UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോണ്‍ഗ്രസിനെ നന്നാക്കിയെടുക്കാന്‍ സുധീരനാകുമോ?

Avatar

ഷെറിന്‍ വര്‍ഗീസ്

കോണ്‍ഗ്രസ് പാര്‍ട്ടിയെ സംബന്ധിച്ച് ഒരിക്കലും തിരുത്താന്‍ കഴിയില്ലെന്നു കരുതിയിരുന്ന ചിലകാര്യങ്ങളുണ്ട്. വാളെടുത്തവരെല്ലാം വെളിച്ചപ്പാടാകുന്ന ഒരു പാര്‍ട്ടിയാണല്ലോ ഇത്. ഗ്രൂപ്പുകളും അവയ്ക്കുള്ളിലെ ഉപഗ്രൂപ്പുകളും മുപ്പത്തിമുക്കോടി പോഷകസംഘടനകളും ഒക്കെയുള്ള ഈ പാര്‍ട്ടിയില്‍ ഒരു ഖദര്‍ ഷര്‍ട്ടിന്റെയും മുണ്ടിന്റെയും ബലത്തില്‍ ആര്‍ക്കും നേതാവാകാന്‍ കഴിയുന്നു. ഏതെങ്കിലുമൊരു നേതാവിനെ ചുറ്റിപ്പറ്റി നിന്നാല്‍ വളരെ നിസാര സമയം കൊണ്ട് ഒരാള്‍ക്ക് കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് എത്താം. അതുകൊണ്ടാണ് ഏതു പരിപാടി നടക്കുമ്പോഴും ഗാന്ധിയുടെയും നെഹ്‌റുവിന്റെയും ഇന്ദിര ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും എല്ലാം ഫോട്ടോകള്‍ക്കൊപ്പം നാട്ടിലെ സാമൂഹ്യവിരുദ്ധരുടെയും തല നമുക്ക് കാണേണ്ടി വരുന്നത്.

മറ്റൊന്ന് ഈ പാര്‍ട്ടിയുടെ പ്രവര്‍ത്തന ശൈലിയായിരുന്നു. ഖദറിനൊപ്പം വലിയൊരു കാറും ഉണ്ടെങ്കില്‍ പല നേതാക്കളെയും ഹൈജാക്ക് ചെയ്യാമായിരുന്നു. ഇങ്ങനെയുള്ളവരെ സ്വാധീനിച്ച്, പ്രാദേശികതലത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചിരുന്ന പല ചെറുപ്പക്കാരുടെയും തെരഞ്ഞെടുപ്പ് അവസരങ്ങള്‍പോലും ചില സമ്പന്ന ശക്തികള്‍ തകര്‍ത്തെറിഞ്ഞിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും കാണാം ഇത്തരം സ്വാധീനശക്തികളുടെ പ്രഭാവം. പിണറായി വിജയനടക്കം പലരെയും വന്‍ശക്തികള്‍ തങ്ങളുടെ വരുതിയില്‍ കൊണ്ടുവന്നിരിക്കുകയാണ്. പക്ഷേ, ഇതിനെക്കാള്‍ പതിന്മടങ്ങ് തീവ്രമായിരുന്നു കോണ്‍ഗ്രസിലെ അവസ്ഥ.

ഈ സാഹചര്യങ്ങള്‍, മായ്ക്കാന്‍ പറ്റാത്ത കറയെന്നവണ്ണം കോണ്‍ഗ്രസിനെ ബാധിച്ചിരിക്കുന്ന സമയത്താണ് വി എം സുധീരന്‍ കെപിസിസി പ്രസിഡന്റായി എത്തുന്നത്. അദ്ദേഹം സ്ഥാനമേറ്റെടുത്ത സമയത്ത് പറഞ്ഞതൊന്നും അത്രവലിയ കാര്യങ്ങളായിരുന്നില്ല. അവ വെറും വാക്കുകളുമായിരുന്നില്ല. ആം ആദ്മി പാര്‍ട്ടി ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവെന്നതെങ്ങനെയാണെന്ന് നോക്കുക. സാമ്പ്രദായിക രാഷ്ട്രീയ നിലപാടുകളിലൂന്നിയായിരുന്നില്ല അവര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഇന്ത്യയിലെ രാഷ്ട്രീയപാര്‍ട്ടികള്‍ പൊതുവില്‍ പ്രകടിപ്പിക്കുന്നത് പ്രാദേശികരാഷ്ട്രീയ സ്വഭാവമോ ജാതിമതസ്വഭാവമോ ആണ്. എന്നാല്‍ ആം ആദ്മി പാര്‍ട്ടി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ശക്തമായ ഇടപെടല്‍ നടത്തിയത് സാധാരണമായ കാര്യങ്ങള്‍ പറഞ്ഞുകൊണ്ടായിരുന്നു. സര്‍ക്കാര്‍ ഓഫീസുകളിലെ അഴിമതി, കൈക്കൂലി എന്നിവ അവസാനിപ്പിക്കുക, വൈദ്യുതിയും ശുദ്ധജലവും സാധാരണക്കാര്‍ക്ക് ലഭ്യമാക്കുക, റോഡുകള്‍ നന്നാക്കുക, അഴിമതി കാണിക്കുന്ന കരാറുകാരെയും അവര്‍ക്ക് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥരെയും ശിക്ഷിക്കുക തുടങ്ങി സാധാരണക്കാരനെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍. അത് ജനങ്ങളെ സ്വാധീനിച്ചു എന്നതുതന്നെയാണ് ഇന്ന് പാര്‍ലമെന്റിനകത്തും അവര്‍ക്ക് തങ്ങളുടെ പ്രാധിനിധ്യം നിലനിര്‍ത്താന്‍ കഴിയുന്നത്. വി എം സുധീരന്‍ പറഞ്ഞതും ഇതുപോലെ ചെറിയകാര്യങ്ങളായിരുന്നു. എന്റെ പടം വെച്ച് ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ അടിക്കരുതെന്നും എനിക്ക് കൂറ്റന്‍ പൂമാലയിടരുതെന്നും പൊതുവേദിയില്‍ ഒരാള്‍ പ്രസംഗിക്കുമ്പോള്‍ അയാള്‍ക്കു മുന്നിലിരുന്ന് മൊബൈല്‍ ഫോണില്‍ സംസാരിക്കരുതെന്നും ചാനല്‍ ക്യാമറയ്ക്ക് മുന്നില്‍ ഒരു നേതാവ് സംസാരിക്കുമ്പോള്‍ അദ്ദേഹത്തിന് പിന്നില്‍ വന്ന് തലനീട്ടാന്‍ മത്സരിക്കരുതെന്നുമൊക്കെയാണ് സുധീരന്‍ പറഞ്ഞത്. കോണ്‍ഗ്രസ് എന്നു പറഞ്ഞാല്‍ ഇങ്ങനെയൊക്കെയാണ് എന്നു പരിഹസിച്ചവരുടെ മുന്നില്‍ വളരെ ചെറിയ കാര്യങ്ങള്‍ പറഞ്ഞ് വലിയ തിരുത്തലുകള്‍ വരുത്താന്‍ സുധീരനു കഴിഞ്ഞു.

രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റ് ആയിരുന്ന സമയത്ത് കോണ്‍ഗ്രസ് നേരിട്ട തെരഞ്ഞെടുപ്പുകളിലെല്ലാം മികച്ച വിജയം കൈവരിച്ചു. അദ്ദേഹം കോണ്‍ഗ്രസിന്റെ വിവിധങ്ങളായ പോഷക സംഘടനകളെ പരിപോഷിപ്പിച്ചു. പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് മുതല്‍ ജവഹര്‍ ബാലജനവേദിയടക്കം പലതിനെയും നന്നായി മുന്നോട്ടു കൊണ്ടുപോയി. എന്നാല്‍ കോണ്‍ഗ്രസിന്റെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് മാറ്റം വരുത്താന്‍ സുധീരനു കഴിഞ്ഞുവെന്നിടത്താണ് വ്യത്യാസം കാണേണ്ടത്.

കേരളം ഇതിനകം ഒരുപാട് രാഷ്ട്രീയയാത്രകള്‍ കണ്ടുകഴിഞ്ഞു. എന്നാല്‍ വി എം സുധീരന്‍ നടത്തുന്ന ജനപക്ഷയാത്ര ചില പ്രത്യേകതയുള്ള ഒന്നായി മാറുന്നതും അദ്ദേഹത്തിന്റെ തനത് പ്രവര്‍ത്തനശൈലിയുടെ അടിസ്ഥാനത്തിലാണ്. ജനപക്ഷ യാത്ര കാസര്‍ഗോഡു നിന്നു തുടങ്ങി ഇപ്പോള്‍ മധ്യതിരുവിതാംകൂര്‍വരെയെത്തി നില്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഒരു ഫ്ലക്‌സ് പോലും ഒരിടത്തും കാണാന്‍ കഴിയുന്നില്ല (ഒറ്റപ്പെട്ട അപവാദങ്ങള്‍ ഉണ്ടായിക്കാണാം). സമ്മേളന നഗരികള്‍ മുഴുവന്‍ ജൈവസ്വഭാവമുള്ള വസ്തുക്കള്‍വച്ചാണ് അലങ്കരിച്ചിരിക്കുന്നത്. പനമ്പും ഓലയും പായയും ത്രിവര്‍ണ്ണ നിറത്തിലുള്ള കടലാസുതോരണങ്ങളുമൊക്കെ ഉപയോഗിക്കാന്‍ പാര്‍ട്ടിക്കാര്‍ നിര്‍ബന്ധിതരായിരിക്കുന്നു. ജനപക്ഷയാത്രയ്ക്ക് സ്വാഗതമേകാന്‍ തുണികൊണ്ടുള്ള ബാനറുകള്‍ അവര്‍ക്ക് ഉപയോഗിക്കേണ്ടി വന്നു. ഒറ്റപ്രാദേശിക നേതാവിന്റെ പടംപോലും ഒരിടിത്തും ഇടംപിടിച്ചില്ല. ഇതെല്ലാം ഒരു സപ്രഭാതത്തില്‍ സംഭവിച്ച മാറ്റങ്ങള്‍ തന്നെയാണ്. ഇച്ഛാശക്തിയുള്ള ഒരു നേതാവിന് പരിണാമങ്ങള്‍ കൊണ്ടുവരാന്‍ അധികസമയമൊന്നും വേണ്ട.

ജനപക്ഷയാത്രയില്‍ പ്രത്യേകം എടുത്തു പറയേണ്ടത് അതിലെ ലാളിത്യം തന്നെയാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സമ്മേളനങ്ങളിലും യാത്രകളിലുമെല്ലാം ഇന്ന് കാണാവുന്നത് വലിയ ആര്‍ഭാടങ്ങളാണ്. അവിടെയാണ് ജനപക്ഷയാത്ര അതിന്റെ ലളിതമായ നടത്തിപ്പിലൂടെ ശ്രദ്ധേയമാകുന്നതും. കോണ്‍ഗ്രസിന്റെ പൂര്‍വകാല നേതാക്കന്മാരുടെ ചിത്രങ്ങളും കേരള സംസ്‌കാരത്തെ പ്രതിനിധാനം ചെയ്യന്ന മാതൃകകളും വേദികളില്‍ വച്ച് സ്വീകരിക്കാന്‍ തയ്യാറായ സുധീരന്‍ ഒരു ബ്ളോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് നല്‍കാന്‍ ശ്രമിച്ച ആഭരണപ്പെട്ടി സ്‌നേഹപൂര്‍വം നിഷേധിക്കുകയായിരുന്നു.

വി എം സുധീരന്‍ മറവികളില്ലാത്ത രാഷ്ട്രീയക്കാരനാണ്. പഴമയില്‍ നിന്നും പലതും പഠിക്കാനുണ്ടെന്ന് വിശ്വസിക്കുന്നൊരാള്‍. എറണാകുളത്തുവച്ച് കോണ്‍ഗ്രസ് പ്രസിഡന്റ് അബ്ദുറഹിമാന്‍ സാഹിബിന്റെ അനുസ്മരണസമ്മേളനം നടത്താന്‍ വി എം തയ്യാറായതും അതിന്റെ അടിസ്ഥാനത്തിലാണ്. ഈ പാര്‍ട്ടി അതിന്റെ ആരംഭകാലം മുതല്‍ ഇടപെട്ടിരുന്ന പലകാര്യങ്ങളുമുണ്ട്. സാമൂഹ്യ അനാചാരങ്ങള്‍, അയിത്തം വിദ്യാഭ്യാസ അവകാശം, ഗ്രാമീണജീവിതോദ്ധാരണം തുടങ്ങി അടിസ്ഥാനപരമായ പല വിഷയങ്ങളിലും ആര്‍ജ്ജവത്തോടെ ഇടപെട്ടിരുന്ന ഒരു പാര്‍ട്ടിയാണ് നമ്മുടേതെന്ന് ഓരോ കോണ്‍ഗ്രസുകാരനെയും ഓര്‍മ്മിപ്പിക്കാന്‍ അദ്ദേഹം ശ്രമിക്കുകയാണ്.

ഈ യാത്രയില്‍ സുധീരന്‍ മുന്നോട്ടുവയ്ക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് ശ്രദ്ധിക്കുക. ഒരു രാഷട്രീയ പാര്‍ട്ടിയെപ്പോലും എന്തിന് സിപിഎമ്മിനെപ്പോലും രാഷ്ട്രീയപ്രതിസന്ധിയിലാക്കുന്ന ഒരു പ്രസ്താവനയും കെപിസിസി പ്രസിഡന്റ് മുന്നോട്ടുവച്ചിട്ടില്ലെന്നത് ശ്രദ്ധിക്കണം. ഈ യാത്രയ്ക്കിടയിലാണ് മാണിയുടെ ബാര്‍കോഴ വിവാദവും സിപിഎം-സിപിഐ വാഗ്വാദവും സൂരജിന്റെ അഴിമതിക്കേസുകളുമെല്ലാം സംഭവിക്കുന്നത്. ഇവയെല്ലാം പരാമര്‍ശിച്ചുപോയി എന്നാല്ലാതെ തന്റെ അടിസ്ഥാന മുദ്രാവാക്യങ്ങളില്‍ നിന്നു പിന്നോട്ടുപോകാന്‍ അദ്ദേഹം തയ്യാറായില്ല. ആരെയും അതിനു അനുവദിച്ചുമില്ല. രാജ്‌മോഹന്‍ ഉണ്ണിത്താനെപ്പോലുള്ളവര്‍പോലും പ്രകൃതിയെയും മാലിന്യത്തെയുമൊക്കെ കുറിച്ച് ജനങ്ങളോടു സംസാരിക്കാന്‍ നിര്‍ബന്ധിതരായി.

ഈ കാര്യങ്ങള്‍ തന്നെയാണ് സുധീരന്‍ തന്റെ യാത്രയില്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങളും. തന്റെ മുന്നില്‍ കൂടിയ ജനങ്ങളോട് കോണ്‍ഗ്രസ് പ്രസിഡന്റ് പറഞ്ഞത് മണ്ണിനെയും ജലത്തിനെയും വായുവിനെക്കുറിച്ചുമാണ്. പച്ചക്കറി കൃഷി നടത്തുന്നതിന്റെ മേന്മയെക്കുറിച്ചും മാലിന്യങ്ങള്‍ വലിച്ചെറിയുന്നതിന്റെ ദോഷങ്ങളെക്കുറിച്ചും അദ്ദേഹം അവരെ ബോധവത്കരിച്ചു. വളരെ പ്രസക്തമായ ഇടപെടല്‍ തന്നെയാണ് അദ്ദേഹം നടത്തുന്നത്. രാഷ്ട്രീയവും സാമൂഹിക പ്രവര്‍ത്തനവും രണ്ടായി കാണുന്ന സാഹചര്യമാണ് ഇന്നു സമൂഹത്തിലുള്ളത്. പഞ്ചായത്തു മുതല്‍ പാര്‍ലമെന്റിലേക്കു വരെ നടക്കുന്ന തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളാണ് രാഷ്ട്രീയമെന്നാണ് എല്ലാ പാര്‍ട്ടികളും തെറ്റിദ്ധരിച്ചിരിക്കുന്നത്. മണ്ണ് സംരക്ഷിക്കുന്നതും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കൊപ്പം നില്‍ക്കുന്നതും സാധാരണക്കാരന്റെ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതും വീട്ടുമുറ്റത്ത് പച്ചക്കറി കൃഷിത്തോട്ടം നട്ടുവളര്‍ത്തുന്നതും മാലിന്യസംസ്‌കരണം നടത്തുന്നതുമെല്ലാം രാഷ്ട്രീയപ്രവര്‍ത്തനമാണ്. ഇതെല്ലാം ഏതെങ്കിലും എന്‍ജിഒ കളും പരിസ്ഥിതി പ്രവര്‍ത്തകരും മാത്രം പറയേണ്ട വിഷയങ്ങളല്ല. ഈ പ്രശ്‌നങ്ങള്‍ തന്നെയാണ് ഇക്കാലത്ത് രാഷ്ട്രീയപ്പാര്‍ട്ടികള്‍ അഡ്രസ്സ് ചെയ്യേണ്ടതെന്ന് പറഞ്ഞ് ഒരു യാത്ര നടത്താന്‍ സുധീരന്‍ കാണിക്കുന്ന ധൈര്യം ചെറുതായി കാണരുത്.

പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്ന് കുറെക്കാലം മാറി നിന്നിരുന്നയാളാണ് സുധീരന്‍. ആ കാലത്തിനിടയില്‍ ഈ പാര്‍ട്ടിയെ അദ്ദേഹം ശരിയാവണ്ണം വിലയിരുത്തുകയായിരുന്നു. സാധാരണക്കാരന്‍ എന്തൊക്കെയാണ് ഈ പാര്‍ട്ടിയെക്കുറിച്ച് ചിന്തിക്കുന്നത്, എവിടെയൊക്കെയാണ് തിരുത്തലുകള്‍ വേണ്ടതെന്നൊക്കെ പാര്‍ട്ടിയുടെ മുഖ്യധാരയില്‍ നിന്ന് മാറിനിന്നു കണ്ട ഒരാളുടെ ഇടപെടലുകള്‍ എന്ന നിലയില്‍ക്കൂടി അദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ശ്രമിക്കണം.

ചെയ്തു ചെയ്ത് ശരിയാക്കി മാറ്റിയ പലതെറ്റുകളെയും, അവ തെറ്റുകളാണെന്നു തുറന്നു പറഞ്ഞുകൊണ്ട് തിരുത്താനാണ് വി എം സുധീരന്‍ തയ്യാറാകുന്നത്. തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുക എന്നതുമാത്രമല്ല പാര്‍ട്ടിപ്രവര്‍ത്തനമെന്നും അദ്ദേഹം ഓരോ കോണ്‍ഗ്രസുകാരനോടും പറയുകയാണ്; യഥാര്‍ത്ഥ രാഷ്ട്രീയം എന്താണെന്നും.

(യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍