UPDATES

പിള്ള കൊള്ളാമെന്ന് വി എസും

അഴിമുഖം പ്രതിനിധി

ബാലകൃഷ്ണ പിള്ളയുടെ എല്‍ ഡിഎഫ് പ്രവേശനത്തെക്കുറിച്ച് ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തുടങ്ങിവച്ച ചര്‍ച്ച കൂടുതല്‍ സജീവമാക്കി വി എസ് അച്യുതാനന്ദനും രംഗത്ത്. പിള്ളയുടെ മുന്നണി പ്രവേശനത്തെ ശക്തമായി എതിര്‍ക്കുമെന്നു കരുതിയിരുന്ന വി എസ്സിന്റെ നിലപാട് മാറ്റം രാഷ്ട്രീയകേരളത്തിന് അത്ഭുതമായിരിക്കുകയാണ്. അഴിമതിക്കെതിരെ ആരു നിലപാടെടുത്താലും അവരെ പരിഗണിക്കും. അത് ബാലകൃഷ്ണ പിള്ളയാണെങ്കിലും പി സി ജോര്‍ജ് ആണെങ്കിലും ഒരുപോലെയാണെന്നും വി എസ് മാധ്യമങ്ങളോടു പറഞ്ഞു. എന്നാല്‍ ഇതേ ബാലകൃഷ്ണ പിള്ളയ്‌ക്കെതിരെ കേസ് കൊടുത്തത് വി എസ് ആണല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനോട് വി എസ് പ്രതികരിച്ചത്, അവര്‍ ഇപ്പോള്‍ എന്തു പറയുന്നുവെന്നാണ് നോക്കേണ്ടത് എന്നായിരുന്നു.

കെ കരുണാകരനും മാണിയുമൊക്കെ ഇടതുപക്ഷ മുന്നണിയിലേക്ക് വരുമെന്ന് പറഞ്ഞുകേട്ടപ്പോഴൊക്കെ ശക്തമായ നിലപാടുകളുമായി ഇവരുടെ കടന്നുവരവിനെ ചെറുത്തു നിന്ന നേതാവായിരുന്നു വി എസ്. ഒടുവില്‍ പാര്‍ട്ടിക്കും വി എസിന്റെ വാശിക്ക് മുന്നില്‍ തോല്‍ക്കേണ്ടി വന്നതുമാണ് കേരള രാഷ്ട്രീയം കണ്ടത്. എന്നാല്‍ പിള്ളയുടെ കാര്യത്തില്‍ മുന്‍വിധികളെ വി എസ് സ്വയം തോല്‍പ്പിച്ചിരിക്കുകയാണ്. പിണറായിയും വി എസും പിള്ളയുടെ കാര്യത്തില്‍ ഒരേ സ്വരത്തില്‍ പ്രതികരണം നടത്തിയതോടെ നാളത്തെ യുഡിഎഫ് യോഗത്തിനുശേഷം തെളിയുന്ന ചിത്രങ്ങള്‍ക്കൊടുവില്‍ ബാലകൃഷ്ണ പിള്ളയുടെ കേരള കോണ്‍ഗ്രസ് ബി ഇടതുപക്ഷ ചേരിയിലേക്ക് എത്തുമെന്നുതന്നെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിശ്വസിക്കുന്നത്. പിള്ളയെ കൂടാതെ പി സി ജോര്‍ജിന്റെ കാര്യത്തിലും വി എസ് തങ്ങളുടെ നിലപാട് സൂചിപ്പിച്ചു കഴിഞ്ഞു. വേണ്ടിവന്നാല്‍ പി സി ജോര്‍ജിനും മുന്നണിയില്‍ സ്ഥാനം നല്‍കുമെന്നു തന്നെയാണ് ഇന്നത്തെ പ്രതികരണത്തിലൂടെ വി എസ് വ്യക്തമാക്കിയിരിക്കുന്നത്. 

വി എസ് പറഞ്ഞതിനോട് നാളെ കഴിഞ്ഞ് പ്രതികരിക്കാമെന്നാണ്‌  പി സി ജോര്‍ജ് പറഞ്ഞിരിക്കുന്നത്. നാളെ വൈകുന്നേരം കേരള കോണ്‍ഗ്രസ് എമ്മിന്റെ ഉന്നതാധികാരയോഗം തിരുവനന്തപുരത്ത് കൂടുന്നുണ്ട്. ബാര്‍ കോഴ പ്രധാന ചര്‍ച്ചയാകുമെന്ന് അറിയുന്നു. മാണിയെയും  പാര്‍ട്ടിയെയും കൂടുതല്‍ പ്രതിരോധത്തിലേക്ക് വലിച്ചിട്ട പ്രസ്തവാനകള്‍ നടത്തിയ പി സി ജോര്‍ജിനെതിരെ യോഗത്തില്‍ മുറവിളികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍