UPDATES

ഇന്ത്യ

ഗംഗോത്രിയില്‍ ഒരു പുഴയും പോരാട്ടവുമാണ് തെരഞ്ഞെടുപ്പ് വിഷയം

ഗംഗോത്രി നിയമസഭ നിയോജകമണ്ഡലത്തില്‍ ജയിക്കുന്നവരുടെ പാര്‍ട്ടിയാണ് എല്ലാ തവണയും സംസ്ഥാനത്ത് മന്ത്രിസഭ രൂപീകരിച്ചിട്ടുള്ളത്

പ്രകൃതിയുടെ മനോഹാരിത കൊണ്ടും ഗംഗയുടെ ഉത്ഭവം കൊണ്ടും മാത്രമല്ല ഉത്തരാഖണ്ഡിലെ ഗംഗോത്രി നിയമസഭ നിയോജകമണ്ഡലം ശ്രദ്ധ ആകര്‍ഷിക്കുന്നത്. അവിടെ ജയിക്കുന്നവരുടെ പാര്‍ട്ടിയാണ് എല്ലാ തവണയും സംസ്ഥാനത്ത് മന്ത്രിസഭ രൂപീകരിച്ചിട്ടുള്ളത്. നേരത്തെ ഉത്തര്‍പ്രദേശിന്റെ ഭാഗമായിരുന്നപ്പോഴും ഇത് തന്നെയായിരുന്നു അവസ്ഥ. എന്നാല്‍ ഈ തിരഞ്ഞെടുപ്പില്‍ പരിസ്ഥിതിയും വികസനവും തമ്മിലുള്ള പോരാണ് തിരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചാവിഷയമാവുന്നു.

ഗോമുഖില്‍ ഉത്ഭവിച്ച് ദേവപ്രയാഗില്‍ വച്ച് ഗംഗയായി മാറുന്നത് വരെയുള്ള 200 കിലോമീറ്റര്‍ ദൂരം നദി ഭാഗീരഥിയെന്നാണ് അറിയപ്പെടുന്നത്. 2012ല്‍ ഇതില്‍ നൂറ് കിലോമീറ്റര്‍ വരുന്ന വാട്ടര്‍ഷെഡ് അതീവ പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിച്ചുകൊണ്ട് അന്നത്തെ യുപിഎ സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. ഏകദേശം 4179.59 ചതുരശ്ര കിലോമീറ്റര്‍ വരുന്ന പ്രദേശമാണിത്. യുപിഎ സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ച ശേഷം ഇതിനെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ഭരണകര്‍ത്താക്കളും പദ്ധതിക്കെതിരെ രംഗത്തെത്തി. മേഖലയില്‍ രണ്ട് മെഗാവാട്ട് വരെ മാത്രം ശേഷിയുള്ള ചെറുകിട ജലവൈദ്യുതി പദ്ധതികള്‍ മാത്രമേ പാടുള്ളൂവെന്ന് വിജ്ഞാപനത്തില്‍ നിഷ്‌കര്‍ഷിച്ചിരുന്നു. കൂടാതെ ഖനനം, പാറപൊട്ടിക്കല്‍, വാണിജ്യ അടിസ്ഥാനത്തിലുള്ള മരം മുറിക്കല്‍, തടി വ്യവസായം എന്നിവ നിരോധിച്ചിരുന്നു. 20 ഡിഗ്രിയില്‍ കൂടുതല്‍ ചരിവുള്ള പ്രദേശങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിരോധിച്ചിരുന്നു.

ഇത് മേഖലയുടെ വികസനത്തിന് തടസമാകുന്നുവെന്നാണ് രാഷ്ട്രീയ കക്ഷികളുടെ ആരോപണം. ഭരണം മാറുന്നതിന് അനുസരിച്ച് ബിജെപിയും കോണ്‍ഗ്രസും നിലപാടുകള്‍ മാറ്റുകയും ചെയ്യുന്നു. യുപിഎ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ബിജെപി ശക്തമായി രംഗത്തെത്തിയിരുന്നു. അന്ന് ഇപ്പോഴത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് കേന്ദ്ര മന്ത്രിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ എന്‍ഡിഎ സര്‍ക്കാര്‍ പരിസ്ഥിതിക്ക് അനുകൂലമായി പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചപ്പോള്‍ ഹരീഷ് റാവത്ത് ഡല്‍ഹിയില്‍ ജന്ദര്‍ മന്ദിറില്‍ സത്യാഗ്രഹമിരുന്നു. അതീവ പരിസ്ഥിതി ലോല പ്രദേശം മാത്രമല്ല ഗംഗോത്രി മേഖല. അതീവ ഭൂകമ്പ സാധ്യതയുള്ള മേഖലകൂടിയാണ്. തിങ്കളാഴ്ച റിക്ടര്‍ സ്‌കെയിലില്‍ 5.8 രേഖപ്പെടുത്തിയ ഭൂകമ്പം പ്രദേശത്ത് ഉണ്ടായി.

രാജ്യത്തെ ഏറ്റവും നീളം കൂടിയ അണക്കെട്ടായ തെഹ്രി ഭാഗീരഥിക്ക് കുറുകെയാണ് സ്ഥിതി ചെയ്യുന്നത്. അണക്കെട്ട് വന്നതോടെ നദി വെറുമൊരു തടാകമായി മാറിയെന്ന് പ്രദേശവാസിയും കര്‍ഷകനുമായ ഹുക്കം സിംഗ് പട്യാര്‍ ചൂണ്ടിക്കാണിക്കുന്നു. കാര്‍ഷീകമേഖലയില്‍ വലിയ വികസനം നടന്നിരുന്ന മേഖലയാണിതെന്ന് പട്യാര്‍ ചൂണ്ടിക്കാണിക്കുന്നു. അണക്കെട്ട് വന്നതോടെ തെഹ്രി മേഖലയിലെ ഭൂരിപക്ഷം കൃഷിയിടങ്ങളും വെള്ളം കയറി മുങ്ങി. വിവിധ കാരണങ്ങളാല്‍ അണക്കെട്ടിനെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു. അതീവ ഭൂകമ്പ സാധ്യത മേഖലയാണെന്ന് മാത്രമല്ല, ഇപ്പോള്‍ ജലസംഭരണി ഉണ്ടാക്കുന്ന അധിക തരംഗങ്ങളും അപകടകരമാണെന്ന് എഴുത്തുകാരനും ചരിത്രകാരനുമായ ശേഖര്‍ പഥക് ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ഇടുങ്ങിയ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി നേതാക്കള്‍ ഇത്തരം അപകടങ്ങള്‍ ജനങ്ങളില്‍ നിന്നും മറച്ചുവെക്കുകയാണ് എന്ന ആരോപണവുമുണ്ട്. 2013ല്‍ കേദാര്‍ നദിയില്‍ മേഘസ്‌ഫോടനം സംഭവിച്ചത് പോലെ ഒന്ന് ഭാഗീരഥിയില്‍ ആവര്‍ത്തിക്കുയാണെങ്കില്‍ അതിന്റെ ആഘാതം പ്രവചനാതീതമായിരിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

എന്നാല്‍ ഹിമാചല്‍ പ്രദേശ് പോലെയുള്ള മലയോര സംസ്ഥാനങ്ങളില്‍ ഇത്തരം നിബന്ധനകളൊന്നും നിലനില്‍ക്കുന്നില്ല എന്നാണ് വികസനവാദികള്‍ ചൂണ്ടിക്കാണിക്കുന്നത്. മാത്രമല്ല ഗംഗയുടെ സംരക്ഷണത്തിന് കാണ്‍പൂരിലെയും അഹമ്മദാബാദിലെയും ജനങ്ങളും മനസിരുത്തേണ്ടതുണ്ടെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. ഇപ്പോഴത്തെ നിയന്ത്രണങ്ങള്‍ ഉത്തരാഖണ്ഡിന് മാത്രമാണെന്നും അത് വിവേചനമാണെന്നും അവര്‍ പറയുന്നു. രാഷ്ട്രീയ നേതാക്കള്‍ വികസനത്തിന് വേണ്ടിയും സന്നദ്ധ പ്രവര്‍ത്തകര്‍ പരിസ്ഥിതിക്ക് വേണ്ടിയും ശക്തമായി വാദിക്കുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് അരങ്ങേറുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍