UPDATES

വിദേശം

ഇറാനെതിരെ അമേരിക്കയുടെ അന്താരാഷ്ട്ര സൈനിക സഖ്യം, ഇന്ത്യ പങ്കാളിയാകുമോ?

കപ്പല്‍ ഗതാഗതം സുഗമമാക്കാന്‍ ഇടപെടുമെന്ന് മുന്നറിയിപ്പ്.

ഇറാനെതിരെ സൈനിക സഖ്യം ഉണ്ടാക്കുമെന്ന് അമേരിക്ക. ഇറാന്‍, യെമന്‍ അതിര്‍ത്തിയിലൂടെ കപ്പലുകള്‍ക്ക് സുഗമമായി കടന്നുപോകുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ ഒരു സൈനിക സഖ്യം രൂപികരിക്കുന്നത്. ഏതൊക്കെ രാജ്യങ്ങളാണ് സഖ്യത്തില്‍ ഉണ്ടാവുകയെന്ന കാര്യം വ്യക്തമല്ല. കഴിഞ്ഞ മാസങ്ങളില്‍ ഓയില്‍ ടാങ്കറുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇറാനാണെന്ന് അമേരിക്ക ആരോപിച്ചിരുന്നു.

സൈനിക സഖ്യത്തിന് പിന്തുണ നല്‍കാന്‍ രാഷട്രീയ ഇച്ഛാശക്തിയുള്ള രാജ്യങ്ങളുമായി ചര്‍ച്ച നടത്തുകയാണെന്ന് ജോയിന്റ് ചീഫസ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ മാറിന്‍ ജെന്‍ ജോസഫ് ഡണ്‍ഫോര്‍ഡ് പറഞ്ഞു. കപ്പലുകള്‍ക്ക് സുഗമമായി കടന്നുപോകുന്നതിനുള്ള അവസരമുണ്ടാക്കുകയാണ് സൈനിക സഖ്യത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
സൈനിക സഖ്യത്തിനുള്ള നിര്‍ദ്ദേശങ്ങളും നിയന്ത്രണവും അമേരിക്കയ്ക്കായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സഖ്യത്തില്‍ പങ്കാളികളാകുന്ന രാജ്യങ്ങള്‍ പെട്രോളിംങ് നടത്താന്‍ ബോട്ടുകള്‍ നല്‍കണം.

ഇതിനുപുറമെ വാണിജ്യ കപ്പലുകള്‍ക്ക് സംരക്ഷണം നല്‍കുകയും ഇവയുടെ ഉത്തരവാദിത്തമായിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഏതൊക്കെ രാജ്യങ്ങളാണ് ഇതുമായി സഹകരിക്കുകയെന്ന കാര്യം ഏതാനും ആഴ്ചകള്‍ കൊണ്ട് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. ഈ സൈനിക സഖ്യത്തിന്റെ ചിലവ് വഹിക്കുന്നത് അമേരിക്കയായിരിക്കില്ലെന്നും അതൊരു അന്താരാഷ്ട്ര സൈന്യം ആയിരിക്കുമെന്നുമാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിശദീകരിച്ചത്. ലോകത്തെ എണ്ണ കപ്പലുകളില്‍ അഞ്ചില്‍ ഒന്നും സഞ്ചരിക്കുന്ന ഹോംറൂസ് കടലിടുക്ക് വഴിയാണ്.

അമേരിക്കയുടെ നിരീക്ഷണ വിമാനം ഇറാന്‍ വെടിവെച്ചിട്ടതുള്‍പ്പെടെയുള്ള നടപടികള്‍ ഇരു രാജ്യങ്ങളെയും സംഘര്‍ഷത്തിന്റെ വക്കിലെത്തിച്ചിരുന്നു. ഇറാന്‍ ആക്രമിക്കാന്‍ ട്രംപ് അനുമതി നല്‍കിയിരുന്നുവെങ്കിലും പിന്നീട് തീരുമാനത്തില്‍നിന്ന് പിന്‍മാറുകയായിരുന്നു. കഴിഞ്ഞമാസം എണ്ണ കപ്പല്‍ ആക്രമിച്ചത് ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ് ആണെന്ന് അമേരിക്ക ആരോപിക്കുകയും രാജ്യത്തിനെതിരായ ഉപരോധം ശക്തമാക്കുകയും ചെയ്തിരുന്നു. ഇറാന്റെ സൈനിക വിഭാഗത്തില്‍പെട്ട റവല്യൂഷണറി ഗാര്‍ഡിനെ അമേരിക്ക ഭീകരപ്രസ്ഥാനങ്ങളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഇറാനുമായി നേരത്ത ഉണ്ടാക്കിയ ആണവകാരാറില് നിന്ന് അമേരിക്ക പിന്‍മാറിയതിനെതുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ആരംഭിച്ചത്. ഇക്കാര്യത്തില്‍ യുറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ ഇടപെട്ടില്ലെന്ന് ആരോപിച്ച് ഇറാന്‍ ആണവ പരിപാടികള്‍ക്ക് പുനരാരംഭിച്ചിരുന്നു. എണ്ണ ഉത്പന്നങ്ങള്‍ അമേരിക്കന്‍ ഉപരോധത്തെ മറികടന്ന് കയറ്റുമതി ചെയ്യാനുള്ള സഹായം ഫ്രാന്‍സ്, ജര്‍മ്മനി, ബ്രിട്ടന്‍ തുടങ്ങി ആണവ കരാറില്‍ ഒപ്പിട്ട രാജ്യങ്ങള്‍ ചെയ്തില്ലെന്നായിരുന്നു ഇറാന്റെ ആരോപണം

യുറേനിയം സംപുഷ്ടീകരണത്തിനായി ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ പാലിക്കില്ലെന്ന് ഇറാന്‍ വ്യക്തമാക്കുകയും ചെയ്തു. ഇതോടെയാണ് ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായത്. അമേരിക്കയുടെ ഇറാനെതിരായ നീക്കത്തില്‍ ഏതൊക്കെ രാജ്യങ്ങളാണ് പങ്കാളികളാവുക എന്നതില്‍ വ്യക്തതയില്ല.

ഇറാഖ് അധിനിവേശ സമയത്ത് ഇന്ത്യന്‍ സൈന്യത്തെ അമേരിക്കയുടെ താല്‍പര്യത്തിന് അനുസരിച്ച് അയക്കാന്‍ നീക്കം നടത്തിയിരുന്നു. വലിയ പ്രതിഷേധമാണ് ഇതിനെതിരെ ഉണ്ടായത്. ഇറാനെതിരായ യുഎസ് നേതൃത്വത്തിലുള്ള സൈനിക സഖ്യത്തില്‍ ഇന്ത്യ ഉണ്ടാവുമോ എന്ന കാര്യം വ്യക്തമല്ല. ഇന്ത്യയ്ക്ക് നാറ്റോ രാജ്യങ്ങള്‍ക്ക് സമാനമായ പദവി നല്‍കുന്നതിനുള്ള ബില്ല് അമേരിക്കന്‍ പ്രതിനിധി സഭയുടെ പരിഗണനയിലാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍