UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വി ഡി രാജപ്പന്‍ അന്തരിച്ചു

അഴിമുഖം പ്രതിനിധി

പ്രമുഖ ഹാസ്യകഥാപ്രാസംഗികനും സിനിമതാരവുമായ വി ഡി രാജപ്പന്‍(66) അന്തരിച്ചു. ദീര്‍ഘനാളായി അസുഖബാധിതനായി കിടപ്പിലായിരുന്നു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

കോട്ടയം വേളൂര്‍ സ്വദേശിയായ രാജപ്പന്‍ ഹാസ്യകഥാപ്രസംഗത്തിലൂടെയാണ് മലയാളത്തില്‍ ശ്രദ്ധേയനാകുന്നത്. ഒരു കാലത്ത് സംബശിവനേക്കാള്‍ തിരക്കുള്ള കഥാപ്രാസംഗികനായിരുന്നു രാജപ്പന്‍. രാജപ്പന്റെ കഥകളുടെ പ്രത്യേകത അവയെല്ലാം മൃഗങ്ങളേയും പക്ഷികളേയും വാഹനങ്ങളെയും കേന്ദ്രകഥാപാത്രങ്ങളാക്കിയുള്ളതായിരുന്നു എന്നതാണ്. കാസറ്റ് വില്‍പ്പനയില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ചവയായിരുന്നു വി ഡി രാജപ്പന്റെ മിക്ക കഥാപ്രസംഗങ്ങളും. അമിട്ട്, ചികയുന്ന സുന്ദരി, പോത്തുപുത്രി, അക്കിടി പാക്കരന്‍, കുമാരി എരുമ, അവളുടെ പാര്‍ട്‌സുകള്‍ എന്നിവയൊക്കെ രാജപ്പന്റെ സൂപ്പര്‍ ഹിറ്റ് കഥാപ്രസംഗങ്ങളാണ്.

കഥാപ്രംസഗത്തിലൂടെ നേടിയ പ്രസിദ്ധിയാണ് സിനിമയിലേക്കും വഴി തെളിച്ചത്. കാട്ടുപോത്തായിരുന്നു ആദ്യത്തെ സിനിമ. അതുപക്ഷേ റിലീസ് ആയിരുന്നില്ല. തുടര്‍ന്നും അവസരങ്ങള്‍ തേടിയെത്തിയ രാജപ്പന്‍ പെട്ടെന്നു തന്നെ സിനിമയിലെ പ്രമുഖ ഹാസ്യതാരമെന്ന ലേബല്‍ സ്വന്തമാക്കി. കക്ക, കുയിലിനെതേടി, എങ്ങനെ നീ മറക്കും, കുസൃതിക്കാറ്റ്, മുത്താരംകുന്ന് പി ഒ എന്നീ ചിത്രങ്ങളിലെ വേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സിനിമയുടെയും കഥാപ്രസംഗത്തിന്റെയും തിരക്കുകള്‍ക്കിടയിലാണ് രാജപ്പന് അസുഖം വരുന്നത്. തുടര്‍ന്ന് കോട്ടയം പേരൂരിലുള്ള വീട്ടില്‍ ചികിത്സയിലും വിശ്രമത്തിലായിരുന്നു. ഒടുവില്‍ വി ഡി രാജപ്പന്‍ മറയുമ്പോള്‍ മലയാളിക്ക് നഷ്ടമാകുന്നത് തങ്ങളെ ഏറെ ചിരിപ്പിച്ച ഒരു കലാകാരനെയാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍