UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇത് സ്വന്തം പാർട്ടിക്കുള്ള വി എസിന്‍റെ പുതുവത്സര സമ്മാനം

Avatar

സാജു കൊമ്പന്‍

വെടിനിര്‍ത്തലിന്റെ അത്ര ദീര്‍ഘമല്ലാത്ത ഇടവേളയ്ക്ക് ശേഷം കേരളത്തിലെ സി പി എം രാഷ്ട്രീയം വീണ്ടും കലുഷിതമാവുകയാണ്. എന്നത്തേയും പോലെ ഒരറ്റത്ത് വി എസ് അച്യുതാനന്ദനും മറുവശത്ത് ഔദ്യോഗിക സിപിഎമ്മും തന്നെയാണ് കച്ചമുറുക്കിയിരിക്കുന്നത്. പതിവുപോലെ തികച്ചും അപ്രതീക്ഷിതവും സ്ഫോടനാത്മകവും ആയിരുന്നു വി എസിന്റെ വിമര്‍ശനങ്ങള്‍. സംസ്ഥാന സമ്മേളനം പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുമ്പോഴാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ 90 കഴിഞ്ഞ ഈ നേതാവ് വീണ്ടും ഗോദയിലേക്ക് ഇറങ്ങുന്നത് എന്നതുതന്നെയാണ് പുതിയ വാഗ്പോരുകളുടെ പ്രസക്തി.

സിപിഎം സംസ്ഥാന സമ്മേളനം നടക്കാന്‍ പോകുന്ന ആലപ്പുഴയില്‍ വെച്ച് അതിന്റെ സംഘാടക സമിതി ഓഫീസിന്റെ ഉത്ഘാടനവുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകരെ കണ്ടപ്പോഴാണ് പി. കൃഷ്ണപ്പിള്ള സ്മാരകം കത്തിച്ചതിന് പിന്നില്‍ ഗൂഡാലോചനയുണ്ട് എന്ന മുന്‍ ആരോപണവുമായി വി എസ് വീണ്ടും എത്തിയത്. കമ്യൂണിസ്റ്റുകള്‍ തന്തയെയും തള്ളയെയും തല്ലുന്നവരാണ് എന്ന കോണ്‍ഗ്രസുകാരുടെ പ്രചരണത്തെ അംഗീകരിക്കുന്നതിന് തുല്യമായിപ്പോയി കൃഷ്ണപിള്ള മന്ദിരം തകര്‍ത്തതിന് പിന്നിലെ പോലീസ് കണ്ടെത്തിയവരെ പാര്‍ടിയില്‍ നിന്ന് പുറത്താക്കിയത് എന്നായിരുന്നു വി എസിന്‍റെ പ്രസ്താവന. കഴിഞ്ഞ ദിവസം ഒരു പടി കൂടി കടന്ന് 1996ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മാരാരിക്കുളത്ത് തന്നെ ഒറ്റിയവര്‍ തന്നെയാണ് കൃഷ്ണപ്പിള്ള മന്ദിരവും തകര്‍ത്തതിന് പിന്നില്‍ എന്ന വെടി കൂടി പൊട്ടിക്കുകയും ചെയ്തു. വി എസിനെ തോല്‍പ്പിക്കുന്നതില്‍ പിന്നില്‍ പ്രവര്‍ത്തിച്ചതായി കണ്ടെത്തി 10 വര്‍ഷത്തേക്ക് പുറത്താക്കപ്പെട്ട ആലപ്പുഴയിലെ നേതാവ് ടി കെ പളനിയുടെ പേര് എടുത്തുപറഞ്ഞുകൊണ്ടാണ് വി എസ് വിമര്‍ശനത്തിന്റെ മൂര്‍ച്ച കൂട്ടിയത്.

വി എസ് ആലപ്പുഴയില്‍ നടത്തിയ വിമര്‍ശനങ്ങളുടെ തുടര്‍ച്ചയായി ചേര്‍ന്ന സി പി എം സെക്രട്ടേറിയേറ്റ് വി എസിന്‍റെ നിലപാടുകളെ തള്ളുകയും ലതീഷ് ചന്ദ്രനുള്‍പ്പെടെയുള്ളവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ നടപടിയെ അംഗീകരിക്കുകയും ചെയ്തു. പാര്‍ട്ടിയോട് ശത്രുതാ മനോഭാവത്തോട് പെരുമാറുന്നയാളാണ് ലതീഷ് എന്നു വിലയിരുത്തിയ സെക്രട്ടേറിയേറ്റ് വി എസിന് ലതീഷിനോട് പ്രത്യേക മനോഭാവമുണ്ടെന്നും സൂചിപ്പിച്ചു. അതുകൊണ്ടാണ് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ലതീഷിനെ ആലപ്പുഴ പാര്‍ട്ടി എതിര്‍ത്തിട്ടും തന്റെ പേഴ്സണല്‍ സ്റ്റാഫില്‍ നിന്ന് ഒഴിവാക്കാന്‍ വി എസ് തയ്യാറാവാതിരുന്നത്. പാര്‍ട്ടി നിലപാടിന് വിരുദ്ധമായി വി എസ് പ്രസ്താവന നടത്തിയത് തെറ്റായിപ്പോയി എന്നു വിലയിരുത്തുന്ന സെക്രട്ടറിയേറ്റിന്റെ കുറ്റപത്രത്തിന് പിന്നാലെ കൃഷ്ണപ്പിള്ള മന്ദിരം തകര്‍ത്തതില്‍ വി എസിന്‍റെ പങ്കും അന്വേഷിക്കണമെന്ന് പറഞ്ഞ് ഒരു പടികൂടി കടന്നാക്രമിക്കുകയായിരുന്നു പളനി ചെയ്തത്.

പി കൃഷ്ണപ്പിള്ളയുടെ സ്മാരകം കത്തിച്ചു എന്നത് സി പി എമ്മിനെ സംബന്ധിച്ചിടത്തോളം അടിമുടി ഉലയ്ക്കുന്ന പ്രശ്നം തന്നെയാണ്. ടി പി ചന്ദ്രശേഖരന്‍റെ വധത്തിന് ശേഷം ഒരു പക്ഷേ പാര്‍ട്ടി തങ്ങളുടെ ലക്ഷക്കണക്കായ പ്രവര്‍ത്തകരോട് വിശദീകരണം നാല്‍കേണ്ടി വരുന്ന മറ്റൊരു സംഭവം. പൊതു സമൂഹത്തിന് ഇതില്‍ എന്തെങ്കിലും താത്പര്യം ഉണ്ടാകണമെന്നില്ല. പി കൃഷ്ണപ്പിള്ളയോ സ്മാരക മന്ദിരമോ ലതീഷ് ചന്ദ്രനോ അവരുടെ ദൈനംദിന വ്യവഹാരത്തില്‍ എവിടെയെങ്കിലും വരുമെന്ന് തോന്നുന്നില്ല. പക്ഷേ ഇപ്പൊഴും വിപ്ലവ വായാടിത്തവുമായി നടക്കുന്ന ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി കുടുംബ വഴക്കിന് സമാനമായ പോരിന് തുടക്കം കുറിക്കുന്നത് കണ്ട് പൊതു സമൂഹം ഒന്നമ്പരക്കുക തന്നെ ചെയ്യും എന്ന കാര്യത്തില്‍ സംശയമില്ല.

പലപ്പോഴും വി എസ് എടുക്കുന്ന നിലപാടുകള്‍ക്ക് പ്രത്യയശാസ്ത്ര ബലം നല്‍കുന്ന വിമത ഇടതു ബുദ്ധിജീവി സമൂഹത്തിന് പോലും വി എസ് എന്തിനാണ് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത് എന്നു വ്യക്തമായിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. അത് ചാനല്‍ ന്യൂസ് റൂമുകളില്‍ നടന്ന അന്തിചര്‍ച്ചകളിലെല്ലാം വ്യക്തമായിരുന്നു. ആശ്രിത വാത്സല്യത്തിനപ്പുറം ഒരു പൌരന്‍ രാഷ്ട്രീയ പകപോക്കലിന്റെ പേരില്‍ ഇരയാക്കപ്പെടുന്നതിനെതിരെയാണ് വി എസിന്റെ യുദ്ധ പ്രഖ്യാപനം എന്നു പറഞ്ഞു മേനി നടിക്കാമെങ്കിലും അതിനുമപ്പുറം പാര്‍ട്ടിക്കുള്ളിലെ അധികാര ബലാബലത്തിലേക്ക് പുതിയ വഴി വെട്ടാനുള്ള ശ്രമമാണ് വി എസ് നടത്തുന്നത് എന്ന് തീര്‍ച്ചയായും സംശയിക്കാവുന്നതാണ്.

താരതമ്യേനെ ദുര്‍ബലമാണ് പഴയ വി എസ് ഗ്രൂപ്പ് ഇപ്പോള്‍. വി എസിന് പിന്നില്‍ അണിനിരന്നിരുന്ന പഴയ പടക്കുതിരകളെല്ലാം ഔദ്യോഗിക പാര്‍ട്ടി അധികാരത്തിന് മുന്നില്‍ ആയുധംവെച്ച് കീഴടങ്ങുകയോ നിഷ്ക്രിയമാകുകയോ ചെയ്തിട്ടുണ്ട്. തനിച്ച് യുദ്ധം ചെയ്യാനുള്ള ബലവും സമയവും വി എസിനില്ല. പ്രത്യക്ഷത്തില്‍ ഇങ്ങനെയൊക്കെ ആണെങ്കിലും പിണറായി വിജയന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പദവി ഒഴിയുന്നു എന്ന പ്രാധാന്യം വരുന്ന സംസ്ഥാന സമ്മേളനത്തിന് ഉണ്ട് എന്ന കാര്യം വി എസ് മനസിലാക്കിയിട്ടുണ്ട്. സംസ്ഥനത്തൊട്ടാകെ താഴെതട്ടില്‍ നടന്ന സിപിഎം സമ്മേളനങ്ങള്‍ വി എസ് വളരെ സൂക്ഷ്മമായി തന്നെ നിരീക്ഷിച്ചിട്ടുണ്ടാവും എന്ന കാര്യത്തില്‍ സംശയമില്ല. ഇപ്പൊഴും താഴെ തട്ടില്‍ ശക്തമായ വിഭാഗീയത നിലനില്‍ക്കുന്നുണ്ട് എന്നത് പകല്‍ പോലെ വ്യക്തമാണ്. സംഘര്‍ഷങ്ങള്‍ കാരണം ചില സമ്മേളങ്ങള്‍ നിര്‍ത്തി വെക്കുക പോലുമുണ്ടായിട്ടുണ്ട്. താഴെ തട്ടില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക നേതൃത്വത്തിനോട് എതിരായ വികാരം ഇപ്പൊഴും ദുര്‍ബലപ്പെട്ടില്ല എന്ന തിരിച്ചറിവാണ് ഇത്ര പച്ചയായി വിഭാഗീയമായ വാഗ്പ്രയോഗം നടത്താന്‍ വി എസിനെ പ്രേരിപ്പിച്ചിട്ടുണ്ടാവുക.  അടുത്ത സംസ്ഥാന കമ്മിറ്റിയും സെക്രട്ടറിയും ഒക്കെ ഉണ്ടാകുമ്പോള്‍ തന്റെ സ്വരവും പരിഗണിക്കപ്പെട്ടണം എന്ന ആഗ്രഹം വി എസിനുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. അല്ലെങ്കില്‍ സംസ്ഥാന സെക്രട്ടറി പദം മോഹിക്കുന്ന ആരുടെയോ മൌനസമ്മതം ഈ നാടകത്തിന് പിന്നിലുണ്ടെന്ന് കരുതേണ്ടിയിരിക്കുന്നു.

വി എസ് ഉഴുതു മറിക്കാന്‍ ശ്രമിക്കുന്നത് പഴയ മണ്ണാണ്. വളക്കൂറും നീര്‍വാര്‍ച്ചയും വറ്റിയ ആ വരണ്ട മണ്ണില്‍ എന്തെല്ലാം കിളിര്‍ക്കും എന്ന്‍ കാത്തിരുന്നു കാണാം. അല്ലെങ്കില്‍ അവശേഷിക്കുന്ന ഈ മണ്ണും കാലടിയില്‍ നിന്ന് ഊര്‍ന്നുപോകുമോ എന്നും. പാര്‍ട്ടിയുടെ കാര്യത്തിലും വി എസിന്‍റെ കാര്യത്തിലും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍