UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജപ്പാനില്‍ ആളൊഴിഞ്ഞ വീടുകള്‍ കൈകാര്യം ചെയ്യുന്ന വിധം

Avatar

ഹറ്റോമൈ സാറ്റസ്യു
(ദി ജപ്പാന്‍ ന്യൂസ്/ യോമ്യൂറി)

‘എന്നാല്‍, തുടങ്ങാം?’

ജപ്പാനിലെ യാമെയില്‍ സ്ഥിതി ചെയ്യുന്ന ഒരു പഴയ ഇരുനില തടിവീട്. ഒരു നോണ്‍പ്രോഫിറ്റ് സംഘടന (NPO) യുടെ ഏതാണ്ട് പത്തോളം അംഗങ്ങള്‍ അകത്തേയ്ക്ക് കയറി, പൊടിയില്‍ മുങ്ങി കിടന്നിരുന്ന വീട്ടുസാധനങ്ങള്‍ തരം തിരിക്കാന്‍ തുടങ്ങി. ഒരുകാലത്ത് പുസ്തകം വാടകയ്ക്ക് നല്‍കിയിരുന്ന കട കൂടെ ആയിരുന്ന ആ വീട് 15 വര്‍ഷം മുമ്പ് വീട്ടുടമസ്ഥ മരിച്ചതോടെ ഒഴിഞ്ഞു കിടക്കുകയായിരുന്നു.

നഗരത്തിലെ ഫുകുഷിമാ ജില്ലയിലാണ് വീട് സ്ഥിതി ചെയ്യുന്നത്. ആ പ്രദേശത്തെ പുരാതനമായ, വെള്ള ചുവരുകളുള്ള കച്ചവട കെട്ടിടങ്ങള്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ സംരക്ഷണയിലാണ്. ‘യമെ അകിയ സിസേ’ (Vacant House Revival) എന്ന നോണ്‍പ്രോഫിറ്റ് സംഘടന ഒഴിഞ്ഞ വീടുകള്‍ പുതിയ ഉടമകള്‍ക്കോ വാടകക്കാര്‍ക്കോ കൈമാറപ്പെടുന്നതിന് മുന്‍പ് ഉടമസ്ഥര്‍ക്കു വേണ്ടി അവയിലെ സാധനങ്ങള്‍ തരംതിരിക്കുന്നു.

‘ഈ ഒഴിഞ്ഞ വീടുകള്‍ ഉപയോഗപ്പെടുത്താനുള്ള വിവിധ ആശയങ്ങള്‍ ഞങ്ങള്‍ മുന്നോട്ടു വയ്ക്കുന്നു; അതിലൂടെ ഞങ്ങളുടെ സമൂഹത്തിന്റെ പ്രഭാവവും പട്ടണത്തിന്റെ സൗന്ദര്യവും നിലനിര്‍ത്താന്‍ ശ്രമിക്കുന്നു’ NPO യുടെ ഡയറക്ടര്‍മാരില്‍ ഒരാളായ കൊറ്റാരോ തകഹാഷി (45) പറയുന്നു.

ജനന നിരക്കിലും ജനസംഖ്യയിലും ഉണ്ടായ കുറവും വൃദ്ധരുടെ എണ്ണത്തിലെ വര്‍ദ്ധനവുമാണ് ഒഴിഞ്ഞ വീടുകള്‍ കൂടാന്‍ കാരണം. ആഭ്യന്തര, വാര്‍ത്താവിനിമയ മന്ത്രാലയം (Internal Affairs and Communications Ministry) 2013ല്‍ നടത്തിയ സര്‍വ്വേയില്‍ ക്യൂഷു (Kyushu) പ്രദേശത്തും യാമഗുച്ചിയിലും മാത്രം 10 ലക്ഷത്തിലധികം വീടുകള്‍ ഒഴിഞ്ഞു കിടക്കുന്നു.

കഴിഞ്ഞ വര്‍ഷം മേയില്‍ നിലവില്‍ വന്ന നിയമപ്രകാരം ഉപേക്ഷിക്കപ്പെട്ട, അല്ലെങ്കില്‍ ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ പൊളിച്ച് കളയുകയോ പുനരുപയോഗിക്കുകയോ ചെയ്യാനുള്ള നടപടികള്‍ നടന്നു വരുന്നു. ഇവ മൂലം അയല്‍വക്കക്കാര്‍ക്ക് ഉണ്ടാകാവുന്ന പ്രശ്‌നങ്ങളും അപകടവും കണക്കിലെടുത്താണിത്.

ഒരു ഉദാഹരണം; ക്യൂഷു സര്‍വകലാശാലയിലെ ബിരുദ വിദ്യാര്‍ഥിയായ 27കാരന്‍ റ്റകയോ ഫുകുയി ഇറ്റോഷിമയില്‍ ഒഴിഞ്ഞു കിടന്നിരുന്ന ഒരു വീടാണ് വാടകയ്ക്ക് എടുത്തിട്ടുള്ളത്. വൈകുന്നേരമായാല്‍, പരിസരത്തുള്ള കുട്ടികള്‍ അവിടെയിരുന്നു പഠിക്കാന്‍ എത്തും. വീടിന്റെ ഒരു ഭാഗം അയല്‍വക്കത്തെ കൂട്ടായ്മകള്‍ക്കായി ഫുകുയി തുറന്നു കൊടുത്തിരിക്കുന്നു.

ഒകീ ടൗണ്‍ ഗവണ്‍മെന്റ് കഴിഞ്ഞ ജൂലൈയില്‍ ‘ഫൂറുസറ്റോ നോസേയീ’ (home town tax) സമ്പ്രദായപ്രകാരം നടപ്പിലാക്കിയ പദ്ധതിയില്‍ തങ്ങള്‍ താമസിക്കുന്നതല്ലാത്ത മറ്റ് മുന്‍സിപ്പാലിറ്റികള്‍ക്ക് സംഭാവനകള്‍ നല്‍കുന്നവര്‍ക്ക് ആദായ, പാര്‍പ്പിട നികുതികളില്‍ ഇളവ് നല്‍കുന്നു. ഇതു പ്രകാരം സംഭാവന നല്‍കുന്നവരുടെ മാതാപിതാക്കള്‍ ഉപയോഗിച്ചിരുന്ന, ഇപ്പോള്‍ ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ അവിടങ്ങളിലെ തദ്ദേശ ഗവണ്‍മെന്റുകള്‍ സംരക്ഷിക്കുന്നു. നല്‍കുന്ന തുക അനുസരിച്ചു തോട്ടം വൃത്തിയാക്കുക തുടങ്ങിയ സേവനങ്ങള്‍ കൃത്യമായ ഇടവേളകളില്‍ ചെയ്തു കൊടുക്കുന്നു.

നാഗസാക്കി പ്രിഫെക്ച്വറല്‍ ഗവണ്‍മെന്റ് ആഗസ്റ്റ് മുതല്‍ പ്രിഫെക്ച്വറിലേക്ക് താമസം മാറ്റാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ കാമ്പര്‍ വാനുകള്‍ (light camper vans) വാടകയ്ക്ക് നല്‍കി വരുന്നു. രാത്രികളില്‍ അതില്‍ തങ്ങി താമസിക്കാനുള്ള അനുയോജ്യമായ വീടുകള്‍ തിരയാം.

ഒഴിഞ്ഞ വീടുകള്‍ ഫലപ്രദമായി പുനരുപയോഗിക്കാനുള്ള ആശയങ്ങള്‍ മുന്നോട്ടു വയ്ക്കുകയും അതിന്മേല്‍ ചര്‍ച്ചകള്‍ നടത്തുകയും അവ നടപ്പില്‍ വരുത്തുകയും ചെയ്യുന്നത് തങ്ങളുടെ പ്രദേശത്തെ എങ്ങനെ കൂടുതല്‍ ആകര്‍ഷകമാക്കാം എന്നു കൂടി ചിന്തിപ്പിക്കുന്നു. ഈ വെല്ലുവിളിയെ അതിനുള്ള അവസരമാക്കി മാറ്റാന്‍ കഴിയുമോ? അവരുടെ വൈദഗ്ദ്ധ്യത്തിനും പാടവത്തിനും ഇതൊരു പരീക്ഷണമാണ്.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍