊണ്ടുപോകുന്നു.

‘വൈറ്റ് ഹൗസില്‍ ആരാണ് താമസിക്കുന്നത്?’ ജെന്നിഫര്‍ ചോദിക്കുന്നു. ഗ്രാന്റ് മറുപടി പറയുന്നു, ‘ബറാക്ക് ഒബാമ’.

‘വൈറ്റ് ഹൗസില്‍ താമസിച്ചവരുമായി സാമ്യമുള്ള പേരാണ് നിങ്ങള്‍ക്ക്,’ അവന്റെ അമ്മ പറയുന്നു. ഇതിലൊന്നും വലിയ താല്‍പര്യം കാണിക്കാതെ ഐപാഡില്‍ മൈന്‍ക്രാഫ്റ്റ് കളിക്കുകയാണ് ഗ്രാന്റ്.

പോപ്‌കോണും ഉണക്കമുന്തിരിയും തിന്നുന്നതിനിടെ പുതിയ കുഞ്ഞുസഹോദരിയെപ്പറ്റി പറയുകയാണ് മാഡിസന്‍. ‘ അതൊരു പെണ്‍കുട്ടിയാകണമെന്നാണ് എന്റെ ആഗ്രഹം. ഞാന്‍ വലിയ സഹോദരിയാകും. എന്റെ ബേബി. ഞാന്‍ അവളുടെ മുറി പെയിന്റ് ചെയ്യും.’

ബേബിയുടെ പേര് എന്തായിരിക്കണമെന്ന് അമ്മ അവളോടു ചോദിക്കുന്നു. ‘രാജകുമാരി’ എന്നാണ് മറുപടി.

ഗ്രാന്റിനും ചില നിര്‍ദേശങ്ങളുണ്ട്, ‘ഡൂ ഗാ ഡാ’!

പേരിട്ടെങ്കിലും പ്രസിഡന്‍ഷ്യല്‍ പ്രതീക്ഷകള്‍കൊണ്ട് മക്കളുടെ മേല്‍ ഭാരം ചുമത്താന്‍ നീല്‍സണ്‍ ദമ്പതികള്‍ക്കു പരിപാടിയില്ല. ആദ്യത്തെ മകന് പേരിടുമ്പോള്‍ ആഭ്യന്തര യുദ്ധകാലത്തെ ജനറല്‍ യുലിസസ് അവരുടെ മനസിലേ ഉണ്ടായിരുന്നില്ല. സര്‍ക്കാര്‍ കോണ്‍ട്രാക്ടറായ ജെസെയ്ക്കും അഭയാര്‍ത്ഥി കാര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന ജെന്നിഫറിനും ഒരുപോലെ ഇഷ്ടപ്പെട്ട ഏക പേരായിരുന്നു ഗ്രാന്റ്.

മകള്‍ക്കു പേരിടുമ്പോള്‍ മാഡിസന്‍ എന്ന പേര് ഇരുവരുടെയും മനസിലുണ്ടായിരുന്നു. ജെസെയും ജെന്നിഫറും കണ്ടുമുട്ടിയത് ജയിംസ് മാഡിസന്‍ യൂണിവേഴ്‌സിറ്റിയിലാണ് എന്നതാണ് പേരിനു പിന്നിലെ രഹസ്യം.

മാഡിസന്റെ ജനനത്തിനുശേഷം സുഹൃത്തുക്കള്‍ പറയുമ്പോഴാണ് ഗ്രാന്റും പ്രസിഡന്റായിരുന്നു എന്ന കാര്യം ഇവര്‍ ഓര്‍മിക്കുന്നത്. മൂന്നാമത്തെ കുട്ടിക്ക് പേരന്വേഷിക്കുമ്പോഴാണ് പ്രസിഡന്റുമാരുടെ പേര് എന്നതിന് ഉറപ്പുകിട്ടുന്നത്. മൂന്നാമത്തെ മകള്‍ അങ്ങനെ മക്കിന്‍ലിയായി.

‘എന്റെ സഹോദരന്‍ ആദ്യം പറഞ്ഞത് – മക്കിന്‍ലി കൊല്ലപ്പെടുകയായിരുന്നു എന്നാണ്,’ ജെന്നിഫര്‍ പറയുന്നു. ആണ്‍കുട്ടിയായിരുന്നുവെങ്കിലും ഇക്കാര്യത്തിന് മാറ്റമുണ്ടാകുമായിരുന്നില്ല. കാരണം മൂന്നാമത്തേത് ആണ്‍കുട്ടിയായിരുന്നെങ്കില്‍ ലിങ്കന്‍ എന്നു പേരിടാനായിരുന്നു ആലോചന.

പ്രസിഡന്‍ഷ്യല്‍ കുടുംബമെന്ന് അറിയപ്പെട്ടുതുടങ്ങിയതോടെ പോകുന്നിടത്തെല്ലാം അടുത്ത കുഞ്ഞിന്റെ പേരെന്ത് എന്ന ചോദ്യമാണ് ഇവര്‍ നേരിടുന്നത്. 12ാം പ്രസിഡന്റായ ടെയ്‌ലര്‍, 38ാമനായ ഫോര്‍ഡ്, പത്താമനായ ടെയ്‌ലര്‍ എന്നീ പേരുകളാണ് സുഹൃത്തുക്കള്‍ നിര്‍ദേശിക്കുന്നത്.

‘ചില ആളുകള്‍ ഇതേപ്പറ്റി കൂടുതല്‍ ചിന്തിക്കുന്നു. അവര്‍ പ്രസിഡന്റുമാരെപ്പറ്റി പല കാര്യങ്ങളും ഞങ്ങളോടു പറയുന്നു’ ജെന്നിഫര്‍ പറയുന്നു.

പരിഗണിക്കപ്പെടാത്ത ഒരു കാര്യം പ്രസിഡന്റുമാരുടെ രാഷ്ട്രീയമാണ്. നീല്‍സണ്‍ ദമ്പതികള്‍ റിപ്പബ്ലിക്കന്‍മാരാണ്.  എന്നാല്‍ മകള്‍ക്ക് വധിക്കപ്പെട്ട ഒരാളുടെ പേരുനല്‍കുന്നതില്‍ വിഷമമില്ലെങ്കില്‍, അത് ഡമോക്രാറ്റാകുന്നതില്‍ വിഷമം തീരെയില്ല എന്നതായിരുന്നു മക്കിന്‍ലി ജനിച്ചപ്പോള്‍ ദമ്പതികളുടെ നിലപാട്.

‘ഞങ്ങള്‍ തീരുമാനിച്ചുകഴിഞ്ഞിരുന്നു. തിരഞ്ഞെടുക്കാന്‍ വളരെക്കുറച്ച് പേരുകളേ ഉണ്ടായിരുന്നുമുള്ളൂ. ഞങ്ങള്‍ കുട്ടികളെ എന്തുവിളിക്കാന്‍ ആഗ്രഹിക്കുന്നു എന്നതാണ് ചിന്തിക്കേണ്ടത്. പ്രസിഡന്റുമാര്‍ ആരായിരുന്നു എന്നല്ല,’ ജെന്നിഫര്‍ പറയുന്നു.

നാലാമത്തെയാള്‍ക്കുവേണ്ടിയുള്ള കുടുംബ വോട്ടെടുപ്പില്‍ ഇതുവരെ മുന്‍പില്‍ റീഗനാണ്. കെന്നഡിയും മണ്‍റോയും പിന്നാലെയുണ്ട്. ചിലപ്പോള്‍ പിയേഴ്‌സാകാനും സാധ്യതയുണ്ടെന്ന് ജെന്നിഫര്‍ പറയുന്നു.

44 പ്രസിഡന്റുമാരുടെ പേരുകള്‍ വീണ്ടും ചികയേണ്ടിവരില്ല എന്നതാണ് തീരുമാനമായ കാര്യം. ബേബി റീഗനോ കെന്നഡിയോ പിയേഴ്‌സോ വന്നെത്തിക്കഴിഞ്ഞാല്‍ അവരുടെ പ്രസിഡന്‍ഷ്യല്‍ കുടുംബം പൂര്‍ണമാകും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍