UPDATES

വിപണി/സാമ്പത്തികം

കിംങ് ഫിഷര്‍ മുതല്‍ കഫേ കോഫി ഡേ വരെ; ആരാണ് പുത്തന്‍ ബിസിനസ്സുകാരെ ഇല്ലാതാക്കുന്നത്?

ഉദാരവല്‍ക്കരണ കാലത്തെ സാമ്പത്തിക യുക്തികളാണോ ബിസിനസ് സാമ്രാട്ടുകളെയും തകര്‍ക്കുന്നത്

കഫേ കോഫി ഡേ സ്ഥാപകന്‍ വി ജി സിദ്ധാര്‍ത്ഥയുടെ ദുരൂഹമരണം വലിയ വിവാദങ്ങള്‍ക്കു കൂടി കാരണമായിരിക്കയാണ്. ഇന്‍കം ടാക്‌സ് അധികൃതരുടെ ഇടപെടലാണ് സിദ്ധാര്‍ത്ഥയുടെ മരണത്തിന് കാരണമായതെന്ന അദ്ദേഹത്തിന്റെ കുറിപ്പിലെ പരാമര്‍ശങ്ങളാണ് വിവാദങ്ങള്‍ക്ക് കാരണമായത്. യുപിഎ കാലത്ത് ആരംഭിച്ച ബിസിനസ് സംരംഭങ്ങളെ തകര്‍ക്കുകയാണെന്ന് രീതിയില്‍ കോണ്‍ഗ്രസിന്റെ വിവിധ നേതാക്കള്‍ പ്രതികരിച്ചു കഴിഞ്ഞു. വിവിധ ആരോപണങ്ങളും കേസുകളും നേരിടുന്ന ചില ബിസിനസ്സുകാരും ആദായ നികുതി അടക്കമുള്ള സംവിധാനങ്ങള്‍ക്കെതിരെ രംഗത്തുവന്നു കഴിഞ്ഞു.

ഇന്ത്യയില്‍ നവലിബറല്‍ നയങ്ങള്‍ നടപ്പിലാക്കിയതിന് ശേഷം ആരംഭിച്ച ചില കമ്പനികളാണ് വന്‍ കുതിപ്പ് കാണിച്ചതിന് ശേഷം ഇപ്പോള്‍ വലിയ പ്രതിസന്ധികളിലേക്കും തകര്‍ച്ചയിലേക്കും പോകുന്നത്. വിജയ് മല്ല്യയുടെ കിങ്ങ് ഫിഷര്‍, അനില്‍ അംബാനിയുടെ ആര്‍ കോം എന്നിങ്ങനെ ഈ ഗണത്തില്‍ പെടുത്താവുന്ന സ്ഥാനപങ്ങളുടെ എണ്ണം കൂടി വരികയാണ്. രാജ്യത്തെ നിലനില്‍ക്കുന്ന നിയമ വ്യവസ്ഥകളുമായി ഇത്തരം കമ്പനികള്‍ക്ക് പൊരുത്തപ്പെടാന്‍ കഴിയാത്തതാണോ അതോ ലൈസന്‍സ് രാജിന്റെ കാലത്തെ യുക്തികളുമായി ബിസിനസ്സുകാരെ ഉദ്യോഗസ്ഥര്‍ വേട്ടയാടുന്നതാണോ ഇവര്‍ക്ക് തിരിച്ചടിയാകുന്നത്. ഇതിനകം വാര്‍ത്തകളില്‍ നിറഞ്ഞ കമ്പനികളുടെ കഥകള്‍ തെളിയിക്കുന്നത് വെട്ടിപ്പിടിക്കാന്‍ പുതിയ പന്ഥാവുകള്‍ തേടിയ സ്ഥാപനങ്ങള്‍ക്കാണ് തിരിച്ചടി നേരിട്ടതെന്നതാണ്.

കഫേ കോഫി ഡേയുടെ ഹോള്‍ഡിംങ് കമ്പനിയായ കോഫി ഡേ എന്റര്‍പ്രൈസസിന് ഈ വര്‍ഷം മാര്‍ച്ചിലെ കണക്കുപ്രകാരം 6550 കോടി രൂപയുടെ കടബാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. 2018 ല്‍ 1777 രൂപയായിരുന്നു കമ്പനിയുടെ വരുമാനം. അത് ഈ വര്‍ഷം 1814 കോടി രൂപയായി വര്‍ധിച്ചു.

സാമ്പത്തിക മേഖലയിലെ അടിസ്ഥാന സൂചികകളും കമ്പനിയുടെ പ്രതിസന്ധിക്ക് ആക്കം കൂട്ടിയെന്ന് വേണം കണക്കാക്കാന്‍. കോഫിയുടെ വില കഴിഞ്ഞ 13 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായി. കയറ്റുമതിയില്‍ ഈ വര്‍ഷം 10 ശതമാനത്തിന്റെ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

വര്‍ധിച്ചുവന്ന കടം പ്രവര്‍ത്തന മൂലധനത്തെ വല്ലാതെ പരിമതിപ്പെടുത്തുന്ന ഒരവസ്ഥയുണ്ടായിരുന്നു. ഇതിനായി മൈന്റ് ട്രീ എന്ന കമ്പനിയിലെ തന്റെ ഓഹരികള്‍ ഭൂരിപക്ഷവും വിറ്റു. 3200 കോടി രൂപയ്ക്കാണ് അദ്ദേഹം തന്റെ ഓഹരികള്‍ വിറ്റഴിച്ചത്. ഇതിന് പുറമെ കോഫി ഡേയില്‍ കൊക്കോ കൊളയ്ക്ക് പങ്കാളിത്തം നല്‍കാനും അദ്ദേഹം ശ്രമിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 2017 ലാണ് ആദായ നികുതി ഉദ്യോഗസ്ഥര്‍ കഫേ ഡേയില്‍ റെയ്ഡ് നടത്തിയത്. 650 കോടി രൂപയുടെ അനധികൃത പണം കണ്ടെത്തിയതെന്ന് പറഞ്ഞായിരുന്നു റെയ്ഡ്.

റിലയന്‍സ്, അദാനി തുടങ്ങിയ വന്‍കിടകാര്‍ക്ക് നല്‍കുന്ന പരിഗണന ഇന്ത്യന്‍ നിയമ സംവിധാനങ്ങളും ബാങ്കുകളും സിദ്ധാര്‍ത്ഥയ്ക്ക് നല്‍കിയില്ലെന്നത് ഉറപ്പാണ്. അതിന്റെ കൂടെ ഇരയാണ് സിദ്ധാര്‍ത്ഥ. ഉദാരവല്‍ക്കരണ കാലത്തെ ബിസിനസ്സ് സംരംഭങ്ങള്‍ സ്ഥിരമായി നിലനില്‍ക്കാന്‍ രാഷ്ട്രീയ പിന്തുണയേറെ വേണമെന്നു കൂടിയാണ് ഇദ്ദേഹത്തിന്റെ ജീവിത തകര്‍ച്ച വെളിപ്പെടുത്തുന്നത്.

സിദ്ധാര്‍ത്ഥയില്‍ നിന്ന് ഭിന്നമായ മറ്റൊരു കഥയാണ് കിംങ് ഫിഷറിന്റെത്. കിംങ് ഫിഷര്‍ എയര്‍ലൈന്‍സ് ആരംഭിച്ചതോടെ ഒടുവില്‍ കമ്പനി തന്നെ കടക്കാരാവുകുയും വിജയ് മല്ല്യ ബാങ്കുകളെ കബളിപ്പിച്ച് നാടു വിടുകയും ചെയ്തതിന്റെ കഥയാണത്. 2005 ലാണ് കിങ് ഫിഷര്‍ എയര്‍ലൈന്‍സ് ആരംഭിക്കുന്നത്. ഇന്ത്യന്‍ വ്യോമ മേഖല പിടിച്ചെടുക്കാന്‍ പോകുകയാണെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു വരവ്. ആദ്യ കാലത്ത് വലിയ നേട്ടമാണ് കിങ് ഫിഷര്‍ എയര്‍ലൈന്‍സ് കൈവരിച്ചത്. അന്താരാഷ്ട്ര വ്യോമ മേഖലയിലേക്ക് പ്രവേശിക്കാമെന്ന ആഗ്രഹത്താല്‍ അദ്ദേഹം സഹാറ ഗ്രൂപ്പിന്റെ കമ്പനി വാങ്ങാന്‍ ആലോചിച്ചു. മല്‍സരത്തില്‍ ജെറ്റ് വിജയിച്ചു. പിന്നീട് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അന്താരാഷ്ട്ര വിമാന സര്‍വീസ് തുടങ്ങി. അക്കാലത്തെ രാഷ്ട്രീയ ബന്ധങ്ങള്‍ എല്ലാറ്റിനും അദ്ദേഹത്തിന് സഹയകരമായി. ഇന്ത്യന്‍ വ്യോമ മേഖല തന്റെ നിയന്ത്രണത്തിലാക്കുന്നതിന് വേണ്ടി പ്രതിസന്ധിയിലായിരുന്ന എയര്‍ ഡെക്കാന്‍ അദ്ദേഹം വാങ്ങി. സാമ്പത്തിക യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെടുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ ബിസിനസ്സ് തീരുമാനങ്ങള്‍. എന്നാല്‍ ഇതിനൊക്കെ ബാങ്കുകള്‍ കൂട്ടുനിന്നു. വായ്പകള്‍ നല്‍കി പ്രോല്‍സാഹിപ്പിച്ചു. ഈ ഘട്ടത്തിലാണ് സാമ്പത്തിക മാന്ദ്യം ബാധിക്കുന്നത്. അത് കമ്പനിയെ ബാധിച്ചു. പ്രതിസന്ധികള്‍ രൂക്ഷമായി. സര്‍വീസുകള്‍ നടത്താനാവാതെയായി. ബാങ്കുകളില്‍നിന്നുളള സമ്മര്‍ദ്ദം വര്‍ധിച്ചു. ജീവനക്കാര്‍ സമരം തുടങ്ങി. അങ്ങനെ സര്‍ക്കാര്‍ ലൈസന്‍സ് റദ്ദാക്കി. കമ്പനി പൂട്ടി. മല്യ നാടു വിടകയും ചെയ്തു. ബാങ്കുകള്‍ക്ക് കിട്ടാകടം മാത്രം ബാക്കിയായി. യുക്തിഭദ്രമല്ലാത്ത സാമ്പത്തിക തീരുമാനങ്ങളെടുത്തതാണ് വിജയ് മല്യയുടെ കമ്പനി തകരാന്‍ കാരണം. അദ്ദേഹത്തിന്റെ വന്യമായ നിക്ഷേപ താല്‍പര്യങ്ങള്‍ക്ക് ബാങ്കുകളും മറ്റ് നിയമസംവിധാനങ്ങളും കൂട്ടുനിന്നു. ഒടുവില്‍ തകരുകയും ചെയ്തു.

2008 ല്‍ ഫോബ്‌സ് മാസികയുടെ കണക്ക് പ്രകാരം അനില്‍ ധീരുബായ് അംബാനി ലോകത്തെ ആറാമത്തെ ഏറ്റവും ധനികനായ മനുഷ്യനായിരുന്നു. എന്നാല്‍ ഇപ്പോള്‍ സാമ്പത്തികമായി ഏറ്റെടുത്ത ബാധ്യതകള്‍ പരിഹരിക്കാന്‍ കഴിയാത്തതിനാല്‍ ജയില്‍ ശിക്ഷ വരെ ലഭിക്കുന്നതിന്റെ വക്കിലെത്തിയിരുന്നു ഇന്ത്യയിലെ ഏറ്റവും പ്രമുഖരില്‍ ഒരാളായ ബിസിനസ്സുകാരന്‍.

ഉദാരവല്‍ക്കരണത്തിന്റെ സാമ്പത്തിക യുക്തികള്‍ തകര്‍ത്ത നിരവിധി സംരഭങ്ങളില്‍ ഒടുവിലത്തെതാണ് കഫേ കോഫി ഡേ. രാജ്യത്തെ സ്റ്റാര്‍ട്ട് അപ്പുകളില്‍ 90 ശതമാനവും അഞ്ച് വര്‍ഷത്തിനുള്ളില്‍ തകരുകയെന്നാണ് റിപ്പോര്‍ട്ട്.സര്‍ക്കാരിന്റെയും ഉദാരവല്‍ക്കരണ സാമ്പത്തിക യുക്തിയുടെയും അടിസ്ഥാനത്തില്‍ പുറപ്പെടുവിക്കുന്ന ആവേശങ്ങള്‍ ഇന്ത്യന്‍ വ്യവസായ രംഗത്തെക്കുറിച്ചുള്ള യഥാര്‍ത്ഥ്യം പ്രതിഫലിപ്പിക്കുന്നില്ലെന്നാണ് സിദ്ധാര്‍ത്ഥിന്റെയും ജീവിതം കാണിക്കുന്നത്.

Read More: ആത്മീയ വ്യവസായത്തിലേക്കുള്ള ചവിട്ടുനാടകങ്ങള്‍; എന്താണ് കൃപാസനം, അവിടെ നടക്കുന്നതെന്ത്? ആ കഥ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍