UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോണ്‍ഗ്രസിന് അഴിമതി നടത്തിയാല്‍ മതി; പോരാട്ടം ബി ജെ പിയും സി പി എമ്മും തമ്മില്‍-വി മുരളീധരന്‍ സംസാരിക്കുന്നു

Avatar

കേളത്തിന്‍റെ രാഷ്ട്രീയമണ്ഡലത്തില്‍ മുമ്പെങ്ങുമില്ലാത്ത വിധം ബിജെപി എന്ന രാഷ്ട്രീയ പാര്‍ട്ടി ഇപ്പോള്‍ പ്രത്യക്ഷസ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ്. കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലെന്നപോലെ കേരളത്തിലും ബിജെപിക്ക് രാഷ്ട്രീയപ്രധാന്യം കിട്ടിയിരിക്കുകയാണ്. അതിനൊപ്പം വിവിധ ഘടകങ്ങളും ചേര്‍ന്നതോടെ തങ്ങളുടെതായ സ്‌പേസ് സംസ്ഥാനത്ത് ഒരുക്കിയെടുക്കാന്‍ പാര്‍ട്ടിയുടെ കേരളഘടകം ആശ്രാന്തപരിശ്രമത്തിലാണ്. കേരളത്തിലെ നിലവിലുള്ള രണ്ടു മുന്നണികള്‍ക്കും ശക്തമായ രാഷ്ട്രീയ എതിരാളികളായി മാറി എന്നു തെളിയിക്കാനുള്ള അവസരമായാണ് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനെ പാര്‍ട്ടി കാണുന്നത്. ഈ സാഹചര്യത്തെ മുന്‍നിര്‍ത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരനുമായി അഴിമുഖം പ്രതിനിധി രാകേഷ് നായര്‍ നടത്തിയ സംഭാഷണം.

മുമ്പെങ്ങുമില്ലാത്തവിധം ആത്മവിശ്വാസം ബിജെപിക്ക് കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. ഈ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ഗ്രാസ്‌റൂട്ട് ലെവലില്‍ ബിജെപിക്ക് എത്രമാത്രം സ്വാധീനം ഉണ്ടാക്കാന്‍ കഴിഞ്ഞിരിക്കുന്നു എന്നതിന്റെ കണക്കെടുപ്പ് കൂടിയായിരിക്കും. ആത്മവിശ്വാസത്തിലാണോ പാര്‍ട്ടി?
ബിജെപിക്ക് കേരളത്തില്‍ ഉണ്ടായിരിക്കുന്ന ആത്മവിശ്വാസം സമീപകാലത്ത് ഉണ്ടായ ഒന്നല്ല. കാലങ്ങളായി ജനങ്ങള്‍ക്കിടയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ ആര്‍ജ്ജിച്ചെടുത്ത ഒന്നാണത്. സമീപകാലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകള്‍ ശ്രദ്ധിച്ചാല്‍ തന്നെ ബിജെപിയുടെ വളര്‍ച്ച വ്യക്തമാകുന്നതാണ്. വോട്ടിംഗ് ശതമാനത്തില്‍ ഇരുമുന്നണികളെക്കാള്‍ വര്‍ദ്ധനവ് ബിജെപിക്കാണ് ഉണ്ടായിട്ടുള്ളത്. ഒ. രാജഗോപാലിന്റെ സാന്നിധ്യം ഒരു ഘടകമാണെങ്കിലും. രാജഗോപാലിനെ ഉപതെരഞ്ഞെടുപ്പുകളില്‍ നിര്‍ത്തുക എന്നതു പാര്‍ട്ടിയുടെ ഒരു സ്ട്രാറ്റജി കൂടിയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ മാധ്യമങ്ങള്‍ ഉള്‍പ്പെടെ പറയുന്ന വെള്ളാപ്പള്ളിയടക്കമുള്ള ഏതെങ്കിലും ഘടകങ്ങളുടെ ആനുകൂല്യം പറ്റിയല്ല പാര്‍ട്ടി മുന്നോട്ടുപോകുന്നത്. ഭാരതീയ ജനത പാര്‍ട്ടിയുടെ വളര്‍ച്ച ഗ്രാജ്വല്‍ ആയിട്ടുള്ളതാണ്. ആ ആത്മവിശ്വാസമാണ് പാര്‍ട്ടിക്കുള്ളത്.

സംസ്ഥാനത്ത് ആറു ലക്ഷത്തോളം അംഗങ്ങള്‍ ഉണ്ടായിരുന്നിടത്ത് ഊര്‍ജ്ജിതമായ മെംബര്‍ഷിപ്പ് കാമ്പയിനിലൂടെ അംഗത്വബലം 23 ലക്ഷത്തോളം ആക്കാന്‍ സാധിച്ചിട്ടുണ്ട്. ഏതാണ്ട് മൂന്നിരട്ടി വര്‍ദ്ധനവമാണ് ഉണ്ടായിരിക്കുന്നതെന്നു ശ്രദ്ധിക്കണം. നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രതിഛായയില്‍ കൂടുതല്‍ ജനം പാര്‍ട്ടിയിലേക്ക് ആകൃഷ്ടരാവുകയാണ്. ഭരണത്തിലേറി ഒന്നരക്കൊല്ലം കഴിയുമ്പോഴും ഒരു നേതാവിന്റെ പ്രതിഛായ മേലോട്ടു ഉയരുന്നത് ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ്. അടല്‍ ബിഹാരി വാജ്‌പേയിക്കുപോലും സാധ്യമാകാത്തതാണ് നരേന്ദ്ര മോദിക്ക് കഴിഞ്ഞിരിക്കുന്നത്. ഈ ഘടകങ്ങളെല്ലാം ഭാരതം മുഴുവനെന്നപോലെ കേരളത്തിലും പാര്‍ട്ടിയുടെ അടിത്തറ ശക്തമാക്കിയിട്ടുണ്ട്.

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനെ ബിജെപി തികഞ്ഞ ഗൗരവത്തോടെ തന്നെയാണോ കാണുന്നത്?
സംശയമെന്ത്? മുന്‍കാലങ്ങളില്‍ പാര്‍ട്ടി നാമമാത്രമായിട്ടായിരുന്നു മത്സരിച്ചിരുന്നതെന്നത് ശരിയാണ്. ഇത്തവണ പൂര്‍ണമായി തന്നെ പാര്‍ട്ടി മത്സരരംഗത്തുണ്ട്. കോര്‍പ്പറേഷന്‍/ ജില്ല പഞ്ചായത്തുകളിലേക്കു മുഴുവനും ബ്ലോക്ക്/ ഗ്രാമപഞ്ചായത്തുകളിലേക്ക് ഏതാണ്ട് 95 ശതമാനത്തോളവും സീറ്റുകളിലേക്കും പാര്‍ട്ടിക്കു സ്ഥാനാര്‍ത്ഥികളുണ്ട്. മികച്ച വിജയപ്രതീക്ഷയും ഞങ്ങള്‍ക്കുണ്ട്.

2021 ലെ നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കമായി ഇതിനെ കണാമോ?ബിജെപിയുടെ ലക്ഷ്യം 2016 ലെ നിയമസഭ തെരഞ്ഞെടുപ്പാണ്. അടുത്ത നിയമസഭയില്‍ ബിജെപിക്ക് പ്രതിനിധി ഉണ്ടാവും എന്നകാര്യവും തീര്‍ച്ചയാണ്. ഇപ്പോഴുള്ളതിനെക്കാള്‍ അനുകൂലമായിരിക്കും ആ സമയത്തെ രാഷ്ട്രീയ സാഹചര്യം. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നല്‍കിയിരിക്കുന്ന നിര്‍ദേശം നിയമസഭാ പ്രാധിനിധ്യമല്ല, ഭരണം നേടുക എന്നാണ്. ദേശീയനേതൃത്വം കേരളത്തിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ കൊടുക്കുന്നുണ്ട്. ഒന്നിലേറെ തവണ അമിത് ജി ഇവിടെ എത്തിയതും അതിന്റെ ഭാഗമാണ്. ഞങ്ങള്‍ ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്.

ബിജെപിയുടെ കേരള അജണ്ട എന്താണ്? നിങ്ങള്‍ ശ്രമിക്കുന്നത് വര്‍ഗീയ ധ്രൂവീകരണത്തിനാണെന്ന ആരോപണം ശക്തമാണ്.
ഞങ്ങള്‍ക്ക് ഏതെങ്കിലും നിക്ഷിപ്ത അജണ്ടകളില്ല. ജനക്ഷേമം തന്നെയാണ് ബിജെപിയുടെ എപ്പോഴത്തെയും അജണ്ട. വികസനമാണ് ഞങ്ങളുടെ ലക്ഷ്യം. അതില്‍ തന്നെ എല്ലാവര്‍ക്കും വികസനം കിട്ടുക എന്നതിനാണ് ശ്രമിക്കുന്നത്. വികസനം എന്നത് കുറച്ചുപേര്‍ക്കു മാത്രം ഉള്ളതാകരുത്. ഇത്രയും കാലം അതിന്റെ ആനുകൂല്യം ലഭിക്കാത്തവരെ കൂടി അതില്‍ പങ്കാളികളാക്കണം. അവഗണിക്കപ്പെട്ടവര്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും വളര്‍ച്ചയുടെ ഗുണം ലഭിക്കണം. കേരളത്തിലെ സാഹചര്യത്തില്‍ മുന്നോക്കസമുദായത്തിലെ ആളുകളാണ് അവഗണിക്കപ്പെട്ടവരും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായി മാറിയിരിക്കുന്നത്.

സംവരണം വേണ്ടായെന്നു പറയുന്നവരും നിങ്ങളാണ്?
ഏതു ബിജെപി നേതാവാണ് സംവരണം വേണ്ടെന്നു പറഞ്ഞിട്ടുള്ളത്? ആരാണ് യഥാര്‍ത്ഥത്തില്‍ ഇവിടെ സംവരണം അട്ടിമറിച്ചിരിക്കുന്നത്? പട്ടികജാതിക്കാരുടെ സംവരണം ഇല്ലാതാക്കാന്‍ ശ്രമിച്ചത് കോണ്‍ഗ്രസും സിപിഐഎമ്മുമാണ്. രംഗനാഥ മിശ്ര കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കി സംവരണ വിഷയത്തില്‍ വെള്ളം ചേര്‍ത്ത് പട്ടികജാതിക്കാരുടെ അവകാശങ്ങള്‍ ഇല്ലാതാക്കാന്‍ നോക്കിയത് അവരല്ലേ? കോണ്‍ഗ്രസ് സര്‍ക്കാരല്ലേ രംഗനാഥമിശ്ര കമ്മിഷനെ നിയോഗിച്ചത്. സിപിഐഎമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസ് ഈ കമ്മിഷന്‍ റിപ്പോര്‍ട്ടിന് പൂര്‍ണ പിന്തുണ കൊടുക്കുകയല്ലേ ചെയ്തത്. പിന്നാക്കസമുദായത്തിനുവേണ്ടി എന്നും നിലകൊണ്ടിട്ടുള്ള പാര്‍ട്ടി ബിജെപിയാണ്.

എസ്എന്‍ഡിപി സഖ്യത്തില്‍ ഇപ്പോഴും ആശയക്കുഴപ്പം ആണല്ലോ?
ആര്‍ക്കാണ് ആശയക്കുഴപ്പം? ആശയക്കുഴപ്പം മാധ്യമങ്ങള്‍ക്കാണ്. മാധ്യമങ്ങള്‍ ഒരു അജണ്ട സെറ്റ് ചെയ്ത് പ്രചരണം നടത്തുകയായിരുന്നു. അത് വര്‍ക് ഔട്ട് ആയില്ലെന്നു കണ്ടപ്പോളാണ് ആശയക്കുഴപ്പം എന്ന പുതിയ വേലയുമായി ഇറങ്ങിയിരിക്കുന്നത്. വെള്ളാപ്പള്ളിക്ക് പ്രധാനമന്ത്രിയെ കാണണം എന്ന ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ മുന്‍ കൈയെടുത്താണ് പാര്‍ട്ടി അധ്യക്ഷന്‍ വഴി അപ്പോയിന്റ്‌മെന്റ് എടുത്തുകൊടുത്തത്. അത് രാഷ്ട്രീയം ചര്‍ച്ച ചെയ്യാന്‍ ആയിരുന്നില്ല. ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്നതിനു ക്ഷണിക്കാന്‍ ആയിരുന്നു. അത്തരമൊരു കാര്യത്തിന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ ഞാന്‍ പോകേണ്ടതുണ്ടോ? പക്ഷെ മാധ്യമങ്ങള്‍ ഉടനെ എഴുതി സംസ്ഥാന നേതൃത്വത്തെ കൂട്ടാതെ വെള്ളാപ്പള്ളി ബിജെപി കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്ന്. തൊട്ടുപിന്നാലെ വന്നത് വെള്ളാപ്പള്ളി ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായെന്ന്. ഇക്കാര്യം കേന്ദ്ര നേതൃത്വമോ ഞങ്ങളോ എന്തിന് വെള്ളാപ്പള്ളി പോലും അറിയാത്ത ഒന്നാണ്. അതു കഴിഞ്ഞുണ്ടായത് സംസ്ഥാന നേതൃത്വത്തിന് എസ്എന്‍ഡിപിയോട് കൂട്ടുകൂടുന്നതില്‍ അതൃപ്തിയെന്നായിരുന്നു. തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞത് ബിജെപിയുമായി സഖ്യമുണ്ടാക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നാണ്. വെള്ളാപ്പള്ളി പറഞ്ഞു ബിജെപിയുമായി പുലബന്ധമില്ലെന്ന്. ഇവര്‍ രണ്ടുപേരും ഇക്കാര്യങ്ങള്‍ പറഞ്ഞിട്ടും സംസ്ഥാനനേതൃത്വത്തിന് താത്പര്യമില്ലെന്നാണ് വാര്‍ത്ത പടച്ചുണ്ടാക്കിയത്. മാധ്യമങ്ങള്‍ തന്നെ ഓരോന്നും ഉണ്ടാക്കി കൊണ്ടുവരികയാണ്. എസ്എന്‍ഡിപി-ബിജെപി സഖ്യത്തില്‍ ഒരാശയക്കുഴപ്പവും നിലവിലില്ല. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അഞ്ച് സീറ്റില്‍ ബിജെപി-എസ്എന്‍ഡിപി സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്.

അപ്പോഴും എന്‍എസ്എസ്സിന്റെ പിന്തുണ ബിജെപിക്ക് കിട്ടിയിട്ടില്ല
ആരു പറഞ്ഞു കിട്ടിയിട്ടില്ലെന്ന്? തിരുവനന്തപുരത്ത് സംവരണ സീറ്റുകള്‍ ഒഴിച്ചു ബാക്കിവരുന്ന തൊണ്ണൂറോളം സീറ്റുകളില്‍ 75 എണ്ണത്തിലും നായര്‍ സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. പുറമേ പറയുന്നതുപോലെയല്ല. എന്‍എസ്എസ് പിന്തുണ ബിജെപിക്ക് ഉണ്ട്.

വിശാലഹിന്ദു ഐക്യം എന്ന ആശയത്തിലൂടെ ബിജെപി എന്താണ് ലക്ഷ്യമിടുന്നത്?
ഞങ്ങളങ്ങനെ ഒന്നും തന്നെ പറഞ്ഞിട്ടില്ല. ഇത്രയും കാലം അവഗണിക്കപ്പെടുകയും പാര്‍ശ്വവത്കരിക്കപ്പെട്ടുകയും ചെയ്ത ജനസമൂഹത്തിനെ മുഖ്യധാരയിലേക്കു കൊണ്ടുവരണം എന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. അതിനായി നിലവിലെ ഭരണസംവിധാനത്തില്‍ മാറ്റങ്ങള്‍ വേണം. നായാടി മുതല്‍ നമ്പൂതിരിവരെയുള്ളവര്‍ക്കും ഈ സമൂഹത്തില്‍ അര്‍ഹിച്ച പ്രാധാന്യം കിട്ടണം. അതിനുവേണ്ടിയാണ് ഭാരതീയ ജനത പാര്‍ട്ടി ശ്രമിക്കുന്നത്.

ഇവിടെയിപ്പോള്‍ തങ്ങളാണ് ഭരണം നടത്തുന്നതെന്നു മുസ്ലിം ലീഗ് തന്നെ പറയുകയാണ്. അങ്ങനെ വരുമ്പോള്‍ എല്ലാവര്‍ക്കും തുല്യനീതി എന്ന ആശയം കേരളത്തില്‍ സംജാതമാകുമോ? ഇതിനെതിരെയാണ് ബിജെപി മുന്നോട്ടുവരുന്നത്.

ഭൂരിപക്ഷസമുദായത്തിന്റെ ഏകീകകരണം നിങ്ങള്‍ സാധ്യമാക്കുമ്പോള്‍ ന്യൂനപക്ഷങ്ങള്‍ വിഘടിച്ചു മാറിനില്‍ക്കുകയില്ലേ?
ഞങ്ങള്‍ ന്യൂനപക്ഷത്തിന് എതിരാണെന്നുള്ളത് വെറും പ്രചരണം മാത്രമാണ്. ലീഗ് നേതാക്കള്‍ അവരുടെ സ്വാര്‍ത്ഥതാത്പര്യങ്ങള്‍ക്കായി മതത്തെ മറയാക്കുകയാണ്. ന്യൂനപക്ഷ സംരക്ഷണം നടക്കുന്നൂവെന്നു പറയുമ്പോഴും അതിനകത്തുള്ളവരുടെ പ്രശ്‌നങ്ങള്‍ ഇപ്പോഴും പരിഹരിക്കപ്പെടാതെ കിടക്കുകയാണ്. തങ്ങളെ വെറും വോട്ട് ബാങ്കുകളായി മാത്രം കാണുകയാണെന്ന തിരിച്ചറിവ് ന്യൂനപക്ഷസമുദായത്തിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുകയാണ്. ബിജെപി ഒരിക്കലും ന്യൂനപക്ഷപ്രീണനം എന്ന വാക്ക് ഉപയോഗിച്ചിട്ടില്ല. ഇടതു വലതു കക്ഷികള്‍ നടത്തുന്നത് വോട്ട് ബാങ്ക് രാഷ്ട്രീയമാണ്. ന്യൂനപക്ഷത്തെ ബിജെപിയുടെ പേര് പറഞ്ഞ് ഭയപ്പെടുത്തിവച്ചിരിക്കുകയാണവര്‍.

ദേശീയതലത്തില്‍ ഇപ്പോള്‍ നടക്കുന്ന മനുഷ്യാവകാശധ്വംസനങ്ങള്‍ പാര്‍ട്ടിക്ക് ജനങ്ങള്‍ക്കിടയില്‍ തിരിച്ചടി ഉണ്ടാക്കുകയില്ലേ?
ഇപ്പോള്‍ നടക്കുന്നതെല്ലാം ആസൂത്രിതമായ പ്രചാരണങ്ങളാണ്. ദാദ്രിയിലെ സംഭവത്തിലെല്ലാം ബിജെപിക്കെതിരെ നടക്കുന്നത് കെട്ടിച്ചമച്ച ആരോപണങ്ങളാണ്. എഴുത്തുകാരുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ പോലും ഇടതപക്ഷത്തിന്റെ പ്രോപ്പഗന്‍ഡയാണ്. സിഖ് കലാപങ്ങളും കൊടിയ അഴിമതിയും ഒന്നും കാണാതെ പോയ എഴുത്തുകാര്‍ ഇപ്പോള്‍ പ്രതിഷേധങ്ങളുമായി രംഗത്തുവരുന്നെങ്കില്‍ അതില്‍ എന്ത് ആത്മാര്‍ത്ഥയാണ് ഉള്ളത്. എഴുത്തിനെ എഴുത്തുകൊണ്ടു നേരിടണമെന്നു ഇപ്പോള്‍ പറയുന്ന കമ്യൂണിസ്റ്റുകാര്‍ തന്നെയാണ് സക്കറിയയെ കയ്യേറ്റം ചെയ്തതും. സക്കറിയ പറഞ്ഞ കാര്യങ്ങളെ എന്തുകൊണ്ട് അവര്‍ അതേ രീതിയില്‍ നേരിട്ടില്ല. എഴുതിപ്പറയാന്‍ അറിയാത്തവന്‍ കൈകൊണ്ടു പറഞ്ഞു. അതില്‍ ഫാസിസം ഇല്ലേ? സാത്താനിക് വേഴ്സസും ക്രിസ്തുവിന്റെ ആറാം തിരുമുറിവും നിരോധിച്ചപ്പോള്‍ അതിലൊന്നും ഫാസിസം കാണാന്‍ ഇവര്‍ക്കു കഴിഞ്ഞില്ലേ. കന്യാസ്ത്രീകളെ അപമാനിക്കുന്നതെന്നു പറഞ്ഞു മഹാരാഷ്ട്രയില്‍ ഏതോ ഒരു നാടകം നിരോധിക്കാന്‍ മാര്‍ ക്ലിമ്മിസ് ആവശ്യപ്പെട്ടത് ഈയടുത്താണ്. അതില്‍ അസഹിഷ്ണുതയില്ലേ?

കേരളത്തില്‍ ഭക്ഷണസ്വാതന്ത്ര്യത്തിനുമേലുള്ള ഫാസിസ്റ്റ് കടന്നു കയറ്റത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നത്
ബീഫ് ഇഷ്യു കേരളത്തെ സംബന്ധിച്ച് ഒരു നോണ്‍ ഇഷ്യു ആയിരുന്നു. അതിനെ ഒരു പ്രശ്‌നമാക്കി മാറ്റിയത് സിപിഎമ്മാണ്. ഇവിടെ ആരാണ് ബീഫ് കഴിക്കുന്നതിനെ വിലക്കിയത്? കേരള വര്‍മ്മ കോളേജില്‍ എബിവിപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത് ബീഫ് കഴിക്കുന്നതിനെതിരെ ആയിരുന്നില്ല. എസ്എഫ്‌ഐയുടെ ഭാഗത്തു നിന്നുണ്ടായ അസഹിഷ്ണുതയ്‌ക്കെതിരെ ആയിരുന്നു. എബിവിപി പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദ്ദിച്ചതിനെതിരെ ആയിരുന്നു അവര്‍ പരാതി നല്‍കിയത്. എന്നാല്‍ ഇതൊക്കെ വളച്ചുകെട്ടി വലിയൊരു രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് സിപിഎമ്മുകാര്‍ ശ്രമിക്കുന്നത്. ഗോവധ നിരോധനം ഇതുവരെ ബിജെപി കേരളത്തില്‍ ചര്‍ച്ച ചെയ്തിട്ടില്ല. ഓരോ പ്രദേശത്തിനും അതിന്റെതായ ഭക്ഷണരീതിയുണ്ട്. ഓണത്തിനു വടക്കന്‍ കേരളത്തില്‍ മീനും ഇറച്ചിയും നിര്‍ബന്ധമാണ്. അതേസമയം തെക്കന്‍ കേരളത്തില്‍ അങ്ങനെയൊന്നു ചിന്തിക്കാമോ? ഇതൊന്നും ആരും നിര്‍ബന്ധിച്ച് ചെയ്യിപ്പിക്കുന്നതല്ലല്ലോ. എല്ലാം ഓരോ വിശ്വാസത്തിന്റെ ഭാഗമാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഭക്ഷണരീതികള്‍ അവിടുത്തെ കാലാവസ്ഥയെയും ചരിത്രപരമായ വിശ്വാസങ്ങളുടെയും അടിസ്ഥാനത്തില്‍ രൂപപ്പെടുന്നതാണ്. ഗുജറാത്തില്‍ ബഹുഭൂരിപക്ഷവും സസ്യാഹാരപ്രിയരാണ്. എന്നാല്‍ മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ സ്ഥിതി അതല്ല. കേരളം ഒരു നോണ്‍ വെജിറ്റേറിയന്‍ ഫൂഡ് ഹാബിറ്റ് ഉള്ള സംസ്ഥാനമാണ്. അതുകൊണ്ട് തന്നെ ഇവിടെ ഇത്തരം കാര്യങ്ങളൊന്നും ഒരു ചര്‍ച്ചപോലും ആകേണ്ട കാര്യമില്ല. പാര്‍ട്ടിയും ഇതിലൊന്നും ഒരു തരത്തിലുള്ള ചര്‍ച്ചയും നടത്തിയിട്ടില്ല. ദേശീയതലത്തില്‍ ഒരു ഫുഡ് പോളിസി വേണമെന്ന് ഞങ്ങള്‍ പറയുന്നുമില്ല. മഹാരാഷ്ട്രയിലും ഗുജറാത്തിലുമൊക്കെ അവരുടേതായ ഭക്ഷണരീതികള്‍ ആവശ്യപ്പെടുന്നുണ്ടെങ്കില്‍ അതിവിടുത്തെ ജനങ്ങളുടെ താത്പര്യപ്രകരമാണ്.

കേരളത്തിലെ ബിജെപിയുടെ യഥാര്‍ത്ഥ പ്രശ്‌നം അതിന് ശക്തമായ നേതൃത്വനിര ഇല്ലാതെ പോകുന്നതാണെന്നുള്ള വിമര്‍ശനമുണ്ട്.
കേരളത്തില്‍ ഒരു സീറ്റുപോലും ഇല്ലാതിരുന്ന ഒരു പാര്‍ട്ടിക്ക് എങ്ങനെയാണ് നേതാക്കള്‍ ഉണ്ടാകുന്നത്. ഭരണവും രാഷ്ട്രീയവും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതാണ്. കേരളത്തില്‍ അധികാരത്തിലെത്താത്ത ഏതു പാര്‍ട്ടിക്കാണ് നേതാക്കന്മാര്‍ ഉള്ളത്. അതുമായി ബന്ധപ്പെടുത്തി നോക്കുമ്പോള്‍ ബിജെപിക്ക് ഒരുപിടി മികച്ച നേതാക്കന്മാര്‍ തന്നെ കേരളത്തില്‍ ഉണ്ട്.

അതേസമയം തന്നെ ബിജെപിയുടെ നേതാക്കന്മാരെല്ലാം സവര്‍ണവിഭാഗത്തില്‍ നിന്നുള്ളവരാണെന്ന ആക്ഷേപവുമുണ്ട്
പല ചരിത്രപരമായ കാരണങ്ങളാലും കേരളത്തിലെ ബിജെപിയുടെ നേതൃനിരയില്‍ ഒരു ചെറിയ ശതമാനം ഒഴിച്ചാല്‍ അപ്പര്‍ കാസ്റ്റില്‍ നിന്നുള്ളവരാണ് കൂടുതലും. എന്നാല്‍ ഇവരാരും തന്നെ അപ്പര്‍ കാസ്റ്റ് മെന്റാലിറ്റി ഉള്ളവരല്ല. എസ്എന്‍ഡിപി പോലുള്ള സമുദായസംഘടനകളുമായി ചേരുന്നതോടെ ആ ആക്ഷേപം ഇല്ലാതാകില്ലേ. മറ്റൊന്ന്, സിപിഎമ്മിന്റെ നേതൃത്വനിരയില്‍ ഏതു വിഭാഗമാണ് കൂടുതല്‍. അവരുടെ പൊളിറ്റ് ബ്യൂറോയില്‍ ബ്രാഹ്മാണാധിപത്യമല്ലേ. സിപിഎമ്മിലെ അപ്പര്‍ കാസ്റ്റ് നേതാക്കള്‍ പട്ടിണിപ്പാവങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവരും ബിജെപിയിലെ നേതാക്കന്മാര്‍ സവര്‍ണ മനോഭാവം വെച്ചു പുലര്‍ത്തുന്നവരുമാണെന്നു പറയുന്നത് ഇരട്ടത്താപ്പല്ലേ?

കേരളത്തില്‍ ബിജെപിയുടെ മുഖ്യ ടാര്‍ഗറ്റ് ഇടതുപക്ഷമാണ്. യുഡിഎഫിനോട് മൃദുസമീപനമല്ലേ പിന്തുടരുന്നത്?
ഞങ്ങള്‍ ഏറ്റവും കൂടുതല്‍ എതിര്‍ക്കുന്നത് കോണ്‍ഗ്രസിനെയും യുഡിഎഫിനെയുമാണ്. കെ എം മാണിക്കെതിരെ കേസ് കൊടുത്തിരിക്കുന്നത് ഞാനാണ്. പിന്നെ ഐഡിയോളിക്കലി നേര്‍ക്കുനേര്‍ പോരാട്ടം ബിജെപിയും സിപിഐഎമ്മും തമ്മിലാണ്. കോണ്‍ഗ്രസിനോ യുഡിഎഫിനോ ഐഡിയോളജി എന്നൊന്നില്ല. അവര്‍ക്ക് അഴിമതി നടത്തി പണം ഉണ്ടാക്കിയാല്‍ മതി. വാല്യു ഉള്ള ഒരു നേതാവും അവിടെയില്ല.

രണ്ടു മുന്നണികളും ഇത്തരത്തില്‍ ദ്രവിച്ചു തീരുകയാണ്. ജനങ്ങളുടെ ക്ഷേമം ഇവരുടെ അജണ്ടയില്‍ ഇല്ലാതായിരിക്കുന്നു. ഇവിടെയാണ് ഭാരതീയ ജനത പാര്‍ട്ടി ആ ലക്ഷ്യം ഏറ്റെടുക്കാന്‍ തയ്യാറെടുക്കുന്നത്.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍