UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വെളളത്തൂവലിന്റെ ജൌളി കടക്കാരി; അല്ല എഴുത്തുകാരി

Avatar

അഖില്‍ രാമചന്ദ്രന്‍

വെള്ളത്തൂവലിലെ  ‘കിത്ത് ആന്‍ഡ് കിന്‍’ എന്ന തുണിക്കടയില്‍ തന്റെ കണ്‍മുന്‍പിലൂടെ നടന്ന് നീങ്ങിയിരുന്ന ജീവിത ചിത്രങ്ങളെ ചേര്‍ത്ത് നിര്‍ത്തി ഉഷാകുമാരി അവ നോട്ട്ബുക്കില്‍ കോറിയിടുന്നകാര്യം അധികമാരും അറിഞ്ഞിരുന്നില്ല. ഉഷാകുമാരിയൊട്ടാരോടും പറഞ്ഞതുമില്ല. ഒടുവില്‍ ഓ വി വിജയന്‍ പുരസ്‌കാരം വെള്ളത്തുവലില്‍ എത്തിയിരിക്കുന്നു എന്ന വാര്‍ത്ത പത്രമാധ്യമങ്ങളിലൂടെ കണ്ടറിഞ്ഞാണ് ഉഷാകുമാരിയെന്ന എഴുത്തുകാരിയെ സ്വന്തം ഗ്രാമ വാസികള്‍ പോലും തിരിച്ചറിഞ്ഞത്. 

‘ചിത്തിരപുരത്തെ ജാനകിക്ക്’ ഒരു പാട് കഥകള്‍ പറയാനുണ്ട്. കണ്ണീരിന്റെ, കയ്പ്പിന്റെ, നെടുവീര്‍പ്പിന്റെ, അങ്ങനെ ജീവിതവുമായി ചേര്‍ന്ന് നില്‍ക്കുന്ന ഒട്ടനവധി കാര്യങ്ങള്‍. ചിത്തിരപുരത്തെ ജാനകിക്ക് രൂപവും ഭാവവും ജീവനും നല്‍കിയ ഇടുക്കിയുടെ എഴുത്തുകാരിയായ ഉഷാകുമാരിക്കും പറയാനേറെയുണ്ട്. ആദ്യമായി നടത്തിയ കുത്തിക്കുറിക്കലുകള്‍ അവയിലേക്കെത്തിച്ച ജീവിതാനുഭവങ്ങള്‍ കവിതയില്‍ നിന്ന് വഴുതിമാറി ഗദ്യത്തിന്റെ വിശാലമായ ക്യാന്‍വാസിലേക്ക് എത്തപ്പെട്ട നാളുകള്‍ ഒടുവില്‍ ഖസാക്കിന്റെ ഇതിഹാസകാരന്റെ പേരിലുള്ള പുരസ്‌ക്കാരം മലമടക്കുകളെ ഭേദിച്ച് വെള്ളത്തൂവല്‍ എന്ന കൊച്ചുഗ്രാമത്തിലേക്കെത്തിയ നിമിഷം….  

വെള്ളത്തൂവല്‍ പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ സാവേരിയില്‍ പരേതരായ അയ്യപ്പന്റെയും നാരായണിയുടെയും മകളായാണ് നിശബ്ദ എഴുത്തുകാരിയെന്ന് വിശേഷിപ്പിക്കാവുന്ന ഉഷാകുമാരിയുടെ ജനനം. മണ്ണും മനുഷ്യരുമായി ഇഴചേര്‍ന്ന് നില്‍ക്കുന്ന പോത്തുപാറ എന്ന ഗ്രാമത്തിലായിരുന്നു ഉഷാകുമാരിയുടെ ബാല്യവും കൗമാരവും. വെള്ളത്തൂവല്‍ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഉഷാകുമാരി അവിടെ തന്നെയുള്ള സെന്റ് മേരീസ് പാരല്‍ കോളേജില്‍ പ്രീഡിഗ്രിയും പഠിച്ചു. അക്ഷരത്തോടും മലയാളത്തോടുമുള്ള സ്‌നേഹം മൂലം ഹൈറേഞ്ചിന്റെ പരിമിതികളെ മറികടന്ന് പ്രൈവറ്റായി പരീക്ഷയെഴുതി മലയാളത്തില്‍ ബിരുദവും കരസ്ഥമാക്കി. അക്കാലയളവിലായിരുന്നു ഉഷാകുമാരിയെന്ന എഴുത്തുകാരിയുടെ ജനനം എന്ന് വേണമെങ്കില്‍ പറയാം.

പ്രീഡിഗ്രി പഠനം പൂര്‍ത്തയാക്കിയ ശേഷം മലയാളത്തോടുള്ള അടങ്ങാത്ത ആവേശം മനസ്സില്‍ സൂക്ഷിച്ച് ഉപരി പഠനമെന്ന സ്വപ്‌നവുമായി ഉഷാകുമാരി മുന്‍പോട്ട് പോയി. പക്ഷെ ഹൈറേഞ്ചിന്റെ ചുറ്റുപാടുകള്‍ എഴുത്തുകാരിയുടെ ആ മോഹങ്ങള്‍ക്ക് ചിറക് മുളപ്പിക്കുന്നതായിരുന്നില്ല. ആ സമയത്താണ് ബാലജനസഖ്യത്തിന്റെ അഖില കേരള പ്രസിഡന്റായിരുന്ന വത്സലന്‍ വാതുശ്ശേരി (എഴുത്തുകാരന്‍, അധ്യാപകന്‍)യുമായി കുട്ടികളുടെ വാരികയായ ബാലരമയിലൂടെ ഒരു ബന്ധം സ്ഥാപിക്കാന്‍ ഉഷാകുമാരിക്ക് അവസരം ലഭിച്ചത്. തുടര്‍ന്ന് വത്സലന്‍ വാതുശ്ശേരിയുടെ സഹായഹസ്തം പ്രൈവറ്റായി ബി എ മലയാളം പഠിക്കുന്നതിന് ഉഷാകുമാരിക്ക് സഹായകരമായി. ആലുവ യു സി കോളേജില്‍ പഠിപ്പിച്ചിരുന്ന സുഗതകുമാരി ടീച്ചറും ഉഷാകുമാരിയെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ വളരെയധികം നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. ഉഷാകുമാരിയുടെ എഴുത്തുകള്‍ കണ്ട വത്സലന്‍ വാതുശ്ശേരി എഴുത്തില്‍ ഉഷാകുമാരിക്ക് ഒരു കാലം വരാനിരിക്കുന്നുവെന്ന് അന്നേ പറഞ്ഞിരുന്നു.

“എഴുത്തിന്റെ  വിശാലമായ ലോകത്തേക്ക് പറന്നുയരാന്‍ ഹൈറേഞ്ചില്‍ ജനിച്ച തനിക്ക് അധികം വാതിലുകള്‍ ഒന്നും ഉണ്ടായിരുന്നില്ല.സ്വന്തം കുത്തികുറിക്കലുകള്‍ അച്ചടി മഷി പുരണ്ട് കാണുവാന്‍ ഏറെ നാള്‍ കാത്തിരിക്കേണ്ടി വന്നു. എഴുത്തിന്റെ ലോകത്തേക്ക് സ്വപ്രയത്‌നം കൊണ്ട് എത്തിപ്പെടുക എന്നതിനപ്പുറം മറ്റൊരു വഴിയും എന്റെ മുന്‍പില്‍ അക്കാലത്ത് ഉണ്ടായിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. വത്സല എന്ന സഹപാഠിയാണ് എന്നിലെ എഴുത്തുകാരിയെ ആദ്യം തിരിച്ചറിഞ്ഞത്” ഉഷാകുമാരി പറയുന്നു.

തന്റെ ചുറ്റുപാടുകളെ നോട്ടുബുക്കില്‍ കവിതയായി പകര്‍ത്തിയ ഉഷാകുമാരിയുടെ വൈഭവം അധ്യാപകരെയും സഹപാഠികളെയും സുഹൃത്തുക്കളെയും അത്ഭുതപ്പെടുത്തിയിരുന്നു. ഉഷാകുമാരിക്ക് എഴുതാനുള്ള കഴിവുണ്ടെന്ന് തിരിച്ചറിഞ്ഞ സുഹൃത്തുക്കള്‍ സാന്ധ്യാകാശമെന്ന വിഷയത്തില്‍ ഒരു കവിതയെഴുതാന്‍ ഉഷാകുമാരിയോടാവിശ്യപ്പെട്ടു. ഞൊടിയിടയില്‍ കവിത പൂര്‍ത്തിയാക്കിയ ഉഷാകുമാരി അവരെ അത്ഭുതപ്പെടുത്തിയെന്ന് മാത്രമല്ല ഉഷാകുമാരിക്ക് എഴുത്തുകാരിയെന്നൊരു പേര് നേടികൊടുക്കുകയും ചെയ്തു. അതായിരുന്നു ഉഷാകുമാരിയുടെ ആദ്യത്തെ കവിതാ സൃഷ്ടി. എന്നാല്‍ ആ വരികളില്‍ അച്ചടിമഷി പുരണ്ടില്ല. അവ ഇന്നും ആ പഴയ നോട്ടുബുക്കുകളില്‍  വിശ്രമിക്കുന്നു. പൊടി തട്ടിയെടുത്താല്‍ ഒരു കവിതാ സമാഹാരം തന്നെ പുറത്തിറക്കാനുതകും വിധം ആഴവും വ്യാപ്തിയുമുള്ള കവിതകള്‍ തന്നെയാണ് നോട്ട് ബുക്കിലെ താളുകള്‍ക്കിടയില്‍ വെളിച്ചം തട്ടാതെ മയങ്ങുന്നത്.

“ആകാശവാണി ദേവികുളം നിലയത്തിലൂടെയായിരുന്നു എന്റെ ആദ്യ കവിത ആസ്വാദകരിലേക്കെത്തിയത്. എന്റെ കവിതയുടെ ആദ്യ പ്രകാശനമെന്ന് വേണമെങ്കില്‍ ആ സന്ദര്‍ഭത്തെ വിശേഷിപ്പിക്കാം. പുത്രയോഗം എന്ന് പേരിട്ടിരുന്ന കവിതയില്‍ സഹോദരനെ കുറിച്ചായിരുന്നു ഞാനന്നെഴുതിയത്.. എന്റെ എഴുത്തിനെ എന്നും സ്‌നേഹിച്ചിരുന്ന ഭര്‍ത്താവ് ഹരിപ്രസാദാണ് ഞാന്‍ അറിയാതെ ആ കവിത ആകാശവാണിക്ക് അയച്ച് കൊടുത്തത്.”

പുതു തലമുറ പൈങ്കിളി മാസികകള്‍ എന്ന ലേബലില്‍ വായനക്ക് പുറത്ത് നിര്‍ത്തിയിരിക്കുന്ന സഖിയും മനോരമയും മംഗളവുമൊക്കെയായിരുന്നു ഉഷാകുമാരിയുടെ വായനാലോകത്തെ ആദ്യ അതിഥികള്‍. വായനക്കാവിശ്യമായ പുസ്തകങ്ങള്‍ കിട്ടുന്നതില്‍ പോലും ഹൈറേഞ്ചിന്റെ പരിമിതികള്‍ ഉഷാകുമാരിക്ക് പ്രതിബന്ധമായി തീര്‍ന്നു. ക്രമേണ ഭാഷാപോഷിണിയും കലാകൗമുദിയും  മാത്രഭൂമിയുമൊക്കെ വായനാലോകത്തേക്ക് കടന്നുവന്നു. 1990 കളില്‍ കലാകൗമുദിയില്‍ അച്ചടിച്ച് വന്ന് മുത്തശ്ശിക്കഥ എന്ന കവിതയായിരുന്നു അച്ചടിമഷിപുരണ്ട ഉഷാകുമാരിയുടെ ആദ്യ സാഹിത്യ സൃഷ്ടി. “പരിമിതികള്‍ക്കിടയില്‍ നിന്നും വളര്‍ന്ന് വന്നതുകൊണ്ട് എന്റെ രചനയെപ്പറ്റി വേണ്ടത്ര ആത്മവിശ്വാസമില്ലാതിരുന്നതിനാല്‍ കലാകൗമുദിക്ക് കവിത അയച്ച കവറിന് പുറത്ത് ‘വായിച്ചിട്ട് ചവറ്റു കുട്ടയില്‍ എറിയുക’യെന്ന് ഞാന്‍ എഴുതിയിരുന്നു. അതിനിടയില്‍ മാതൃഭൂമിക്കും  ഭാഷാപോഷിണിക്കുമൊക്കെ അയച്ചുകൊടുത്ത കവിതകള്‍ പ്രസിദ്ധീകരണ യോഗ്യമല്ലായെന്ന പേരില്‍ തിരിച്ചയക്കപ്പട്ടു. പിന്നെയും കലാകൗമുദിയില്‍ എന്റെ ചില കവിതകള്‍ അച്ചടിച്ച് വന്നു. പിന്നീടെപ്പോഴൊ കലാകൗമുദിയുമായുള്ള എഴുത്തുകുത്തുകള്‍ മുറിഞ്ഞു.”

വലിയ ജീവിതത്തെ കവിതയില്‍ പകര്‍ത്തുന്നതിന് പരിമിതികള്‍ ഉണ്ടെന്ന് തോന്നിപ്പോള്‍ എഴുത്തിനായി വിശാലമായ ഒരു ക്യാന്‍വാസ് വേണമെന്ന് തോന്നി തുടങ്ങി. ക്രമേണ എഴുത്ത് കവിതകളില്‍ നിന്നും നോവലുകളിലേക്ക് വഴുതിമാറി.

മലകളാല്‍ ചുറ്റപ്പെട്ട വെള്ളത്തൂവല്‍ ഗ്രാമത്തില്‍ പഞ്ചായത്തോഫീസിന് എതിര്‍വശത്തുള്ള കിത്ത് ആന്‍ഡ് കിന്‍ എന്ന തന്റെ കൊച്ചു തുണിക്കടയിലിരുന്നാണ്എഴുത്തുകാരി നോവലിലെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നത്. 12 വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു ഉപജീവന മാര്‍ഗ്ഗമെന്നവണ്ണം ഉഷാകുമാരി തുണിക്കടയാരംഭിച്ചത്. തന്റെ ആദ്യ നോവലായ താരയും കാഞ്ചനയും രണ്ട് പോരാളികള്‍ പൂര്‍ത്തിയാക്കാന്‍ നാലഞ്ച് വര്‍ഷമെടുത്തു. ആ നോവലിന്റെ പിറവിയെപ്പറ്റി പറയാനും ഉഷാകുമാരിക്കേറെയുണ്ട്. “പെട്ടന്നൊരു സുപ്രഭാതത്തില്‍ പൊട്ടിമുളച്ചതായിരുന്നില്ല ആ നോവല്‍. എനിക്ക്  ചുറ്റുമുള്ളവരെ പ്രത്യേകിച്ച് എന്റെ കടയിലും പഞ്ചായത്തോഫീസിലുമൊക്കെ വന്ന് പോകുന്നവരെയും ചെമ്മണ്ണും ടാറും കലര്‍ന്ന റോഡിലൂടെ നടന്ന് നീങ്ങുന്നവരെയും നാഗരികത ഇനിയും കാര്യമായി കടന്ന് വരാത്ത വെള്ളത്തൂവലില്‍ വന്ന് പോകുന്നവരെയും എല്ലാം വീക്ഷിച്ച് അവരറിയാതെ അവരുടെ ജീവിതത്തിലെ കണ്ണീരും കയ്പും കൊച്ച് കൊച്ച് സന്തോഷങ്ങളും നൊമ്പരങ്ങളും നെടുവീര്‍പ്പ്കളുമെല്ലാം ഞാന്‍  ഒരു നോട്ട് ബുക്കില്‍ പകര്‍ത്തുകയായിരുന്നു. കടയിലെ തിരക്കിനിടയിലും കുത്തികുറിക്കാന്‍ തോന്നുന്നത് അപ്പോള്‍ തന്നെ നോട്ട്ബുക്കില്‍ കോറിയിട്ടു. ആശയങ്ങള്‍ ഉരുത്തിരിഞ്ഞ് മൂര്‍ധന്യത്തിലെത്തുമ്പോള്‍ പലപ്പോഴും തുണിക്കടയിലാളുകള്‍ വരും. ആ തിരക്കൊഴിഞ്ഞ ശേഷമാണ് പിന്നിടവ നോട്ട്ബുക്കില്‍ കുറിക്കുക. പരിസരം മറന്ന് തുണിക്കടയിലിരുന്നെഴുതിയ സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്. സക്കറിയായുമായുള്ള പരിചയമാണ് എന്റെ  ആദ്യ നോവല്‍ വെളിച്ചം കാണാന്‍ ഇടയാക്കിയത്. പ്രസിദ്ധീകരിക്കാന്‍ ആയിരുന്നില്ലായെങ്കിലും നോവല്‍ വെറുതെ ഞാന്‍ സക്കറിയയ്ക്ക് അയച്ചുകൊടുത്തു. ശരാശരി നിലവാരം പുലര്‍ത്തിയില്ലായെങ്കില്‍ ദാക്ഷിണ്യമേതുമില്ലാതെ നോവല്‍ തിരിച്ചയക്കുമെന്ന് അദ്ദേഹം കട്ടായം പറഞ്ഞിരുന്നു. പക്ഷെ അദ്ദേഹം നോവല്‍ തിരിച്ചയച്ചില്ല. നോവല്‍ ഇഷ്ടപ്പെട്ട അദ്ദേഹം ആ നോവല്‍ പ്രസിദ്ധീകരിക്കുന്നതിനായുള്ള ശ്രമമാരംഭിച്ചു. പുതിയ എഴുത്തുകാരിയായതിനാല്‍ ആദ്യഘട്ടത്തില്‍ ശ്രമം പരാജയപ്പെട്ടു. എങ്കിലും കറണ്ട് ബുക്ക്‌സിലൂടെ  സക്കറിയ തന്നെ പേരിട്ട താരയും കാഞ്ചനയും രണ്ട് പോരാളികള്‍ എന്ന എന്റെ ആദ്യനോവല്‍ വായനക്കാരന് മുന്‍പിലെത്തി.”

“ആദ്യനോവല്‍ പ്രസിദ്ധീകരിച്ച കാര്യം ഞാന്‍ ആ വിവരം പുറത്താരോടും പറഞ്ഞിരുന്നില്ല. നോവലിനെ വായനക്കാര്‍ എങ്ങനെ സ്വീകരിക്കുമെന്ന ആകുലതയും ഒരു എഴുത്തുകാരി എന്ന നിലയിലേക്ക് ഞാന്‍ വളര്‍ന്നിട്ടില്ലായെന്ന തോന്നലുമായിരുന്നു അതിന് കാരണം. ആദ്യ നോവല്‍ പ്രസിദ്ധീകരിച്ച് ഒരു വര്‍ഷത്തിന് ശേഷമാണ് രണ്ടാമത്തെ നോവലായ ചിത്തിരപുരത്തെ ജാനകി എഴുതി തുടങ്ങിയത്.നാല് മാസങ്ങള്‍ കൊണ്ടാണ് അത് പൂര്‍ത്തിയായത്. ഡി.സി.സാഹിത്യോത്സവത്തിന് വേണ്ടി നൂറ് പുതിയ എഴുത്തുകാരില്‍ നിന്ന് എഴുത്തുകള്‍ സ്വീകരിക്കുന്നതായി അവര്‍ എന്നെ അറിയിച്ചിരുന്നു. 2013 അവസാനമാണ് സാഹിത്യോത്സവത്തിലേക്കായി  ഒരു  നോവല്‍ എഴുതി കൊടുക്കാനാവശ്യപ്പെട്ടത്. ഇതിന്‍ പ്രകാരം 2014 മാര്‍ച്ചോടു കുടി ചിത്തിരപുരത്തെ ജാനകിയെന്ന നോവല്‍ ഡി.സി.യ്ക്ക് അയച്ചുകൊടുത്തു. നോവലെഴുതുന്നതിന് മുന്‍പേ തന്നെ അതിനെപ്പറ്റിയുളള പൂര്‍ണ്ണരൂപം മനസ്സിലുണ്ടായിരുന്നു. കഥാപാത്രങ്ങളൊക്കെ വഴിയെ വന്ന് കയറിയതാണെങ്കിലും കഥയുടെ താളവും ഗതിയും മുന്‍പേ മനസ്സില്‍ ചിട്ടപ്പെടുത്തിയിരുന്നു.. പഞ്ചായത്തോഫീസിനോട് ചേര്‍ന്നായതിനാല്‍ പഞ്ചായത്തില്‍ വരുന്ന അംഗന്‍വാടി ജീവനക്കാരും ആശാപ്രവര്‍ത്തകരുമൊക്കെ എന്റെ  കടയിലെ നിത്യസന്ദര്‍ശകരായിരുന്നു.അവര്‍ പങ്കുവെച്ച വേദനകളും സങ്കടങ്ങളും ജീവിതാനുഭവങ്ങളുമാണ് ചിത്തിരപുരത്തെ ജാനകിക്കാധാരം. ഒരു അംഗന്‍വാടി ജിവനക്കാരിയുടെ ജിവിതത്തിലൂടെയാണ് ചിത്തിരപുരത്തെ ജാനകി കടന്നുപോകുന്നത്. തിരക്കുകള്‍ക്കിടയിലായിരുന്നു ഈ നോവല്‍ എഴുതി പൂര്‍ത്തീകരിച്ചത്. ആവര്‍ത്തിച്ചുളള വായനക്കോ തെറ്റ് തിരുത്തലുകള്‍ക്കോ സമയം കിട്ടാത്തതിനാല്‍ അതേ രീതിയില്‍ തന്നെയായിരുന്നു നോവല്‍ ഡി.സിക്ക് അയച്ചത്. അതുകൊണ്ടുതന്നെ നോവല്‍ അയച്ചതോടുകൂടി ഞാന്‍ അതിനെ മറന്നു. എങ്കിലും കുറച്ചുകൂടി സമയമെടുത്ത് അല്‍പ്പംകൂടി മെച്ചപ്പെടുത്താമായിരുന്നെന്ന് തോന്നിയിരുന്നു. പിന്നീടാണ് എന്റെ സമ്മതം നോക്കാതെ മകന്‍ ഉദയരവി  രണ്ട് നോവലുകളും അവാര്‍ഡിനായി അയച്ചുകൊടുത്തത്. സക്കറിയ തന്നെയായിരുന്നു ചിത്തിരപുരത്തെ ജാനകിയെന്ന പേര് നോവലിന് നിര്‍ദേശിച്ചത്. പേരിനൊപ്പം വായിക്കപ്പെടേണ്ട നോവലാണെന്ന വിലയിരുത്തലും സക്കറിയ നടത്തിയിരുന്നുവെങ്കിലും നോവലിന്  അവാര്‍ഡ് കിട്ടുമെന്ന പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ പുതിയ നോവലിനായുളള എഴുത്തിലേക്ക് ഞാന്‍ ഊര്‍ന്നിറങ്ങിയിരുന്നു. ഇതിനിടയിലാണ് അവാര്‍ഡ് വിവരം അറിയിച്ച് കൊണ്ടുളള സി.ആര്‍ നീലകണ്ഠന്‍ സാറിന്റെ ഫോണ്‍കോള്‍ വന്നത്.”

പുറംലോകവുമായി തട്ടിച്ചുനോക്കുമ്പാള്‍ ഹൈറേഞ്ചിന് പരിമിതികള്‍ ഏറെയുണ്ട്.ആ പരിമിതികള്‍ ഇല്ലായിരുന്നുവെങ്കില്‍ ഉഷാകുമാരിയുടെ എഴുത്തിന് കുറച്ച്കൂടി വലിയ ക്യാന്‍വാസ് ലഭിക്കുമായിരുന്നുവെന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുമ്പോഴും വെളളത്തൂവലിനേയോ വെളളത്തൂവല്‍ ഉള്‍പ്പെടുന്ന മലയോരമേഖലയെയോ കുറ്റപ്പെടുത്താന്‍ ഉഷാകുമാരി ഒരുക്കമല്ല. ഇവിടുത്തെ മണ്ണും മനുഷ്യരും ജീവിതാനുഭവങ്ങളുമാണ് തന്നെ സ്വാധീനിച്ചിട്ടുളളത്.അതാണ് തന്റെ പാത്രസൃഷ്ടികളായി മാറുന്നത്.അതിനാല്‍ തന്നെ ഒരിക്കല്‍ പോലും വെളളത്തൂവല്‍ വിട്ടപോകണമെന്ന് തോന്നിയിട്ടില്ലെന്നും ഉഷാകുമാരി പറയുന്നു.

ഒ.വി വിജയന്‍ പുരസ്കാരം കടന്നുവന്നെങ്കിലും ഉഷാകുമാരിയെന്ന എഴുത്തുകാരിയുടെ ജീവിതത്തില്‍ വലിയ വ്യത്യാസങ്ങള്‍ ഇപ്പോഴുമുണ്ടായിട്ടില്ല. ഇടക്കിടെ വരുന്ന ഫോണ്‍കോളുകളും അഭിനന്ദനങ്ങളും മാധ്യമ പ്രവര്‍ത്തകരുടെ അഭിമുഖങ്ങളുമൊഴിച്ചാല്‍ തന്റെ കൊച്ചുതുണിക്കടയില്‍ ഉഷാകുമാരി ഇപ്പോഴും തിരക്കിലാണ്.

(മഹാത്മ ഗാന്ധി സര്‍വ്വകലാശാലയില്‍ മാധ്യമ വിദ്യാര്‍ത്ഥിയാണ് അഖില്‍) 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 


അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍