UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: ലിസ്‌കോം ബേയ് മുങ്ങുന്നു, അണ്വായുധ നിയന്ത്രണ കരാറില്‍ ഇറാന്‍ ഒപ്പുവയ്ക്കുന്നു

Avatar

1943 നവംബര്‍ 24
യുഎസ്എസ് ലിസ്‌കോം ബേയ് മുങ്ങുന്നു

രണ്ടാം ലോകമഹായുദ്ധകാലത്തു നടന്ന ഓപ്പറേഷന്‍ ഗാള്‍വനികിന്റെ ഭാഗമായി ജപ്പാന്‍ നടത്തിയ ആക്രമണത്തില്‍ യുഎസ്എസ് ലിസ്‌കോം ബേയ് എന്ന അകമ്പടി കപ്പല്‍ മുങ്ങി. 1943 നവംബര്‍ 24 ഉണ്ടായ ഈ സംഭവത്തില്‍ കപ്പലിലുണ്ടായിരുന്നവരില്‍ ആറുന്നൂറോളം പേര്‍ കൊല്ലപ്പെട്ടു. ഇരുന്നൂറിലധികംപേരെ രക്ഷപ്പെടുത്താന്‍ സാധിച്ചു.

ലിസ്‌കോം ബേയ് റോയല്‍ നേവിയ്ക്ക് നല്‍കിയതാണെങ്കിലും അറ്റകുറ്റപണികള്‍ക്കായി യുഎസ് ഇത് തിരികെ ഏറ്റെടുത്തു. മാകിന്‍ ദ്വീപിന് തെക്ക് പടിഞ്ഞാറന്‍ ഭാഗത്തു കൂടി യാത്ര ചെയ്യുമ്പോഴായിരുന്നു കപ്പലിനു നേരെ ജപ്പാന്‍ അന്തര്‍വാഹിനി-1-175 ന്റെ ആക്രമണം ഉണ്ടാകുന്നത്. രണ്ട് സ്‌ഫോടനങ്ങളാണ് ലിസ്‌കോം ബേയില്‍ സംഭവിച്ചത്. രണ്ടാമത്തെ സ്‌ഫോടനത്തോടെ കപ്പല്‍ കടലിനടിയിലേക്ക് മുങ്ങിത്താഴ്ന്നു.

2013 നവംബര്‍ 24
ഇറാന്‍ അണ്വായുധ നിയന്ത്രണ കരാറില്‍ ഒപ്പുവയ്ക്കുന്നു

ചരിത്രപ്രധാനമെന്ന് വിശേഷിപ്പിക്കാവുന്ന അണ്വായുധ കരാര്‍ അമേരിക്കയുള്‍പ്പെടെ അറു ലോകരാജ്യങ്ങളുടെ സാന്നിധ്യത്തില്‍ ഇറാന്‍ ഒപ്പുവയ്ക്കുന്നത് 2013 നവംബര്‍ 24 നായിരുന്നു. ഇതോടെ ഒരു ദശാബ്ദമായി ഇറാനുമേല്‍ ഏര്‍പ്പെടുത്തിയിരുന്ന പല ഉപരോധങ്ങളും നീങ്ങുകയുമുണ്ടായി. ഈ കരാര്‍ ബറാക് ഒബായയുടെ നയതന്ത്രവിജയമായാണ് ലോകം വിശേഷിപ്പിച്ചത്. 1979 ലെ ഇറാന്‍ വിപ്ലവത്തിനുശേഷം അമേരിക്കയും ഇറാനും തമ്മില്‍ ഒരുകാര്യത്തില്‍ യോജിപ്പിലെത്തുന്നതും ഈ കരാറിന്റെ പേരിലായിരുന്നു.

കാലങ്ങളായി ഇറാനും ലോകരാജ്യങ്ങളും തമ്മില്‍ നിലനിന്നിരുന്ന സ്പര്‍ദ്ധയ്ക്കു കൂടിയാണ് അന്ന് ശമനം ഉണ്ടായത്. ഈ കരാറിന്റെ അടിസ്ഥാനത്തില്‍ ഇറാന്‍ തങ്ങളുടെ അണ്വായുധപരീക്ഷണ പ്രവര്‍ത്തനങ്ങള്‍ കുറച്ചുകൊണ്ടുവന്നു. ജനീവയില്‍ ഒപ്പുവെച്ച ഈ കരാറിന്റെ ഭാഗമായി , മരവിപ്പിച്ചു വച്ചിരുന്ന, ഇറാന് എണ്ണവില്‍പ്പനയില്‍ നിന്നു കിട്ടിയ 4 ബില്യണ്‍ യുഎസ് ഡോളര്‍ അവര്‍ക്ക് വിട്ടുകൊടുക്കാനും തീരുമാനമായി. കൂടാതെ, ആ രാജ്യത്തിനുമേല്‍ ഏര്‍പ്പെടുത്തിയിരുന്ന വ്യാപാര ഉപരോധങ്ങളും പിന്‍വലിക്കപ്പെട്ടു. യുറേനിയം സമ്പുഷ്ടീകരണം 5 ശതമാനമായി കുറയ്ക്കാനും സംഭരിച്ചുവച്ചിരുന്ന 20 ശതമാനം യുറേനിയം ഓക്‌സൈഡിലേക്ക് രൂപഭേദം വരുത്താനും ഇറാന്‍ കരാറിന്റെ അടിസ്ഥാനത്തില്‍ തയ്യാറായി.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍