UPDATES

നിഷാമിന്റെ കേസ് ഒതുക്കാന്‍ ദണ്ഡപാണി അസോസിയേറ്റ്‌സ് ശ്രമിച്ചത് അന്വേഷിക്കണമെന്ന് വിഎസ്‌

അഭിമുഖം പ്രതിനിധി

തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി നിഷാമിന്റെ കേസ് ഒതുക്കിത്തീര്‍ക്കാന്‍ എജി ദണ്ഡപാണിയുടെ സ്വകാര്യ അഭിഭാഷക സ്ഥാപനം വഴിവിട്ട് ഇടപെട്ടതായുള്ള ആക്ഷേപം അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് അയച്ച കത്തിലാണ് വിഎസ് ഈ ആവശ്യം ഉന്നയിച്ചത്.

കൂടാതെ എറണാകുളത്തെ കേരളാ ട്രേഡ് സെന്റര്‍ നിര്‍മാണത്തിലെ അഴിമതി-സാമ്പത്തിക തിരിമറി കേസുകളില്‍ അഡ്വക്കേറ്റ് ജനറല്‍ കെ പി ദണ്ഡപാണിയുടെ അവിഹിത ഇടപെടലുകളേയും സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും വിഎസ് ആവശ്യപ്പെട്ടു.

കേരളാ ട്രേഡ് സെന്റര്‍ 2013-ല്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ‘ജിമ്മി’ല്‍ അനുമതി നേടിയെടുത്ത പദ്ധതിയാണ്. ഈ പദ്ധതിയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് നിക്ഷേപക വഞ്ചന, സാമ്പത്തിക തിരിമറി, അനധികൃത നിര്‍മാണം എന്നീ പരാതികള്‍ ഉയര്‍ന്നിരുന്നു. ഈ കേസില്‍ കേരളാ ചേംബര്‍ ഓഫ് കൊമേഴ്‌സ് മുന്‍ ചെയര്‍മാനും ഇപ്പോള്‍ ഡയറക്ടറുമായ എ. എന്‍ മര്‍സൂഖ്, ഇടുക്കി മുന്‍ കലക്ടര്‍, കേരളാ ചേംബര്‍ ഓഫ് കൊമേഴ്‌സ് സെക്രട്ടറി എന്നിവരടക്കം അഞ്ച് പേര്‍ പ്രതികളാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന്, പ്രതികള്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസിന്റെ വക്കാലത്ത് എടുത്തിരിക്കുന്നത് എജി ദണ്ഡപാണിയുടെ സ്വകാര്യ അഭിഭാഷക സ്ഥാപനമായ ‘ദണ്ഡപാണി അസോസിയേറ്റ്‌സ്’ ആണ്. ഹൈക്കോടതിയിലെ ജാമ്യാപേക്ഷ നീട്ടിക്കൊണ്ടുപോകുന്നതിനാല്‍ ഇതുവരെ പ്രതികളെ അറസ്റ്റുചെയ്യാന്‍ കഴിഞ്ഞിട്ടില്ല.

ഈ പ്രതികളെ പൊലീസില്‍ നിന്ന് ജാമ്യത്തിലിറക്കുന്നതിനും, ഹൈക്കോടതിയിലെ ജാമ്യാപേക്ഷ നീട്ടിക്കൊണ്ടുപോകുന്നതിനും ഒത്താശ ചെയ്യുന്നത് എജിയും അദ്ദേഹത്തിന്റെ അഭിഭാഷകസ്ഥാപനവുമാണെന്ന് ആക്ഷേപമുണ്ട്. ദേശസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് കണ്ടെത്തിയ മര്‍സൂഖിനെ വഴിവിട്ട് സഹായിക്കുന്ന എജിയുടെ നിലപാട് ഗുരുതരമാണ്.

കേരളാ ട്രേഡ് സെന്റര്‍ പദ്ധതിയുടെ വഞ്ചനയ്ക്കിരയായവര്‍ നല്‍കിയിരിക്കുന്ന കേസുകളില്‍ എജിയുടെ ഭാര്യ സുമതി ദണ്ഡപാണിയും മകനുമാണ്. എജിയുടെ കീഴില്‍ പ്രവര്‍ത്തിക്കു സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് കേരളാ ട്രേഡ് സെന്റര്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ വില കുറച്ച് നല്‍കുന്നതായും പരാതിയുണ്ട്. ഈവക കാര്യങ്ങള്‍ അടിയന്തിരമായി അന്വേഷിക്കണമെന്നും വിഎസ് കത്തില്‍ ആവശ്യപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍