UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വി എസ്, അങ്ങ് ഒരു നവാബ് രാജേന്ദ്രനല്ല, ആവുകയുമില്ല

Avatar

ഷെറിന്‍ വര്‍ഗീസ്

സിസ്റ്റര്‍ അഭയക്കേസില്‍ ‘മാതാവേ, സത്യം എന്തു തന്നെയായാലും നമ്മുടെ അച്ചന്മാര്‍ക്ക് ഒന്നും വരുത്തരുതേ’ എന്നു മുട്ടിപ്പായി പ്രാര്‍ത്ഥിച്ച വിശ്വാസിസമൂഹം ജനനീതിയുടെ അവസാന വാതിലും കൊട്ടിയടച്ചപ്പോള്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ എന്ന ചെറുപ്പക്കാരന് കോടതിയെ മാത്രമെ ശരണം പ്രാപിക്കാനുണ്ടായിരുന്നുള്ളൂ.

കെ. കരുണാകരനെന്ന അതികായനുമായുള്ള പോരാട്ടത്തില്‍, കഴുത്തു മുതല്‍ കണങ്കാലുവരെ നീണ്ട മുഷിഞ്ഞ കാവിക്കുപ്പായം മാത്രം കൈമുതലായുണ്ടായിരുന്ന നവാബ് രാജേന്ദ്രനും അന്യായം ബോധിപ്പിക്കാന്‍ ജുഡീഷ്യറിയുടെ പുറകേ നടന്നതിലും നമുക്കൊരു പൊരുത്തക്കേട് കാണാനാവില്ല. എന്നാല്‍ അതുപോലെയാണോ വി എസ്?

സ്വാതന്ത്ര്യസമരത്തിന്റെയും കമ്യൂണിസ്റ്റ് സമരങ്ങളുടെയും തീച്ചൂളയിലേക്ക് പിറന്നുവീണയാളാണ് സഖാവ് വി എസ്. പുന്നപ്ര-വയലാര്‍ സമരനായകന്‍, ലോക്കപ്പ് മുറികളില്‍ ക്രൂരമര്‍ദ്ദനങ്ങള്‍ക്ക് ഇരയായിട്ടുള്ള കമ്യൂണിസ്റ്റുകാരന്‍, നാലു വര്‍ഷം ഒളിവിലും അഞ്ചരവര്‍ഷക്കാലം ജയിലിലും കിടന്ന സമരസഖാവ്. പാര്‍ട്ടിയുടെ മുന്‍ സംസ്ഥാന സെക്രട്ടറി, പ്രതിപക്ഷ നേതാവ്, എല്ലാറ്റിനുമൊടുവില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയുമായി വി എസ് അച്യുതാനന്ദന്‍. ഇപ്പോള്‍ വീണ്ടും കേരളത്തിന്റെ പ്രതിപക്ഷനേതാവ്, പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയംഗം. ഇതൊക്കെയായിട്ടും വി എസിന്റെ ‘കളി സ്ഥലം’ ഇപ്പോള്‍ കോടതിയാണ്. എന്തുകൊണ്ടാണ് വി എസിന് കോടതി വരാന്തകളിലേക്ക് തന്റെ പ്രവര്‍ത്തനം മാറ്റേണ്ടി വന്നത്?

പാര്‍ട്ടി തന്നോടൊപ്പം ഇല്ലെന്ന അറിവുകൊണ്ടാണോ? അതുതന്നെയാണോ മുഖ്യധാര രാഷ്ട്രീയ വിഷയങ്ങള്‍ക്കപ്പുറത്ത് ചില എന്‍ ജി ഒ വിഷയങ്ങളിലേക്ക് വി എസ് തന്റെ ശ്രദ്ധ ബോധപൂര്‍വം തിരിക്കുന്നത്? മതികെട്ടാനില്‍ മലകയറിയും, വെടിവെപ്പുണ്ടായ മുത്തങ്ങയിലേക്ക് ഓടിയെത്തിയും കിളിരൂര്‍ പെണ്‍കുട്ടി ശാരി എസ് നായരെ സന്ദര്‍ശിക്കാനെത്തിയുമൊക്കെ അദ്ദേഹം മുന്നോട്ടുവെച്ചത് ഭൂമിയുടെയും ദളിതന്റെയും സ്ത്രീയുടെയും രാഷ്ട്രീയമായിരുന്നു.

പക്ഷെ, മുഖ്യമന്ത്രിയായ അച്യുതാനന്ദന്‍ ആദിവാസിക്ക് ഭൂമി നല്‍കിയില്ല. ശാരി എസ് നായരുടെ കുട്ടിക്ക് സന്ദര്‍ശനാനുമതി നല്‍കിയില്ല. മൂന്നാറിലെ പൊളിക്കലുകള്‍ക്ക് നഷ്ടപരിഹാരം കൊടുക്കണമെന്ന ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ വിധിയാവട്ടെ ബാധ്യതയാകുന്നത് കേരളത്തിന്റെ പൊതു ഖജനാവിനും.

കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ പ്രൊഫഷണല്‍ പബ്ലിക് റിലേഷന്‍സ് പ്രവര്‍ത്തനങ്ങളിലൂടെ ഇന്ത്യയില്‍ ഉയര്‍ന്നു വന്ന നേതാവ് നരേന്ദ്ര മോദിയാണെന്നാണ് നമ്മുടെ വിശ്വാസം. എന്നാല്‍ നവമാധ്യമങ്ങളേയും പുതുതലമുറയുടെയും പുതുരാഷ്ട്രീയ നിലപാടുകളുടെ എല്ലാ സാധ്യതകളെയും ഏറ്റവും സമര്‍ത്ഥമായി ഉപയോഗപ്പെടുത്തി ഉയര്‍ന്നുവന്ന നേതാവ് വി എസ് ആണെന്നതില്‍ ഒരു സംശയവുമില്ല.

സംശയമുണ്ടെങ്കില്‍ നമ്മള്‍ പരിശോധിക്കേണ്ടത് വി എസ് ജില്ലാ സെക്രട്ടറിയായിരുന്നപ്പോള്‍ ആലപ്പുഴയില്‍ നടന്നിട്ടുള്ള രാഷ്ട്രീയ കൊലപാതകങ്ങളുടെ കണക്കാണ്. പാര്‍ട്ടിവിട്ട ഗൗരിയമ്മയെ അധിക്ഷേപിച്ചതും ടി ജെ ആഞ്ചലോസിനെ മീന്‍ പെറുക്കി പയ്യനെന്നു വിളിച്ച് പരിഹസിച്ചതും കര്‍ഷകന്റെ വിളകള്‍ വെട്ടിനിരത്തിയും നടന്ന വി എസിന്റെ മുഖത്തിന് അത്ര പഴക്കമൊന്നുമില്ല.

സി അച്യുതമേനോന്‍ എന്ന മുന്‍ മുഖ്യമന്ത്രി അറിയപ്പെടുന്നത് കേരളത്തില്‍ നടപ്പിലാക്കിയ ഭൂപരിഷ്‌കരണ നിയമത്തിന്റെ പശ്ചാത്തലത്തിലാണ്. രാജന്‍ കേസിന്റെ കറയുണ്ടെങ്കിലും നെടുമ്പാശേരി വിമാനത്താവളത്തിന്റെ സാക്ഷാത്കാരം തൊട്ട് എത്രയോ വികസനനേട്ടങ്ങള്‍ കെ കരുണാകരന്‍ എന്ന ഭരണാധികാരി കേരളത്തിന് നല്‍കി. കല്യാശേരി പഞ്ചായത്തില്‍ തുടങ്ങിയതും ജനകീയാസൂത്രണം എന്നപേരില്‍ കേരളത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാക്കിയ അധികാരവികേന്ദ്രീകരണത്തിന്റെയും സാക്ഷരതാ മിഷന് പിന്തുണകൊടുക്കുകയും ജീവിതാന്ത്യംവരെ വാടകവീട്ടില്‍ താമസിക്കുകയും ചെയ്‌തൊരാളെന്ന നിലയിലുമൊക്കെ മലയാളികളുടെ പ്രിയപ്പെട്ട മുഖ്യമന്ത്രിയായി ഇ കെ നായനാരും ചരിത്രത്തില്‍ അടയാളപ്പെടുന്നുണ്ട്. ചാരായ നിരോധനം ആകും എ കെ ആന്റണിയുടെ ഭരണകാലത്തിന്റെ അടയാളം. എന്നാല്‍ വി എസ് അച്യുതാനന്ദന്‍ എന്ന മുഖ്യമന്ത്രിയുടെ കാലയളവ് ചരിത്രത്തില്‍ എങ്ങനെയാകും അടയാളപ്പെടുക? ഈ മുന്‍ മുഖ്യമന്ത്രിയെ എന്തിന്റെ പേരിലായിരിക്കും ജനങ്ങള്‍ ഓര്‍ത്തിരിക്കുക; വിഭാഗീയതയുടെ വിഴുപ്പ് ചുമന്നൊരാള്‍ എന്നതിനപ്പുറം.

ഇങ്ങനെയൊക്കെ ആയ വി എസ് ഇന്ന് കേരളരാഷ്ട്രീയത്തിന്റെ ‘സേഫ്ടി വാല്‍വ്’ ആണെന്ന അദ്ദേഹത്തിന്റെ ആരാധകരുടെ വാദത്തെ നമുക്കെങ്ങനെ അംഗീകരിക്കാനാവും?

പിണറായി വിജയന്റെ എതിരാളി എന്നതുകൊണ്ടുമാത്രം വി എസിന് വിശുദ്ധപദവി നല്‍കാനാകുമോ?

കിളിരൂരിലെ പ്രതിജ്ഞയ്ക്കുശേഷം ഒരു സ്ത്രീപീഢകനെയെങ്കിലും കയ്യാമം വയ്ക്കാന്‍ മുഖ്യമന്ത്രിയായിരുന്ന വി എസിനായോ?

പാമോലിന്‍ കേസിന്റെ വിചാരണ സമയത്ത് ജഡ്ജി പുറപ്പെടുവിച്ച പുനരന്വേഷണ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാക്കിയപ്പോഴോ, കേസ് ഹൈക്കോടതിയുടെയും സുപ്രിം കോടതിയുടെയും പരിഗണനയ്‌ക്കെത്തിയപ്പോഴോ തെളിവ് ഹാജരാക്കാന്‍ കഴിയാതെ കോടതിയുടെ ശക്തമായ താക്കീത് ഏറ്റുവാങ്ങുകയും ചെയ്തു.

തനിക്ക് അനുകൂലമായി വരുന്ന കോടതി വിധികളിലും നേരിയ പരാമര്‍ശങ്ങളില്‍പ്പോലും മാധ്യമങ്ങളോടൊപ്പം അമിതമായി ആഹ്ലാദിക്കുന്ന വി എസിന്, കോടതി വിമര്‍ശനങ്ങളെക്കുറിച്ച് സമൂഹത്തോട് പറയാനുള്ള ബാധ്യതയില്ലേ?

എല്ലാത്തിനുമൊടുവില്‍ അദ്ദേഹത്തിന്റെ ബദല്‍ക്കുറിപ്പും പുറത്തുവന്നിരിക്കുന്നു. ടി പി വധം, സോളാര്‍ സമരം, അച്ചടക്കം തുടങ്ങിയവയാണ് അദ്ദേഹം തയ്യാറാക്കുകയും പ്രകാശ് കാരാട്ടിന് നല്‍കുകയും മാധ്യമങ്ങള്‍ വള്ളിപുള്ളി വിടാതെ ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന ബദല്‍ കുറിപ്പിലുള്ളത്.

അദ്ദേഹം കലഹിച്ചുകൊണ്ടിരിക്കുകയാണ്. അതൊരു കമ്യൂണിസ്റ്റുകാരന്റെ കലാപങ്ങളായി കുറെപ്പേരെങ്കിലും തെറ്റിദ്ധരിക്കുന്നകാലത്തോളം വി എസ് വിജയിച്ചു കൊണ്ടേയിരിക്കും.

 

(യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍) 

 

*Views are personal

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍

https://www.youtube.com/channel/UCkxVY7QPQVrMCNve5KPoX_Q/vide

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍