UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അമ്മയുടെ മുലപ്പാല്‍ കുടിച്ചവര്‍ ആരൊക്കയാണെന്ന് അന്ന് നമുക്ക് കാണാം; രാജ്നാഥ് സിങ്ങിന്റെ വെല്ലുവിളി

Avatar

അഴിമുഖം പ്രതിനിധി

ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ പരിവര്‍ത്തന്‍ യാത്ര സാമുദായിക പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന പടിഞ്ഞാറന്‍ ഭാഗത്തേക്ക് എത്തുമ്പോള്‍ ഹിന്ദുക്കളുടെ സുരക്ഷിതത്വം ഉറപ്പാക്കാനാവുന്നില്ല എന്ന് സംസ്ഥാന സര്‍ക്കാരിനെ പരോക്ഷമായി വിമര്‍ശിച്ചും പാകിസ്ഥാനെതിരെ ആഞ്ഞടിച്ചും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങ്. തിങ്കളാഴ്ച ഖൈരാനയില്‍ പ്രസംഗിച്ച രാജ്‌നാഥ് സിങ്ങ് പ്രദേശത്തെ അമ്മ പെങ്ങന്‍മാരുടെ സ്വാഭിമാനം കൊളളയടിക്കുന്ന സംഭവങ്ങളാണ് അരങ്ങേറുന്നത് എന്ന് കുറ്റപ്പെടുത്തി. ബി ജെ പി അധികാരത്തിലെത്തിയാല്‍ കായികശക്തി ഉപയോഗിച്ച് ജനങ്ങളെ ഭയപ്പെടുത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കുമെന്ന് വ്യക്തമാക്കിയ രാജ്‌നാഥ്‌സിങ്ങ് അമ്മയുടെ മുലപ്പാല്‍ കുടിച്ചവര്‍ ആരൊക്കയാണെന്ന് അന്ന് നമുക്ക് കാണാം എന്നാണ് പറഞ്ഞത്. ബിജെപി അധികാരത്തില്‍ എത്തിയാല്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് തൊട്ടുപിന്നാലെ സംസ്ഥാനത്ത് ചുമത്തിയിട്ടുള്ള കളളക്കേസുകളില്‍ അന്വേഷണം നടത്തി പിന്‍വലിക്കും. ഭാരതത്തിന്റെ അന്തസ്സും അഭിമാനവും അത്മവിശ്വാസവും സംരക്ഷിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസഫര്‍ നഗര്‍ കലാപത്തെ തുടര്‍ന്ന് മുസ്ലീമുകളെ പുനരധിവസിപ്പിച്ച ഖൈരാനയില്‍ ഹിന്ദുക്കള്‍ കൂട്ട പലായനത്തിന് നിര്‍ബന്ധിതരാവുന്നു എന്നും ഇവരുടെ സുരക്ഷയ്ക്ക് ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയേ മതിയാവൂ എന്നും രാജ്‌നാഥ് സിങ് പ്രസംഗത്തില്‍ ഉടനീളം പരോക്ഷമായും പ്രത്യക്ഷമായും അടിവരയിട്ടു പറഞ്ഞു. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വര്‍ഗ്ഗീയ കാര്‍ഡും പാകിസ്ഥാനെതിരേയുള്ള വിദ്വേഷവും ആളിക്കത്തിച്ച് വോട്ട് ഉറപ്പിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.

ഹിന്ദുക്കളുടെ കൂട്ടപലായനം സംബന്ധിച്ച് താന്‍ എപ്പോഴെല്ലാം സംസാരിച്ചിട്ടുണ്ടോ അപ്പോഴൊക്കെ വര്‍ഗ്ഗീയവാദിയായി ചിത്രീകരിക്കപ്പെട്ടിട്ടുണ്ട് എന്ന് രാജ്‌നാഥ് സിങ്ങിന് തൊട്ടുമുന്‍പ് സംസാരിച്ച ഹുക്കുംസിങ്ങ് ആരോപിച്ചു. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുന്നതിന്റെ പേരില്‍ വര്‍ഗ്ഗീയവാദിയാകാനും താന്‍ തയ്യാറാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇക്കാര്യത്തില്‍ പാര്‍ട്ടി തനിക്ക് നല്‍കുന്ന പിന്തുണയില്‍ പൂര്‍ണ്ണ സന്തോഷമുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി. സാഹചര്യങ്ങള്‍ മനസ്സിലാക്കാന്‍ പലതവണ ആഭ്യന്തര മന്ത്രി തന്നെ നേരിട്ട് വിളിച്ചിരുന്നു. നമ്മുടെ സര്‍ക്കാര്‍ നിലവില്‍ വന്നാല്‍ കൂട്ടപലായനം അവസാനിപ്പിക്കുകയും അതിന് ഉത്തരവാദികളായവരെ യുപിയില്‍ ജീവിക്കാന്‍ അനുവദിക്കുകയില്ല എന്നും അമിത് ഷാ ഉറപ്പ് നല്കിയതായും ഹുക്കുംസിങ്ങ് വ്യക്തമാക്കി.

ശഹരന്‍പൂരില്‍ നിന്ന് ആരംഭിച്ച ബിജെപിയുടെ പരിവര്‍ത്തന്‍ യാത്ര കടന്നുപോകുന്ന രണ്ടാമത്തെ പ്രധാന സ്ഥലമാണ് ഖൈരാന. ഹിന്ദുക്കള്‍ കൂട്ടമായി പലായനം ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ് എന്ന് ഹുക്കുംസിങ്ങ് നേരത്തെ ആരോപണം ഉന്നയിച്ചത് മുതല്‍ ഖൈരാന ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനും ദേശീയ ന്യുനപക്ഷ കമ്മീഷനും തങ്ങളുടെ ടീമുകള്‍ നല്കിയ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി വ്യത്യസ്ത അഭിപ്രായമാണ് ഇക്കാര്യത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

കഴിഞ്ഞ സെപ്റ്റംബറില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഈ വിഷയത്തില്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ യുപി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ കുറിച്ച് റിപ്പോര്‍ട്ട് തേടിയിരുന്നു.

ഖൈരാനയില്‍ മുസ്ലീംകള്‍ഭൂരിപക്ഷ സമുദായമാണെന്നും ന്യൂനപക്ഷ സമുദായം ഹിന്ദുക്കളാണെന്നും റിപ്പോര്‍ട്ട് പറയുന്നു. 25,000 മുതല്‍ 30,000 വരെയുള്ള മുസ്ലീംമുകളുടെ പുനരധിവാസം സ്ഥലത്തെ ജനസംഖ്യ അനുപാതം മുസ്ലീമുകള്‍ക്ക് അനുകൂലമായി മാറ്റിയതായി വ്യക്തമാക്കുന്നു. പരോക്ഷമായി സ്ഥലത്ത് കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കാനിടയായതും ക്രമസമാധാന നില തകരാറിലായതും ജനങ്ങള്‍ കൂട്ടത്തോടെ നാട് വിട്ടു പോകാന്‍ കാരണമായി എന്ന് പറയുമ്പോള്‍ പരോക്ഷമായി മുസ്ലിമുകളെ കുറ്റപ്പെടുത്തുന്ന തരത്തിലാണ് റിപ്പോര്‍ട്ട്.

ഒക്ടോബറില്‍ ന്യുനപക്ഷ കമ്മീഷന്‍ പറഞ്ഞത് 2013ലെ മുസഫര്‍നഗര്‍ കലാപത്തില്‍ ഇരയായ കുടുംബങ്ങള്‍ പരിതാപരകരമായ അവസ്ഥയിലാണ് കഴിയുന്നത് എന്നും സര്‍ക്കാര്‍ ഇവരുടെ പുനരധിവാസത്തിനായി ഒന്നും ചെയ്തില്ല എന്നുമാണ്. സ്ഥലത്തെ ഭൂരിപക്ഷ സമൂഹം മുസ്ലിമുകളാണെന്നിരിക്കെ കലാപബാധിതരുടെ പുനരധിവാസം എങ്ങിനെയാണ് അവസ്ഥ മാറ്റുന്നത് എന്നും മനുഷ്യാവകാശകമ്മീഷന്റെ കണ്ടെത്തലുകളെ ചോദ്യം ചെയ്ത് ന്യൂനപക്ഷ കമ്മീഷന്‍ ചോദിക്കുന്നു. നിര്‍ബന്ധിതമായ കൂട്ടപലായനമാണ് എന്ന ആരോപണത്തെയും കമ്മീഷന്‍ ചോദ്യം ചെയ്തു. മെച്ചപ്പെട്ട വിദ്യഭ്യാസം, തൊഴില്‍, ജീവിത സാഹചര്യങ്ങള്‍ എന്നിവ തേടി ജനങ്ങള്‍ നാടു വിട്ടതാണ് എന്നും ഇവര്‍ പറയുന്നു. എന്‍എച്ച്ആര്‍സിയുടെ പഠനങ്ങള്‍ സാധൂകരിക്കത്തക്കവണ്ണം ഒന്നും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ല എന്നും എന്‍സിഎം പറയുന്നു.

തിങ്കളാഴ്ച തന്റെ പ്രസംഗത്തില്‍ രാജ്‌നാഥ് സിങ്ങ് പാകിസ്ഥാനെതിരേയും രുക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. ഇന്ത്യയെ ദുര്‍ബലമാക്കാനും ശിഥിലീകരിക്കാനുമാണ് നമ്മുടെ അയല്‍രാജ്യം ശ്രമിക്കുന്നത്. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് ഞാന്‍ പാകിസ്ഥാനില്‍ പോയിരുന്നു. അന്ന് പാകിസ്ഥാന്റെ മണ്ണില്‍ നിന്നു കൊണ്ട് ഞെഞ്ച് വിരിച്ച് നിന്ന് നിങ്ങള്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന് താന്‍ ആരോപിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്റെ പ്രസ്താവന പാകിസ്ഥാനില്‍ ആളിക്കത്തി. പാകിസ്ഥാന്‍ ആഭ്യന്തരമന്ത്രി ക്ഷണിതാക്കളായ മറ്റ് രാജ്യങ്ങലിലെ നേതാക്കളെ പോലും അവഗണിച്ച് കൊണ്ട് ഉച്ചവിരുന്നില്‍ പങ്കെടുക്കാതെ ഇറങ്ങിപോയി. ഭക്ഷണം കഴിക്കാനല്ല എത്തിയത് എന്ന് വ്യക്തമാക്കി താനും ഇറങ്ങിപ്പോവുകയായിരുന്നു.

ഉറി ആക്രമണത്തെ ഓര്‍മ്മപ്പെടുത്തിയും രാജ്‌നാഥ് സിങ്ങ് സംസാരിച്ചു. നമ്മുടെ പട്ടാളത്തിലെ യുവത്വത്തിന് തിവ്രവാദത്തെ നേരിടാനുള്ള കഴിവുണ്ട്. അതിര്‍ത്തി കടന്ന് ഏന്തെങ്കിലും ചെയ്യേണ്ടി വന്നാല്‍ നമ്മുടെ സേനയിലെ ജവാന്മാര്‍ ചെയ്ത് കാണിക്കുക തന്നെ ചെയ്യും.

സൗഹാര്‍ദ്ദപൂര്‍വ്വമായ ബന്ധമാണ് നാം അയല്‍ക്കാരുമായി ആഗ്രഹിക്കുന്നത്. തിവ്രവാദം ധീരന്‍മാരുടെ ആയുധമല്ല മറിച്ച് ഭീരുകളുടേതാണ്. പോരാടാന്‍ ആണെങ്കില്‍ അത് നേര്‍ക്കുനേര്‍ ആകുന്നതാണ് മര്യാദ. ഒളിച്ചുകളി പാടില്ല എന്നും രാജ്‌നാഥ് സിങ്ങി കൂട്ടിച്ചേര്‍ത്തു.

കേണലുമായി കൂടികാഴ്ച നടത്തി എന്നവകാശപ്പെടുന്ന ബിജെപി എം എല്‍എ സുരേഷ് റാണ ഒരു പടി കൂടി കടന്നാണ് പ്രസ്താവന നടത്തിയത്. മുന്‍പ് ഒരു തവണ വെടിവെക്കുമ്പോള്‍ തിവ്രവാദികളുടെ സ്ഥലവും, നീളവും വണ്ണവും ഉള്‍പ്പടെയുള്ളവ വിശദീകരിച്ച് 100 പേജ് വിശദീകരണം നല്കണമായിരുന്നു. എന്നാലിന്ന് 100 തവണ വെടിവെക്കുമ്പോഴും രാജ്‌നാഥ് സിങ്ങിന്റെ അനുമതിയോടെ എന്ന ഒറ്റ വരിയാണ് വിശദീകരണം എന്നും സുരേഷ് റാണ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍