UPDATES

ട്രെന്‍ഡിങ്ങ്

എതിരാളികള്‍ക്ക് പോലും ചിരിയുടെ പൂച്ചെണ്ടുകള്‍; മരണം വരെയും ഇടതുപക്ഷത്തിനൊപ്പം

എല്ലാവരെയും ചിരിപ്പിച്ച് എപ്പോഴും സന്തോഷത്തോടെ മാത്രം നമ്മുടെയെല്ലാം മുന്നിലെത്തുന്ന ഒരാള്‍ ഇത്രവേഗം മരിക്കുമെന്ന് ആരും പ്രതീക്ഷിക്കില്ലല്ലോ.

കേരളത്തില്‍ ഏത് തെരഞ്ഞെടുപ്പ് വന്നാലും സ്ഥാനാര്‍ത്ഥിയേക്കാള്‍ തിരക്കുള്ള ഒരാളെ ഉണ്ടാവൂ- അത് ഉഴവൂര്‍ വിജയനായിരുന്നു. ഒരേസമയം വേദികളില്‍ കടുത്ത രാഷ്ട്രീയ വിമര്‍ശനം നടത്തുമ്പോഴും എതിരാളികളെ പോലും വേദിയില്‍ പിടിച്ചിരുത്തുന്ന നര്‍മ്മ പ്രയോഗങ്ങളായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ കാതല്‍. എല്‍ഡിഎഫ് മത്സരിക്കുന്ന എല്ലായിടത്തും, സ്ഥാനാര്‍ത്ഥി ഏത് പാര്‍ട്ടിക്കാരനാണെങ്കിലും ഉഴവൂര്‍ വിജയനെയും പ്രചരണത്തിനായി ലഭിക്കാന്‍ അവരൊക്കെ ശ്രമിച്ചു. അവരെയൊന്നും അദ്ദേഹം നിരാശരാക്കിയതുമില്ല.

തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജനങ്ങള്‍ അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ ചിരിയും ആ നര്‍മ്മത്തില്‍ ഒളിപ്പിച്ചുവച്ച രാഷ്ട്രീയ വിമര്‍ശനത്തിനും ചൂടും അറിഞ്ഞിട്ടുള്ളവരാണ്. തമാശകളിലൂടെ എതിരാളികളുടെ ദൗര്‍ബല്യങ്ങളെയും വീഴ്ചകളെയും ഇത്രയെളുപ്പത്തില്‍ സാധാരണക്കാര്‍ക്ക് പോലും മനസിലാക്കിക്കൊടുക്കുന്ന പ്രസംഗശൈലിയാണ് അദ്ദേഹത്തെ എതിര്‍ചേരിയിലുള്ളവര്‍ക്ക് പോലും പ്രിയങ്കരനാക്കിയത്. അദ്ദേഹം പ്രസംഗിക്കാന്‍ മൈക്കിന് അടുത്തെത്തുമ്പോഴേക്കും സദസില്‍ പൊട്ടിച്ചിരി തുടങ്ങിയിരിക്കും. അതേസമയം ദിവസവും ഇന്‍സുലിന്‍ കുത്തിവച്ചാണ് അദ്ദേഹം പ്രസംഗവേദികളില്‍ ചിന്തയും ചിരിയും നിറയ്ക്കാന്‍ പുറപ്പെട്ടിരുന്നതെന്ന് പലര്‍ക്കും അറിയില്ലായിരുന്നു. ഇന്ന് പുലര്‍ച്ചെ മരണ വാര്‍ത്ത വരുമ്പോഴും അദ്ദേഹത്തിന് എന്തായിരുന്നു അസുഖമെന്ന് പലരും ചോദിക്കുന്നത് അതിനാലാണ്. എല്ലാവരെയും ചിരിപ്പിച്ച് എപ്പോഴും സന്തോഷത്തോടെ മാത്രം നമ്മുടെയെല്ലാം മുന്നിലെത്തുന്ന ഒരാള്‍ ഇത്രവേഗം മരിക്കുമെന്ന് ആരും പ്രതീക്ഷിക്കില്ലല്ലോ.

ഉഴവൂര്‍ വിജയന്റെ തമാശകളില്ലാതെയുള്ള ഒരു പത്രസമ്മേളനം അടുത്തകാലത്ത് നടന്നത് എന്‍സിപി മന്ത്രി എകെ ശശീന്ദ്രന്‍ രാജിവയ്‌ക്കേണ്ടി വന്ന അശ്ലീല ഫോണ്‍ സംഭാഷണ വിവാദത്തിന് ശേഷമാണ്. ഉഴവൂര്‍ വിജയന്റെ നിലപാടുകളാണ് എന്‍സിപിയെ ഇന്നും ഇടതുപക്ഷത്ത് തന്നെ നിലനിര്‍ത്തുന്നത്. മഹാരാഷ്ട്രയില്‍ എന്‍സിപി, ബിജെപിയെ പിന്തുണയ്ക്കുന്നതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുമ്പോള്‍ കേരളത്തിലെ എന്‍സിപിയുടെ ഇടതുപക്ഷത്തെ നിലനില്‍പ്പ് പ്രതിസന്ധിയിലായിരുന്നു. എന്നാല്‍ അതിന് ശേഷവും എന്‍സിപി എല്‍ഡിഎഫില്‍ തുടര്‍ന്നു. അന്ന് മാധ്യമങ്ങളില്‍ അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായി ഇതുസംബന്ധിച്ച് സംസാരിച്ച ഒരു മാധ്യമ പ്രവര്‍ത്തകനോട് അദ്ദേഹം പറഞ്ഞ വാക്കുകള്‍ മാത്രം മതി ഉഴവൂര്‍ വിജയനെന്ന ഇടതുപക്ഷ നേതാവിനെ മനസിലാക്കാന്‍. ‘വിജയന്‍ നമ്മുടെ ആളാ, അവര് എല്‍ഡിഎഫില്‍ തന്നെയുണ്ടാകും’ എന്നായിരുന്നു അന്ന് പിണറായിയുടെ മറുപടി. പിണറായിയുടെ ആ വാക്കുകള്‍ തെറ്റിയില്ല. മരണം വരെയും ഇടതുപക്ഷ സഹയാത്രികനായി ജീവിച്ചാണ് ഉഴവൂര്‍ വിജയന്റെ ജീവിതത്തില്‍ നിന്നുള്ള പടിയിറക്കം.

കോട്ടയം ജില്ലയിലെ കുറിച്ചിത്താനത്ത് കരങ്കുന്നേല്‍ ഗോവിന്ദന്‍ നായരുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനായി ജനിച്ച വിജയന്‍ കെഎസ്‌യുവിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. കെആര്‍ നാരായണന്‍ എല്‍പി സ്‌കൂള്‍, കുറിച്ചിത്താനം ശ്രീകൃഷ്ണ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. യൂത്ത് കോണ്‍ഗ്രസിലും സജീവമായിരുന്ന അദ്ദേഹം ഇന്ദിരാ ഗാന്ധിയുടെ അടിയന്തരാവസ്ഥയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വിട്ടു. എകെ ആന്റണിയെ പോലുള്ള ഇടതുകോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമാണ് അദ്ദേഹം നിലകൊണ്ടത്. ആദ്യം കോണ്‍ഗ്രസ്- എസില്‍ എത്തിയ ഉഴവൂര്‍ വിജയന്‍ പിന്നീട് ദേശീയ തലത്തില്‍ ശരത് പവാറിന്റെ നേതൃത്വത്തില്‍ എന്‍സിപി രൂപീകൃതമായപ്പോള്‍ പാര്‍ട്ടിയുടെ കേരളത്തിലെ പ്രധാന മുഖമായി. എന്‍സിപി രൂപീകൃതമായ കാലം മുതല്‍ കേരളത്തില്‍ ഇടതുപക്ഷത്തിനൊപ്പമായിരുന്നു. പാര്‍ട്ടിയുടെ നേതൃസ്ഥാനത്തുണ്ടായിരുന്ന ചുരുങ്ങിയ കാലം അദ്ദേഹം എന്‍സിപിയെ മുന്നില്‍ നിന്ന് നയിക്കുകയായിരുന്നു.

2006ല്‍ കെ കരുണാകരന്റെ ഡിഐസി(കെ)യും എന്‍സിപിയും ലയിച്ചതിനെ തുടര്‍ന്ന് എല്‍ഡിഎഫ്, എന്‍സിപിയെ മുന്നണിയില്‍ നിന്നും പുറത്താക്കിയിരുന്നു. 2007ല്‍ കരുണാകരന്‍ പുറത്തുപോകുകയും മകന്‍ മുരളീധരനെ പാര്‍ട്ടി പുറത്താക്കുകയും ചെയ്തതിന് ശേഷമാണ് എന്‍സിപി വീണ്ടും ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്നത്. പലപ്പോഴും എല്‍ഡിഎഫില്‍ നിന്നും എന്‍സിപി പുറത്തുപോകുമെന്ന അഭ്യൂഹങ്ങളുണ്ടായെങ്കിലും കേന്ദ്രനിലപാടിനെ തള്ളി കേരളത്തില്‍ ഇടതുപക്ഷത്തിനൊപ്പം ഉറച്ചു നിന്നതില്‍ ഉഴവൂര്‍ വിജയന്റെ നിലപാടുകള്‍ക്കുള്ള പങ്ക് വലുതാണ്. ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം എല്‍ഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ എന്‍സിപിയില്‍ നിന്നും എകെ ശശീന്ദ്രന്‍ മന്ത്രിയായതും ഇദ്ദേഹത്തിന്റെ കടുത്ത നിലപാടുകള്‍ മൂലമാണ്. അതേസമയം ശശീന്ദ്രന്റെ രാജിയ്ക്ക് ശേഷം പാര്‍ട്ടിയില്‍ ദുര്‍ബലനാകുന്ന ഉഴവൂര്‍ വിജയനെയും കേരളം കണ്ടു. ശശീന്ദ്രന് പകരം തോമസ് ചാണ്ടി മന്ത്രിയായതോടെ പാര്‍ട്ടിയില്‍ രണ്ട് ശക്തികേന്ദ്രങ്ങളുണ്ടായി. പലപ്പോഴും ഉഴവൂര്‍ വിജയനെതിരെ ദേശീയ അധ്യക്ഷന്‍ ശരത് പവാറിന് വ്യാജ പരാതികള്‍ എത്തി.

ജനങ്ങളുമായി കൂടുതല്‍ അടുത്തു നില്‍ക്കുന്നു എന്നത് തന്നെയാണ് ഉഴവൂര്‍ വിജയന്റെ പ്രത്യേകതയായി എല്ലാവരും കണ്ടത്. സ്വതസിദ്ധമായ ശൈലി തെരഞ്ഞെടുപ്പ് കാലങ്ങളില്‍ ഇടതുവേദികളില്‍ അദ്ദേഹത്തിന്റേതായ ഇടമുണ്ടാക്കി. ആക്ഷേപഹാസ്യങ്ങളിലൂടെ രൂക്ഷമായ വിമര്‍ശനങ്ങളാണ് അദ്ദേഹം ഉന്നയിച്ചിരുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിനിമ പേരുകള്‍ ഉപയോഗിച്ച് അദ്ദേഹം നടത്തിയ പ്രസംഗം തരംഗമായിരുന്നു. തൃപ്പൂണിത്തുറയില്‍ എം സ്വരാജിന്റെ പ്രചരണത്തില്‍ വിജയനും പങ്കെടുക്കുന്നുണ്ട്. വിഎസ് വരാന്‍ താമസിച്ച സാഹചര്യത്തില്‍ ജനത്തെ പിടിച്ചിരുത്തേണ്ട ചുമതല അദ്ദേഹത്തിനായി. അദ്ദേഹത്തിന്റെ തന്നെ ഭാഷയില്‍ തന്റെ പതിവ് ‘ഇര’യായ കെഎം മാണിക്കായിരുന്നു ഇത്തവണയും കൊട്ട്. ബാര്‍ കോഴക്കേസ് ഏറെ ചര്‍ച്ചയായ തെരഞ്ഞെടുപ്പില്‍ കോഴ വിവാദത്തില്‍ ഉള്‍പ്പെട്ട കെ ബാബുവിനെതിരെയാണ് സ്വരാജ് മത്സരിക്കുന്നതെന്നും ഓര്‍ക്കണം. ‘മാണി സാറിനെ നരകത്തിലേക്ക് കൊണ്ടുപോകുമ്പോള്‍ ഞാന്‍ സ്വര്‍ഗത്തിലായിരിക്കും. സ്വരാജും സ്വര്‍ഗത്തിലായിരിക്കും. സ്വ.. സ്വരാജ് സ്വര്‍ഗം.. എനിക്ക് അവിടെയൊരു സ്യൂട്ട് റൂം തന്നെ കാണും. കാരണം ഞാനാണല്ലോ ഇവരെക്കുറിച്ച് ഏറ്റവുമധികം പറയുന്നത്. ഇവരൊന്നും പെട്ടന്നൊന്നും ഇവിടെ നിന്ന് പോകാന്‍ പാടില്ല. ഇപ്പോള്‍ യുഡിഎഫ് ഐസിയുവില്‍ ആയിരിക്കുന്നു. ബാര്‍ കോഴക്കേസിന്റെ വെളിപ്പെടുത്തല്‍ വന്നപ്പോള്‍ വെന്റിലേറ്റര്‍ വച്ചു. ഇനി അച്ചന്‍ വന്ന് ഒരു അന്ത്യകൂദാശ കൊടുക്കുക. പിന്നെ പള്ളിമേടയിലേക്ക് എടുക്കുക. അപ്പോഴാണ് തൃപ്പൂണിത്തുറക്കാരും കേരളവും പറയുന്നത് ‘അടി കപ്യാരേ കൂട്ടമണി’. ബിജെപിയുടെ വിഐപി പ്രചാരകനായിരുന്ന സുരേഷ് ഗോപിക്കും കൊടുത്തു അദ്ദേഹത്തിന്റെ തന്നെ സിനിമയിലെ ഡയലോഗ് ഉപയോഗിച്ചുള്ള കൊട്ട്. ‘ദിസ് ഈസ് കേരള, ജസ്റ്റ് റിമമ്പര്‍ ദാറ്റ്!’

എന്‍സിപി കേരളത്തില്‍ അങ്ങോളമിങ്ങോളം സംഘടിപ്പിച്ച ഉണര്‍ത്തുയാത്രയില്‍ കാസര്‍കോട്ടെ പരിപാടിക്കിടെ പ്രസംഗിച്ചുകൊണ്ടിരുന്ന ഉഴവൂര്‍ വിജയന്റെ ഒരു പല്ല് തെറിച്ച് പോയത് സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിരുന്നു. എന്നാല്‍ ‘ഇതുകൊണ്ടൊന്നും ചന്തുവിനെ തോല്‍പ്പിക്കാനാകില്ല’ എന്നായിരുന്നു ഉഴവൂര്‍ വിജയന്റെ മറുപടി. ഫോട്ടോ എടുക്കുന്ന ആവശ്യത്തിനായി അദ്ദേഹം ഒരു വെപ്പ് പല്ല് സ്ഥാപിച്ചിരുന്നു. ഷുഗര്‍ താഴാതിരിക്കാന്‍ ചൂയിംഗം ചവയ്ക്കുന്നുമുണ്ടായിരുന്നു. ‘നിങ്ങള്‍ക്ക് അധികാരത്തില്‍ തുടരാനാവില്ല. ഇറങ്ങിപ്പോയില്ലെങ്കില്‍ കേരളത്തിലെ ജനങ്ങള്‍ നിങ്ങളെ നോക്കി രാവണപ്രഭുവില്‍ മോഹന്‍ലാല്‍ പറഞ്ഞതുപോലെ പറയും, വഴിമാറടാ മുണ്ടയ്ക്കല്‍ ശേഖരാ… ഇത്തരത്തില്‍ ശബ്ദം കനത്തതോടെ വെപ്പ് പല്ലും ചൂയിംഗവും കൂടി വായില്‍ നിന്നും തെറിച്ചുപോകുകയായിരുന്നു. സര്‍ക്കാരിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമ്പോള്‍ പല്ലുപോയില്ലെങ്കിലേ അത്ഭുതമുള്ളൂവെന്നാണ് അന്ന് അദ്ദേഹം പറഞ്ഞ മറ്റൊരു മറുപടി.

ഒരേയൊരു തവണ മാത്രമാണ് ഉഴവൂര്‍ വിജയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. അതിനും അദ്ദേഹത്തിന് ന്യായീകരണമുണ്ടായിരുന്നു. എല്ലാവരും അസംബ്ലിയില്‍ പോയാല്‍ പുറത്തും ആളുവേണ്ടേ എന്നായിരുന്നു ചോദ്യം. 2001ല്‍ കെഎം മാണിക്കെതിരെയാണ് ആകെ മത്സരിച്ചത്. ഇരുപതിനായിരത്തിലേറെ വോട്ടുകള്‍ക്ക് തോല്‍ക്കുകയും ചെയ്തു. എന്നാല്‍ വിജയസാധ്യതയെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹത്തെപ്പോലെ മറുപടി പറഞ്ഞ മറ്റൊരു സ്ഥാനാര്‍ത്ഥിയും ലോകത്തെവിടെയുമുണ്ടാകില്ല. ‘തോറ്റുപോകും’ എന്നായിരുന്നു ആ മറുപടി. തെരഞ്ഞെടുപ്പ് അനുഭവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ‘ഓട്ടോറിക്ഷ ഇടിച്ചല്ലല്ലോ ബെന്‍സ് ഇടിച്ചല്ലേ മരിച്ചത്?’ എന്നായിരുന്നു മറുപടി.

വിജയന്‍ പങ്കെടുക്കുന്ന ചടങ്ങുകളില്‍ നേതാക്കന്മാരെത്തുന്നതിന് മുമ്പേ അദ്ദേഹത്തിന്റെ പ്രസംഗം തുടങ്ങിയിരിക്കും. നേതാക്കള്‍ എത്തുമ്പോഴേക്കും സദസില്‍ ആളുനിറഞ്ഞിരിക്കും. എന്‍സിപി സംസ്ഥാന നേതൃത്വത്തില്‍ തര്‍ക്കങ്ങള്‍ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലുള്ള അപ്രതീക്ഷിത വിയോഗം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കും. പ്രത്യേകിച്ചും ഉഴവൂര്‍ വിജയനെ പോലെ ഇടതുപക്ഷ നിലപാടുകളുമായി മറ്റ് നേതാക്കന്മാര്‍ക്ക് മുന്നോട്ട് പോകാന്‍ സാധിക്കുമോയെന്ന ആശങ്കയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍