UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്‍ഡ്യന്‍ സിംഹങ്ങളെ ഇനി അമേരിക്ക സംരക്ഷിക്കും

Avatar

ഡാരില്‍ ഫെയര്‍സ്
(വാഷിംഗ്ടന്‍ പോസ്റ്റ്)

വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ജീവികളുടെ പട്ടികയില്‍ യു എസ് ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് സെര്‍വീസ് ഉള്‍പ്പെടുത്തിയ ആഫ്രിക്കന്‍ സിംഹങ്ങള്‍ക്ക് വിശേഷണങ്ങള്‍ പലതാണ് – മൃഗരാജന്‍, രാശി ചക്രത്തിലെ സിംഹരാശി, രാജകീയരായ ഇവയുടെ വാസം തന്നെ പ്രതാപത്തിലാണ് അങ്ങനെയങ്ങനെ.

ഏജന്‍സിയുടെ ഈ നടപടി മാര്‍ജാരവംശത്തിലെ അത്രതന്നെ കേള്‍വി കേട്ടതല്ലാത്ത മറ്റൊരിനത്തിന്‍റെ കൂടെ സംരക്ഷണം ഉദ്ദേശിക്കുന്നുണ്ട്; ഇന്ത്യയിലെ ഏഷ്യന്‍ സിംഹങ്ങള്‍. ഇവയുടെ സഹാറയിലെ ബന്ധുക്കളായ ആഫ്രിക്കന്‍ സിംഹങ്ങള്‍ ജീവശാസ്ത്രകാരന്‍മാരുടെ പഠനങ്ങളിലും ടിവി യിലെ വന്യജീവികളെ കുറിച്ചുള്ള പരിപാടികളിലും എല്ലാം സ്ഥിരം പ്രത്യക്ഷപ്പെടുമ്പോള്‍ ഇന്ത്യന്‍ സംസ്ഥാനമായ ഗുജറാത്തിലെ ഗിര്‍ വനങ്ങളില്‍ കഴിച്ചുകൂട്ടുന്ന അവശേഷിച്ച ഏതാനും ഏഷ്യന്‍ സിംഹങ്ങളെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ തന്നെ വളരെ ചുരുക്കമാണ്.

ഗിര്‍ വനങ്ങളിലും നോര്‍ത്ത് ആഫ്രിക്കയുടെ ഒരു ചെറിയ പ്രദേശത്തുമായി ഏതാണ്ട് 500 ഏഷ്യന്‍ സിംഹങ്ങള്‍ അവശേഷിക്കുന്നു എന്നാണ് കണക്കാക്കിയിട്ടുള്ളത്. വന്യസസ്യ- ജീവജാലങ്ങളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന The International Union for the Conservation of Nature 2000ത്തില്‍ ഇവയെ വംശനാശഭീഷണി നേരിടുന്നതായി പ്രഖ്യാപിച്ചിരുന്നു. എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഈ ഗ്രൂപ്പ് നടത്തിയ കണക്കെടുപ്പില്‍ പ്രായപൂര്‍ത്തിയായ ഏഷ്യന്‍ സിംഹങ്ങള്‍ 175 എണ്ണം മാത്രമാണെന്ന് കണ്ടിരുന്നു. മദ്ധ്യ ആഫ്രിക്കന്‍, തെക്കേ ആഫ്രിക്കന്‍ സിംഹങ്ങളെ അപേക്ഷിച്ച് ഇവയുടെ അവസ്ഥ വളരെ മോശമാണ്; 19, 20 നൂറ്റാണ്ടുകളിലെ വ്യാപകമായ വേട്ടയില്‍ ഏഷ്യന്‍ സിംഹങ്ങള്‍ ഏതാണ്ട് കുറ്റിയറ്റ അവസ്ഥയിലെത്തിയിരുന്നു.

കഴിഞ്ഞ നൂറ്റാണ്ടില്‍ ലക്ഷക്കണക്കിനുണ്ടായിരുന്ന സ്ഥാനത്ത് ആഫ്രിക്കന്‍ സിംഹങ്ങള്‍ ഇന്ന് ഏതാണ്ട് 20,000ത്തോളം മാത്രമേ ബാക്കിയുള്ളൂ. ഇതിന് പല കാരണങ്ങള്‍ പറയാം.

ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ജനപ്പെരുപ്പം മൂലം ഇവയുടെ സങ്കേതങ്ങളിലേക്ക് മനുഷ്യര്‍ കടന്നു കയറി. സിംഹങ്ങളുടെ ഇരകളായിരുന്ന പല മൃഗങ്ങളെയും മനുഷ്യര്‍ കാട്ടിറച്ചി വില്‍പ്പനയ്ക്കായി കൊന്നൊടുക്കി. ഇതേത്തുടര്‍ന്നു സിംഹങ്ങള്‍ വളര്‍ത്തുമൃഗങ്ങളെ പിടികൂടാന്‍ തുടങ്ങിയതോടെ അവയേയും ആളുകള്‍ കൊല്ലാനാരംഭിച്ചു.

ഇത്തരം പ്രശ്നങ്ങളില്‍ അവസാനത്തേതായിരുന്നു സിംഹവേട്ടയ്ക്കുള്ള ഗവണ്‍മെന്‍റ് പെര്‍മിറ്റുകള്‍. ഉയര്‍ന്ന നിരക്ക് ഈടാക്കി അനുവദിക്കപ്പെടുന്ന ഇത്തരം പെര്‍മിറ്റുകളില്‍ നിന്നുള്ള ആദായം ഈ ജീവികളുടെ സംരക്ഷണാര്‍ത്ഥമുള്ള പരിപാടികള്‍ക്ക് വേണ്ടിയായിരുന്നു. സിംബാബ്വേ പോലെയുള്ള ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഐക്യരാഷ്ട്ര സഭയും അംഗരാജ്യങ്ങളുമായി കരാര്‍ ഉണ്ടാക്കി വേട്ട അനുവദിച്ചു കൊണ്ടുള്ള പെര്‍മിറ്റുകള്‍ നല്കിയിരുന്നു. ഏതാണ്ട് 300,000 യു‌എസ് ഡോളര്‍ ആയിരുന്നു ഈ പെര്‍മിറ്റുകളുടെ നിരക്ക്. തങ്ങളുടെ നേട്ടത്തിന്‍റെ ട്രോഫിയായി വേട്ടയാടി കൊന്ന മൃഗത്തിന്‍റെ തല സ്വന്തം രാജ്യത്തേയ്ക്ക് ഇറക്കുമതി ചെയ്യാന്‍ അമേരിക്കന്‍ നായാട്ടുകാര്‍ കൂടുതല്‍ തുക നല്‍കിയുള്ള പെര്‍മിറ്റുകള്‍ കരസ്ഥമാക്കിയിരുന്നു.

എന്നാല്‍, ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് ഡയറക്ടര്‍ ഡാന്‍ ആഷെ തിങ്കളാഴ്ച പറഞ്ഞ പോലെ, സംരക്ഷണം ആയിരുന്നു ഈ പരിപാടികളുടെ ലക്ഷ്യം എങ്കില്‍ അത് പരാജയപ്പെട്ടിരിക്കുന്നു. ഇനി ഇവ കുറെക്കൂടെ ഉയര്‍ന്ന മാനദണ്ഡങ്ങളോടെ നടത്തേണ്ടിയിരിക്കുന്നു. ഏഷ്യന്‍, ആഫ്രിക്കന്‍ സിംഹങ്ങളെ വംശനാശ ഭീഷണിയുള്ളതായി പ്രഖ്യാപിക്കുക വഴി ഏജന്‍സി Endangered Species നിയമത്തിന്‍റെ കീഴില്‍ കൊണ്ടുവന്നിരിക്കുകയാണ്. ജനുവരി അവസാനത്തോടെ ഇത് പ്രാബല്യത്തിലാവും.

ഏഷ്യന്‍, ആഫ്രിക്കന്‍ സിംഹങ്ങളെ വംശവിനാശ ഭീഷണിയുള്ള ജീവികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുക വഴി ഏജന്‍സി വേട്ട പെര്‍മിറ്റുകളുടെ ഫീസിന്‍റെ വിനിയോഗം കര്‍ശനമായി വിലയിരുത്തുമെന്ന്‍ ആഷെ പറയുന്നു. ഈ പെര്‍മിറ്റുകളില്‍ നിന്നുള്ള ആദായം സുതാര്യമായിരിക്കുമെന്നും അഴിമതിക്ക് കാരണമായേക്കാവുന്ന രീതിയില്‍ ചെലവഴിക്കപ്പെടില്ലെന്നും ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് ഉറപ്പു വരുത്തും.

Humane Society International തുടങ്ങിയ ഏജന്‍സികളുടെ പരാതിയെ തുടര്‍ന്നാണ് ഈ പ്രസ്താവന ഉണ്ടായത്. സിംഹങ്ങളുടെ മാത്രമല്ല, ആനകള്‍, കണ്ടാമൃഗങ്ങള്‍ ഇവയുടെ നായാട്ടിലൂടെയും ലഭിക്കുന്ന പണത്തിന്‍റെ വിനിയോഗത്തെ കുറിച്ചറിയാന്‍ യാതൊരു മാര്‍ഗവുമില്ല. കാലങ്ങളായുള്ള വേട്ട കൊണ്ടും ഇടക്കാലത്തുണ്ടായ കടന്നുകയറ്റങ്ങള്‍ കൊണ്ടും അതിവേഗം എണ്ണത്തില്‍ കുറഞ്ഞു കൊണ്ടിരിക്കുന്ന ജീവികളാണ് ആനകളും കണ്ടാമൃഗങ്ങളും.

“അവരുടെ കാര്യപരിപാടികള്‍ കൊണ്ട് കാട്ടില്‍ സിംഹങ്ങളുടെ എണ്ണം കൂടുന്നുഎന്നുറപ്പു വരുത്തേണ്ടത് അതതു രാജ്യങ്ങളുടെ ചുമതലയാവും” ആഷെ പറയുന്നു. “ഇതുവരെ നടന്നിട്ടുള്ളതിലും കൂടിയ നിലവാരത്തിലേക്ക് അവരെ ഞങ്ങള്‍ കൊണ്ടു വരും. വേട്ടയുടെയും ട്രോഫികളുടെയും വരുമാനം കൊണ്ട് ഗവേഷണങ്ങള്‍ നടക്കുന്നത് ഞങ്ങള്‍ക്ക് നേരില്‍ കാണണം.”

ആഫ്രിക്ക തുടങ്ങിയ വിദേശ ഗവണ്‍മെന്‍റുകളുടെ കണക്കുകള്‍ പരിശോധിക്കുന്നതു മാത്രമല്ല ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് ലക്ഷ്യമിടുന്നത്. വേട്ടക്കാര്‍ക്ക് മൃഗങ്ങളുടെ തല ട്രോഫി ആയി കൊണ്ടുപോയി പൊങ്ങച്ചം കാണിക്കല്‍ ഇനി എളുപ്പമാവില്ല. ട്രോഫി ഇറക്കുമതി ‘ആനുകൂല്യം മാത്രമാണ്; അവകാശമല്ല’ എന്നു വ്യക്തമാക്കിയ ആഷെ വന്യജീവി നിയമലംഘനം നടത്തി ശിക്ഷിക്കപ്പെട്ടിട്ടുള്ള വേട്ടക്കാര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നത് നിരോധിച്ചുള്ള ഡയറക്ടറുടെ ഉത്തരവ് താന്‍ ഉടനെ പുറത്തിറക്കുമെന്ന് അറിയിച്ചു. ഇതുകൂടാതെ പെര്‍മിറ്റുകള്‍ അനുവദിക്കുന്നതിന് ഒരു തലം കൂടെ ഉള്‍പ്പെടുത്താനും സാധ്യമെങ്കില്‍ പെര്‍മിറ്റ് ഫീസ് വര്‍ദ്ധിപ്പിക്കാനും പദ്ധതിയുണ്ട്.

കൂടുതലായി ലഭിക്കുന്ന ഫീസ് ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് നിയമ പരിപാലനത്തിനുള്ള നിക്ഷേപത്തിലേക്കാവും പോകുക. ആനക്കൊമ്പു പോലെയുള്ള വനവിഭവങ്ങള്‍ നിയമവിരുദ്ധമായി കടത്തുന്ന രാജ്യത്തെ വലിയ തുറമുഖങ്ങളില്‍ ഇവരുടെ ഉദ്യോഗസ്ഥര്‍ പട്രോളിങ് നടത്തുന്നു. “നായാട്ടു വ്യവസായവും അമേരിക്കന്‍ വേട്ടക്കാരും കൂടുതല്‍ ഉത്തരവാദിത്വത്തോടെ പെരുമാറേണ്ടിയിരിക്കുന്നു. വേട്ടയും ട്രോഫിയും സിംഹങ്ങളുടെ എണ്ണം കൂട്ടാന്‍ സഹായിക്കണം. സിംഹങ്ങളുടെ വംശനാശം തടയുന്ന പരിപാടികളില്‍ അമേരിക്കന്‍ പൌരന്‍മാര്‍ സഹകരിക്കുന്നുവെന്ന് ഉറപ്പ് വരുത്തേണ്ട ബാധ്യത ഞങ്ങള്‍ക്കുണ്ട്.”

സിംഹങ്ങളെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് നാലു വര്‍ഷങ്ങളായി ഇതിനു വേണ്ടി പൊരുതുന്ന ഗ്രൂപ്പുകളുടെ വിജയമാണ്. ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് കഴിഞ്ഞ വര്‍ഷം ആഫ്രിക്കന്‍ സിംഹങ്ങളെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ആലോചിക്കുന്നതായി പ്രഖ്യാപിക്കുന്നതു വരെ അവരുടെ പ്രയത്നങ്ങള്‍ക്ക് ഫലമുണ്ടായിരുന്നില്ല. ഇന്‍റെര്‍നാഷണല്‍ യൂണിയനുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ഏജന്‍സി ഏഷ്യന്‍ സിംഹങ്ങളിലേക്കു കൂടെ ശ്രദ്ധ പതിപ്പിച്ചു. കുറച്ചു മാസങ്ങള്‍ക്കു ശേഷം മിന്നസോട്ടയിലെ ഒരു ഡെന്‍റിസ്റ്റ് സിംബാബ്വെയിലെ പ്രിയങ്കരനായിരുന്ന സെസില്‍ എന്ന സിംഹത്തെ വെടിവച്ചു കൊന്നത് ലോകവ്യാപകമായ പ്രതിഷേധത്തിന് കാരണമായി. 

ഏഷ്യന്‍ സിംഹങ്ങളും ആഫ്രിക്കന്‍ സിംഹങ്ങളുമായുള്ള ജനിതക വ്യത്യാസം വളരെ നിസ്സാരമായ ഒന്നാണ്. “മനുഷ്യര്‍ക്കിടയിലുള്ള വംശ വ്യത്യാസത്തേക്കാള്‍ ചെറുത്” ഇന്‍റെര്‍നാഷണല്‍ യൂണിയന്‍ പറയുന്നു.

സിംഹങ്ങളുടെ സംരക്ഷണത്തിന്നായുള്ള അഭ്യര്‍ഥന നടത്തിയ ഗ്രൂപ്പുകളിലൊന്നായ ‘Born Free USA’ യുടെ ചീഫ് എക്സിക്യൂടീവായ ആഡം റോബെര്‍ട്സ് പറയുന്നു “നീണ്ട 4 വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിലുള്ള തീരുമാനം. സിംഹങ്ങളുടെ സങ്കേതമായ രാജ്യങ്ങളുടെ പദ്ധതികള്‍ പരിശോധിക്കുന്നതിലും ട്രോഫി ഇറക്കുമതി വിഷയത്തിലും ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കര്‍ക്കശമാകുമെന്നും ട്രോഫികള്‍ രാജ്യത്തേക്ക് കൊണ്ടു വരാനുള്ള മാനദണ്ഡങ്ങള്‍ യു‌എസ് ഗവണ്‍മെന്‍റ് വളരെ കൂടുതല്‍ ഉയര്‍ത്തുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.”

നോണ്‍പ്രോഫിറ്റ് ഗ്രൂപ്പായ Wildlife Conservation Society അവരുടെ പ്രസ്താവനയില്‍ ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫിന്‍റെ പ്രവര്‍ത്തനങ്ങള്‍ ലോകത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ജന്തുവംശത്തിന്‍റെ വീണ്ടെടുപ്പിന് സഹായിക്കണം എന്നു അറിയിച്ചു. “സിംഹങ്ങളെ വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളുടെ പട്ടികയില്‍ പെടുത്തിയത് അവയുടെ മെച്ചപ്പെട്ട സംരക്ഷണത്തിന് സഹായിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു” ഗ്രൂപ്പിന്‍റെ ചീഫ് കണ്‍സെര്‍വേഷന്‍ ഓഫീസര്‍ ജോണ്‍ റോബിന്‍സന്‍ പറഞ്ഞു. 

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍