അഴിമുഖം പ്രതിനിധി
ക്യാബിനറ്റ് പദവിയോടെ വിഎസ് അച്യുതാനന്ദനെ ഭരണപരിഷ്‌കാര കമ്മീഷന്റെ ചെയര്‍മാനാക്കാന്‍ ധാരണ. നിയമം ഭേദഗതി ചെയ്ത് ഇരട്ടപദവി പ്രശ്‌നം ഒഴിവാക്കാനും ഇന്നു ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ തീരുമാനമായി. ഇതിനായി ചീഫ് സെക്രട്ടറി നല്‍കിയ ശുപാര്‍ശ മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ നിയഭേദഗതി പാസാക്കിയെടുക്കാനാണ് തീരുമാനം.
നിലവില്‍ എംഎല്‍എയായ വിഎസ് ക്യാബിനറ്റ് റാങ്കോടെ ഭരണപരിഷ്‌കാര കമ്മീഷന്റെ ചെയര്‍മാനാകാന്‍ ഇരട്ടപദവി പാടില്ല എന്ന നിയമം തടസമായിരുന്നു. എംഎല്‍എയായി തുടരുമ്പോള്‍ കമ്മീഷന്റെ ചെയര്‍മാനാകുന്നതും അധ്യക്ഷനെന്ന നിലയിലുള്ള ശമ്പളം കൈപ്പറ്റുന്നതും പേഴ്‌സണല്‍ സ്റ്റാഫിനെ നിയമിക്കുന്നതിനുമെല്ലാം നിലവിലുള്ള നിയമപ്രകാരം തടസമുണ്ടായിരുന്നു. പുതിയ നിയമം വരുന്നതോടെ ഈ തടസ്സങ്ങളെല്ലാം നീങ്ങും. ഇകെ നായനാര്‍ ആയിരുന്നു കേരളത്തില്‍ അവസാന ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍.