UPDATES

സയന്‍സ്/ടെക്നോളജി

ചൈല്‍ഡ് പോണ്‍ സൈറ്റുകള്‍ ഉപയോഗിക്കുന്നവരെ വലയിലാക്കാന്‍ മാല്‍വെയര്‍

Avatar

എലെന്‍ നകാഷിമ
(വാഷിങ്ടണ്‍ പോസ്റ്റ്)

ഉപയോക്താവിന്റെ ഓണ്‍ലൈന്‍ ഹാന്‍ഡില്‍ പീവ്റ്റര്‍ എന്നായിരുന്നു. പ്ലേപെന്‍ എന്ന വൈബ്‌സൈറ്റില്‍ ലോഗ് ഇന്‍ ചെയ്ത് അയാള്‍ കുട്ടികള്‍ ലൈംഗികമായി ആക്രമിക്കപ്പെടുന്നതിന്റെ ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തു.

അജ്ഞാതനായിരിക്കാന്‍ വേണ്ടതെല്ലാം പീവ്റ്റര്‍ ചെയ്തു. ഓണ്‍ലൈനില്‍ ഉപയോക്താക്കള്‍ക്ക് ഒളിച്ചിരിക്കാന്‍ സൗകര്യം നല്‍കുന്ന, ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ടോര്‍ എന്ന സൗജന്യ സോഫ്റ്റ് വെയര്‍ അയാള്‍ ഡൗണ്‍ലോഡ് ചെയ്തിരുന്നു.

പീവ്റ്ററുടെ ശരിയായ വിവരങ്ങള്‍ കണ്ടെത്താന്‍ എഫ്ബിഐ ഉപയോഗിച്ച മാര്‍ഗം സാധാരണ നുഴഞ്ഞുകയറ്റക്കാര്‍ ഉപയോഗിക്കുന്നതുതന്നെയായിരുന്നു. പ്ലേപെന്നിലേക്കു ലോഗ് ഇന്‍ ചെയ്ത എല്ലാ കംപ്യൂട്ടറുകളിലും അവര്‍ ഒരു മാല്‍വെയര്‍ കടത്തിവിട്ടു. വാറന്റ് സമ്പാദിച്ചശേഷം.

അടുത്തതവണ പീവ്റ്റര്‍ സൈറ്റിലെത്തിയപ്പോള്‍ ബ്രൗസറിലെ ഒരു ചെറിയ പിഴവ് ഉപയോഗിച്ച് യഥാര്‍ത്ഥ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ അഡ്രസ് വെളിപ്പെടുത്താന്‍ ഈ മാല്‍വെയര്‍ കംപ്യൂട്ടറിനെ നിര്‍ബന്ധിതമാക്കി. തുടര്‍ന്ന് കോംകാസ്റ്റിനുള്ള ഒരു കോടതിനിര്‍ദേശം പീവ്റ്ററിന്റെ ശരിയായ പേരും അഡ്രസും പുറത്തുകൊണ്ടുവന്നു.

വാന്‍കൂവറില്‍ പബ്ലിക് സ്‌കൂളുകളുടെ അഡ്മിനിസ്‌ട്രേറ്ററായിരുന്ന ജേ മിഷോദ് എന്ന 62കാരനായിരുന്നു പീവ്റ്റര്‍. രണ്ടാമതൊരു വാറന്റോടെ ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയ അന്വേഷണസംഘം അവിടെനിന്ന് കുട്ടികള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നതിന്റെ നിരവധി ചിത്രങ്ങള്‍ അടങ്ങിയ പെന്‍ ഡ്രൈവ് പിടിച്ചെടുത്തു. ചൈല്‍ഡ് പോണ്‍ കൈവശം വച്ച കുറ്റത്തിന് കഴിഞ്ഞ ജൂലൈയില്‍ ജേ അറസ്റ്റിലായി.

ഗൂഗിളിനു പുറത്ത്, ഉപയോക്താക്കള്‍ക്ക് അജ്ഞാതരായിരിക്കാന്‍ സൗകര്യമുള്ള ഇടങ്ങള്‍ ഒരുക്കുന്ന ‘ഡാര്‍ക്ക് വെബി’ലെ ചൈല്‍ഡ് പോണ്‍ സംബന്ധിച്ച വ്യാപക അന്വേഷണത്തിലേക്കു നയിച്ച സംഭവമായിരുന്നു മിഷോദിന്റെ കേസ്.

കുറ്റവാളികള്‍ ടോര്‍ പോലെ നൂതനസാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് അജ്ഞാതരാകാന്‍ ശ്രമിക്കുമ്പോള്‍ അവരെ പിടികൂടാന്‍ നുഴഞ്ഞുകയറ്റ സാങ്കേതികവിദ്യകളിലേക്കു തിരിയുകയാണ് കുറ്റാന്വേഷകര്‍. ആയിരക്കണക്കിന് ഉപയോക്താക്കളുള്ള സൈറ്റുകളിലാണ് പലപ്പോഴും അന്വേഷകര്‍ മാല്‍വെയര്‍ കടത്തിവിടുന്നത്. എന്നാല്‍ ഇതുമൂലം രാഷ്ട്രീയ എതിരാളികള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിങ്ങനെ പലരുടെയും കംപ്യൂട്ടറുകളില്‍ നുഴഞ്ഞുകയറ്റം നടത്താനാകുമെന്ന് സ്വകാര്യതയ്ക്കുവേണ്ടി വാദിക്കുന്നവരും അനലിസ്റ്റുകളും ഭയക്കുന്നു.

‘ഹാക്കിങ് സാങ്കേതികവിദ്യകള്‍ കൂടുതല്‍കൂടുതല്‍ വിശാലമാകുന്നതോടെ നടപടിക്രമങ്ങളിലെ പാളിച്ചകള്‍ വന്‍തോതില്‍ സ്വകാര്യതയിലെ കടന്നുകയറ്റത്തിനും പൗരാവകാശലംഘനങ്ങള്‍ക്കും വഴിവയ്ക്കും,’ കലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ഹേസ്റ്റിങ്‌സ് ലോ കോളജിലെ പ്രഫസര്‍ അഹമ്മദ് ഘപ്പോര്‍ പറയുന്നു.

‘സുരക്ഷാവകുപ്പില്‍ ആര്‍ക്ക് എങ്ങനെയൊക്കെ ഹാക്കിങ് നടത്താമെന്നതിനെപ്പറ്റി കോണ്‍ഗ്രസ് നിയമം കൊണ്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.’

നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കു തെളിവു ലഭിക്കുന്നതനുസരിച്ചാണ് കുറ്റകൃത്യങ്ങളെപ്പറ്റി അന്വേഷണം നടത്തുന്നതെന്നാണ് നീതിന്യായവകുപ്പിന്റെ വാദം. ‘ ഒരു സ്ഥലത്തുനിന്ന് തെളിവുകണ്ടെടുക്കാന്‍ സാധിക്കും എന്ന് ജഡ്ജിയെ ബോധ്യപ്പെടുത്താന്‍ സാധിക്കുന്നതിനാലാണ് വാറന്റ് നേടാന്‍ ഞങ്ങള്‍ക്കാകുന്നത്’, ഒരു ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടുന്നു.

പ്ലേപെന്‍ സംഭവത്തില്‍ 215,000 അംഗങ്ങളുള്ള ഒരു സൈറ്റിലാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ സര്‍ക്കാര്‍ മാല്‍വെയര്‍ ഉപയോഗിച്ചത്. 1300 കംപ്യൂട്ടറുകളുടെ ഐപി അഡ്രസ് ശേഖരിച്ചതില്‍ 137 പേരെ അറസ്റ്റ് ചെയ്തു.

‘അത് വന്‍ അന്വേഷണമായിരുന്നു,’ മിഷോദിന്റെ കേസ് വാദിക്കുന്ന കോളിന്‍ ഫൈമാന്‍ പറഞ്ഞു. ‘ഇത്ര വന്‍തോതില്‍ സെര്‍ച്ച് അനുവദിക്കുന്ന വാറന്റ് മുന്‍പൊരിക്കലും ഞാന്‍ കണ്ടിട്ടില്ല. ഇത് കീഴ്‌വഴക്കമില്ലാത്തതാണ്.’

യു എസ് സര്‍ക്കാരിന്റെ മാല്‍വെയര്‍ ഉപയോഗം വീടുകളിലും മറ്റും പൊലീസ് സെര്‍ച്ചുകള്‍ക്കെതിരെയുള്ള ഭരണഘടനയുടെ നാലാം ഭേദഗതിയുടെ ലംഘനമാണെന്നും അതിനാല്‍ കേസ് തള്ളണമെന്നുമാണ് മിഷോദ് വാദിക്കുന്നത്. പ്ലേമാന്‍ സൈറ്റ് ചൈല്‍ഡ് പോണ്‍ എന്നല്ല പരസ്യപ്പെടുത്തുന്നതെന്നും ഇത് സന്ദര്‍ശിക്കുന്നത് അരോചകമാണെങ്കിലും നിയമവിരുദ്ധമല്ലെന്നും ഫൈമാന്‍ പറയുന്നു.

സര്‍ക്കാരിന്റെ വാറന്റ് ഒരു പൊതുവാറന്റുപോലെയാണെന്നാണ് ഫൈമാന്റെ പ്രതികരണം. കോളനി ഭരണകാലത്ത് എവിടെയും തിരച്ചില്‍ നടത്താന്‍ ബ്രിട്ടീഷുകാര്‍ ഉപയോഗിച്ചിരുന്നതുപോലെ ഒന്ന്. 

‘ഇത് നിയമത്തില്‍ ശരിക്കും തെറ്റിനുമിടയ്ക്കുള്ള മേഖലയാണ്.സാങ്കേതികവിദ്യ നിയമത്തെ പിന്തള്ളി മുന്നേറിക്കഴിഞ്ഞു എന്നതിന്റെ മറ്റൊരു തെളിവ്’, ഹാക്കിങ് കേസുകള്‍ കൈകാര്യം ചെയ്തിരുന്ന മുന്‍ ഫെഡറല്‍ പ്രോസിക്യൂട്ടര്‍ തോമസ് ബ്രൗണ്‍ അഭിപ്രായപ്പെടുന്നു.

ഭരണഘടന അടിസ്ഥാനമാക്കി രൂപംകൊടുത്തിട്ടുള്ള ഫെഡറല്‍ നിയമം അനുസരിച്ച് ഏതു ജില്ലയിലാണോ വാറന്റ് പുറപ്പെടുവിക്കുന്നത് ആ ജില്ലയില്‍ മാത്രമേ അതിനു സാധുതയുള്ളൂ. മിഷോദിന്റെ കംപ്യൂട്ടര്‍ വാന്‍കൂവറിലായിരുന്നു. വാറന്റ് വിര്‍ജീനിയയിലും.

എന്നാല്‍ ഇത് നിയമാനുസൃതമാണെന്ന് പ്രോസിക്യൂട്ടര്‍മാര്‍ വാദിക്കുന്നു. അന്വേഷിക്കേണ്ട ലൊക്കേഷന്‍ അജ്ഞാതമായിരിക്കുമ്പോഴും വാറന്റിന് സാധുതയുണ്ട്. കുറ്റകൃത്യത്തിന് തെളിവു ലഭിക്കുമെന്ന് ഉറപ്പുള്ളിടത്തോളം.

‘അന്വേഷണം നടത്തേണ്ട സ്ഥലങ്ങള്‍ വ്യക്തമല്ലാത്തപ്പോള്‍ നടക്കുന്ന അന്വേഷണത്തിനുള്ള വാറന്റിന്റെ കാര്യത്തില്‍ നാലാം ഭേദഗതി ബാധകമല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെ’ന്ന് 2014 ഡിസംബറില്‍ ഡപ്യൂട്ടി അസിസ്റ്റന്റ് അറ്റോര്‍ണി ജനറലായിരുന്ന ഡേവിഡ് ബിറ്റ്‌കോവര്‍ ഫെഡറല്‍ കോര്‍ട്ട്‌സ് കമ്മിറ്റിക്കെഴുതിയ കത്തില്‍ പറയുന്നു.

പ്ലേപെന്‍ കേസില്‍ ഈ സൈറ്റിലെത്തുന്ന ആരെയും പരിശോധിക്കാനുള്ള അധികാരമുണ്ടെന്നാണ് സര്‍ക്കാര്‍ വാദിച്ചത്. അത് ഒരാളായാലും 10,000 പേരായാലും. കാരണം സൈറ്റ് ചൈല്‍ഡ് പോണുമായി ബന്ധപ്പെട്ടതാണ്. അവിടെയെത്താന്‍ വഴി കാണുന്ന ആരും ഉള്ളടക്കം സന്ദര്‍ശിക്കുമെന്ന് ഉറപ്പാണ്. ഗൂഗിള്‍ സെര്‍ച്ചില്‍ പ്ലേപെന്‍ ലഭ്യമല്ല. ശരിയായ വെബ് അഡ്രസ് അറിയാവുന്നവര്‍ക്കു മാത്രമേ അത് കണ്ടെത്താനാകൂ. ഇവരെല്ലാം ടോര്‍ ശൃംഖലയുമായി കണക്ട് ചെയ്യുന്ന പ്രത്യേക സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നവരുമാണ്.

ഇത്തരം കേസുകളില്‍ ‘ ഒരാളെയല്ല, ഇതുമായി ബന്ധമുള്ള എല്ലാവരെയും പരിശോധിക്കാന്‍ നമുക്കു ബാധ്യതയുണ്ട് ‘,  പ്രോസിക്യൂട്ടര്‍ കെയ്ത്ത് ബെക്കര്‍ ജഡ്ജിയോടു പറഞ്ഞു.

കഴിഞ്ഞ വര്‍ഷം എഫ്ബിഐ പ്ലേപെന്‍ പിടിച്ചെടുത്തു. രണ്ടാഴ്ച പ്രവര്‍ത്തിപ്പിച്ച ശേഷം അത് പ്രവര്‍ത്തനരഹിതമാക്കി. ഈ രണ്ട് ആഴ്ചകളില്‍ സെറ്റിലെത്തിയ എല്ലാവരുടെയും ഐപി അഡ്രസ് ‘നെറ്റ് വര്‍ക്ക് ഇന്‍വെസ്റ്റിഗേറ്റിവ് ടെക്‌നിക്ക് (എന്‍ഐടി)’ ഉപയോഗിച്ച് പിടിച്ചെടുത്തു.

‘ഒരു കത്ത് തുറക്കുകയോ വീട്ടില്‍ കടക്കുകയോ ചെയ്യേണ്ടതിനുപകരം ഒരു പുതിയ കംപ്യൂട്ടര്‍ സാങ്കേതികവിദ്യ ഉപയോഗിക്കേണ്ടിവരുന്നു എന്നുള്ളതുകൊണ്ട് അന്വേഷണം ഉപേക്ഷിക്കണമെന്ന് നിയമം പറയുന്നില്ല,’ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടുന്നു. ‘ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്നു എന്നതുകൊണ്ട്ഓണ്‍ലൈന്‍ ബാലപീഡകര്‍ക്ക് കോടതിയുടെ സെര്‍ച്ച് വാറന്റില്‍നിന്ന് പരിക്ഷ ലഭിക്കില്ല’.

പ്ലേപെന്‍ പിടിച്ചെടുത്ത് പ്രവര്‍ത്തനം തുടര്‍ന്ന സര്‍ക്കാര്‍ നടപടി നിയമലംഘനമാണെന്ന് ഫൈമാന്‍ ആരോപിക്കുന്നു. പിടിച്ചെടുത്ത ഉടന്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുകയും പേജിലേക്ക് വരാന്‍ ശ്രമിക്കുന്നവരെ മറ്റുവഴിക്ക് തിരിച്ചുവിടുകയുമായിരുന്നു വേണ്ടത് എന്നാണ് വാദം.

‘മയക്കുമരുന്ന് ഉപയോക്താക്കളെ കണ്ടെത്താന്‍ ഒരു പ്രദേശം മുഴുവന്‍ ഹെറോയിന്‍ വിതരണം ചെയ്യുന്നതിനു തുല്യമായിരുന്നു സര്‍ക്കാര്‍ നടപടി’യെന്നാണ് ഫൈമാന്‍ കേസ് തള്ളാന്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നത്.

പിടിച്ചെടുത്ത ഉടന്‍ വെബ്‌സൈറ്റ് അടച്ചാല്‍ കുറ്റവാളികളെ പിടികൂടാനോ ഇതിന് ഇരകളാകുന്ന കുട്ടികളെ തിരിച്ചറിഞ്ഞ് രക്ഷിക്കാനോ കഴിയില്ലെന്നാണ് എഫ്ബിഐയുടെ മറുവാദം. മാത്രമല്ല ഈ കാലയളവില്‍ സൈറ്റില്‍ എഫ്ബിഐ ചിത്രങ്ങളോ വിഡിയോകളോ ലിങ്കുകളോ പോസ്റ്റ് ചെയ്തില്ലെന്നും നിയമവകുപ്പിന്റെ വക്താവ് പീറ്റര്‍ കാര്‍ ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെ ചെയ്തതെല്ലാം ഉപയോക്താക്കളാണ്.

ഹാക്കിങ് ഒഴിവാക്കി ബാലപീഡകരെ കണ്ടെത്തുക വളരെ ബുദ്ധിമുട്ടാണ്. കാരണം തിരിച്ചറിയപ്പെടാതിരിക്കാന്‍ എന്തു മുന്‍കരുതലും എടുക്കാന്‍ തയ്യാറുള്ളവരാണിവര്‍.

മാല്‍വെയറിന്റെ ഉപയോഗമല്ല പ്രശ്‌നമെന്ന്  പ്രഫസര്‍ അഹമ്മദ് ഘപ്പോര്‍ പറയുന്നു. ‘ഹാക്കിങ് വാറന്റുകള്‍ ആവശ്യമുള്ളവര്‍ക്കുനേരെ മാത്രമേ പ്രയോഗിക്കപ്പെടുന്നുള്ളൂ എന്ന് ഉറപ്പാക്കുകയാണു വേണ്ടത്. ഇത്തരം ഓപ്പറേഷനുകളുടെ വലിപ്പംവച്ചുനോക്കുമ്പോള്‍ ഒരു ചെറിയ അബദ്ധം ആയിരക്കണക്കിനു പേരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തിനു കാരണമാകാം’.

സ്വകാര്യതയ്ക്കുവേണ്ടി വാദിക്കുന്നവര്‍ ഉദാഹരണമായി കാണിക്കുന്നത് ടോര്‍ മെയിലാണ്. അജ്ഞാത ഇ മെയില്‍ സര്‍വീസായിരുന്ന ഇത് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. പേരില്‍ സാമ്യമുണ്ടെങ്കിലും ടോറുമായി ബന്ധമൊന്നുമില്ലാത്ത ടോര്‍ മെയില്‍ കുറ്റവാളികള്‍, റിബലുകള്‍ തുടങ്ങി മാധ്യമപ്രവര്‍ത്തകര്‍ വരെ ഉപയോഗിച്ചിരുന്നു.

2013 വേനല്‍ക്കാലത്ത് ടോര്‍ മെയിലില്‍ ലോഗ് ഇന്‍ ചെയ്തവര്‍ക്ക് ‘ അറ്റകുറ്റപ്പണിക്കായി പ്രവര്‍ത്തനം നിര്‍ത്തിയിരിക്കുന്നു’ എന്ന സന്ദേശമാണ് ലഭിച്ചത്. ടോര്‍ മെയില്‍ വെബ്‌പേജില്‍ സംശയകരമായ ഒരു കോഡും കണ്ടെത്തി. സുരക്ഷാ ഗവേഷകര്‍ ഇത് എഫ്. ബി. ഐയുടേതാണെന്ന് കണ്ടെത്തി.

അന്ന് സര്‍ക്കാര്‍ ഇത് സ്ഥിരീകരിച്ചില്ല. ഈയാഴ്ച അന്വേഷണവുമായി ബന്ധപ്പെട്ടവര്‍ എഫ്ബിഐ ടോര്‍മെയിലില്‍ ഒരു എന്‍ഐടി ഉപയോഗിച്ചതായി അറിയിച്ചു. എന്നാല്‍ ചില ഇ മെയില്‍ അഡ്രസുകള്‍ക്കുവേണ്ടി മാത്രമായിരുന്നു വാറന്റ്. ഇവ ബാലപീഡനവുമായി ബന്ധപ്പെട്ടവയാണെന്നായിരുന്നു സംശയം. അത്തരത്തിലുള്ളവരുടെ കംപ്യൂട്ടറുകള്‍ മാത്രമേ നുഴഞ്ഞുകയറപ്പെട്ടുള്ളൂ.

എന്‍ഐടി കടന്നുകയറ്റമാണെന്ന് എഫ്ബിഐ മനസിലാക്കുന്നുവെന്നും ഏറ്റവും ഗുരുതരമായ കുറ്റങ്ങളിലേ ഇത് ഉപയോഗിക്കാറുള്ളൂവെന്നും ഒരു ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടുന്നു. ഏറ്റവും കടുത്ത കുറ്റക്കാരുടെമേല്‍ മാത്രമേ ഇത് പ്രയോഗിക്കാറുള്ളൂ.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍