UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രതിപക്ഷ നേതൃസ്ഥാനമൊഴിഞ്ഞു, ഇനി ഇടതുപക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തി കേരളത്തിന്റെ കാവലാള്‍ ; വിഎസ്

അഴിമുഖം പ്രതിനിധി

വിഎസ് അച്യുതാനന്ദന്‍ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞു. കന്റോണ്‍മെന്റ് ഹൗസില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാ ഇടതുപക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ച് കേരളത്തിന്റെ കാവലാളായി തുടരുമെന്ന വാക്കുകളോടെ വിഎസ്  സ്ഥാനമൊഴിഞ്ഞത്. യുഡിഎഫ് സര്‍ക്കാരിന്റെ കുംഭകോണങ്ങളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും പുതുതായി വരുന്ന സര്‍ക്കാര്‍ ആ കര്‍ത്തവ്യം നിര്‍വഹിക്കുമെന്നും വിഎസ് വ്യക്തമാക്കി. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നമ്മളെ എവിടെ എത്തിച്ചു എന്നതില്‍ ആര്‍ക്കും സംശയമുണ്ടാകില്ല എന്ന് എഴുതി തയ്യാറാക്കിയ പ്രസംഗം വായിച്ച വിഎസ് യുഡിഎഫ് സര്‍ക്കാരിനെതിരെയുളള അഴിമതി ആരോപണങ്ങള്‍ ആവര്‍ത്തിക്കുകയുണ്ടായി. കോഴ ഇടപാടുകളെക്കുറിച്ച് കൊച്ചുകുട്ടികള്‍ക്ക് വരെ അറിയാമെന്നും കേരളത്തിലെ യുവാക്കളെ പറഞ്ഞുപറ്റിച്ച് കടലാസ് ഉദ്ഘാടനങ്ങള്‍ നടത്തിയെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നിലവിലുളള നിയമങ്ങള്‍ എല്ലാം കാറ്റില്‍ പറത്തി. ഐടി മേഖലയില്‍ പുരോഗതി ഇല്ല. വിമാനത്താവളത്തിന്റെ പേരില്‍ ഉദ്ഘാടനം നടന്നതല്ലാതെ വിമാനം ഇറങ്ങിയില്ല എന്നിങ്ങനെ അഴിമതികള്‍ എണ്ണിയാണ് വിഎസ് സംസാരിച്ചത്. ജിഷയുടെ ഘാതകരെ തുറങ്കിലടക്കുന്ന നാളുകള്‍ വിദൂരമല്ലെന്നും ഇടതുമുന്നണിയില്‍ ജനങ്ങള്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും വിഎസ് വ്യക്തമാക്കി.തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ വിജയത്തിലെത്തിച്ച എല്ലാവര്‍ക്കും നന്ദിയറിയിച്ച വിഎസ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ എല്ലാ വിഭാഗം ജനങ്ങളില്‍ നിന്നും ആവേശകരമായ സ്വീകരണങ്ങളാണ് ലഭിച്ചതെന്നും പറഞ്ഞു.

അതോടൊപ്പം താന്‍ തിരുവനന്തപുരം വിട്ട് ആലപ്പുഴയിലേക്ക് പോകും എന്ന വാര്‍ത്ത വിഎസ് നിഷേധിച്ചു. തന്നെ കാണാന്‍ ആര്‍ക്കും ആലപ്പുഴയിലേക്ക് വരേണ്ടി വരില്ല എന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരില്‍ മറ്റ് പദവികള്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് എന്നെ നിങ്ങള്‍ക്കറിയാമല്ലോ എന്ന് മാത്രമായിരുന്നു മറുപടി. വാര്‍ത്താസമ്മേളനത്തിനിടയിലുയര്‍ന്ന വിവാദചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ  ഗുഡ് ബൈ, ഗുഡ് ബൈ, ഗുഡ് ബൈ എന്ന് ആവര്‍ത്തിച്ച് പറഞ്ഞാണ് വിഎസ് പിന്‍വാങ്ങിയത്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍