UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഉത്തരാഖണ്ഡ് ഇന്ത്യന്‍ ജനാധിപത്യത്തിന് നല്‍കുന്ന അപായ സൂചനകള്‍

Avatar

ടീം അഴിമുഖം

ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനസര്‍ക്കാരിനെ പിരിച്ചുവിടുക വഴി ഉത്തരാഖണ്ഡിലുണ്ടായ പ്രതിസന്ധിയില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിനു ഗുണകരമല്ലാത്ത നിരവധി ഘടകങ്ങളുണ്ട്. ഒരു രാഷ്ട്രീയ പ്രതിസന്ധി നിയമലംഘനവും ഭരണഘടനാ ക്രമക്കേടുമായി മാറുകയും നിയമനിര്‍മാണസഭയുടെ പരിധിക്കുള്ളില്‍ ജുഡീഷ്യറിക്ക് ഇടപെടേണ്ടതായി വരികയും ചെയ്തു. ഇത് ഭരണഘടനയുടെ അടിസ്ഥാനസിദ്ധാന്തമായ ഇരുകൂട്ടരും തമ്മിലുള്ള അധികാര വിഭജനത്തിന് ഉചിതമല്ല.

സംസ്ഥാന സര്‍ക്കാര്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുന്നതിന് ഒരു ദിവസം മുന്‍പ് തിടുക്കംകാട്ടി സര്‍ക്കാരിനെ പുറത്താക്കിയ കേന്ദ്രം പ്രശ്‌നം ഉറപ്പാക്കുകയായിരുന്നു. കോണ്‍ഗ്രസിലെ ഒന്‍പത് എംഎല്‍എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതിനാല്‍ ഭരണം തകര്‍ന്നുവെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഒളിക്യാമറയില്‍ പതിഞ്ഞ കുതിരക്കച്ചവടത്തെപ്പറ്റിയുള്ള ഗവര്‍ണറുടെ റിപ്പോര്‍ട്ടും കേന്ദ്രം നടപടിക്ക് ഉപോദ്ബലകമായി ചൂണ്ടിക്കാട്ടുന്നു. ഇതൊന്നും തന്നെ വളരെ വിശ്വാസ്യമല്ല. ഗവര്‍ണര്‍ തന്നെയാണ് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെട്ടിരുന്നതും.

ഘടനാപരമായി വേര്‍തിരിച്ചുനോക്കുമ്പോള്‍ സംഭവം പരസ്പരവിരുദ്ധമായ ചിത്രമാണു തരുന്നത്. സര്‍ക്കാരിനെ പിരിച്ചുവിട്ടുകൊണ്ടുള്ള രാഷ്ട്രപതിയുടെ ഉത്തരവ് സ്റ്റേ ചെയ്യാതെ തന്നെയാണ് ഉത്തരാഖണ്ഡ് ഹൈക്കോടതി സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. (ആ ഉത്തരവ് ഡിവിഷന്‍ ബഞ്ച് സ്‌റ്റേ ചെയ്തു.) പുറത്താക്കപ്പെട്ട മുഖ്യമന്ത്രിയോടാണ് സഭയിലെത്തി ഭൂരിപക്ഷം തെളിയിക്കാന്‍ കോടതി പറയുന്നതെന്നര്‍ത്ഥം. ഇത് ചിന്താക്കുഴപ്പമുണ്ടാക്കുന്നു. അടുത്ത കോടതി ഉത്തരവില്‍ രാഷ്ട്രപതിയുടെ ഉത്തരവ് ചോദ്യം ചെയ്യപ്പെട്ടാല്‍ അതും ഭരണഘടനാസംവിധാനത്തിന് തിരിച്ചടിയാകും. കാരണം രാഷ്ട്രപതിയുടെ ഉത്തരവുകള്‍ (പ്രധാനമന്ത്രിയുടേതും) കോടതിയുടെ പരിധിക്കപ്പുറത്താണ്.

ഒന്‍പത് വിമത എംഎല്‍എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ ഉത്തരവ് അസാധുവാക്കാതെയാണ് കോടതി അവരെ സഭയിലെ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ അനുവദിച്ചിരിക്കുന്നത്. നിലവിലുള്ള സാഹചര്യത്തില്‍ കൂറുമാറ്റ നിരോധന നിയമം വിമതര്‍ക്കെതിരാണ്. കാരണം അവര്‍ കോണ്‍ഗ്രസ് നിയമസഭാഅംഗങ്ങളുടെ മൂന്നില്‍ രണ്ട് വരുന്നില്ല. പാര്‍ട്ടി ഹൈക്കമാന്‍ഡിന്റെ നിര്‍ദേശത്തിനെതിരായി അവര്‍ വോട്ട് ചെയ്താല്‍ അവരെ അയോഗ്യരാക്കാം. അവരുടെ വോട്ട് കൊണ്ട് റാവത്ത് സഭയില്‍ പരാജയപ്പെടുകയാണെങ്കില്‍ പിന്നീട് ഒരിക്കല്‍ക്കൂടി ഭൂരിപക്ഷം തെളിയിക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിക്കേണ്ടതാണ്. കാരണം വിമതര്‍ അയോഗ്യരാക്കപ്പെട്ടാല്‍ സഭയിലെ കക്ഷിനില മാറും. ഇതെല്ലാം പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. കേന്ദ്രവും കോണ്‍ഗ്രസും വിമതരും കോടതിയെ സമീപിക്കുന്നു എന്നതാണ് ഇപ്പോഴത്തെ സ്ഥിതി.

2006ല്‍ ലോക് സഭാ സ്പീക്കറായിരുന്ന സോമനാഥ് ചാറ്റര്‍ജി അഴിമതി ആരോപണത്തെത്തുടര്‍ന്ന് ചില എംപിമാരെ പുറത്താക്കിയിരുന്നു. അന്ന് സുപ്രിംകോടതി അയച്ച നോട്ടീസ് മറുപടി കൊടുക്കാതെ സ്പീക്കര്‍ തിരിച്ചയച്ചു. ഇക്കാര്യത്തില്‍ കൈകടത്താന്‍ ഒരു കോടതിക്കും അധികാരമില്ല എന്നായിരുന്നു സ്പീക്കറുടെ നിലപാട്. 10 വര്‍ഷത്തിനുശേഷം നടപടിക്രമങ്ങള്‍ പാലിച്ച് സ്വയം പരിഹാരം കാണാന്‍ കഴിയേണ്ട കാര്യങ്ങളുമായി കോടതിയിലെത്തുകയാണ് നിയമസഭയും എക്‌സിക്യൂട്ടിവും. ഇത് നിര്‍ഭാഗ്യകരമാണെന്നു മാത്രമല്ല, ഇന്ത്യ എന്ന ജനാധിപത്യരാഷ്ട്രത്തിന്റെ ആരോഗ്യത്തിനു നല്ലതുമല്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍