UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തീവ്ര ഇസ്ളാമിക യാഥാസ്ഥിതികത്വം കാശ്മീരില്‍ വേരുറപ്പിക്കുന്നുവെന്ന നിലപാടില്‍ കേന്ദ്രം

Avatar

അഴിമുഖം പ്രതിനിധി

കാശ്മീരിലെ കുഴപ്പങ്ങളുടെ കാരണത്തെക്കുറിച്ചുള്ള കേന്ദ്രത്തിന്റെ കാഴ്ച്ചപ്പാട് ഗണ്യമായ തോതില്‍ മാറിയിരിക്കുന്നു.

സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഒരു പോരാട്ടമെന്നും ഒരു ക്രമസമാധാന പ്രശ്നമെന്നുമുള്ള രീതിയില്‍ നിന്നും മാറി, ഇസ്ലാമിലെ തീവ്ര യാഥാസ്ഥിതികമായ വഹാബി ധാരയോട് ചേര്‍ന്നുനില്‍ക്കുന്ന ഒരു മതരാഷ്ട്രം സ്ഥാപിക്കാനുള്ള അക്രമമാര്‍ഗങ്ങളാണ് കാശ്മീരിലേത് എന്നാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാഴ്ചപ്പാട്.

ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാണ്ടര്‍ 22-കാരനായ ബൂര്‍ഹാന്‍ വാനിയുടെ ജൂലായ് 8-ലെ കൊലപാതകവും അതിനെത്തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളും ആ പ്രക്രിയയിലെ നിര്‍ണായക ഘട്ടമാണെന്ന് സര്‍ക്കാര്‍ കരുതുന്നു. 

ഈ പശ്ചാത്തലത്തില്‍ ഇപ്പോള്‍ സര്‍ക്കാര്‍ അടിയന്തരമായി പരിഗണിക്കുന്ന ഒരു കാര്യം ഭരണകൂടത്തിന്റെ ദുര്‍ബലമായിപ്പോയ ആധിപത്യവും സാധുതയും നിയന്ത്രണവും പുനഃസ്ഥാപിക്കുക എന്നതാണെന്ന് ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.

 

മറ്റൊന്നു സുരക്ഷാ സേനയ്ക്കുണ്ടാകുന്ന ആള്‍നാശം കുറയ്ക്കലാണ്. വിഘടനവാദികളും സാധാരണക്കാരും തമ്മില്‍ വേര്‍തിരിച്ചു കാണുക, രണ്ടാമത്തെ കൂട്ടരോടു അനുതാപം പുലര്‍ത്തുക എന്നിവയൊക്കെ പിറകെ വരും.

സാധാരണ ജനങ്ങളെ വിശ്വാസത്തിലെടുക്കുക എന്നത് വളരെ പ്രധാനമായാണ് സര്‍ക്കാര്‍ കാണുന്നത്. ഉയര്‍ന്നുവന്ന പ്രാദേശിക പ്രതിഷേധങ്ങളാണ് സാഹചര്യങ്ങള്‍ മുതലെടുക്കാന്‍ പാകിസ്ഥാനെ സഹായിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നു.

പക്ഷേ സുരക്ഷാ സൈനികര്‍ക്ക് നേരെയുള്ള ആക്രമങ്ങള്‍ വര്‍ദ്ധിച്ചാല്‍ തിരിച്ചടിക്കാതെ വേറെ വഴിയില്ലെന്ന നിലപാടാണ് സര്‍ക്കാരിന്‍റേത്. തോക്കെടുത്തവന്‍ തോക്കാല്‍ എന്ന നയം. വിവാദവിഷയമായ സായുധ സേന പ്രത്യേക അവകാശ നിയമം നിലനില്‍ക്കുമെന്നും സര്‍ക്കാര്‍ അര്‍ത്ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കുന്നു.

നേരത്തെ രാഷ്ട്രീയ, മത മാനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ സംസ്ഥാനത്തെ മുഖ്യ കക്ഷികളായ നാഷണല്‍ കോണ്‍ഫറന്‍സോ, പിഡിപിയോ അംഗീകരിക്കാത്ത മതരാഷ്ട്ര വാദത്തിലേക്ക് കാര്യങ്ങള്‍ എത്തിയെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

ഹിന്ദുമതമടക്കമുള്ള വിവിധ വിശ്വാസങ്ങളില്‍ നിന്നുമുള്ള ധാരകളെ ഉള്‍ക്കൊള്ളുന്ന സൂഫിസത്തിന്റെ വലിയ സ്വാധീനമുണ്ടായിരുന്ന താഴ്വരയില്‍ യാഥാസ്ഥിതിക വഹാബി വാദം വേരുറപ്പിച്ചതാണ് പ്രശ്നങ്ങളുടെ മൂലകാരണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്.

വാനിയുടെ കൊലപാതകത്തെ രക്തസാക്ഷിത്വമാക്കി മാറ്റിയതിന് ശേഷം താഴവരയില്‍ പ്രതിഷേധം പടരുകയായിരുന്നു.

ഇന്ത്യന്‍ സേനക്ക് ഒരിയ്ക്കലും പിടികൂടാന്‍ കഴിയാതിരുന്ന ഒരു ചെഗുവേര എന്ന രീതിയില്‍ വാനിയെ വീരപുരുഷനാക്കുന്ന പ്രക്രിയയില്‍ ഹൂറിയത് കോണ്‍ഫറന്‍സിന് നഷ്ടം വന്നെന്നാണ് കേന്ദ്രത്തിന്റെ നിരീക്ഷണം. മരണത്തോടെ വാനി നേതൃരഹിതമായ, വഹാബി അടിയൊഴുക്കുകളുള്ള ഒരു മുന്നേറ്റത്തിന്റെ നേതാവായി മാറി.

2010-നു മുമ്പുള്ള 20 വര്‍ഷക്കാലം, ഭീകരവാദവും കാശ്മീരി പണ്ഡിറ്റുകളുടെയും സിഖുകാരുടെയും പലായനത്തിലേക്ക് നയിച്ച, ജനങ്ങള്‍ക്കുനേരെയുള്ള തീവ്രവാദി ആക്രമണങ്ങളുമായിരുന്നു. ഈ ആക്രമണങ്ങള്‍ അതിന്റെ വ്യാപനം ചുരുക്കുന്ന തരത്തില്‍ സ്വയം കളങ്കപ്പെട്ടതായിരുന്നു. സുരക്ഷാസേനക്ക് നഷ്ടങ്ങളുണ്ടായിരുന്നെങ്കിലും ഇത് ഭരണകൂടത്തിന് ഒരു മേല്‍ക്കൈ നല്കിയിരുന്നു.

എന്നാല്‍ 2010-ലാണ് ഈ സ്ഥിതി മാറിയത്. കല്ലെറിയല്‍ പ്രതിഷേധക്കാര്‍ വന്നു. സംഘര്‍ഷങ്ങളില്‍ കുട്ടികളെ മുന്നില്‍ നിര്‍ത്തിത്തുടങ്ങി. പൊലീസ് നിരീക്ഷണ കേന്ദ്രങ്ങളെ ഉപരോധിച്ച, സുരക്ഷാ സേനയെ പിന്‍വലിയാന്‍ നിര്‍ബന്ധിതരാക്കുന്ന ഉപരോധക്കാര്‍ അതിനുള്ള മാര്‍ഗമെന്ന നിലയില്‍ പൊതുസമൂഹത്തിന്റെ പിന്തുണയും തേടിത്തുടങ്ങി. 

താഴ്വരയെ തീവ്രവാദത്തിലേക്ക് വലിച്ചടുപ്പിക്കാനും ആളെക്കൂട്ടാനും ഉപയോഗിക്കുന്ന ആരാധനാ കേന്ദ്രങ്ങള്‍ പെരുകിയത് ഇതിനൊപ്പമാണ്. ഒരു യാഥാസ്ഥിതിക സ്ത്രീ സംഘടനയായ ദുഖ്ത്രാന്‍ ഇ മില്ലത്ത് ഇതിനൊരു ഉദാഹരണമാണ്. സ്ത്രീകളെ ബുര്‍ഖ ധരിക്കാന്‍ അവര്‍ നിര്‍ബന്ധിച്ചു; പക്ഷേ അത് അത്രകണ്ട് വിജയിച്ചില്ല. പക്ഷേ ഇന്നിപ്പോള്‍ താഴ്വരയിലെ പല സ്ത്രീകളും ആരും നിര്‍ബന്ധിക്കാതെ തന്നെ ബൂര്‍ഖ ധരിക്കുന്നു എന്നാണ് കേന്ദ്രം വിശ്വസിക്കുന്നത്.

2000-ത്തില്‍ ബുര്‍ഖ ധരിക്കാന്‍ ചില തീവ്രവാദ സംഘങ്ങള്‍ നിര്‍ദേശം നല്കിയപ്പോള്‍ അതാരും അത്രയൊന്നും വകവെച്ചില്ല. കാശ്മീരി മുസ്ലീം സ്ത്രീകള്‍ പൊതുവേ തലയില്‍ തട്ടം മാത്രമാണ് ഉപയോഗിക്കാറുള്ളത്. ഇപ്പോള്‍പ്പോലും ശ്രീനഗറിലെയും തെക്കന്‍ കാശ്മീരിലെയും ചില ഭാഗങ്ങളിലൊഴിച്ചാല്‍ ബുര്‍ഖ ഒരു സ്വീകാര്യമായ വസ്ത്രമല്ല.

ഇസ്ലാമികവത്കരണത്തെക്കുറിച്ചുള്ള കേന്ദ്ര നിരീക്ഷണം ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നേതാവ് സയിദ് സലാഹുദ്ദീന്‍ കഴിഞ്ഞ മാസം നല്കിയ ഒരഭിമുഖത്തില്‍ പറഞ്ഞതിനോട് ചേര്‍ന്നു നില്‍ക്കുന്നതാണ്.

“ആദ്യ ദിവസം മുതലേ കാശ്മീരി മുന്നേറ്റം ഇസ്ലാമികവത്കരിക്കപ്പെട്ടതാണ്. വിദ്യാഭ്യാസം നേടിയ ഒരു ചെറുപ്പക്കാരന്‍ മരിക്കാന്‍ തയ്യാറാകുന്നത് എന്തുകൊണ്ടാണെന്നാണ് നിങ്ങള്‍ കരുതുന്നത്? സ്വാതന്ത്ര്യമല്ല അയാളുടെ ലക്ഷ്യം. അയാള്‍ തീവ്രവാദത്തിലേക്ക് വന്നത്, ഒരു വിശുദ്ധകാര്യത്തിന് വേണ്ടി മരിച്ചാല്‍ താനൊരു രക്തസാക്ഷിയാകുമെന്ന് അയാള്‍ക്കറിയാം എന്നുള്ളതുകൊണ്ടാണ്”.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍