UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നില്‍പ്പുസമര വേദിയിലെത്താന്‍ സുധീരന് വേണ്ടി വന്നത് 118 ദിവസം

Avatar

രാകേഷ് നായര്‍

കൊച്ചിയില്‍ ചുംബന സമരത്തിന്റെ അലയടികള്‍ ഉയരുന്നതിനിടയിലാണ് കെ പി സി സി  അധ്യക്ഷന്‍ വി എം സുധീരന്‍ ആദിവാസി സമരപ്പന്തലിലേക്ക് പോയത്. നൂറ്റിപ്പതിനെട്ട് ദിവസങ്ങളായി ഒരേ നില്‍പ്പു നില്‍ക്കുന്ന കുറെ മനുഷ്യരെ ചെന്നുകണ്ട്, അവരെ ആശ്വസിപ്പിച്ച്, എല്ലാ പ്രശ്‌നങ്ങളും തീരുമെന്ന് വാക്കു കൊടുത്ത്, കുറച്ചുനേരം അവര്‍ക്കൊപ്പം നിന്നിട്ടുകൂടിയാണ് വി എം മടങ്ങിയത്. ഇതിനു മുമ്പും ഒറ്റയ്ക്കും തെറ്റയ്ക്കും പലരും നില്‍പ്പുസമരപന്തലില്‍ എത്തിയിട്ടുണ്ട്. അവരില്‍ സാധാരണക്കാരുണ്ട്, സിനിമാക്കാരുണ്ട്, മതനേതാക്കളുണ്ട്, വിദ്യാര്‍ത്ഥികളുണ്ട്, സാഹിത്യ-സാംസ്‌കാരിക നേതാക്കളുണ്ട്. എന്നാലും പ്രമുഖ രാഷ്ട്രീയപാര്‍ട്ടികളുടെ തലതൊട്ടപ്പന്മാര്‍ ഒരാളും ഈ വഴിക്കു വന്നിട്ടില്ലായിരുന്നു. അവിടെയാണ് സുധീരന്‍ വീണ്ടും വ്യത്യസ്തനാകുന്നത്.

ശരിയാണ് പ്രത്യക്ഷത്തില്‍ സുധീരന്‍ കാണിച്ചിരിക്കുന്നത് ആശാവഹമായ പ്രവര്‍ത്തി തന്നെ. പിണറായിക്കോ, പന്ന്യനോ, വി. മുരളീധരനോ തോന്നാത്തത് സുധീരനു തോന്നി. മേല്‍പ്പറഞ്ഞവരൊക്കെ ഈ അദിവാസി സമരപ്പന്തലിന് അരച്ചുവട് മാറി സംഘടിപ്പിച്ച മറ്റു സമരങ്ങളൊക്കെ സന്ദര്‍ശിക്കാന്‍ വന്നിരുന്നതുമാണ്. എന്നിട്ടും പാവം ആദിവാസികളെ തിരിഞ്ഞുനോക്കിയില്ല. അവിടെയാണ് സുധീരന്റെ മൂല്യം. എതിര്‍പ്പാര്‍ട്ടിക്കാര്‍ക്കു മാത്രമല്ല, സ്വന്തം പാര്‍ട്ടിക്കാരും കൂടി അതു മനസ്സിലാക്കട്ടെ.

ജനകീയനായ കോണ്‍ഗ്രസുകാരന്‍ എന്ന് സംശയം കൂടാതെ വിളിക്കാവുന്നവരില്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ തന്നെ മുഖ്യന്‍. അദ്ദേഹത്തിന്റെ നിലപാടുകള്‍ എന്നും ജനങ്ങള്‍ക്കുവേണ്ടിയായിരുന്നല്ലോ! കരിമണലായാലും കാടായാലും കള്ളായാലും ജനഹിതമല്ലെങ്കില്‍ സുധീരനവയെല്ലാം എതിര്‍ക്കും. പണ്ടൊക്കെ ഇതിനെതിരെ മൈക്കിനു മുന്നില്‍ വിളിച്ചു പറയാനേ കഴിയുമായിരുന്നുള്ളൂ, ചിലരൊക്കെ കേള്‍ക്കും, ചിലര്‍ കൈയടിക്കും. ആരെങ്കിലുമൊക്കെ ആദര്‍ശധീരായെന്ന് വിളിച്ചാല്‍ സുധീരനും തിരിഞ്ഞുനോക്കും. ആത്മരോഷം ഉള്ളില്‍ കിടന്നുതിളച്ചിട്ടും ആര്‍ക്കും തന്നെ ഒരു വിലയുമില്ലെന്ന് പരിതപിച്ച് കഴിയുമ്പോഴാണ് പേറ് അറിയാന്‍ ചെന്നവനെ കൊച്ചിന്റെ തന്തയാക്കിയതുപോലെ ഹൈക്കമാന്‍ഡ് പിടിച്ച് കെപിസിസി അധ്യക്ഷനാക്കിയത്. അതോടെ വി എം സടകുടഞ്ഞെഴുന്നേറ്റ സിംഹമായി. പണ്ടുതന്നെ അവഗണിച്ചവരെയൊക്കെ ‘ക്ഷ’ വരപ്പിക്കാന്‍ തുനിഞ്ഞിരിക്കുകയായിരുന്നു. കോണ്‍ഗ്രസ് പ്രത്യയശാസ്ത്രത്തിന്റെ എഴുത്തുകുത്തുകളിലൊന്നും വര്‍ഗശത്രു എന്ന പ്രയോഗം ഇല്ലെങ്കിലും ചില നേതാക്കള്‍ക്കൊക്കെ കെപിസിസി പ്രസിഡന്റിനെ നോക്കി അങ്ങനെയൊരു പേര് വിളിക്കേണ്ടി വന്നു; മുഖത്തു നോക്കിയല്ലെങ്കിലും. എന്നാലും സുധീരന്‍ കുലുങ്ങിയില്ല. തന്റെ നിലപാടുകളിലുറച്ച്, അതിന് ആളെക്കൂട്ടി സുധീരന്‍ ഒരു വിപ്ലവകാരിയെപ്പോലെ മുന്നോട്ടുപോകുന്നു.

പക്ഷെ, ചില ചോദ്യങ്ങള്‍ സുധീരനോട് ചോദിക്കാതിരിക്കാന്‍ ആകുന്നില്ല. വെള്ളയമ്പലത്തെ ഇന്ദിര ഭവനില്‍ നിന്ന് സെക്രട്ടറിയേറ്റിലേക്ക് രണ്ടു കിലോമീറ്റര് താഴെയാണ് ദൂരം. എത്ര ട്രാഫിക് ഉണ്ടെങ്കിലും കേരളത്തെ ഭരിക്കുന്ന- സര്‍ക്കാരിനെ ഭരിക്കുന്ന- കെപിസിസിയെ- ഭരിക്കുന്ന പ്രസിഡന്റിന് അവിടെവരെയൊന്നെത്താന്‍ പത്തുമിനിട്ട് മതിയാകും. ചുരുക്കിപ്പറഞ്ഞാല്‍ പത്തു മിനിട്ടു കൊണ്ട് എത്താവുന്ന ദൂരത്ത് സമരം നടത്തിവന്ന ആദിവാസികളെ കാണാന്‍ വി എം സുധീരന് നീണ്ട നൂറ്റിപതിനെട്ട് ദിവസങ്ങള്‍ വേണ്ടിവന്നിരിക്കുന്നു. ഇക്കാലമത്രയും ആ പാവങ്ങള്‍ വെയിലും മഴയും കൊണ്ടു നില്‍ക്കുന്നത് സുധീരന്‍ അറിഞ്ഞില്ലെന്നാണോ? ആരും അദ്ദേഹത്തെ ഇക്കാര്യം അറിയിച്ചില്ലേ? 

ബെസ്റ്റ് ഓഫ് അഴിമുഖം

നിലമ്പൂരിലെ രാധയുടെ വീട്ടിലെത്താന്‍ വി.എം. വൈകുന്നതെന്ത്?മന്ത്രിക്കസേരയ്ക്ക് മേലെ ഒരു അധ്യക്ഷക്കസേര
സുധീരനെ ആര്‍ക്കാണ് പേടി?
നാറിയത് ‘സുകു’ മാത്രമല്ല,​ സുധീരനും
സുധീരൻ ചെന്നിത്തല ആകുമ്പോൾ….

നാട്ടില്‍ ജനങ്ങള്‍ക്ക് നന്മ വരാന്‍ വേണ്ടി അങ്ങു നടത്തുന്ന ത്യാഗങ്ങള്‍ നിരവധിയാണ്. സഹപ്രവര്‍ത്തകരോടുപോലും അതിനായി അങ്ങു യുദ്ധം വെട്ടുന്നുണ്ട്. എന്തിന് ലോകത്ത് ഒരു രാഷ്ട്രീയനേതാവും ചെയ്യാത്ത പരിപാടിയാണ് എതിര്‍പ്പാര്‍ട്ടി നന്നായി വളരാന്‍ അവര്‍ക്ക് ഉപദേശക്കത്തെഴുതുന്നത്. അതും അങ്ങു ചെയ്തു. എന്നിട്ടും ഒരു ജനത ഇത്രയും നാള്‍ അങ്ങയുടെ കണ്ണില്‍ നിന്ന് മറഞ്ഞു നിന്നതിന് കാരണമെന്താണ്? ചെയ്യ്തില്ലെങ്കിലും കുറ്റം ചെയ്യ്താലും കുറ്റം എന്ന് അങ്ങ് കരുതരുത്. അങ്ങയെപ്പോലുള്ളവര്‍ ഒരോന്നും ചെയ്യാന്‍ താമസിക്കുന്നതാണ് പ്രശ്‌നം. കാരണം ജനങ്ങള്‍ നിങ്ങളെ അത്രമേല്‍ വിശ്വസിക്കുന്നുണ്ട്.

 

മദ്യം നിരോധനം, കരിമണല്‍ ഖനന നിരോധനം തുടങ്ങി എത്രയോ പ്രശ്‌നങ്ങളില്‍ അടിയുറച്ച നിലപാടുകള്‍ എടുത്ത് സര്‍ക്കാരിനെയും പാര്‍ട്ടിയെയും അങ്ങ് വെല്ലുവിളിച്ചിട്ടുണ്ട്. അപ്പോഴെല്ലാം സ്വന്തം ആദര്‍ശത്തിനാണ് അങ്ങ് പ്രാധാന്യം കല്‍പ്പിച്ചത്. കേരളത്തിലെ കോണ്‍ഗ്രസിനെ നയിക്കാന്‍ നിയോഗം വന്നുകഴിഞ്ഞപ്പോള്‍ അങ്ങയുടെ നാവിനും പ്രവര്‍ത്തിക്കും മൂര്‍ച്ച കൂടിയതായിട്ടാണ് ഞങ്ങള്‍ക്ക് മനസ്സിലായത്. സംസ്ഥാന സര്‍ക്കാരിന്റെ യഥാര്‍ത്ഥ പ്രതിപക്ഷം അങ്ങാണെന്നു പലരും പറഞ്ഞു, അങ്ങയുടെ പാര്‍ട്ടിക്കാരുള്‍പ്പെടെ. ചെയ്യേണ്ടത് പറഞ്ഞു ചെയ്യിക്കാന്‍ അങ്ങേയ്ക്കറിയാം. പലതും അങ്ങനെതന്നെ ചെയ്യിപ്പിച്ചിട്ടുമുണ്ട്. അപ്പോഴും ആദിവാസികള്‍ എന്ന അരികു ജീവിതക്കാരെ കാണാന്‍ മാത്രം അങ്ങേയ്ക്ക് കഴിയാതെ പോയി. ഒട്ടുന്നുമല്ല വിഎം; അങ്ങ് ഈ കാണിച്ച മൗനത്തില്‍ ഞങ്ങള്‍ നിരാശരായത്.

അങ്ങുവരെ വാഴ്ത്തുന്ന എ കെ ആന്റണിയാണ് ഈ പാവങ്ങള്‍ക്ക് മോഹങ്ങളുടെ കരാര്‍ എഴുതി നല്‍കിയത്. പത്തുപതിമൂന്നു കൊല്ലങ്ങള്‍ക്കു മുമ്പ്. എന്നിട്ടെന്തായി? അരവയറുപോലും നിറച്ചുണ്ണാനില്ലാതെ, കേറിക്കിടക്കാന്‍ സ്വന്തമായൊരു കൂരയില്ലാതെ, പട്ടിണിയും രോഗങ്ങളും ഭയവുമെല്ലാം പൊതിഞ്ഞൊരു പാഴ്തുണിക്കെട്ടുകളായി അവര്‍ ജീവിക്കുകയല്ലായിരുന്നോ ഇത്രയും നാള്‍. അവരൊരിക്കലും നാടുമോഹിച്ചിട്ടില്ല. കാടാണവരുടെ ജീവിതം. എന്നിട്ടും അവര്‍ ആ കാടിറങ്ങാന്‍ നിര്‍ബന്ധിതരായി. അല്ല, നമ്മള്‍ അവരെ നിര്‍ബന്ധിതരാക്കി.

ഇല്ല, വി എം ഒരു പീലാത്തോസാകാന്‍പോലും നിങ്ങള്‍ക്കിവിടെ ചാന്‍സ് ഇല്ല. കാരണം, 118 ദിവസം നില്‍ക്കുക എന്നത് കഠിനം തന്നെയാണ്. ഒന്നുറച്ചു മനസ്സുവച്ചിരുന്നെങ്കില്‍ എന്നേ തീര്‍ക്കാമായിരുന്നു ഈ സമരം ബഹുമാനപ്പെട്ട കെപിസിസി പ്രസിഡന്റിന്.

സത്യം പറയാമല്ലോ വി എം , ഇന്നലെ നിങ്ങള്‍ സമരപന്തലില്‍ നിന്ന് നടത്തിയൊരു പ്രസ്താവനയുണ്ടല്ലോ- സമരം എത്രയും പെട്ടെന്ന് തന്നെ അവസാനിപ്പിക്കാന്‍ വേണ്ടത് ചെയ്യണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്-വലിയൊരു തമാശയായിരുന്നു അത്. സ്വതവെ ഗൗരവം നിറഞ്ഞ അങ്ങയുടെ മുഖം കണ്ടാല്‍ നര്‍മ്മഭാഷണം നടത്താനും മിടുക്കനാണെന്ന് കരുതുക പ്രയാസം. മുഖ്യമന്ത്രിയോടും വകുപ്പ് മന്ത്രിയോടും പോരാത്തതിന് ഉപസമതി ചെയര്‍മാനായ തിരുവഞ്ചൂര്‍ മന്ത്രിയോടും അങ്ങ് ആദിവാസി സമരം തീര്‍പ്പാക്കാനായി അഭ്യര്‍ത്ഥിച്ചിട്ടുണ്ടല്ലേ! മിടുക്കന്‍. എന്നായിരുന്നു ഇവര്‍ക്കെല്ലാം തിട്ടൂരങ്ങള്‍ അയച്ചത്? അതോ മുഖദാവില്‍ വിളിച്ചുവരുത്തിയുള്ള ആജ്ഞയായിരുന്നോ? പറഞ്ഞുകേള്‍ക്കുന്നൊരു തമാശയനുസരിച്ചാണെങ്കില്‍ ഇനി മുഖ്യമന്ത്രി സെക്രട്ടറിയേറ്റിനു മുന്നിലുള്ള എല്ലാ സമരങ്ങളും ഉടന്‍ തന്നെ അവസാനിപ്പിച്ചേക്കാം. ഈ തമാശയ്ക്കപ്പുറം അങ്ങയുടെ വാക്കുകളെ ഗൗരവത്തിലെടുക്കാന്‍ കഴിയുന്നില്ല. അങ്ങേയ്ക്കറിയുമോ എന്നറിയില്ല, എത്രവട്ടം, ഈ ആദിവാസി പ്രശ്‌നം ഇപ്പോള്‍ പരിഹരിക്കാമെന്നു പറഞ്ഞു മുഖ്യമന്ത്രി ആളെ വിളിച്ചുകൂട്ടിയിട്ടുണ്ടെന്ന്. എന്നിട്ടെന്തായി? തീര്‍ന്നത് ആദിവാസി പ്രശനമല്ല, യോഗം കൂടാന്‍ വന്നവരുടെ മുന്നിലിരുന്ന കശുഅണ്ടിപ്പരിപ്പാണെന്നു മാത്രം.

അങ്ങെങ്കിലും മനസ്സിലാക്കണം, ആദിവാസികള്‍ പുതിയതായി ഒന്നും തന്നെ ആവശ്യപ്പെടുന്നില്ല സാര്‍. അവര്‍ക്കു കൊടുക്കാമെന്നു പറഞ്ഞ് എഴുതി ഒപ്പിട്ടു നല്‍കിയ കാര്യങ്ങളൊക്കെ നടപ്പാക്കി കൊടുത്താല്‍ മതി. അതിനെന്താണ് സാര്‍ ഇനിയും രാശിപ്പലകയില്‍ കവടി നിരത്തുന്നത്. കണക്കുകളും വിശകലനങ്ങളും നിരത്തേണ്ട സാര്‍, സാമാന്യജനത്തിനുവരെ ആദിവാസി പ്രശ്‌നം എങ്ങിനെ തീര്‍ക്കാമെന്ന് നന്നായി അറിയാം. ഒന്നും രണ്ടും ദിവസമല്ലല്ലോ, മൂന്നുമാസത്തിലേറെയായി ഈ പാവങ്ങള്‍ നില്‍ക്കാന്‍ തുടങ്ങിയിട്ട്. അങ്ങേയ്ക്ക് പറയാനുള്ള പ്രാക്ടിക്കല്‍ ബുദ്ധിമുട്ടുകളാണെങ്കില്‍, ഒന്നും ആലോചിക്കാതെ വെറും ഈഗോ ക്ലാഷിന്റെ പേരില്‍ ഈ നാട്ടിലെ ബാറുകളെല്ലാം പൂട്ടിച്ചിട്ടെന്തായി? എല്ലാ മാനദണ്ഡങ്ങളും നോക്കിയായിരുന്നോ അങ്ങു പാളത്താറുമുടുത്ത് താഴും താക്കോലുമായി ഇറങ്ങിയത്. ആയിരുന്നെങ്കില്‍ അടയ്ക്കുന്നതിനു മുമ്പ് തുറക്കേണ്ട ഗതികേട് വരില്ലായിരുന്നല്ലോ? സ്വന്തം ഇമേജ് സംരക്ഷിക്കേണ്ടി എന്തു മണ്ടത്തരവും ചെയ്യാം, ഇല്ലെങ്കില്‍ ഒന്നുമില്ല.

മനസ്സുവച്ചാല്‍ ഒരുദിവസം കൊണ്ട് തീര്‍ക്കാം ആദിവാസി പ്രശ്‌നം. അതിനുള്ള പ്രാപ്തി അങ്ങേയ്ക്കുണ്ട്. വളരെ വൈകിയാണെങ്കിലും അങ്ങിവിടെ വന്നത് ഒരു ശുഭസൂചനായി കാണുകയാണ്. അതുപക്ഷേ അങ്ങയുടെ വലിയ മനസ്സ് എന്നതിനെക്കാള്‍ ആദിവാസി ജനതയുടെ ആര്‍ജ്ജവം ആയി കാണാനാണ് ഞങ്ങള്‍ക്ക് ഇഷ്ടം. അവര്‍ അങ്ങയെ വരുത്തിക്കുകയായിരുന്നു. അവര്‍ നില്‍ക്കുമ്പോള്‍ ഇനിയും അങ്ങയേപ്പോലുള്ളവര്‍ക്ക് മാറിയിരിക്കാന്‍ കഴിയില്ല. വാക്കുപാലിക്കേണ്ടത് ജനാധിപത്യ മര്യാദയാണെന്ന് ആദിവാസികളുടെ ഓര്‍മ്മപ്പെടുത്തല്‍ അങ്ങേയ്ക്ക് ഇന്നലെ അവിടെപ്പോയപ്പോഴെങ്കിലും മനസ്സിലായിക്കാണുമെന്ന് കരുതുന്നു. എങ്കില്‍ ഇനിയും വൈകരുത്, അങ്ങയിലുള്ള വിശ്വാസം നഷ്ടപ്പെടാത്തതുകൊണ്ട് പറയുകയാണ്- അവരെ ഇനിയും നിര്‍ത്തരുത്….

വിഎം സുധീരന്‍ ആദിവാസി പ്രശ്‌നത്തില്‍ ഇടപട്ടതുകൊണ്ട് മുഖ്യമന്ത്രി എന്തെങ്കിലുമൊരു തീരുമാനം ഉടന്‍ എടുക്കുമെന്ന് പ്രതീക്ഷിക്കാം- അവര്‍ തമ്മിലുള്ള കെമിസ്ട്രി അങ്ങനാണല്ലോ!

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍