അഴിമുഖം പ്രതിനിധി
മൃതസഞ്ജീവനി കണ്ടെത്താന്‍ 25 കോടി മുടക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍. ആയുര്‍വേദം, യോഗ, നാച്ചുറോപ്പതി, യൂനാനി, സിദ്ധ, ഹോമിയോപ്പതി വിഭാഗങ്ങളെല്ലാം കൂടി മന്ത്രി സുരേന്ദ്ര സിങ് നേഗിയുടെ നേതൃത്വത്തില്‍ ഇതിനായി സമിതി രൂപീകരിച്ചുകഴിഞ്ഞു.
സഞ്ജീവനി ചെടി എല്ലാ അസുഖങ്ങള്‍ക്കും ഔഷധമെന്ന് രാമായണത്തില്‍ പറയുന്നു. രാമന്റെ സഹോദരന്‍ ലക്ഷ്മണനുവേണ്ടി ഹനുമാന്‍ ഈ ചെടി അന്വേഷിച്ചുപോയതാണ് രാമായണത്തിലെ പരാമര്‍ശം. ചെടി കണ്ടെത്താനാകാതെ വന്നപ്പോള്‍ ഹനുമാന്‍ മുഴുവന്‍ പര്‍വതവും എടുത്തുകൊണ്ടുവന്നെന്നാണു കഥ.
സഞ്ജീവനി അന്വേഷിക്കാനുള്ള പണത്തിനായി ആദ്യം കേന്ദ്രസര്‍ക്കാരിനെയാണു സമീപിച്ചത്. അത് നിരസിക്കപ്പെട്ടതിനെത്തുടര്‍ന്നാണ് സംസ്ഥാനം പണം മുടക്കാന്‍ തീരുമാനിച്ചത്. ‘തുടക്കത്തില്‍ 25 കോടി രൂപയാണു മുടക്കുക. അത് പാഴാകാതിരിക്കാന്‍ ശ്രദ്ധിക്കണം. ഉറച്ച തീരുമാനമെടുത്താല്‍ നമുക്കത് കണ്ടെത്താനാകും. അടുത്തമാസം മുതല്‍ നാലംഗ സമിതി ജോലി തുടങ്ങും,’ സുരേന്ദ്ര നേഗി പറയുന്നു. ലോകമെങ്ങും പച്ചമരുന്നുകളുടെ വിപണി വളരുകയാണെന്നും ജീവന്‍ രക്ഷിക്കാനുതകുന്ന ‘മാന്ത്രിക മരുന്ന്’ കണ്ടെത്താനാണു തന്റെ ഡിപ്പാര്‍ട്ട്‌മെന്റ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
രാഷ്ട്രപതി ഭരണം ഉള്‍പ്പെടെയുള്ള വിഷമതകളിലൂടെ കടന്നുപോകുന്ന മുഖ്യമന്ത്രി ഹരീഷ് റാവത്തിന് ജീവന്‍ രക്ഷാ മരുന്നായി ഇപ്പോഴത്തെ അന്വേഷണം മാറുമെന്നാകണം നേഗിയുടെ തോന്നല്‍.
ആയുര്‍വേദമനുസരിച്ച് സഞ്ജീവനി നാലുതരമുണ്ട്. ജീവന്‍ രക്ഷിക്കുന്ന മൃതസഞ്ജീവനിയാണ് ഏറ്റവും ശക്തിയേറിയത്. 2008ല്‍ യോഗ ഗുരു രാംദേവിന്റെ ശിഷ്യന്‍ ബാലകൃഷ്ണ ഉത്തരാഖണ്ഡില്‍ മൃതസഞ്ജീവനി കണ്ടെത്തിയതായി അവകാശപ്പെട്ടിരുന്നുവെങ്കിലും ഇതിനായുള്ള അന്വേഷണം തുടരുകയാണ്. വെറും ആറുദിവസം കൊണ്ട് മൃതസഞ്ജീവനി കണ്ടെത്തിയെന്നായിരുന്നു ബാലകൃഷ്ണയുടെ വാദം.
ഉത്തരാഖണ്ഡ് പച്ചമരുന്നുകളാല്‍ സമ്പന്നമാണ്. ഹിമാലയത്തില്‍ ഔഷധഗുണമുള്ള നൂറിലധികം ചെടികള്‍ കണ്ടെത്തിയതായി വനംവകുപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. ചൈന അതിര്‍ത്തിക്കടുത്തുള്ള ദ്രോണഗിരി ഭാഗത്ത് ഓഗസ്റ്റില്‍ സഞ്ജീവനി അന്വേഷണം തുടങ്ങാനാണു പരിപാടി. ഡെറാഡൂണില്‍ നിന്ന് 400 കിലോമീറ്റര്‍ ദൂരെയുള്ള ദ്രോണഗിരി ചമോലി ജില്ലയിലെ ഒരു ഗ്രാമത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. രാമായണം അനുസരിച്ച് സഞ്ജീവനി കണ്ടിരുന്നത് ഇവിടെയാണ്. ഹിമാലയത്തില്‍ പല ഔഷധസസ്യങ്ങളും കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇരുട്ടില്‍ തിളങ്ങുന്ന സഞ്ജീവനി നിലനിന്നിരുന്നതിനു തെളിവൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല.