UPDATES

എസ്എന്‍ഡിപിയുടെ മൈക്രോ ഫൈനാന്‍സ് പദ്ധതി തുക വെള്ളാപ്പള്ളി അടിച്ചുമാറ്റി: വിഎസ്

Avatar

അഴിമുഖം പ്രതിനിധി

വെള്ളാപ്പള്ളി നടേശനെതിരെ പുതിയ സാമ്പത്തിക ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ രംഗത്ത്. എസ്എന്‍ഡിപി യോഗം നടത്തുന്ന മൈക്രോ ഫൈനാന്‍സ് പദ്ധതയില്‍ വന്‍അഴിമതിയും ക്രമക്കേടുമെന്ന് വിഎസ് ആരോപിച്ചു. 15 കോടി രൂപയുടെ പത്ത് ശതമാനം മാത്രമാണ് വെള്ളാപ്പള്ളി വായ്പയായി നല്‍കിയത്. ബാക്കി തുക വെള്ളാപ്പള്ളിയും സംഘവും സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചു. രണ്ട് ശതമാനം പലിശയ്ക്ക് ലഭിച്ച പണം 12 ശതമാനം പലിശയ്ക്കാണ് നല്‍കിയത്. വ്യാജപേരിലും മേല്‍വിലാസത്തിലും പണം വായ്പയായി നല്‍കിയിട്ടുണ്ട്. അക്കൗണ്ടന്റ് ജനറലിന്റെ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു. പരിശോധനയ്ക്ക് ചെന്ന ഉദ്യോഗസ്ഥരെ തല്ലിയോടിച്ചുവെന്ന് വിഎസ് ആരോപിച്ചു. വെള്ളാപ്പള്ളിക്കെതിരെ നടപടിയെടുക്കരുത് എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പിന്നാക്ക വികസന കോര്‍പ്പറേഷന് നിര്‍ദ്ദേശം നല്‍കിയെന്ന ആരോപണവും വിഎസ് ഉന്നയിച്ചിട്ടുണ്ട്. വിഷയത്തില്‍ സമഗ്രമായ അന്വേഷണം ഉണ്ടായില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും വിഎസ് പറഞ്ഞു. സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് നടത്തിയ അന്വേഷണത്തിലും തട്ടിപ്പ് കണ്ടെത്തിയിരുന്നുവെന്ന് വിഎസ് കൂട്ടിച്ചേര്‍ത്തു.

“എസ്.എന്‍.ഡി.പി യോഗത്തിന്റേയും, എസ്.എന്‍. ട്രസ്റ്റിന്റേയും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തുന്ന അഴിമതിയും, കോഴ വാങ്ങലും, ട്രസ്റ്റിന്റേയും യോഗത്തിന്റേയും കീഴിലുള്ള സ്ഥാപനങ്ങളിലെ നിയമനങ്ങളിലും, പ്രവേശനത്തിലും മാത്രം അവസാനിക്കുന്നില്ല. എസ്.എന്‍.ഡി.പി യോഗത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന മൈക്രോ ഫൈനാന്‍സ് ഇടപാടുകളില്‍ അതീവ ഗുരുതരമായ അഴിമതിയും, പണം തട്ടിപ്പുമാണ് നടക്കുന്നത്.

കേരള സംസ്ഥാന പിന്നോക്ക വിഭാഗ കോര്‍പ്പറേഷനില്‍ നിന്നും നടേശന്‍ 15 കോടി രൂപ മൈക്രോ ഫൈനാന്‍സിന്റെ പേരില്‍ പാവപ്പെട്ട ഈഴവര്‍ക്ക് വായ്പ നല്‍കാനായി എടുത്തിട്ടുണ്ട്. കൂടാതെ സംസ്ഥാനത്തെ ദേശസാല്‍കൃത ഷെഡ്യൂള്‍ഡ് ബാങ്കില്‍ നിന്ന് 600 കോടിയോളം രൂപ ഈവിധത്തില്‍ എടുത്തിട്ടുണ്ട്.

പിന്നോക്ക വിഭാഗ കോര്‍പ്പറേഷന്‍ ദേശീയ പിന്നോക്ക വികസന കോര്‍പ്പറേഷനില്‍ നിന്നും വായ്പ എടുത്താണ് കാലാകാലങ്ങളില്‍ മൈക്രോ ഫിനാന്‍സ് പദ്ധതി നടത്തുന്നത്. ഇപ്രകാരം 15 കോടി രൂപ കേവലം രണ്ടു ശതമാനം വാര്‍ഷിക പലിശയ്ക്കാണ് പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ എസ്.എന്‍.ഡി.പിക്ക് കീഴിലുളള സ്വയം സഹായസംഘങ്ങള്‍ വഴി ദാരിദ്ര്യ രേഖയ്ക്ക് താഴെയുളളവര്‍ക്ക് നല്‍കിയത്. വായ്പ പരമാവധി അഞ്ചു ശതമാനം പലിശയ്ക്ക് വേണം ഉപഭോക്താക്കള്‍ക്ക് നല്‍കേണ്ടത്.

എന്നാല്‍ എസ്.എന്‍.ഡി.പി യോഗം വായ്പ നല്‍കിയതാകട്ടെ, 12 ശതമാനം പലിശയ്ക്കാണ്. എന്നുമാത്രമല്ല, വ്യാജമായ വിനിയോഗ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിക്കൊണ്ട് ഈ പണം സ്വകാര്യ ആവശ്യത്തിന് നടേശന്‍ തട്ടിയെടുത്തിരിക്കുകയാണ്. പേരിന് കേവലം പത്തു ശതമാനത്തിന് താഴെ ആളുകള്‍ക്കാണ് എസ്.എന്‍.ഡി.പി യോഗം വായ്പ നല്‍കിയിരിക്കുന്നത്. ആളുകളുടെ പേരും, വ്യാജമായ അഡ്രസ്സും നല്‍കിയാണ് കോര്‍പ്പറേഷനെ കബളിപ്പിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് സി.എം.ഡി (സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ്) നടത്തിയ പദ്ധതി അവലോകന റിപ്പോര്‍ട്ടില്‍, എസ്.എന്‍.ഡി.പി 12 ശതമാനം പലിശയ്ക്കാണ് ഉപഭോക്താക്കള്‍ക്ക് വായ്പ വിതരണം ചെയ്തിരിക്കുന്നതെന്നും, ഈ സ്വയം സഹായസംഘങ്ങള്‍ക്ക് എസ്.എന്‍.ഡി.പി യാതൊരു പിന്തുണയും നല്‍കുന്നില്ല എന്നും പറഞ്ഞിരിക്കുന്നു. എന്നുമാത്രമല്ല, ഇത് പരിശോധിക്കാന്‍ ചെന്ന ഉദ്യോഗസ്ഥര്‍ക്ക് റിക്കാര്‍ഡുകളോ, കണക്കുകളോ നല്‍കിയില്ല. അവരെ തല്ലിയോടിക്കുകയും ചെയ്തിരുന്നു.

2010 ഡിസംബര്‍ 15-ന് പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറല്‍ ഇതുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയില്‍, പിന്നോക്ക വിഭാഗ കോര്‍പ്പറേഷന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത് രണ്ടുശതമാനം പലിശയ്ക്ക് എടുത്ത പണം എസ്.എന്‍.ഡി.പി 12 ശതമാനം പലിശയ്ക്കാണ് ഉപഭോക്താക്കള്‍ക്ക് വായ്പ നല്‍കിയിരിക്കുന്നതെന്ന് എന്നാണ്.

വായ്പ ദുര്‍വിനിയോഗം ചെയ്തു എന്ന് അക്കൗണ്ടന്റ് ജനറലും, സി.എം.ഡി യും റിപ്പോര്‍ട്ട് ചെയ്തതിനുശേഷവും കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷനില്‍ നിന്ന് യാതൊരു നടപടിയും എടുക്കരുതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും നിര്‍ദ്ദേശിച്ചിരിക്കുകയാണ്. 

യാതൊരു ജാമ്യവും ഇല്ലാതെയാണ് ഈ വായ്പകളൊക്കെ എസ്.എന്‍.ഡി.പിക്ക് നല്‍കിയിരിക്കുന്നത്. പത്തുശതമാനം ആളുകള്‍ക്ക് വായ്പ വിതരണം ചെയ്തതിനുശേഷം ബാക്കി മുഴുവന്‍ തുകയും എസ്.എന്‍.ഡി.പി യോഗ നേതാക്കള്‍ സ്വകാര്യ ആവശ്യത്തിന് വിനിയോഗിച്ചിരിക്കുകയാണ്. ഒരു വര്‍ഷം കഴിഞ്ഞിട്ടും ഇതുസംബന്ധിച്ച വിനിയോഗ സര്‍ട്ടിഫിക്കറ്റ് പോലും നല്‍കിയിട്ടില്ല. പല സംഘടനകളുടെയും പേരില്‍ വ്യാജമായി രേഖയുണ്ടാക്കിയാണ് വായ്പ എടുത്തതെന്ന് കോര്‍പ്പറേഷന്റെ ജില്ലാ മാനേജര്‍മാര്‍ ഇതുസംബന്ധിച്ച് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. വായ്പാ ദുര്‍വിനിയോഗം തെളിഞ്ഞ സാഹചര്യത്തില്‍ എസ്.എന്‍.ഡി.പി യോഗം പിഴപ്പലിശയോടുകൂടി തിരിച്ചടക്കേണ്ടതാണ്.

വായ്പ തട്ടിയത് സംബന്ധിച്ച് ഉപഭോക്താക്കളില്‍ പലരും ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. അതുപോലെ തന്നെ, ഇതുസംബന്ധിച്ച് വിജിലന്‍സ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയും, ആഭ്യന്തരമന്ത്രിയും കൂടി പിടിച്ചുവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍, പാവപ്പെട്ട ഈഴവ സമൂദായക്കാര്‍ക്ക് ലഭിക്കേണ്ട കോടിക്കണക്കിന് സമഗ്രായ അന്വേഷണം നടത്തണമെന്നും അതിനായി സി.ബി.ഐയെ ഈ അന്വേഷണം ഏല്‍പ്പിക്കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. സര്‍ക്കാര്‍ ഇതിന് തയ്യാറാകുന്നില്ലെങ്കില്‍ ഇക്കാര്യത്തില്‍ നിയമപരമായ നടപടിക്ക് ഞാന്‍ മുന്‍കൈ എടുക്കും,” വിഎസ് പറഞ്ഞു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍