UPDATES

സിനിമ

കെ ബാലചന്ദറിന്റെ വിയോഗം മുന്‍കൂട്ടി കണ്ട് കമല്‍ ഒരുക്കിയ ഗുരുദക്ഷിണയോ ഉത്തമവില്ലന്‍

Avatar

അഴിമുഖം പ്രതിനിധി

പ്രവചന സ്വഭാവമുള്ള സിനിമകളാണ് കമല്‍ ഹാസന്റേതെന്ന് പറയാറുണ്ട്. ഭാവിയില്‍ നടക്കാന്‍ പോകുന്ന ചില കാര്യങ്ങളെ കുറിച്ചുള്ള സൂചനകള്‍ തന്റെ സിനിമയിലൂടെ കമല്‍ നല്‍കാറുണ്ട്. ഇന്ത്യയിലുണ്ടാകാന്‍ പോകുന്ന തൊഴിലില്ലായ്മയെക്കുറിച്ചും സുനാമിയെക്കുറിച്ചും എന്തിന് എബോളയെ കുറിച്ചുപോലും കമല്‍ ചിത്രങ്ങളില്‍ അതൊക്കെ സംഭവിക്കുന്നതിനു മുന്നേ തന്നെ പറഞ്ഞുപോയിട്ടുണ്ട്. ഏറ്റവുമൊടുവിലായി ഉത്തമവില്ലന്‍ എന്ന സിനിമ ഉണ്ടാകാന്‍ കാരണവും കമലിന് തോന്നിയൊരു ഉള്‍വിളിയാണ്.

തന്റെ ഗുരുനാഥനും തമിഴകത്തിന്റെ മാസ്റ്റര്‍ ഡയറക്ടറുമായ കെ. ബാലചന്ദര്‍ ഭൂമിയിലെ തന്റെ വേഷം അവസാനിപ്പിക്കുന്നു എന്നൊരു ഉള്‍ഭയം കമലിന് പെട്ടെന്ന് ഉണ്ടാകുന്നു. യാത്രയാകുന്നതിനു മുമ്പ് തന്റെ ഗുരുനാഥന് ഏറ്റവും യോജിച്ചൊരു ഗുരുദക്ഷിണ നല്‍കണമെന്ന പ്രിയശിഷ്യന്റെ ആഗ്രഹമായിരുന്നു ഉത്തമവില്ലന്റെ പിറവിക്കു കാരണം.

തമിഴ് സിനിമാലോകത്ത് പറഞ്ഞുകേള്‍ക്കുന്ന ഈ കഥ ഉള്ളതോ കെട്ടുകഥയോ എന്നു തീര്‍ച്ചയില്ലെങ്കിലും, ഒന്നു സത്യമാണ്- കമല്‍ തന്റെ പ്രിയ ഗുരുനാഥന് അവസാനത്തെ ദക്ഷിണയായി നല്‍കിയത് ഏതൊരു ഗുരുവും കൊതിക്കുന്ന ഒന്നു തന്നെ. ഗുരു-ശിഷ്യന്മാരുടെ വിസ്മയ പ്രകടനം വെള്ളിത്തിരയില്‍ കാണാനുള്ള ഭാഗ്യം കിട്ടിയില്ലെങ്കിലും ബാലചന്ദറിന്റെ ആത്മാവ് ഇപ്പോള്‍ ഏറെ സന്തോഷിക്കുന്നുണ്ടാകും, തീര്‍ച്ച. അത്രമേല്‍ മനോഹരമായൊരു ഒത്തുചേരലായിരുന്നു ഉത്തമവില്ലനിലെ മനോരഞ്ജന്റെയും മാര്‍ഗദര്‍ശിയുടെതും. 

സ്വജീവിതം തന്നെ തൊട്ടുപറഞ്ഞിരിക്കുന്ന കഥയില്‍ കമലിന് കെ ബാലചന്ദറിനെ മാറ്റി നിര്‍ത്താന്‍ കഴിയുന്നതെങ്ങനെ. സിനിമയും കഥാപാത്രങ്ങളുമൊക്കെ മറന്ന് കമലും ബാലചന്ദറും യാഥാര്‍ഥ്യത്തിലെന്നപോലെ തങ്ങള്‍ക്കിടയിലുള്ള കരുതലും കരുണയും സ്‌നേഹവും വാത്സല്യവും പരസ്പരം പകരുന്നതുപോലെയുള്ള അനുഭവമാണ് പ്രേക്ഷകര്‍ക്ക് ലഭിക്കുന്നത്. ഉത്തമവില്ലന്‍ എന്ന സിനിമയെക്കുറിച്ചുള്ള നിരൂപണം എന്തുമാകട്ടെ, പക്ഷെ കമല്‍-ബാലചന്ദര്‍ കോമ്പിനേഷന്‍ സീനുകള്‍; അതൊരു അനുഭവമാണ്…

നൂറിലേറെ സിനിമകള്‍ സമ്മാനിച്ച, ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സംവിധായകനും തിരക്കഥാകൃത്തും നിര്‍മ്മാതാവുമൊക്കെയായ ബാലചന്ദര്‍ 50 വര്‍ഷത്തിലേറെ നീണ്ട തന്റെ സിനിമാജീവിതത്തില്‍ കാമറയ്ക്ക് മുന്നിലും നിന്നിട്ടുണ്ട്, ഒന്നിലേറെ തവണ. പക്ഷെ, കെ ബാലചന്ദറിനെ ഇനി നമ്മള്‍ സ്മരിക്കുമ്പോള്‍ തീര്‍ച്ചയായും ഉത്തമവില്ലനിലെ വി. മാര്‍ഗദര്‍ശിയുടെ വേഷത്തിലാകും അദ്ദേഹത്തിലെ അഭിനേതാവ് കടന്നുവരിക..

കമല്‍ ചിത്രങ്ങളുടെ പ്രവചനാത്മകതയെ കുറിച്ച് തര്‍ക്കിക്കാം പക്ഷം ചേരാം. എന്നാല്‍ ആ ഉള്‍വിളിയോട്, അത് സത്യമായാലും മിഥ്യയാലും, കമല്‍ നന്ദിയുണ്ട്…നിങ്ങള്‍ക്ക് അങ്ങനെ തോന്നിയതിന്.

കമല്‍ ഹാസന് മാത്രമല്ല, മറ്റൊരാള്‍ക്കു കൂടി ഉചിതമായൊരു യാത്രയയപ്പ് തന്റെ ഗുരുനാഥന് കൊടുത്തത്തില്‍ അഭിമാനിക്കാം, ഉത്തമവില്ലന്റെ സംവിധായകന്‍ രമേഷ് അരവിന്ദിന്. രമേഷും കെ ബാലചന്ദര്‍ കണ്ടെത്തി സിനിമയ്ക്ക് നല്‍കിയ താരം തന്നെ.

എല്ലാറ്റിനും ഒടുവില്‍ ബാക്കിയാകുന്നത് ഒരു വേദന മാത്രം; കോപത്തിന്റെ പുറംതൊലിക്കുള്ളില്‍ നിറച്ചുവച്ചിരിക്കുന്ന സ്‌നേഹവും കരുതലുമായി ബാലചന്ദര്‍ സാര്‍ ഇനി ഇല്ലല്ലോ…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍