UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒറ്റമുണ്ടും ഷര്‍ട്ടും ധരിച്ച് സൈക്കിള്‍ ചവിട്ടിവരുന്ന ഒരു ചീഫ് ജസ്റ്റീസ്

Avatar

അഡ്വ. പി പി താജുദ്ദീന്‍

ഭരണഘടനയുടെ 356 ആം വകുപ്പ് ഉപയോഗിച്ച് ഉത്തരഖണ്ഡ് സര്‍ക്കാരിനെ പിരിച്ചുവിട്ട കേന്ദ്രസര്‍ക്കാര്‍ ഉത്തരവില്‍ ഇടപെട്ട ന്യായാധിപന്‍ കേരളത്തിന്റെ സംഭാവന. കേരള ഹൈക്കോടതിയില്‍ ഒമ്പതുവര്‍ഷം ന്യായാധിപന്‍ ആയിരുന്ന ജസ്റ്റീസ് കെ എം ജോസഫ് ആണ് ഉത്തരഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റീസ്. കോട്ടയം ജില്ലയിലെ അതിരമ്പുഴ കുറ്റിയില്‍ കുടുംബാംഗം. മുന്‍ അഡ്വക്കേറ്റ് ജനറലും സുപ്രിം കോടതി ജഡ്ജിയുമായിരുന്ന ജസ്റ്റീസ് കെ കെ മാത്യുവിന്റെ മകന്‍.

ഔദ്യോഗിക ചുറ്റുവട്ടങ്ങളുടെ പൊലിമ ആഗ്രഹിക്കാത്ത സാധാരണക്കാരനായ ന്യായാധിപന്‍. അടുത്തിടെയാണ് ഒറ്റമുണ്ടും ഷര്‍ട്ടും ധരിച്ച് തന്റെ സൈക്കിളില്‍ കേരള ഹൈക്കോടതിയിലെ മൂന്നാം നിലയിലെ ലൈബ്രറിയില്‍ പുസ്തകം വായിക്കാനെത്തിയത്. കാവല്‍ക്കാരായ പൊലീസുകാര്‍ക്കുപോലും മനസിലായില്ല ഇത് ഉത്തരഖണ്ഡ് ചീഫ് ജസ്റ്റീസ് കെ എം ജോസഫ് ആണെന്ന്. കൊച്ചി നഗരത്തിലെ തിരക്കേറിയ വീഥികളിലൂടെ ഔദ്യോഗിക ചിട്ടവട്ടങ്ങളില്ലാതെ സായാഹ്ന സവാരിയും ഇദ്ദേഹത്തിന്റെ പതിവാണ്.

ചെന്നൈ ലയോള കോളേജിലെയും ലോ കോളേജിലെയും പഠനത്തിനുശേഷം 1982 ല്‍ ഡല്‍ഹി ഹൈക്കോടതിയിലാണ് അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങിയത്. പിന്നീട് 1983 ല്‍ പ്രാക്ടീസ് കേരള ഹൈക്കോടതിയിലേക്ക് മാറ്റി. വര്‍ഗീസ് കള്ളിയത്തിന്റെ ജൂനിയറായിരുന്നു. സിവില്‍, ഭരണഘടന, കമ്പനി കേസുകളില്‍ വിദഗ്ധനെന്നു പേരെടുത്തു.

കേരള ഹൈക്കോടതി ജഡ്ജിയായി നിയമിതനാകുമ്പോള്‍ ക്രിസ്ത്യന്‍ പിന്‍തുടര്‍ച്ചാവകാശ നിയമം സംബന്ധിച്ച കോടതിയുടെ അമികസ് ക്യൂറിയായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. 2014 ജൂലൈ 31 നാണ് ഉത്തരഖണ്ഡ് ചീഫ് ജസ്റ്റീസ് ആയി നിയമിതനാകുന്നത്.

വേമ്പനാട് കായല്‍ കൈയേറി നിര്‍മിച്ച പഞ്ചനക്ഷത്ര റിസോര്‍ട്ട് പൊളിച്ചു നീക്കാനുള്ള അദ്ദേഹത്തിന്റെ വിധി സുപ്രിം കോടതിയും അംഗീകരിക്കുകയായിരുന്നു. ഉത്തരഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച അദ്ദേഹത്തിന്റെ വിധി തത്കാലം സുപ്രിം കോടതി സ്‌റ്റേ ചെയ്തിരിക്കുകയാണ്. ഇനി അന്തിമ തീര്‍പ്പ് സുപ്രിം കോടതിയുടേത്.


(കേരള ഹൈക്കോടതിയില്‍ അഭിഭാഷകനാണ് ലേഖകന്‍. തൊടുപുഴ സ്വദേശി)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍