UPDATES

Avatar

കാഴ്ചപ്പാട്

എ എസ് അജിത്കുമാര്‍

ന്യൂസ് അപ്ഡേറ്റ്സ്

ഒറിജിനല്‍ പാരഡികള്‍: വി.ഡി രാജപ്പന്റെ സാംസ്കാരികലോകം

2005 മേയ് മാസത്തിലിറങ്ങിയ പച്ചക്കുതിര മാസികയില്‍ വിഡി രാജപ്പന്റെ ഒരു അഭിമുഖം വന്നിരുന്നു (അഭിമുഖം നടത്തിയത്- എം ബി മനോജ്‌). പ്രസ്തുത അഭിമുഖത്തില്‍ വി ഡി രാജപ്പന്‍ പറഞ്ഞ രണ്ടു കാര്യങ്ങള്‍ കേരളത്തിന്റെ സാംസ്കാരിക രംഗത്ത് അദ്ദേഹത്തിന്റെ ചരിത്രപരമായ പ്രസക്തിയിലേക്കുള്ള സൂചനകളാണ്. അദ്ദേഹം പറയുന്നു: “എന്റെ ഓഡിയന്‍സ് മിഡിലിലും താഴെയുള്ളവരാ. ആദ്യകാലത്ത് പണ്ടൊക്കെ എന്റെ കാസറ്റ് കടേന്ന്‍ മേടിക്കുന്നെ, കൊച്ചു പുസ്തകം മേടിക്കുന്ന പോലെയാന്നു കാസറ്റ് കടക്കാര് പറഞ്ഞിട്ടൊണ്ട്. അവര് പതുക്കെ ചോദിക്കും. വി ഡി രാജപ്പന്റെ കാസറ്റൊണ്ടോ? പൈസേം കൊടുത്ത് ആരും കാണാതെ താത്തുകൊണ്ട് പോകും. വീട്ടില്‍ പോയിരുന്നു ആസ്വദിക്കും”. വി ഡി രാജപ്പന്‍ പറഞ്ഞ മറ്റൊരു പ്രധാന കാര്യം ഇതാണ്. “സാംബശിവന്‍ മലയാള മനോരമ സണ്‍ഡേ സപ്ലിമെന്റില്‍ എഴുതി. കഥാപ്രസംഗ കലയെ നശിപ്പിക്കാനായിട്ട് ഒരു കാഥികന്‍ എലീടേം പൂച്ചേടം കോഴീടേം കഥയായിട്ട് രംഗത്തിറങ്ങിയിട്ടുണ്ട്”.

ഈ പറഞ്ഞ കാര്യങ്ങളില്‍ നിന്ന് എഴുപതുകളുടെ മധ്യത്തോടെ കേരളത്തിന്റെ സാംസ്കാരിക രംഗത്ത് വി ഡി രാജപ്പന്റെ സാന്നിധ്യം എങ്ങനയാണ് അടയാളപ്പെടുത്തിയത് എന്ന് മനസിലാക്കാനുള്ള സൂചനകളുണ്ട്. ആദ്യമായി അദ്ദേഹത്തിന്റെ ആസ്വാദകര്‍ കൂടുതലും “മിഡിലി”ന് താഴെയുള്ളവരാണെന്നത് പ്രധാനമാണ്. വര്‍ഗപരമായി താഴെക്കിടയിലുള്ളവരായിരുന്നു അദ്ദേഹത്തിന്റെ ആസ്വാദകര്‍. ജാതിപരമായും കീഴാളമായ ഒരു ആസ്വാദക ഇടമായിരുന്നു അത്. അദ്ദേഹത്തിന്റെ അഭിമുഖത്തില്‍ പറയുന്ന മറ്റു രണ്ടു കാര്യങ്ങളും വിലയിരുത്താം. കൊച്ചുപുസ്തകം പോലെയായിരുന്നു അദേഹത്തിന്റെ കാസറ്റുകള്‍ കണ്ടിരുന്നത്‌ എന്ന് അദ്ദേഹം പറയുന്നു. പതുക്കെ ചോദിച്ചു വാങ്ങി ആരും കാണാതെ താത്തുകൊണ്ടുപോയി വീട്ടിലിരുന്ന് ആസ്വദിക്കും എന്നത് അത് വാങ്ങാന്‍ വന്നിരുന്നവരെ പോലെ പൊതുസമൂഹത്തിന്റെ മധ്യവര്‍ഗ സദാചാരബോധത്തെക്കുറിച്ചും വ്യക്തമാക്കുന്നു. എന്തുകൊണ്ടായിരിക്കും വി ഡി രാജപ്പന്റെ പാരഡി വാങ്ങി കേള്‍ക്കുന്നത് ഒരു “കുറഞ്ഞ”, “നാണം തോന്നേണ്ട” കാര്യമായാണെന്ന ഒരു ബോധം അന്നുണ്ടായിരുന്നത്‌? വി ഡി രാജപ്പന്റെ ഹാസ്യ കാസറ്റുകളുടെ കാര്യത്തില്‍ “ജനപ്രിയത” എന്നത് സൂപ്പര്‍ഹിറ്റ് സിനിമകളുടെ കാര്യത്തിലെപ്പോലെയല്ല കാണേണ്ടത് എന്ന് പി കെ രതീഷ്‌ പറയുന്നുണ്ട് (‘ഹാസ്യാക്ഷേപം?: മിമിക്രിയുടെ ഉല്പത്തി ചരിത്രം’: പച്ചക്കുതിര, മെയ് 2005). കാരണം “മിമിക്രി, പാരഡി, കോമഡി, കഥാപ്രസംഗം തുടങ്ങിയവയുടെ പ്രേക്ഷകര്‍ ഒരു പ്രത്യേക സാമൂഹിക-സാമ്പത്തിക പശ്ചാത്തലത്തിലുള്ളവരാണ്. സവര്‍ണ്ണ/മധ്യവര്‍ഗ പ്രേക്ഷകര്‍ക്കിടയില്‍ ഈ ഹാസ്യ പ്രകടനങ്ങള്‍ക്ക് അത്രയൊന്നും അംഗീകാരം ലഭിച്ചിരുന്നില്ല”. വി ഡി രാജപ്പന്റെ കാസറ്റുകളുടെ കേള്‍വി തന്നെ അപ്പോള്‍ “കീഴാള”മായിരിക്കണം. അംഗീകൃത കലാരൂപങ്ങള്‍ക്ക്‌ പുറത്തു കീഴാളര്‍ക്കു രഹസ്യമായ ആനന്ദം തരുന്ന ഒന്നായിരുന്നിരിക്കണം ഈ കാസറ്റുകള്‍.

സാംബശിവനെ കുറിച്ചുള്ള പരാമര്‍ശം ശ്രദ്ധേയമാണ്. വി ഡി രാജപ്പന്‍റെ കഥാപ്രസംഗം സാംബശിവനെ ചൊടിപ്പിച്ചത് എന്തുകൊണ്ടായിരിക്കും? “പട്ടീടേം പൂച്ചേടെം കോഴീടേം” കഥകളുമായി കഥാപ്രസംഗം എന്ന കലയെ നശിപ്പിക്കാനായിട്ട് ഇറങ്ങിയിട്ടുണ്ട് എന്ന ആശങ്കയുണ്ടാകാന്‍ കാരണം സാംബശിവന് പ്രതിനിധീകരിച്ചിരുന്ന ഒരു സാംസ്കാരിക ധാരയുടെ ജനപ്രിയത നഷ്ടമാകുമോ എന്ന ഭയം കൊണ്ടായിരിക്കണം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായിരുന്ന സാംബശിവന്റെ കഥാപ്രസംഗം ഒഥല്ലോ, ആയിഷ, ഇരുപതാം നൂറ്റാണ്ട്, കാരമസോവ് സഹോദരന്മാര്‍ തുടങ്ങിയ ഒരു തരം ഇടതുപക്ഷ കാല്‍പനിക സാര്‍വദേശീയത/സാര്‍വലൌകികതയില്‍ ചുറ്റിക്കറങ്ങുന്ന പ്രമേയങ്ങളെയാണ് സ്വീകരിച്ചിരുന്നത്. വി ഡി രാജപ്പന്റെ കഥാപ്രസംഗ ലോകം ഈ ഇടതു സാംസ്കാരികതയുടെ പാരഡിയായിരുന്നു. വി ഡി രാജപ്പന്റെ പ്രമേയങ്ങള്‍ ഈ  “സാര്‍വദേശീയ മാനവികത”യുടെ ഭാരം പേറുന്നവയായിരുന്നില്ല. ആധുനികതയുടെ ആശങ്കകള്‍ ആയിരുന്നില്ല അവയ്ക്കുണ്ടായിരുന്നത്. ഇതിനു വിപരീതമായി കേവലമായ ഒരു “പ്രാദേശികത’യ്ക്കപ്പുറം സാങ്കല്‍പ്പികമായ, അദൃശ്യമായി നില്‍ക്കുന്ന ലോകങ്ങള്‍ തന്നെയാണ് അദ്ദേഹം സൃഷ്ടിച്ചത്. മാക് മാക് എന്ന കഥ തന്നെ “മരതക” ദ്വീപിലാണ് നടക്കുന്നത്. എന്നെന്നും കുരങ്ങേട്ടന്റെ എന്ന കഥ നടക്കുന്നത് സൈലന്റ് വാലിയിലെ കാട്ടിലും. കാട്, കാഴ്ച ബംഗ്ലാവ്, വയല്, തോട്, റയില്‍വേ ട്രാക്ക് എന്നിവയുടെ രഹസ്യലോകങ്ങള്‍ ആണ് വി ഡി രാജപ്പന്‍ കഥകളുടെ ലോകം. “മനുഷ്യന്റെ” / “മനുഷ്യ ലോകത്തിന്റെ” തന്നെ പാരഡിയുണ്ടാക്കുകയായിരുന്നു. മൃഗ /പക്ഷി ലോകം “മനുഷ്യ”കേന്ദ്രീകൃതമായ ഒരു ലോകത്തിന്റെ ഒരു പാരഡിയായി വരുന്നു. അക്കാലത്തെ സാംസ്കാരിക ഇടത്തെ, ഇടതുപക്ഷ  രാഷ്ട്രീയ വാചകമടിയുടെ ഒരു മടുപ്പിനെ ചിലപ്പോള്‍ പലരും ഈ കാസറ്റുകളിലൂടെ മറികടക്കാന്‍ ശ്രമിച്ചിട്ടുണ്ടാകാം. 

അദ്ദേഹത്തിന്റെ കഥകളില്‍ വരുന്നത് ഒരുപക്ഷെ അത്രയും ബഹുമാനിക്കപ്പെടാത്ത “താഴ്ന്ന” മൃഗങ്ങളും പക്ഷികളും ഇഴജന്തുക്കളുമായിരിക്കണം. എരുമ, പോത്ത്, കുരങ്ങന്‍, കാക്ക, തവള, നീര്‍ക്കോലി, കുറുക്കന്‍. ഇവയില്‍ പലതും കീഴാള ജീവിതപരിസരങ്ങളോട് അടുപ്പമുള്ളവ. മൃഗശാലയില്‍ കിടക്കുന്ന കുരങ്ങന്റെ ജീവിത ചരിത്രത്തെക്കുറിച്ച് സംസാരിക്കുന്നതുള്‍പ്പടെ “മനുഷ്യ സംഗമങ്ങള്‍”ക്കപ്പുറത്തേക്ക് പോകുന്നുണ്ട്. യന്ത്രങ്ങള്‍ കഥാപാത്രങ്ങള്‍ ആകുന്നതും ആ നിലയ്ക്ക് തന്നെയാണ്. സാങ്കേതികതയുടെ സാമൂഹ്യചരിത്രം പഠനവിഷയമാക്കപ്പെടുന്ന ഈ സമയത്ത് സാങ്കേതികതയോടുള്ള അദ്ദേഹത്തിന്റെ ഇടപെടലുകള്‍ക്ക് കൌതുകമുണ്ട്. ഈ സമീപനം കൊണ്ട് തന്നെയാവണം കഥാപ്രസംഗം പോലെയുള്ള ഒരു കലാരൂപത്തെ കാസറ്റുകളുടെ ഒരു കാലത്ത് അതിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി സജീവമായി നില്‍ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞത്.

എഴുപതുകളുടെ പകുതി മുതല്‍ എണ്‍പതുകളുടെ അവസാനം വരെയുള്ള കാലഘട്ടം നോക്കുകയാണെങ്കില്‍ വളരെ സജീവമായ രാഷ്ട്രീയ/സാംസ്കാരിക ഗതിമാറ്റങ്ങള്‍ കാണാന്‍ കഴിയും. സിനിമാ/സംഗീത രംഗത്തെ മാറ്റങ്ങള്‍, ടേപ്പ് റിക്കോര്‍ഡുകളും കാസറ്റുകളും രംഗ പ്രവേശനം ചെയ്തത്, കാസറ്റ് സംസ്കാരം, നക്സല്‍ പ്രസ്ഥാനം, പാശ്ചാത്യ സംഗീത ബാന്‍ഡ് സംസ്കാരം, എണ്‍പതുകളോടെ തുടങ്ങിയ ദലിത് അന്വേഷണങ്ങള്‍, എണ്‍പതുകളുടെ പകുതിയില്‍ ആരംഭിച്ച മലയാളം ടെലിവിഷന്‍ പ്രക്ഷേപണം ആരംഭം, മിമിക്രിവേദികള്‍ സജീവമാകുന്നത്… ഒട്ടേറെ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടവയും അല്ലാത്തവയുമുണ്ട്. ഈ കാലഘട്ടമാണ് വി ഡി രാജപ്പന്‍ സജീവമായി നിന്നത്. അദ്ദേഹത്തിന്റെ സാംസ്കാരിക സാന്നിധ്യം അതുകൊണ്ടുതന്നെ ആ കാലഘട്ടത്തില്‍ പ്രധാനമായ ഒന്നായിരുന്നു. ഓഡിയോ കാസറ്റുകളുടെ ഒരു “വിപ്ലവം” തന്നെയുണ്ടായ സമയത്ത് ഒരു “ശ്രാവ്യലോകം” തന്നെ അദേഹം സൃഷ്ടിച്ചു.

പാരഡി എന്ന സൃഷ്ടിപരത
പാരഡി, മിമിക്രി എന്നിവയെ കലാപരമായതോ സൃഷ്ടിപരമായതോ ആയി കാണാന്‍ മടിക്കുന്നവരുണ്ട്. യാഥാര്‍ത്ഥ കലകള്‍, സൃഷ്ടികള്‍ എന്ന് പറയുന്നവയുടെ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ ഈ ഒറിജിനല്‍ /പാരഡി അനുകരണം എന്നിവ തിരിച്ചറിയാന്‍ കഴിയാത്ത സങ്കീര്‍ണ്ണതകള്‍ ഉള്ളവയാണെന്ന് കാണാം. സാമൂഹ്യ രാഷ്ട്രീയ രംഗത്തെ മിമിക്രി, പാരഡി എന്നിവയെ സംബന്ധിച്ചുള്ള പഠനങ്ങള്‍ ധാരാളമുണ്ട്. കലയുടെ സവിശേഷ മണ്ഡലത്തില്‍ തന്നെ ഈ ഒറിജിനല്‍/പാരഡി എന്നിവയുടെ അതിരുകള്‍ മാഞ്ഞു പോകുന്ന ഒട്ടേറെ ഉദാഹരണങ്ങള്‍ കാണാം. “ക്ലാസിക്കല്‍” സംഗീതം എന്ന യൂറോപ്യന്‍ സംജ്ഞ കടമെടുക്കുക മാത്രമായിരുന്നില്ല ഇവിടെ നടന്നത്. ആ സംഗീത സങ്കല്‍പ്പവുമായുള്ള ഇടപെടലിന്റെ ഭാഗമായി പാരഡിയുടെ സാഹചര്യങ്ങള്‍ ആധുനിക കര്‍ണാടക സംഗീതത്തില്‍ കാണാം. ജാതീയമായ കാര്‍ക്കശ്യങ്ങള്‍ നിലനിര്‍ത്തികൊണ്ട് scientific എന്നര്‍ത്ഥം വരുന്ന “ശാസ്ത്രീയം” എന്നത് അവകാശപ്പെടാന്‍ കഴിയുന്നത്‌ പാശ്ചാത്യ ക്ലാസിക്കല്‍ സംഗീതത്തിന്റെ ഒട്ടേറെ ഘടകങ്ങളുടെ പാരഡി സൃഷ്ടിച്ചു കൊണ്ടാണ്. സാധാരണ ജാതിയെ ആധുനികപൂര്‍വ്വം എന്ന് മനസിലാക്കപ്പെടുന്നിടത്താണ് ഇത് സാധ്യമാകുന്നത് എന്നതാണ് ശ്രദ്ധേയം. ഓപ്പെറ പഠിച്ചു കൊണ്ട് രുക്മിണി ദേവി അരുണ്‍ഡേല്‍ സദിരാട്ടത്തെ ഭാരതനാട്യമാക്കാന്‍ ഇറങ്ങിയ ഒരു ചരിത്രവും ഓര്‍ക്കേണ്ടതുണ്ട്. ഓപ്പെറ പോലുള്ള ഒരു “ക്ലാസ്സിക്കല്‍” നൃത്തമായിരുന്നു രുക്മിണി ദേവിയുടെ മാതൃക. അതിനു പറ്റിയ ഒരു നൃത്തരൂപത്തെ സദിരാട്ടത്തില്‍ കണ്ടെത്തുകയായിരുന്നു.

സിനിമാപാട്ടിലേക്ക് വന്നാല്‍ അവയുടെ ആരംഭം തന്നെ പാരഡിയിലൂടെയായിരുന്നു എന്ന് കാണാം. മലയാള സിനിമാ പാട്ടുകള്‍ തന്നെ ഹിന്ദി സിനിമാ പാട്ടുകളുടെ പാരഡികളായിരുന്നു ആദ്യകാലത്ത്. നാടക ഗാനങ്ങളുടെ അവസ്ഥയും അതായിരുന്നല്ലോ. റെഡിമെയ്ഡ് ഈണങ്ങളായ വര്‍ണ്ണമട്ടുകള്‍ ആയിരുന്നു നാടകഗാനങ്ങളില്‍ ആദ്യകാലത്ത് ഉപയോഗിച്ചിരുന്നത്. മലയാള സിനിമാ പാട്ടുകളുടെ ആദ്യകാല “ഹിറ്റുകള്‍” പലതും ഹിന്ദി ഗാനങ്ങളെപ്പോലെ തന്നെ കര്‍ണാടക സംഗീത കൃതികളുടെയും പാരഡികളായിരുന്നു. “മാനസ സഞ്ചരരെ…”  എന്ന ഗാനത്തിന്റെ പാരഡിയായിരുന്നു ആത്മവിദ്യാലയമേ… ചലച്ചിത്ര ഗാനങ്ങളുടെ ഘടനയെ സൂചിപ്പിക്കാന്‍ പലപ്പോഴും ഉപയോഗിക്കുന്ന പദങ്ങള്‍ തന്നെ നോക്കുക. പല്ലവി, അനുപല്ലവി, ചരണം തുടങ്ങിയവ കര്‍ണാടക സംഗീതത്തില്‍ നിന്നും കടംകൊണ്ടവയാണ്.

സംഗീതത്തില്‍ പാരഡിയെ കുറിച്ച് വളരെ വിശദമായി വിവരിക്കുന്നത് പീറ്റര്‍ മാനുവലിന്റെ കാസറ്റ് കള്‍ച്ചര്‍ (1993) എന്ന പുസ്തകത്തിലാണ്. സ്റ്റോക്ക് ഈണങ്ങള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ചും ട്യൂണുകള്‍ കടം കൊള്ളുന്നതിനെ കുറിച്ചും ചരിത്രപരമായി തന്നെ അദ്ദേഹം വിവരിക്കുന്നുണ്ട്. ഹിന്ദി സിനിമാ പാട്ടുകളില്‍ എണ്‍പതുകളില്‍ വിദേശ ഹിറ്റുകളില്‍ നിന്നും കടമെടുത്ത ഒട്ടേറെ ഈണങ്ങള്‍ ഹിറ്റുകളായിരുന്നു. വടക്കേ ഇന്ത്യയിലെ നാടന്‍ സംഗീതജ്ഞര്‍ ബോളിവുഡ് ഹിറ്റുകളുടെ ഈണങ്ങള്‍ കടമെടുത്തിരുന്നു. ഹിന്ദി സിനിമാ പാട്ടുകളും നാടന്‍ പാട്ടുകളും പരസ്പരം പാരഡികള്‍ സൃഷ്ടിച്ചിരുന്നുവെന്ന് കാണാം.

വി ഡി രാജപ്പന്റെ പാരഡികളിലേക്ക് വരുമ്പോള്‍ ഹിറ്റായ ഈണങ്ങള്‍ ചിരിയുണര്‍ത്താനാണ് അദ്ദേഹം ഉപയോഗിച്ചിരുന്നത്. “ഞാന്‍ നശിപ്പിച്ച ഒരുപാട് പാട്ടുകളുണ്ട്” എന്ന് ഒരു പരിപാടിയില്‍ പറയുന്നത് കേട്ടു. ഈ “നശിപ്പിക്കല്‍” എന്നത് എനിക്ക് തോന്നുന്നത് “ഒറിജിനല്‍” എന്ന സങ്കല്‍പ്പത്തെയും കലാകാരന്മാര്‍/കാരികള്‍ എന്നിവരുടെ സര്‍ഗാത്മകതയെ ചുറ്റിയുള്ളതും കലാ സൃഷ്ടിയെ ചുറ്റിപ്പറ്റിയുള്ള “ഓറ” ആണെന്ന് തോന്നുന്നു. അദ്ദേഹത്തിന്റെ ഒരു പാട്ട് തന്നെയെടുക്കാം. അത് ഒരു സാംസ്കാരിക വിമര്‍ശനം ആയിട്ടാണ് എനിക്ക് തോന്നുന്നത്.

ശങ്കരാഭരണം എന്ന സിനിമയിലെ “ശങ്കാരാ… നാദ ശരീരാ പരാ” എന്ന ഗാനത്തിന്റെ ഒരു ഹിറ്റായ പാരഡി അദ്ദേഹം ഉണ്ടാക്കിയിട്ടുണ്ട്. “ശങ്കരാ പോത്തിനെ തല്ലാതെടാ… നടുവടിച്ചൊടിക്കാതെടാ..” എന്ന ഗാനം. ഈ പാട്ടിന്റെയും ശങ്കാരഭരണം സിനിമയുടെയും അന്നത്തെ “പ്രസക്തി” ആലോചിക്കുമ്പോഴാണ് ഈ “നശിപ്പിക്കലിന്റെ” ആഴം മനസിലാകുന്നത്. ശങ്കരാഭരണത്തിന്റെ പേടികള്‍ എന്ന പേരില്‍ ഞാന്‍ നേരത്തെ എഴുതിയിട്ടുണ്ട്. എഴുപതുകളുടെ ഒടുവില്‍ യുവാക്കളുടെ ഇടയില്‍ പാശ്ചാത്യ പോപ്പുലര്‍ സംഗീതത്തിനു വര്‍ദ്ധിച്ചു വരുന്ന സ്വാധീനത്തോടുള്ള ആശങ്കയുടെ പ്രകടനമെന്നോണം “ശാസ്ത്രീയ” സംഗീതതത്തെ തിരിച്ചു പിടിക്കാനുള്ള ഒരു യത്നമായിരിക്കണം ശങ്കാരാഭരണം സിനിമയും അതിലെ പാട്ടുകളും. ആ നിലയ്ക്ക് അന്ന് കൊണ്ടാടപ്പെട്ട “ശങ്കരാ…” എന്ന ഗാനത്തെ  ഒരു കീഴാള ജീവിതബോധം വച്ച്  “നശിപ്പിക്കുകയാണ്” വി ഡി രാജപ്പന്‍ ചെയ്തത്. “ശ്രേഷ്ഠ”വും “ശുദ്ധ”വുമായ ഒരു സംഗീതബോധത്തെ അലമ്പാക്കുന്നുനുണ്ട് അതില്‍.

http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=11295

വി ഡി രാജപ്പന്റെ മരണത്തിനു ശേഷം വെറും ഒരു പാരഡിക്കാരന്‍ എന്ന മട്ടില്‍ അദ്ദേഹത്തിന്റെ സാംസ്കാരിക  ഇടപാടിനെ കുറച്ചു കാണുന്ന ഒരു സമീപനമാണ് കണ്ടത്. അദ്ദേഹത്തിന്റെ സാംസ്കാരികതലം നമ്മുടെ മുഖ്യധാര, വരേണ്യ സാംസ്കാരിക വ്യവഹാരങ്ങളുടെ ചട്ടക്കൂടില്‍ എളുപ്പം ഒതുങ്ങില്ല. അതുകൊണ്ട് തന്നെ ഈ എഴുത്തിലൂടെ അദ്ദേഹത്തിന്റെ സാംസ്കാരിക പ്രസക്തി കുറച്ചെങ്കിലും ഉന്നയിക്കാന്‍ ശ്രമിക്കുകയാണ് ഞാന്‍ ചെയ്തത്.

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍