UPDATES

വിദേശം

മതപരമായ സ്വത്വത്തെ ഇസ്ലാമിക് ഭീകരവാദം എന്ന്‍ വിളിക്കുന്നത് തെറ്റ്: തുര്‍ക്കി പ്രധാനമന്ത്രി

Avatar

ലല്ലി വെയ്മൗത്ത്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

കഴിഞ്ഞാഴ്ച ദാവോസിലെത്തിയ തുര്‍ക്കി പ്രധാനമന്ത്രി അഹമദ് ദേവ്യൂറ്റൊഗ്ലു അമേരിക്കയും തന്റെ രാജ്യവും സിറിയയെയും മറ്റുള്ള ഇസ്ലാമിക് സ്‌റ്റേറ്റുകളേയും കൈകാര്യം ചെയ്യുന്നതിലെ വ്യത്യാസത്തെക്കുറിച്ചു സംസാരിച്ചു. ഉടനടി നടപടിയെടുക്കേണ്ട പ്രശ്‌നമാണിതെന്ന കാര്യത്തില്‍ യോജിപ്പിലെത്തിയെങ്കിലും മുന്‍ഗണനയുടേയും സ്വീകരിക്കേണ്ടുന്ന തന്ത്രങ്ങളുടേയും വിഷയത്തില്‍ ഇരു രാജ്യങ്ങളും ഭിന്നിക്കുകയായിരുന്നു. അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞു തീര്‍ത്ത് കഴിഞ്ഞ ഡിസംബറില്‍ വീണ്ടും യോജിപ്പിലെത്തിയെങ്കിലും വീണ്ടും കാര്യങ്ങള്‍ തകിടം മറിഞ്ഞു. ഈ വിഷയത്തെക്കുറിച്ച് ദേവ്യൂറ്റൊഗ്ലു വാഷിംഗ്ടണ്‍ പോസ്റ്റിനു നല്‍കിയ അഭിമുഖത്തിന്റെ എഡിറ്റ് ചെയ്ത ഭാഗം താഴെ.

ചോ: ഷാര്‍ളി ഹെബ്ദോയില്‍ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ചു പാരീസില്‍ നടന്ന പ്രകടനത്തില്‍ താങ്കളും പങ്കെടുത്തിരുന്നല്ലോ. ഇസ്ലാമിക് ഭീകരവാദത്തിനെതിരെ പോരാടേണ്ടി വരുമെന്ന ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സോയിസ് ഹോളണ്ടിന്റെ വാദവുമായ് താങ്കള്‍ യോജിക്കുന്നുണ്ടോ?

ഉ: ‘ ഇസ്ലാമിക് ഭീകരവാദമെന്ന ‘പ്രയോഗം തെറ്റാണ്. മതപരമായ സ്വത്വത്തെ ഭീകരവാദവുമായ് കൂട്ടിയിണക്കാന്‍ സാധിക്കില്ല.

ചോ: പക്ഷെ അവരങ്ങനെയാണല്ലോ സ്വയം വിശേഷിപ്പിക്കുന്നത്. 

ഉ: അവരൊരിക്കലും ഇസ്ലാമിക് ഭീകരവാദികളെന്ന വിശേഷണം നടത്താറില്ല. 

ചോ: പിന്നെ ആരാണവര്‍ ? 

ഉ: ഐ.എസ്.ഐ.എസ്സുമായോ അല്‍ഖ്വയ്ദയുമായോ ബന്ധമുള്ളവാരാണെന്ന വാദമാണവര്‍ നടത്താറുള്ളത്. ഭീകരവാദത്തേയും ഇസ്ലാമിനേയും കൂട്ടിയിണക്കി ഉപയോഗിക്കുന്നവര്‍ക്കെതിരാണ് ഞങ്ങള്‍. 

ചോ: ഫ്രഞ്ച് കൊലപാതകികളിലൊരാളുടെ പങ്കാളിയായ ഹയാത് ബൗമുദ്ധീന്‍ തുര്‍ക്കിയില്‍ കൂടിയാണ് സിറിയയിലേക്ക് രക്ഷപ്പെട്ടത്. തുര്‍ക്കി കണ്ണടച്ച് ഇരുട്ടാക്കുകയാണോ ? 

ഉ: അവള്‍ ഫ്രാന്‍സില്‍ നിന്നും തുര്‍ക്കിയിലേക്ക് വരുന്ന വിവരത്തെക്കുറിച്ച് യാതൊരു ഇന്റലിജെന്‍സ് റിപ്പോര്‍ട്ടുമുണ്ടായിരുന്നില്ല. പേരുവിവരങ്ങളങ്ങിയ പട്ടിക ലഭ്യമായതിനു ശേഷം ഈ വിവരം തിരിച്ചറിഞ്ഞ പോലീസ് അവള്‍ തുര്‍ക്കിയിലേക്ക് കടന്നിട്ടുണ്ടാവുമെന്ന കാര്യം ഫ്രാന്‍സിനെ അറിയിക്കുകയായിരുന്നു. പാരീസിലെ ആക്രമണത്തിനു ഒരു ദിവസം മുമ്പ് ഇസ്താംബൂളില്‍ നടന്ന ചാവേറാക്രമണത്തില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെടുകയുണ്ടായതോടെ സുരക്ഷാ സജ്ജീകരണങ്ങള്‍ ശക്തപ്പെടുത്തുകയായിരുന്നു. 

ചോ: സിറിയന്‍ നയങ്ങളുടെ പേരില്‍ അമേരിക്കയും തുര്‍ക്കിയും തമ്മില്‍ വളരെയധികം പിരിമുറുക്കങ്ങളുണ്ടായിട്ടുണ്ട്. രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന (ഇപ്പോള്‍ പ്രസിഡന്റ് ) റെസിപ് തയ്യിബ് ഒരു വ്യോമനിരോധിത മേഖല സൃഷ്ടിക്കാന്‍ അമേരിക്കയോടാവശ്യപ്പെട്ടെങ്കിലും അവരത് നിഷേധിക്കുകയായിരുന്നു. ഇസ്ലാമിക് സ്‌റ്റേറ്റിനെതിരെയുള്ള പോരാട്ടത്തിന് അമേരിക്കന്‍ ഭരണകൂടം മുന്‍ഗണന കൊടുക്കുമ്പോള്‍ സിറിയന്‍ പ്രസിഡന്റ് ബഷര്‍ അസ്സാദിനെ താഴെയിറക്കുന്നതിലാണ് ടര്‍ക്കിഷ് ഭരണകൂടം ശ്രദ്ധ ചെലുത്തുന്നത്, രണ്ടു രാഷ്ട്രങ്ങളും നയപരമായ ശത്രുതയിലാണോ ? 

ഉ: പ്രതിസന്ധിഘട്ടങ്ങളുടെ തുടക്കത്തില്‍തന്നെ വേണ്ട നടപടികളെടുത്തില്ലെങ്കില്‍ പിന്നെ അതിലും വലിയ വൈതരണികള്‍ നേരിടേണ്ടി വരും. രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് സിറിയന്‍ പ്രതിപക്ഷത്തിന് ഗുണം ചെയ്യുന്ന വ്യോമനിരോധിത മേഖലക്കു വേണ്ടി ആവശ്യപ്പെട്ടപ്പോള്‍ ഞങ്ങളുടെ നിര്‍ദ്ദേശം തള്ളിക്കളയുകയായിരുന്നു. ആ സമയത്ത് ശക്തമായിരുന്ന പ്രതിപക്ഷത്തിന് പിന്തുണ നല്‍കിയിരുന്നെങ്കില്‍ ഇന്നീ ഐ.എസ്.ഐ.എസ്സിന്റെ ഭീഷണി നേരിടേണ്ടി വരില്ലായിരുന്നു. 

പൗരന്‍മാരെ സംരക്ഷിക്കുകയോ പ്രതിപക്ഷത്തെ സഹായിക്കുകയോ ചെയ്യാത്തതുകൊണ്ടാണ് അസ്സാദ് ഭരണകൂടവുമായ് ഐ.എസ്.ഐ.എസ്സിന് പങ്കാളിത്തം സ്ഥാപിക്കാനായത്. അസാദിന്റെ സേന പ്രതിപക്ഷത്തെ അവരുടെ നഗരങ്ങളില്‍ നിന്നും തുരത്തിയതോടെ ആ സ്ഥാനം ഐ.എസ്.ഐ.എസ് കൈയടക്കുകയായിരുന്നു. കഴിഞ്ഞ വേനല്‍ക്കാലം വരെ ഐ.എസ്.ഐ.എസ്സും പട്ടാളവും തമ്മില്‍ യാതൊരു പോരാട്ടവുമുണ്ടായിട്ടില്ല. ഐ.എസ്.ഐ.എസ്സിന്റെ സാന്നിദ്ധ്യം അസ്സദിന്റെ സിംഹാസനം ഉറപ്പിക്കുകയും ഭീകരവാദ ഭീഷണിയുടെ മറവില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ മുന്നില്‍ അദ്ദേഹത്തിന്റെ ചെയ്തികള്‍ ന്യായീകരിക്കപ്പെടുകയും ചെയ്തു.

ചോ: യു.എസ് എന്തു ചെയ്യണമെന്നാണ് താങ്കള്‍ പറഞ്ഞു വരുന്നത്.? 

ഉ: സിറിയയുടെ ഭാവിക്കു വേണ്ടി ഏകീകൃതമായൊരു നയം രൂപീകരിച്ചേ മതിയാവൂ, ഇന്നിപ്പോള്‍ ഐ.എസ്.ഐ.എസ്സിനെ നിര്‍മാര്‍ജ്ജനം ചെയ്താല്‍ നാളെ വേറൊരു ഭീകരവാദ സംഘടന ഉദയം കൊള്ളില്ലെന്നെങ്ങനെ ഉറപ്പിക്കും. 

ചോ: വ്യോമനിരോധിത മേഖലയെന്ന ആവശ്യം ഇപ്പോഴും നിലവിലുണ്ടോ ? 

ഉ: തീര്‍ച്ചയായും. അഭയാര്‍ഥികളുടെ ഒഴുക്ക് നിലച്ചേ മതിയാവൂ. 

ചോ: സിറിയയുടെ വിമാനാക്രമണ പ്രതിരോധായുധങ്ങള്‍ പിടിച്ചെടുക്കണമെന്നാണോ താങ്കള്‍ പറയുന്നത് ? 

ഉ: പൗരന്മാരുടെ മേല്‍ ബോംബിടുന്ന സിറിയന്‍ പട്ടാളത്തിന്റെ പ്രവണത നിര്‍ത്തലാക്കണമെന്ന ശക്തമായ താക്കീതായ് ഈ തീരുമാനം മാറും. മൂന്നാമതൊരു ബദല്‍ മാര്‍ഗം തേടാന്‍ പ്രതിപക്ഷത്തെ സജ്ജമാക്കുകയും വേണം.

ചോ: വസന്തത്തിനു ശേഷം മാത്രമേ പരിശീലനം ലഭിച്ച പ്രതിപക്ഷ പോരാളികളെ വിന്ന്യസിക്കുകയുള്ളൂ എന്നാണല്ലോ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞിരിക്കുന്നത്. 

ഉ: അത് വളരെ വൈകും. പട്ടാളത്തിന്റേയും ഐ.എസ്.ഐ. എസ്സിന്റേയുമിടയില്‍ കിടന്ന് ജനങ്ങള്‍ നരകിക്കും. മൂന്നാമതൊരു മുന്നണിയായി മിതവാദിയായൊരു പ്രതിപക്ഷത്തിന്റെ സാന്നിദ്ധ്യം ആവശ്യമായ് വന്നിരിക്കുകയാണ്. ആ സേനയില്‍ വിദേശികളാരും പാടില്ല സിറിയന്‍ ജനത തന്നെയാണ് സ്വന്തം രാഷ്ട്രത്തെ സംരക്ഷിക്കേണ്ടത്. അസ്സാദിന്റെ സേനയില്‍ ഇറാഖില്‍നിന്നും ഇറാനില്‍ നിന്നുമുള്ള ഷിയാക്കളും ഹിസ്ബുള്ളകളുമുണ്ട്. എല്ലാ വിദേശ പോരാളികളും ഉടനടി സിറിയ വിടണം. 

ചോ: ആരാണവരെ പുകച്ചു പുറത്തു ചാടിക്കാന്‍ പോകുന്നത് ? 

ഉ: ഇതിനായ് സിറിയന്‍ സേനയെ കൂടുതല്‍ ശക്തമാക്കേണ്ടതുണ്ട്. 

ചോ: പക്ഷെ അത് ഒരു പാട് കാലതാമസം പിടിക്കില്ലേ ? 

ഉ: രണ്ടു വര്‍ഷം മുമ്പിത് കൂടുതല്‍ എളുപ്പമായിരുന്നേനേ. ഇതുമാത്രമാണിപ്പോള്‍ നമ്മുടെ മുന്നിലുള്ള ഒരേയൊരു പോംവഴി.

ചോ: ഇസ്ലാമിക് സ്റ്റേറ്റിനു മേല്‍ ബോംബിടാനായ് Incirlik വിമാനാസ്ഥാനം ഉപയോഗിക്കാന്‍ അമേരിക്ക അനുവാദം ചോദിച്ചപ്പോള്‍ തുര്‍ക്കി നിഷേധിക്കുകയായിരുന്നുവല്ലോ? 

ഉ: ഞങ്ങളുടെ വിമാനാസ്ഥാനം ഉപയോഗിക്കണമെങ്കില്‍ ഏകീകൃതമായൊരു തന്ത്രമുണ്ടെന്നു ഞങ്ങളെ ബോധ്യപ്പെടുത്തിയേ മതിയാവൂ. വ്യോമനിരോധിത മേഖല സ്ഥാപിക്കുന്നതോടൊപ്പം അഭയാര്‍ഥികള്‍ക്ക് തക്കതായ അഭയസ്ഥാനവും നല്‍കിയാല്‍ മാത്രമേ തുര്‍ക്കിയിലേക്കുള്ള അവരുടെ ഒഴുക്ക് നിലക്കുകയുള്ളൂ.

ചോ: വിമാനാസ്ഥാനം ഉപയോഗിക്കാന്‍ വേണ്ടിയും ഇസ്ലാമിക് സ്‌റ്റേറ്റിനെതിരെ പോരാടാനും തുര്‍ക്കിയുടെ സഹായമാവശ്യപ്പെട്ട് ഡിസംബറില്‍ ചര്‍ച്ച നടന്നിരുന്നുവല്ലോ?

ഉ: യോജിപ്പിന്റെ വക്കില്‍ ചര്‍ച്ചകള്‍ അവസാനിക്കുകയായിരുന്നു. ഞങ്ങളുടെ ആവശ്യം വളരെ ലളിതമായിരുന്നു അഭയാര്‍ഥികളുടെ ഒഴുക്കും സിറിയന്‍ സേനയുടെ ബോംബിങ്ങും അവസാനിക്കണം. സുരക്ഷിതമായൊരു അഭയസ്ഥാനം നിര്‍മ്മിക്കലാണ് ഇതിനുള്ള പോംവഴി. 

ചോ: അസ്സദിനെ താഴെയിറക്കലല്ല ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ഉന്മൂലനമാണ് തങ്ങളുടെ മുന്‍ഗണനയെന്നാണല്ലോ അമേരിക്ക പറയുന്നത്.

ഉ: രണ്ടു ഭീഷണികളേയും ഒരേ സമയം പരിഹരിച്ചേ മതിയാവൂ. സിറിയന്‍ ജനതയെ ഐ.എസ്.ഐ.എസ്സിന്റേയും അസ്സാദിന്റേയും കൈകളില്‍ നിന്നും ഒരേ സമയം രക്ഷപ്പെടുത്തണം. തുര്‍ക്കിയില്‍ 1.7 മില്ല്യന്‍ സിറിയന്‍ അഭയാര്‍ഥികളാണുള്ളത്, ഇതില്‍ 1.5 മില്ല്യനും അസ്സദിന്റെ ഭരണത്തില്‍ നിന്നും രക്ഷനേടിയവരാണ്. അതുകൊണ്ട് തന്നെ സിറിയയിലെ സമാധാനത്തിന് ഒരേയൊരു മാനദണ്ഡം മാത്രമേയുള്ളൂ. 

ചോ : അസ്സദിനെ പുറത്ത് ചാടിക്കുക? 

ഉ: അതെ. രണ്ടു മില്ല്യന്‍ ജനത വീട്ടിലേക്ക് തിരികെ പോകാന്‍ തയ്യാറായാല്‍ അതിനെ സമാധാനം എന്ന് വിളിക്കാം. ഐ.എസ്.ഐ.എസ്സിനെ ഇല്ലാതാക്കിയാല്‍ സിറിയയില്‍ സമാധാനം പുലരില്ല. ദമാസ്‌കസില്‍ അസ്സദ് ഭരണത്തിലിരിക്കുന്ന കാലത്തോളം അഭയാര്‍ഥികള്‍ തിരികെ പോകില്ല. തിരികെ ചെന്നാല്‍ കൊല്ലപ്പെടുമെന്ന സത്യത്തെക്കുറിച്ച് അവര്‍ ബോധവാന്‍മാരാണ്.

ചോ: അതേ സമയം ആസ്സദിനെ പിന്തുണക്കുന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനെ താങ്കളുടെ രാജ്യം അടുത്തിടെ വരവേറ്റുവല്ലോ?

ഉ: റഷ്യയുമായ് ഞങ്ങളുടെ രാജ്യത്തിന് ശക്തമായ സാമ്പത്തിക ബന്ധവും ഊര്‍ജ്ജ പങ്കാളിത്തവുമുണ്ട്. 

ചോ: നിങ്ങളുടെ പ്രകൃതി വാതകത്തിന്റെ 65 ശതമാനവും റഷ്യയില്‍ നിന്നുമാണ് വരുന്നതെങ്കിലുമവര്‍ അസ്സദിനെ പിന്തുണക്കുകയാണല്ലോ ? 

ഉ: യു.എസ് റഷ്യയോട് നയതന്ത്ര ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. 

ചോ: സിറിയന്‍ സേന രാസായുധങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ ലക്ഷ്മണ രേഖ വരച്ച ഒബാമ സേനയത് ഉപയോഗിച്ചപ്പോള്‍ പ്രതികരിക്കാതിരുന്നത് താങ്കളെ നിരാശപ്പെടുത്തിയോ ? 

ഉ: രാസായുധ പ്രയോഗത്തിനെതിരെയുള്ള സഖ്യത്തിന്റെ ഭാഗമാവാന്‍ പറഞ്ഞപ്പോള്‍ ഒട്ടും മടികാട്ടാതെ ഞങ്ങള്‍ സമ്മതിക്കുകയായിരുന്നു. പക്ഷെ സിറിയന്‍ സര്‍ക്കാര്‍ രാസായുധങ്ങള്‍ ഉപയോഗിക്കുക തന്നെ ചെയ്തു. ഒന്നും മാറിയിട്ടില്ല, ഇപ്പോഴും സിറിയന്‍ സേനയുടെ കൈവശം രാസായുധങ്ങളുണ്ട്. 300,000 പൗരന്‍മാരെ സൈന്യം കൊന്നൊടുക്കുകയും മില്ല്യന്‍ കണക്കിനാള്‍ക്കാരെ അഭയാര്‍ഥികളാക്കുകയും ചെയ്ത അസ്സദ് ഇപ്പോഴും ഭരണത്തിലിരിക്കുന്നുണ്ട്. മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടിലാത്ത ഒരാള്‍ രാജ്യം ഭരിക്കുന്നത് അംഗീകരിക്കാന്‍ സാധിക്കാത്തതാണ്. 

ചോ: അലേപ്പോ(സിറിയന്‍ തലസ്ഥാനം) നിലം പതിക്കാറായോ ? 

ഉ: മിതവാദികളായ പ്രതിപക്ഷം ചില പ്രദേശങ്ങളില്‍ പ്രതിരോധിക്കുന്നുണ്ട്. പക്ഷെ ബോംബിംഗ് തുടര്‍ന്നാല്‍ ഈ പ്രതീക്ഷയും മങ്ങും. അലേപ്പോ നിലം പതിച്ചാല്‍ ഒരു മില്ല്യന്‍ അഭയാര്‍ഥികള്‍ കൂടി തുര്‍ക്കിയിലെത്തും. 

ചോ: ഇപ്പോള്‍ സഖ്യ കക്ഷികളുടെ വിമാനങ്ങള്‍ സിറിയന്‍ വിമാനങ്ങളുടെ കൂടെ പറക്കുകയാണല്ലോ?

ഉ: അതെ. പരസ്പരം അക്രമിക്കില്ലെന്ന ഉടമ്പടി നിലവിലുണ്ട്. 

ചോ: തുര്‍ക്കിയില്‍ മാധ്യമപ്രവര്‍ത്തകരെ നേരിടുന്ന രീതിയെക്കുറിച്ച് അമേരിക്കന്‍ ജനത വ്യാകുലരാണ്. 

ഉ: മാധ്യമ പ്രവര്‍ത്തകരുടെ സംരക്ഷണം ഉറപ്പാക്കുന്ന സമിതിയുടെ കണക്ക് പ്രകാരം 10 മാധ്യമപ്രവര്‍ത്തകാരാണ് ജയിലിലുണ്ടായിരുന്നത്. ഇതില്‍ മൂന്നു പേര്‍ മുക്തരാക്കപ്പെടുകയും 90 കളില്‍ അകത്തു പോയ മറ്റുള്ളവരിലൊരാള്‍ പോലീസുകാരനെ കൊന്നതിനും മറ്റൊരാള്‍ വെടിവെപ്പിനും ജയിലില്‍ കഴിയുന്നയാളുമാണ്.

ചോ: ഷാര്‍ളീ ഹെബ്ദോയുടെ മെമ്മോറിയല്‍ പതിപ്പില്‍ പ്രസിദ്ധീകരിച്ച മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പ്രിന്റ് ചെയ്തതിനാണല്ലോ ടര്‍കിഷ് പത്രമായ കുമുറിയേതിനെതിരെ പ്രോസിക്ക്യൂട്ടര്‍ കേസെടുത്തത്? 

ഉ: പല രാജ്യങ്ങളിലും പ്രകോപനമുണ്ടാക്കിയ വിഷയമാണിത്. ഇസ്ലാമിനെതിരെ മാത്രമല്ല മറ്റേതൊരു മതത്തിനെതിരേയും അവരുടെ വിശ്വാസങ്ങള്‍ക്കെതിരേയും പ്രകോപനപരമായ ഭാഷ ഉപയോഗിക്കുന്നത് അനുവദിക്കാന്‍ സാധിക്കുന്നതല്ല.

ചോ: പത്ര സ്വാതന്ത്ര്യം ആഘോഷിക്കാന്‍ വേണ്ടിയാണല്ലോ താങ്കള്‍ പാരീസിലേക്ക് പോയത്? 

ഉ: അതിന് ഒരു മതത്തിന്റെ പ്രവാചകനെ നിന്ദിച്ചതിനെ പ്രതിരോധിക്കുന്നുവെന്ന അര്‍ഥം കാണരുത്. ഇസ്ലാമിനേയോ മുസ്ലിമിനേയോ അധിക്ഷേപിക്കുന്നത് അനുവദിക്കാന്‍ സാധിക്കില്ല. 

ചോ: ഇസ്രായേലുമായുള്ള തുര്‍ക്കിയുടെ ബന്ധം തകര്‍ച്ചയുടെ വക്കിലാണല്ലോ ? ബന്ധം തുടരുമെന്ന കാര്യത്തില്‍ താങ്കള്‍ക്ക് പ്രതീക്ഷയുണ്ടോ ? 

ഉ: ഗാസയിലേക്ക് പുറപ്പെട്ട ടര്‍കിഷ് കപ്പലുകളില്‍ പരിശോധന നടത്തിയതിന് ഒബാമയുടെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മാപ്പ് പറഞ്ഞു. പക്ഷെ പിന്നീടുള്ള ചര്‍ച്ചകള്‍ നഷ്ടപരിഹാരത്തിലൊതുക്കുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍