UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വാക്സിന്‍ വിരുദ്ധരോടു തന്നെയാണ്: നിങ്ങള്‍ പറഞ്ഞതില്‍ എവിടെയാണ് ശാസ്ത്രീയതയും രാഷ്ട്രീയ ശരിയും?

Avatar

സ്കൂള്‍ പ്രവേശനത്തിന് എത്തുന്ന കുട്ടികള്‍ പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കുന്ന സര്‍ക്കുലര്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഈയിടെ പുറത്തിറക്കിയിരുന്നു. നിര്‍മാര്‍ജനം ചെയ്തു എന്നു കരുതിയ ചില രോഗങ്ങള്‍ തിരിച്ചെത്തിയ പാശ്ചാത്തലത്തിലായിരുന്നു ഇത്. ഇതിനെ തുടര്‍ന്ന്‍ വാക്സിന്‍ നല്‍കുന്ന കാര്യത്തില്‍ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേര്‍ രംഗത്തെത്തി. (സ്കൂള്‍ പ്രവേശനത്തിന് വാക്സിനേഷന്‍; വിവാദം തിരികെ വരുമ്പോള്‍). വാക്സിന്‍ വിരുദ്ധ പ്രചരണം നടത്തുന്നവരുടെ പൊള്ളത്തരങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് ഡോ. നെല്‍സണ്‍ ജോസഫ് എഴുതിയ ലേഖനത്തിന് (വാക്സിന്‍ വിരുദ്ധര്‍ നിര്‍ബന്ധമായും വായിച്ചിരിക്കാന്‍ കുറച്ച് കാര്യങ്ങള്‍മറുപടിയുമായി (വാക്സിന്‍ വിരുദ്ധരെന്ന്‍ വിളിക്കുന്നതിന് മുമ്പ്; എതിര്‍പ്പ് ശാസ്ത്രീയവും രാഷ്ട്രീയവുമായ കാരണങ്ങളാല്‍ഡോ. ഹരി പി.ജി രംഗത്തെത്തി. എന്നാല്‍ ഈ വാദങ്ങള്‍ക്ക് ശാസ്ത്രീയമായ യാതൊരു അടിത്തറയുമില്ലെന്ന് വ്യക്തമാക്കുകയാണ് ഡോ. ദീപു സദാശിവന്‍ ഇവിടെ. 

 

ഡോ. ഹരിയുടെ ലേഖനത്തിലെവിടെയും അദ്ദേഹം ഹോമിയോ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍ ആണെന്നോ, വടക്കാഞ്ചേരിയെപ്പോലെ ഉള്ളവരോട് തോളോട് തോള്‍ ചേര്‍ന്ന് നിന്ന് കാലങ്ങളായി വാക്സിന്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുകയാണെന്നോ സൂചിപ്പിച്ചു കണ്ടില്ല. അഥവാ ഈ വസ്തുതകള്‍ ജനങ്ങള്‍ അറിയുന്നതില്‍ ഇത്തരുണത്തില്‍ ഒരു ജാള്യത തോന്നുണ്ട് എങ്കില്‍ സന്തോഷം. പകരം അദ്ദേഹം പൊതുജനാരോഗ്യ പ്രവര്‍ത്തകന്‍ ആണെന്നാണ്‌ സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്! പൊതുജനാരോഗ്യത്തിന് തുരങ്കം വെച്ച് നാട്ടില്‍ നിന്ന് അപ്രത്യക്ഷമായ സാംക്രമിക രോഗങ്ങള്‍ തിരികെ കൊണ്ട് വരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുജനാരോഗ്യ പ്രവര്‍ത്തനം എന്ന് പറയാം എന്നത് പുതിയ തിരിച്ചറിവാണ്.

മലപ്പുറം ജില്ലയില്‍ നടാടെ ഉണ്ടാവുന്ന ഒരു സംഭവമല്ല മാരക സാംക്രമിക രോഗങ്ങളുടെ തിരിച്ചു വരവ്. കഴിഞ്ഞ ഇരുപതു വര്‍ഷത്തോളമായി ഇത്തരക്കാര്‍ അവിടെ നിരന്തരം നടത്തി വരുന്ന പ്രവര്‍ത്തികളുടെ ഫലമായി വിതച്ചത് കൊയ്യുന്ന വിളവെടുപ്പാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ അവിടെ നടന്നു വരുന്നത്. രോഗാണുക്കള്‍ വാക്സിന്‍ വിരുദ്ധരെ കണ്‍കണ്ട ദൈവമായി കണക്കാക്കുന്നുണ്ടാവും. മലപ്പുറം കേന്ദ്രീകരിച്ചു വാക്സിന്‍ വിരുദ്ധര്‍ കുപ്രചരണങ്ങള്‍ നടത്തുന്നത് വഴി സംസ്ഥാനത്ത് ഏറ്റവും കുറവ് വാക്സിന്‍ കവറേജ് ഉള്ള ജില്ലയായി മാറാനും മലപ്പുറം ഇടയായി എന്ന് നിരീക്ഷിക്കാവുന്നതാണ്.

2008 മുതല്‍ 2015 സെപ്റ്റംബര്‍ വരെയുള്ള കണക്കെടുത്താല്‍ തന്നെ അവിടെ 32 കുട്ടികള്‍ വാക്സിന്‍ കൊണ്ട് തടയാമായിരുന്ന സാംക്രമിക രോഗങ്ങള്‍ മൂലം മരിച്ചിട്ടുണ്ട്. ടെറ്റനസ് ബാധിച്ച് 13 കുട്ടികള്‍, 5 പേര്‍ ഡിഫ്ത്തീരിയ മൂലം, 13 പേര്‍ മീസില്‍സ് പിടിപെട്ടും. അവസാന ഇരകളില്‍ ഒന്ന് മാത്രമാണ് കഴിഞ്ഞ ദിവസം മരണപ്പെട്ട കുട്ടി എന്ന് വേണം കരുതാന്‍.

1920-കളില്‍ അമേരിക്കയില്‍ പ്രതിവര്‍ഷം 1-2 ലക്ഷം വരെ കുട്ടികള്‍ ഡിഫ്തീരിയ ബാധിതരാവുകയും തന്മൂലം 13,000 മുതല്‍ 15,000 വരെ കുട്ടികള്‍ മരിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് അമേരിക്കയില്‍ രാജ്യവ്യാപകമായി ഡിഫ്തീരിയക്കെതിരായ പ്രതിരോധകുത്തിവയ്പ്പു നടപ്പില്‍ വരുത്തുകയും തത്ഫലമായി രോഗം പിടിപെടുന്ന കുഞ്ഞുങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ കുറവു വരികയും ചെയ്തു. 2000-ത്തിനുശേഷം ആകെ 5 ഡിഫ്തീരിയ കേസുകള്‍ മാത്രമാണ് അമേരിക്കയില്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതേ സമയം നമ്മുടെ സ്വന്തം രാജ്യത്തെ കാര്യം നോക്കുമ്പോള്‍, 2005-ല്‍ ലോകത്താകെ 8,229 ഡിഫ്തീരിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ അതില്‍ 5,826 എണ്ണവും (71%) ഇന്ത്യയില്‍ നിന്നായിരുന്നു എന്നത് വളരെ സങ്കടകരമായ ഒരു വസ്തുതയാണ്. ഇതില്‍ കൂടുതല്‍ പേരും 5 വയസ്സിനു മുകളില്‍ പ്രായമുള്ളവരായിരുന്നു എന്നത് നമ്മുടെ പ്രതിരോധകുത്തിവയ്പ്പിന്റെ പോരായ്മയിലേക്കാണു വിരല്‍ ചൂണ്ടുന്നത്. ഈയടുത്ത കാലത്ത് മലപ്പുറത്ത് റിപ്പോര്‍ട്ട് ചെയ്ത ഡിഫ്തീരിയ കേസുകളും 5 വയസ്സിനു മുകളില്‍ പ്രായമുള്ളവരായിരുന്നു എന്നത് ശ്രദ്ധിക്കുക.

വാക്സിനേഷന്‍ പദ്ധതികള്‍ സമൂഹത്തില്‍ നിന്ന് ഡിഫ്തീരിയ ഇല്ലാതാക്കുകയും ഇതിന്റെ അഭാവം രോഗസംക്രമണത്തിനു നിദാനമാവുകയും ചെയ്യുന്നു എന്നത് സമകാലീന ലോകചരിത്രമാണ്. വികസിത രാജ്യങ്ങളില്‍ നിലവിലിത് നിര്‍മ്മാര്‍ജ്ജനത്തിന്റെ അരികിലും നിയന്ത്രണത്തിലുമാണ്.

ഡിഫ്തീരിയയുടെ തിരിച്ചു വരവുകളും ചരിത്രത്തിന്റെ ഭാഗമാണ്. അതില്‍ ചിലത്: 1990-കള്‍ക്ക് ശേഷം സോവിയറ്റ് യൂണിയന്റെ പതനത്തോടെ ചിതറിയ രാജ്യങ്ങളില്‍ ആരോഗ്യ സംവിധാനങ്ങള്‍ തകരാറിലാവുകയും വര്‍ഷങ്ങളോളം ഡിഫ്തീരിയ രണ്ടു ലക്ഷത്തോളം പേരെ ബാധിക്കുകയും 5000-ത്തിലധികം പേര്‍ മരിക്കുകയും ചെയ്തു.

2003-ല്‍ യുദ്ധം തകര്‍ത്ത അഫ്ഗാനിലെ അഭയാര്‍ഥി ക്യാമ്പില്‍ 50-ഓളം കുട്ടികളെ ബാധിച്ചു; 3 പേരുടെ മരണത്തിനും ഇതിടയാക്കി. വാക്സിനുകളുടെ വിതരണത്തിലും ഉപയോഗത്തിലും ഉണ്ടായ അപര്യാപ്തതകളാണ് ഇവിടെയൊക്കെ രോഗത്തിന്റെ തിരിച്ചു വരവിനു കാരണമായത്‌.

കാര്യങ്ങള്‍ ഇങ്ങനെ ആയതിനാലാണ് സ്വയം പ്രതിരോധ നടപടിയുമായി വാക്സിന്‍ വിരുദ്ധര്‍ എത്തുന്നതും ടെറ്റനസിനും തൊണ്ട മുള്ളിനും ഒക്കെ എതിരെ സമരവും സിബിഐ അന്വേഷണം വേണമെന്ന വിചിത്ര വാദവുമൊക്കെയായി കഴിഞ്ഞ വര്‍ഷം തെരുവില്‍ ഇറങ്ങേണ്ടി വന്നതും.

 

ഡോ. ഹരിയുടെ കുറിപ്പിന് ചില പ്രതികരണങ്ങള്‍ 

1. വാക്സിന്റെ ഫലപ്രാപ്തിയേയും പാര്‍ശ്വഫലങ്ങളെയും കുറിച്ച് അന്വേഷണങ്ങള്‍ നടത്തുന്ന ഡോക്ടര്‍മാര്‍ അടക്കമുള്ളവരെ

 

അതേതാണ് ആ ഡോക്ടര്‍മാര്‍? വടക്കാഞ്ചേരിയെ പോലുള്ള സ്വയം പ്രഖ്യാപിത ‘ഡോക്ടര്‍മാര്‍’, ഇതരവൈദ്യം പ്രാക്ടീസ് ചെയ്യുന്ന കൂട്ടര്‍ എന്നിവരല്ലാതെ മോഡേണ്‍ മെഡിസിന്‍ പ്രാക്ടീസ് ചെയ്യുന്ന ആരും മലപ്പുറത്ത് ഇത്തരം ദുഷ്പ്രവര്‍ത്തികള്‍ക്ക് ഇറങ്ങുന്നതായി അറിവില്ല, അങ്ങനെ ഉണ്ടെങ്കില്‍ ആ പേരൊന്ന് പൊതുസമൂഹത്തില്‍ വെളിപ്പെടുത്തണം.

2. കാളമ്പാടി യത്തിംഖാനയില്‍ നിന്നു പനിബാധിച്ച് വീട്ടില്‍പോയ കുട്ടി ഡിഫ്തീരീയ ബാധയെ തുടര്‍ന്നു മരിച്ചപ്പോഴും സമാനമായ തന്ത്രങ്ങളിലൂടെ ജനങ്ങളില്‍ രോഗഭീതി പരത്തി.

അപ്പോള്‍ ഡിഫ്തീരിയ രോഗബാധ മൂലം അടുത്തകാലത്ത് കുട്ടികള്‍ മരണപ്പെടുന്നുണ്ട് എന്നെങ്കിലും സമ്മതിച്ചുവല്ലോ. വാക്സിനേഷന്‍ എടുത്തവരുടെ എണ്ണം കുറവുള്ള സമൂഹത്തില്‍ രോഗപ്പകര്‍ച്ചാ സാധ്യത കൂടുതലായതിനാല്‍ സത്വര നടപടികള്‍ എടുത്ത ആരോഗ്യപ്രവര്‍ത്തകരുടെ പ്രവര്‍ത്തി അഭിനന്ദനീയമാണ്. ‘രോഗഭീതി പരത്തല്‍’ എന്നൊക്കെ ചിത്രീകരിച്ചിരിക്കുന്നത്… ഹെന്താല്ലേ! ‘വാക്സിന്‍ ഭീതി പരത്തല്‍’ പ്രക്രിയയാണ് പൊതുജനാരോഗ്യത്തിനു ഹാനികരം എന്ന് ലോകമെമ്പാടും കണ്ടെത്തപ്പെട്ടിട്ടുള്ളതാണ്. ഉദാ: വാക്സിന്‍ വിരുദ്ധര്‍ പൊക്കിക്കൊണ്ട് നടന്നിരുന്ന വ്യാജ പഠനം നിര്‍മ്മിച്ച്‌ ഒടുവില്‍ മെഡിക്കല്‍ ഡിഗ്രി തന്നെ പോയ മുന്‍ ഇംഗ്ലണ്ട് ഡോക്ടര്‍ ആന്‍ഡ്ര്യൂ വേക്ക്ഫീല്ഡിന്റെ കുപ്രചരണത്തോടെ മുന്‍പ് ഉണ്ടായിരുന്ന 92 ശതമാനം മീസില്‍സ് വാക്സിന്‍ കവറേജ് 80 ശതമാനമായി കുറയുകയും 1998-ല്‍ 56 മീസില്‍സ് കേസുകള്‍ പുതിയതായി പ്രത്യക്ഷപ്പെടുകയും ഒടുവില്‍ 2008 ആയപ്പോഴേക്കും ഇത് 1348 രോഗികളും രണ്ടു മരണവും എന്ന വഷളന്‍ സ്ഥിതിയിലും എത്തി. ലോകമെമ്പാടും നോക്കിയാലും വാക്സിന്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത്തരം പരിണിതഫലങ്ങള്‍ വ്യക്തമായി കാണാം.

3. ആ പ്രദേശത്ത് വ്യാപകമായ വാക്സിന്‍ വിതരണം കഴിഞ്ഞതോടെയാണ് ആ ആഘോഷം അവസാനിച്ചത്. 

വാക്സിന്‍ എന്താണെന്നോ എന്താണ് അതിന്റെ പ്രവര്‍ത്തന രീതിയെന്നോ സാമാന്യ അറിവ് പോലും നേടാന്‍ ശ്രമിക്കാത്തതുകൊണ്ടാണ് ഇത്തരം പ്രസ്താവനകളൊക്കെ ഉണ്ടാവുന്നത്. ഒരു സാംക്രമികരോഗം റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടാല്‍ രോഗം പൊട്ടിപ്പുറപ്പെട്ട് അനേകരെ ബാധിക്കാതിരിക്കാന്‍ എടുക്കുന്ന അവശ്യ നടപടികളാണ് ഇതൊക്കെ. രോഗവ്യാപന തീക്ഷണതയിലുള്ള മലപ്പുറം പോലുള്ളിയിടങ്ങളില്‍ ഇതിനു പ്രത്യേക പ്രാധാന്യമുണ്ട് താനും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അവരുടെ കടമ നിര്‍വ്വഹിച്ചതിനാണ് ‘ആഘോഷം’ എന്നൊക്കെ വിശേഷിപ്പിക്കാന്‍ ചിലര്‍ മുതിരുന്നത്.

4. സര്‍ക്കുലര്‍ സ്കൂളിലെ വാക്സിന്‍ ഉപയോഗിച്ച, തീരെ ഉപയോഗിക്കാത്ത, ഭാഗികമായി ഉപയോഗിച്ച കുട്ടികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിലേക്ക് മാറിയത് .പക്ഷേ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറുന്നതിനിടയില്‍ ലക്ഷ്യം നിര്‍ബന്ധിത വാക്സിനേഷന്‍ തന്നെയെന്ന് സൂചിപ്പിക്കുകയും ചെയ്യുന്നു.

 

വിവരശേഖരണമൊന്നും പുതിയ കാര്യമല്ല. ആധുനിക ശാസ്ത്രസങ്കേതങ്ങളെ കുറിച്ച് കേവല അറിവുള്ള ആരും ഇത്തരം ആരോപണം ഉന്നയിക്കുകയുമില്ല. പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുമ്പോള്‍ പൊതുജനാരോഗ്യ പ്രശ്നം വിലയിരുത്താന്‍ സര്‍വയലന്‍സും അതിന്റെ കണ്ടത്തെലുകളെ അടിസ്ഥാനപ്പെടുത്തി മേല്‍നടപടികളുമാണ് ശാസ്ത്രീയമായ രീതി. ഒക്ടോബര്‍ 2015-ല്‍ മലപ്പുറത്ത് ഇതേപോലെ വിവരശേഖരണം നടത്തിയപ്പോള്‍ 0-6 ഇടയില്‍ വയസ്സുള്ള കുട്ടികളില്‍ 2.3 ലക്ഷത്തിനടുത്ത് കുട്ടികള്‍ പ്രതിരോധ കുത്തിവെപ്പ് ഒന്നും തന്നെ എടുക്കാത്തവരോ ഭാഗികമായി മാത്രം എടുത്തവരോ ആണെന്ന് കണ്ടെത്തി. (http://www.ibtimes.co.in/kerala-review-vaccination-drive-malappuram-after-boy-dies-diphtheria-683506) കൂടാതെ ഇമ്യൂണൈസേഷന്‍ കാര്‍ഡില്‍ വിവരം ശേഖരിക്കുന്നത് മുന്‍പേ ഉള്ള കാര്യമാണ്; പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് വിതരണം ചെയ്യുകയും ഇത് സമയാസമയങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ അപ്ഡേറ്റ് ചെയ്യാറുമുണ്ട്. 

കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ചിരിക്കുന്ന മിഷന്‍ ഇന്ദ്രധനുസ്സ് എന്ന ആരോഗ്യ പരിപാടിയുടെ ഉദ്ദേശലക്ഷ്യം തന്നെ ത്വരിതഗതിയില്‍ രാജ്യത്തെ എല്ലാ കുട്ടികള്‍ക്കും വാക്സിനേഷന്‍ നല്‍കുക എന്നതാണ്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഫ്ലാഗ് ഷിപ്‌ പ്രോഗ്രാമുകളില്‍ ഒന്നായ ഇതിനെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ വെബ്‌ സൈറ്റില്‍. (http://www.missionindradhanush.in/about.html) 

ഇവിടെ സര്‍ക്കാര്‍ പറയുന്നത് ശ്രദ്ധിക്കുക. 28 സംസ്ഥാനങ്ങളിലായി, വാക്സിനേഷന്‍ പ്രവര്‍ത്തനത്തില്‍ ദുര്‍ബലമായ 201 അതീവ ശ്രദ്ധാ കേന്ദ്രങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അതില്‍ രണ്ടു ജില്ലകളാണ് കേരളത്തിലെ മലപ്പുറവും കാസര്‍കോടും! ആരോഗ്യ സൂചികകളില്‍ ലോക നിലവാരം പുലര്‍ത്തുന്ന കേരളത്തില്‍ എങ്ങനെ ഇങ്ങനെ രണ്ടു പ്രദേശങ്ങള്‍? എന്താണ് അതിനു കാരണമായ വസ്തുതകള്‍ എന്ന് ചികയുമ്പോള്‍ ഒരു വിരല്‍ നീളുന്നത് വാക്സിന്‍ വിരുദ്ധരുടെ പ്രവര്‍ത്തനങ്ങളിലേക്ക് തന്നെ ആവും; ഇത് പ്രതിരോധിക്കാനുള്ള വൃഥാശ്രമങ്ങളാണ് ലേഖകന്‍റേത്. ഇന്ത്യന്‍ സര്‍ക്കാരിന്റെ തീരുമാനമാണ് ഇത്തരം പ്രദേശങ്ങളില്‍ തീവ്ര പരിപാടികളായി പ്രത്യേക വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി, വാക്സിനേഷന്‍ തോത് മെച്ചപ്പെടുത്തി ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കണം എന്നത്. Mission Indradhanush will ensure that all children under the age of two years and pregnant women are fully immunized with all available vaccines. (കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ബുക്ക്‌ ലെറ്റില്‍ നിന്നും). 

5. യാതൊരു രോഗനിര്‍ണയവും പൂര്‍ത്തിയാകുന്നതിനുമുന്‍പ് മെഡിക്കല്‍കോളേജിലെ ഡോക്ടര്‍മാര്‍ തന്നെയാണ് ഇത് പ്രചരിപ്പിച്ചതിന്റെ പിന്നില്‍ എന്നു കാണാം.

കുട്ടി മരണപ്പെട്ടത് ഡിഫ്തീരിയ കൊണ്ടല്ല എന്ന് വാദിച്ചു തല്‍ക്കാലം രക്ഷപ്പെടാനാണ് വാക്സിന്‍ വിരുദ്ധ പ്രവര്‍ത്തകരുടെ ശ്രമം. ഇതില്‍ ഒരു അത്ഭുതവും ഇല്ലായെന്ന് മാത്രമല്ല പ്രതീക്ഷിതവുമാണ്. ഇതിനു മുന്‍ വര്‍ഷങ്ങളില്‍ സ്ഥിരീകരിക്കപ്പെട്ട സാംക്രമിക രോഗങ്ങളെപ്പറ്റി എന്ത് വാദം ഉയര്‍ത്തുമോ ആവോ? മുന്‍പ് ഡിഫ്തീരിയ സ്ഥിരീകരിച്ചപ്പോള്‍ സ്വയം പ്രതിരോധത്തിനായി ഡിഫ്തീരിയയ്ക്ക് എതിരെ സമര പരിപാടിയും ധര്‍ണ്ണയും നടത്തിയപ്പോള്‍ ഇക്കൂട്ടത്തില്‍ ഒരാള്‍ പ്രസംഗിച്ചത് ശ്രദ്ധേയമാണ്.

“ഞങ്ങള്‍ പറഞ്ഞിട്ടാണ് വാക്സിന്‍ എടുക്കാതിരിക്കുന്നത് എന്ന് നിങ്ങള്‍ പറയേണ്ട. നിങ്ങള്‍ വാക്സിനേഷന്‍ എടുക്കാതിരിക്കുക എന്നത് നിങ്ങളുടെ തീരുമാനമാണ്. കുടുങ്ങുമ്പോള്‍ നിങ്ങള്‍ പറയും ഇവര്‍ പറഞ്ഞിട്ടാണ് എന്ന്, അത് വേണ്ട. വാക്സിനേഷന്റെ അപകടം ബോദ്ധ്യപ്പെടുത്തുകയാണ് ഞങ്ങള്‍, അത് ബോധ്യപ്പെട്ട ആള്‍ക്ക് വാക്സിനേഷന്‍ കൊടുക്കാതിരക്കാം”- നല്ല ഒന്നാംതരം മുന്‍‌കൂര്‍ ജാമ്യം!

ഇത്തരക്കാര്‍, പറ്റുന്നിടത്തോളം ഇത് രോഗമല്ല, ഡിഫ്തീരിയ അല്ല, ടെറ്റനസ് അല്ല എന്നൊക്കെ വാദിച്ചു ജയിക്കാന്‍ പോവുന്നത് സ്വാഭാവികം മാത്രം.

6. അത്യാഹിതവിഭാഗത്തിലുള്ള രോഗിയുടെ സ്രവം രണ്ടാമത് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട് എന്നും മറ്റു രണ്ടുപേരുടെയും പരിശോധനഫലത്തില്‍ രോഗാണുവിന്റെ സാന്നിധ്യമില്ലായെന്നും പറയുന്നു. മാത്രമല്ല ഇത് ഇവര്‍ ഉപയോഗിച്ച ആന്റിബയോട്ടിക്കുകളുടെ പ്രവര്‍ത്തന ഫലമായിരിക്കാമെന്നും വിശദീകരിക്കുന്നു. 

ഡിഫ്തീരിയ എന്നൊരു രോഗം ഉണ്ടാവുന്നത് ആസ്ബസ്റ്റോസ്, മണ്ണെണ്ണ തുടങ്ങി ഫ്രിഡ്ജില്‍ വെച്ച ഭക്ഷണം, മരുന്നുകള്‍, വാക്സിനുകള്‍ എന്നിവ മൂലമാണ് എന്ന് സിദ്ധാന്തിക്കുന്ന വാക്സിന്‍ വിരുദ്ധരുടെ കൂട്ടത്തില്‍ നിന്നും ഇത്തരം സാങ്കേതികത ചോദ്യങ്ങള്‍ ഒക്കെ ഉന്നയിച്ചു കാണുന്നത് കൌതുക ജനകമാണ്; അത്രയുമെങ്കിലും പുരോഗതിയുണ്ടായല്ലോ? നന്ന്.

ഏതൊരു രോഗ നിര്‍ണ്ണയവും പല വിധത്തിലാണ് നടത്തുക. ഉദാ: രോഗവിവരങ്ങള്‍ / ലക്ഷണങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞും ശരീര പരിശോധന നടത്തി ലക്ഷണങ്ങള്‍ക്ക് അനുസരിച്ചുള്ള ശാരീരിക വ്യതിയാനങ്ങള്‍ കണ്ടെത്തി രോഗ നിര്‍ണ്ണയത്തില്‍ എത്തുന്നതിനാണ് – Clinical diagnosis എന്ന് പറയുക. എന്നാല്‍ ലാബ്‌ പരിശോധനകള്‍ വഴി രോഗം കണ്ടെത്തുകയോ ഉറപ്പിക്കുകയോ ചെയ്യുന്ന രീതിയെ പൊതുവായി Lab diagnosis എന്നും വിളിക്കാം. പലവിധ രോഗങ്ങള്‍ക്കും രോഗ സ്ഥിരീകരണ ലാബ് പരിശോധനാഫലം വരുന്നത് വരെ കാത്തിരിക്കാനാവില്ല. ആ അവസരത്തിലൊക്കെ clinical diagnosis നെ ആസ്പദമാക്കി ചികിത്സ തുടങ്ങുകയാണ് ചെയ്യുക. ഉദാ: മൂത്രത്തില്‍ പഴുപ്പ് – രോഗലക്ഷണങ്ങള്‍/പ്രാഥമിക പരിശോധനകള്‍ സൂചന നല്‍കുന്നു, എന്നാല്‍ മൂത്രത്തിന്റെ സാമ്പിള്‍ കള്‍ച്ചര്‍ പരിശോധനയ്ക്ക് അയച്ചതിന് ശേഷം ’emperical’ ആയി ഫലസാധ്യത കൂടുതലുള്ള ആന്റിബയോട്ടിക്കുകള്‍ രോഗിക്ക് നല്‍കുന്നതാണ് രീതി. ചില രോഗങ്ങള്‍ക്ക് ആവട്ടെ ലാബ്‌ പരിശോധനാഫലം രോഗ സ്ഥിരീകരണത്തിന് ഉതകുന്നതാവണം എന്നുമില്ല. ഉദാ: ശ്വാസകോശേതര ടി ബിയില്‍ രോഗാണു സാന്നിധ്യം നേരിട്ട് ഉറപ്പു വരുത്താന്‍ പലപ്പോഴും സാധ്യമാവുകയേ ഇല്ല.

ഡിഫ്തീരിയയുടെ കാര്യത്തിലും സമാനമാണ് സ്ഥിതി. രോഗ ലക്ഷണങ്ങളും തൊണ്ടയിലെ ആവരണവും ഒക്കെ പരിശോധനയില്‍ കണ്ടെത്തിയാല്‍ കള്‍ച്ചര്‍ പരിശോധനയ്ക്ക് സാമ്പിള്‍ ശേഖരിച്ചതിനു ശേഷം മരുന്നുകള്‍ നല്‍കുകയാണ് പതിവ്. കള്‍ച്ചര്‍ എന്നാല്‍ പരിശോധനാ സാമ്പിളില്‍ നിന്നും അതിലുള്ള രോഗാണുക്കളെ ലാബിലെ കള്‍ച്ചര്‍ മീഡിയത്തില്‍ വളര്‍ത്തി എടുത്ത് അവയുടെ സാന്നിധ്യം നിര്‍ണ്ണയിക്കുന്ന പരിശോധനയാണ്. ഇതിനു ദിവസങ്ങള്‍ കാലതാമസം ഉണ്ടാവാം. ആന്റിബയോട്ടിക് ചികിത്സക്ക് ഭാഗികമായി മുന്‍പേ തന്നെ വിധേയമായ രോഗികളില്‍, കള്‍ച്ചര്‍ പോസിറ്റീവ് ആവണം എന്നില്ല. കാരണം രോഗാണുക്കളുടെ സാന്നിധ്യം ആന്റിബയോട്ടിക്ക്‌ തുലോം ഇല്ലാതാക്കുകയോ അവയ്ക്ക് വളരാന്‍ ശക്തി ഇല്ലാത്ത വിധം നിര്‍വീര്യമാക്കുകയോ ചെയ്തിരിക്കാന്‍ സാധ്യത ഏറെയാണ്‌. മേല്‍പ്പറഞ്ഞ സംഭവത്തില്‍ രോഗി മെഡിക്കല്‍ കോളേജില്‍ എത്തപ്പെടുന്നത് ഒരാഴ്ചയ്ക്ക് മുകളിലുള്ള ചികിത്സയ്ക്ക് ശേഷമാണ് എന്നതിനാല്‍ തന്നെ കള്‍ച്ചര്‍, പോസിറ്റീവ് ആവാനുള്ള സാധ്യത കുറയാന്‍ കാരണമാവാം.

7. ഇത്തരത്തില്‍ ആന്റിബയോട്ടിക്കുകള്‍ കൊണ്ട് രോഗാണു സാന്നിദ്ധ്യം അപ്രത്യക്ഷമാകുന്നതാണ് ഈ രോഗമെങ്കില്‍ എന്തിനു വാക്സിനേഷന് ഇത്ര നിര്‍ബന്ധിക്കണം.

മിസ്റ്റര്‍ ഹരി ഒരു ഹോമിയോ ഡോക്ടര്‍ ആണെന്നാണ്‌ എന്റെ ധാരണ. അംഗീകൃത ഹോമിയോ കോളേജുകളില്‍ എല്ലാം മോഡേണ്‍ മെഡിസിന്‍ പഠനത്തിനുപയോഗിക്കുന്ന അതേ പത്തോളജി (രോഗം ഉണ്ടാവുന്നതെങ്ങനെ എന്നുള്ള പഠനം), മൈക്രോ ബയോളജി (രോഗാണുക്കളെ കുറിച്ചുള്ള പഠനം) തുടങ്ങിയ വിഷയങ്ങള്‍ ഒരു വര്‍ഷമെങ്കിലും അതേ ടെക്സ്റ്റുകള്‍ ഉപയോഗിച്ച് പഠിപ്പിക്കുന്നതാണ്. അദ്ദേഹം മുന്‍പ് പഠിച്ചു പാസ് ആയ ടെക്സ്റ്റ് ബുക്ക്‌ ഒക്കെ ഒന്ന് എടുത്തു മറിച്ചു നോക്കിയാല്‍ ഈസിയായി തീരാവുന്നതെ ഉള്ളൂ ഈ സംശയങ്ങള്‍.

‘Prevention is better than cure’ എന്ന് ഏവരും കേട്ടിട്ടുണ്ടാവുമല്ലോ. രോഗം വന്നാല്‍ കൃത്യ സമയത്ത് രോഗനിര്‍ണ്ണയം നടക്കാതിരിക്കുകയോ ചികിത്സ താമസിക്കുകയോ ഒക്കെ ഉണ്ടായാല്‍ രോഗാതുരതയും മരണവും ഒക്കെ ഉണ്ടാവാം എന്നതുകൊണ്ടാണെല്ലോ വാക്സിന്‍ ലഭ്യമായ രോഗങ്ങളില്‍ രോഗം വന്നു ചികിത്സിക്കാന്‍ ശ്രമിക്കാതെ നേരത്തെ പ്രതിരോധിക്കുന്നത്.

ഡിഫ്തീരിയയുടെ തുടക്കത്തിലെ ലക്ഷണങ്ങള്‍ പനി, ശരീരവേദന, വിറ, തൊണ്ടയിലെ ലിംഫ് ഗ്രന്ഥികളുടെ വീക്കം, ഉച്ചത്തിലുള്ള, പരുഷമായ ശബ്ദത്തോട് കൂടിയ ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ് എന്നിവയായിരിക്കും. അതായത് സാധാരണ ജലദോഷപ്പനിയുടെ ഒക്കെ ലക്ഷണങ്ങള്‍ തന്നെ. ഇത്രയും ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ എല്ലാവരും ഡോക്ടറെ കാണാന്‍ ഓടുകയോ ആന്റിബയോട്ടിക് സമയത്ത് കഴിക്കുകയോ ചെയ്യണമെന്ന് നിര്‍ബന്ധം ഇല്ലല്ലോ. പ്രത്യേകിച്ചും ആധുനിക വൈദ്യശാസ്ത്രത്തിനെതിരെ തന്നെ കുപ്രചരണങ്ങള്‍ നടത്തുന്ന ഇക്കാലത്ത്. അതിനിടയില്‍ ഉണ്ടാവുന്ന കാലതാമസം മതി രോഗാണുക്കള്‍ക്ക് തങ്ങളുടെ ദോഷഫലങ്ങള്‍ ഏല്‍പ്പിക്കാന്‍.

കൊറൈന്‍ ബാക്ടീരിയം ഡിഫ്തീരിയ എന്ന ബാക്ടീരിയയാണ് രോഗകാരണം. ഡിഫ്തീരിയ ബാക്ടീരിയ പുറപ്പെടുവിക്കുന്ന വിഷസമാനമായ ടോക്‌സിനുകളാണ് ഈ രോഗത്തിന്റെ കാഠിന്യം വര്‍ദ്ധിപ്പിക്കുന്നത്. രക്തത്തിലൂടെ പടര്‍ന്ന് ഈ ടോക്‌സിന്‍ മറ്റ് അവയവങ്ങളെയും ബാധിച്ച് ഹൃദയസ്തംഭനം, പക്ഷപാതം, വൃക്കരോഗം എന്നിവയ്ക്കു കാരണമായിത്തീരുന്നു. 

ഡിഫ്തീരിയ രോഗാണുക്കളെ നശിപ്പിക്കാനാണ് ആന്റിബയോട്ടിക്കുകള്‍ നല്‍കുന്നത്. എന്നാല്‍ രോഗം മൂര്‍ച്ഛിക്കുമ്പോള്‍ രോഗാണുക്കള്‍ ഉല്‍പ്പാദിപ്പിക്കുന്ന വിഷവസ്തു കൊണ്ട് കോശങ്ങള്‍ക്ക് കേടുപാട് വരാതിരിക്കാനാണ് ആന്റി ടോക്സിന്‍ എന്ന മറുമരുന്ന് നല്‍കുന്നത്. എന്നാല്‍ അത് നല്‍കുന്നതിനു മുന്‍പേ സംഭവിച്ചിട്ടുള്ള കേടുപാടുകള്‍ ഈ മറുമരുന്ന് കൊണ്ട് തടയാനാവില്ല. കൂടുതല്‍ കേടുപാടുകള്‍ സംഭവിക്കുന്നത് തടയാം എന്ന് മാത്രം. ഇതൊക്കെക്കൊണ്ട് രോഗം വന്നു ചികിത്സിക്കുന്നതിനേക്കാള്‍ വരാതിരിക്കാന്‍ വാക്സിന്‍ എടുക്കുന്നതാണ് നല്ലതെന്ന് ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.

വാക്സിന്‍ ഉപയോഗിക്കുന്നത് വ്യക്തിഗത പ്രതിരോധത്തിന് വേണ്ടി മാത്രം അല്ലെന്ന ലളിതമായ ശാസ്ത്രസത്യം ഡോക്ടര്‍ കൂടി ആയ ലേഖകന്‍ മറന്നത് ബോധപൂര്‍വം ആയിരിക്കുമോ ആവോ?

8. 31-ആം തീയതി മുതല്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലായിരുന്ന മുഹമ്മദ് അമീന്റെ രോഗനിര്‍ണ്ണയം എന്തുകൊണ്ട് ഇത്ര വൈകി ?

ഡിഫ്തീരിയ പോലുള്ളവ വരുന്നതിനു പിന്നില്‍ മറ്റു ഘടകങ്ങള്‍ ആണെന്നൊക്കെ വാദിക്കുന്ന ഗ്രൂപ്പില്‍ നിന്നും ‘എന്തേ രോഗനിര്‍ണ്ണയം വൈകി?’ എന്ന ചോദ്യങ്ങളൊക്കെ ശുഭസൂചകമായിട്ടാണ് ഞാന്‍ കാണുന്നത്. വാക്സിന്‍ എടുക്കാന്‍ എന്തേ വൈകുന്നു എന്ന ചോദ്യം അമീനെ പോലുള്ള കുട്ടികളോട് അല്‍പ്പം മുന്നേ ചോദിച്ചിരുന്നു എങ്കില്‍ ഈ അവസ്ഥ ഉണ്ടാവില്ലായിരുന്നു.

9. ശനിയാഴ്ച വെളുപ്പിന് മരിച്ച അമീന്റെ മരണ വിവരം വാര്‍ത്തയായ് പുറത്ത് വരുന്നത് വൈകുന്നേരമാണ്. ഡിഫ്തീരിയയാണെന്ന് സ്ഥിരീകരിച്ച പരിശോധനഫലം ലഭിക്കുന്നതുവരെയും , രണ്ടാമതൊരു പരിശോധനയക്ക് സാധ്യത ഇല്ലാതാകുന്നതുവരെയും ഇത് മാധ്യമങ്ങളില്‍ നിന്ന് മറച്ചുവച്ചു എന്നുവേണം കരുതാന്‍. ആളുകളില് രോഗഭീതിയും മരണഭീതിയും നിറച്ച് വാക്സിന്‍ അനുകൂലമായൊരു അന്തരീക്ഷം സൃഷ്ടിച്ചെടുക്കാന്‍ ഈ മരണത്തെയും ഉപയോഗിക്കുന്നു എന്നതാണ് ഇന്ന് താനൂരില്‍ ചേര്‍ന്ന യോഗത്തിന്റെ പ്രസക്തി.

ഗൂഡാലോചന സിദ്ധാന്തങ്ങള്‍ നിര്‍ലജ്ജം ഉല്‍പ്പാദിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നതാണ് ഇതില്‍ നിന്നും മനസ്സിലാവുന്നത്!

രാവിലത്തെ മരണം വൈകിട്ടെ വാര്‍ത്ത ആയുള്ളൂ അത്രേ!

അപ്പോള്‍ ഡിഫ്തീരിയ ആണെന്ന് ഉറപ്പിച്ചുവോ ആവോ? അങ്ങനെയെങ്കില്‍ രണ്ടാമത് ഒരു പരിശോധനയുടെ യാതൊരുവിധ ആവശ്യവും ഇല്ലല്ലോ. ‘വാക്സിന്‍ അനുകൂല അന്തരീക്ഷം’ ഉള്ള മറ്റു ജില്ലകളില്‍ ഇതുപോലുള്ള രോഗങ്ങള്‍ നിലവില്‍ തമ്പടിക്കാതെ എന്തുകൊണ്ട് വാക്സിനേഷന്‍ ഏറ്റവും കുറഞ്ഞ മലപ്പുറം ജില്ലയില്‍, കേരളത്തില്‍ നിന്നും പറഞ്ഞു വിട്ടു എന്ന് കരുതിയ സാംക്രമിക രോഗങ്ങള്‍ തിരിച്ചു വരവ് നടത്തുന്നു എന്നൊന്ന് ചിന്തിച്ചു നോക്കിയാല്‍ സമൂഹത്തില്‍ ‘വാക്സിന്‍ അനുകൂല അന്തരീക്ഷം’ എന്നത് പൊതുജനരോഗ്യത്തിനു എത്ര ആവശ്യമാണെന്ന് ആര്‍ക്കും പിടികിട്ടാവുന്നതെ ഉള്ളൂ. വാക്സിന്‍ അനുകൂല അന്തരീക്ഷം സൃഷ്ടിച്ചതിലൂടെയാണ് വസൂരി പോലൊരു മാരകരോഗത്തെ നിര്‍മ്മാര്‍ജ്ജനം ചെയ്തതും പോളിയോ രോഗ നിര്‍മ്മാര്‍ജ്ജനത്തിന്റെ തൊട്ടരികില്‍ എത്തി നില്‍ക്കുന്നതും.

(http://www.missionindradhanush.in/about.html-The Government has identified 201 high focus districts across 28 states in the country that have the highest number of partially immunized and unimmunized children. Mission Indradhanush will target these districts through intensive efforts and special immunization drives to improve the routine immunization coverage in the country.)

10. കഴിഞ്ഞ 15 വര്‍ഷത്തോളമായി ആരോഗ്യരംഗത്തെ ജനവിരുദ്ധപ്രവണതകളെയും കൂടുതല്‍ കൂടുതല്‍ പ്രകടമാകുന്ന കമ്പോളതാത്പര്യങ്ങളെയും എതിര്‍ക്കുന്നതിന്റെ ഭാഗമായി വാക്സിനുകളടക്കമുള്ളവയെ കുറിച്ച് പഠിച്ച് അതിന്റെ അശാസ്ത്രീയതയും അപകടങ്ങളും ജനങ്ങളോട് തുറന്ന് പറയാന്‍ ശ്രമിക്കാറുണ്ട്. 

മോഡേണ്‍ മെഡിസിനെ ആക്രമിക്കാന്‍ വരുന്നവര്‍ എടുത്തു പ്രയോഗിക്കുന്ന ഒരായുധമാണ് കമ്പോള താല്പര്യം / കച്ചവടം എന്നതൊക്കെ. വിപണന മൂല്യവും മെച്ചവുമുള്ള എന്തിനെയും കച്ചവടം ചെയ്യാന്‍ ആളുകള്‍ തുനിയും എന്നത് ലോകക്രമമാണ്. പച്ചവെള്ളവും ശുദ്ധവായുവും വരെ കുപ്പിയില്‍ അടച്ചു വിപണനം ചെയ്യുന്നുണ്ട് എന്നുവെച്ച് അതൊക്കെ മോശം ആവുമോ? ഇതിന്റെ പേരില്‍ ശാസ്ത്രത്തില്‍ /വാക്സിനില്‍ ഒക്കെ കുറ്റം കണ്ടെത്തുന്നത് മൌഡ്യമാണ്. ഇതര വൈദ്യങ്ങളും വിപണനത്തിന് വിധേയമാവുന്നുണ്ട്. വലിയ കുത്തകകള്‍ ഹോമിയോ മരുന്ന് ഉല്‍പ്പാദിപ്പിച്ചു വിപണനം ചെയ്യുന്നുണ്ട് എന്നത് ഹോമിയോ ഡോക്ടറായ ലേഖകനും അറിയാമായിരിക്കും. ആയുര്‍വേദ ഗ്രൂപ്പായ പതഞ്‌ജലിക്ക് മാത്രം രണ്ടു വര്‍ഷം മുന്നത്തെ കണക്കനുസരിച്ച് 2500 കോടിയുടെ വിറ്റുവരവുണ്ട്! ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്ന നേച്ചര്‍ ലൈഫിന്‍റെ വെബ്‌ സൈറ്റില്‍ പോയാല്‍ പലതും ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്ന കാഴ്ച കാണാം. ഇതെല്ലാം കച്ചവടത്തിന്റെ പരിധിയില്‍ വരുന്നതാണല്ലോ. അതുകൊണ്ട് ഇതെല്ലാം മോശമാണെന്ന് പറയുമോ? കമ്പോള താല്പര്യങ്ങള്‍ കടന്നു കൂടിയെന്ന ആരോപണത്തില്‍ നിന്നും ഇവയെ ഒക്കെ വിമുക്തമാക്കാന്‍ പറ്റുമോ? സാമ്പത്തിക വശങ്ങളും അഴിമതിയും ഒക്കെ വേറെ തലത്തില്‍ വരുന്ന കാര്യങ്ങള്‍ ആണല്ലോ, അത് കൈകാര്യം ചെയ്യേണ്ടത് സര്‍ക്കാരുകള്‍ അല്ലേ? അത്തരം പ്രവണതകള്‍ ഇല്ലാതാക്കാന്‍ ജനങ്ങള്‍ തിരഞ്ഞെടുത്തു ഭരിക്കുന്ന സര്‍ക്കാരുകളോട് അല്ലേ ആവശ്യപ്പെടേണ്ടത്? ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി ഇതെല്ലാം കൂടി കൂട്ടിക്കുഴയ്ക്കാമോ?

11. അശാസ്ത്രീയതയെ കുറിച്ച് ജനങ്ങളോട് പറയാറുമുണ്ട്.

ശാസ്ത്രം എന്നത് ആര്‍ക്കും തിരുത്താന്‍ പറ്റുന്ന ഒന്നാണ്. പഴയ സിദ്ധാന്തങ്ങള്‍ കാലാകാലങ്ങളില്‍ ഇങ്ങനെ തുറന്ന മനസ്സോടെ പരിഷ്കരിക്കപ്പെടാറുണ്ട്. (ശാസ്ത്രത്തിന്റെ ഈ മേന്മയെ ഇക്കൂട്ടര്‍ മോശമായി ചിത്രീകരിക്കാറുണ്ട് എന്നതാണ് തമാശ).

അശാസ്ത്രീയത കണ്ടെത്തുന്ന ആര്‍ക്കും അത് ശാസ്ത്രത്തിന്റെ പിന്‍ബലത്തോടെ തെളിയിക്കാം. ഇത്തരം കണ്ടെത്തലുകള്‍ക്ക് നോബല്‍ സമ്മാനം വരെ കിട്ടാറുണ്ട്. പക്ഷെ അത് ചെയ്യാതെ ഊഹാപോഹങ്ങളും അവാസ്തവങ്ങളുമാണ് ഇക്കൂട്ടര്‍ പ്രചരിപ്പിക്കുക. കപടമാണ് എന്ന് പണ്ടേ തെളിയിച്ച വേക്ക് ഫീല്‍ഡിനെ പോലുള്ളവരുടെ കെട്ടിച്ചമച്ച പഠനവും ഹെഗ്ഡെയുടെ ജല്‍പ്പനങ്ങളും ഒക്കെയാണ് വേദവാക്യം. അംഗീകൃത സയന്‍സിനെ ശാസ്ത്രീയ രീതിയില്‍ തിരുത്താന്‍ ഉതകുന്ന ഒന്നും ഇക്കൂട്ടരുടെ ആരോപണങ്ങളില്‍ നാളിതുവരെ ഉണ്ടായിട്ടില്ല. യാതൊരു അടിസ്ഥാനവുമില്ലാതെ വാക്സിന്‍, വന്ധ്യത ഉണ്ടാക്കും എന്നൊക്കെ പ്രചരിപ്പിക്കാന്‍ ഒരുളുപ്പും ഇല്ല താനും.

12. ഡോ. നെല്‍സണ്‍ ജോസഫ് വളരെ ആക്ഷേപകരമായ രീതിയിലും നിലവാരം കുറഞ്ഞ രീതിയിലുമാണ് സംവാദത്തിലേക്ക് കടന്നുവന്നത്

ഡോ. നെല്‍സന്റെ ലേഖനം കുറിക്കു കൊണ്ടു എന്നത് മനസ്സിലാക്കുന്നു. ആക്ഷേപകരമായ ലേഖനമാണോ എന്നതൊക്കെ വായനക്കാരുടെ തീരുമാനത്തിന് വിടുന്നതല്ലേ കൂടുതല്‍ ഉചിതം?

13. ഡോക്ടര്‍മാരും മരുന്നുകമ്പനികളും തമ്മിലുള്ള അവിഹിതമായ സാമ്പത്തിക താത്പര്യത്തിലുള്ള ബന്ധം – ആരുപറയുന്നതാണ് സത്യമെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ.

അതിപ്പോ ഈ സിദ്ധാന്തം മുഖവിലയ്ക്ക് എടുക്കാം എന്ന് വെക്കുക. ഒരു ചോദ്യം ഇപ്പറഞ്ഞ ജനങ്ങളോട്. വാക്സിന്‍ എടുത്താല്‍ രോഗങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത കുറയുകയും ഒരുവേള രോഗം തന്നെ നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെടുകയും ചെയ്യാമല്ലോ. നേരെ മറിച്ചു വാക്സിന്‍ എടുക്കാതിരുന്നാല്‍ രോഗങ്ങള്‍ പടര്‍ന്നു പിടിച്ച് കൂടുതല്‍ രോഗികള്‍ ഉണ്ടാവുകയാണല്ലോ ചെയ്യുക. ഇതല്ലേ മരുന്ന് കമ്പനികള്‍ക്ക് കൂടുതല്‍ ഹിതകരം? വാക്സിന്‍ ഒക്കെ വളരെ കുറച്ചു കമ്പനികള്‍ മാത്രമാണ് ഉണ്ടാക്കി വിതരണം ചെയ്യുന്നത്. എന്നാല്‍ ഒരു പനിയില്‍ തുടങ്ങുന്ന സാംക്രമിക രോഗങ്ങളില്‍ എത്ര കമ്പനികളുടെ മരുന്നുകള്‍ക്കുള്ള വിപണന സാധ്യതയാണ് ഉള്ളത്. അപ്പോള്‍ ഈ പറയുന്ന സാമ്പത്തിക താല്‍പ്പര്യം ഉണ്ട് എങ്കില്‍ അത് വാക്സിന്‍ വിരുദ്ധ പ്രവര്‍ത്തകര്‍ക്ക് ആയിരിക്കണമല്ലോ അല്ലേ?

14. നിലവില്‍ മെഡിക്കല്‍ കോളേജിലുണ്ടെന്ന് അവകാശപ്പെടുന്ന കേസുകള്‍ക്ക് പോലും രോഗനിര്‍ണ്ണയ സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് തന്നെയാണ് മെഡിക്കല്‍ കോളേജ് പി.ആര്‍.ഒ മാധ്യമങ്ങളോട് പറഞ്ഞത്.

മറ്റൊന്നും പറയാനില്ലാത്തത് കൊണ്ടാണ് ചരിത്രം പുന:പരിശോധിക്കണം, സിബിഐ വരണം എന്നൊക്കെയുള്ള തൊടുന്യായങ്ങള്‍ ഉന്നയിക്കുന്നത് എന്നാണ് എന്റെ നിരീക്ഷണം.

15. വര്‍ഷം തോറും മൂന്നര ലക്ഷത്തിലധികം. ഇതെങ്ങനെയാണ് വാക്സിന്‍ തുടങ്ങുന്ന 1985 ആകുമ്പോഴേക്ക് ഒന്നരലക്ഷമായത്… വാക്സിന്‍ തുടങ്ങിയതിനു ശേഷമുള്ള എഎഫ്പിയിലുണ്ടായ വര്‍ദ്ധന, (കണക്കെടുപ്പിലുള്ള സൂക്ഷ്മതകൊണ്ടല്ല), V.A.P.P, V.DP.V., AEFI Deaths, ഇവയൊക്കെ ഞങ്ങളുടെ എതിര്‍പ്പിനു കാരണമാണ്. ഡോ.ജേക്കബ് പുളിയേല്‍, ഡോ. ബി.എം. ഹെഗ്ഡേ, (‍ഞെട്ടേണ്ട ഹോമിയോ അല്ല) തുടങ്ങി നിരവധി പ്രശസ്തര്‍ അന്താരാഷ്ട്ര ആരോഗ്യ പ്രസിദ്ധീകരണങ്ങളില്‍ പഠനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പോളിയോയെ കുറിച്ചുള്ള ദുഷ്പ്രചരണത്തിന് മറുപടി ഇവിടെ അടങ്ങിയിട്ടുണ്ട് ലിങ്ക് കാണുക. (http://amrithakiranam.in/beta/vpd/polio/) 

16. ഡിഫ്തീരിയയെ അടക്കം പ്രതിരോധിക്കാനാരംഭിച്ച പെന്റാവാലാന്റ് മൂലം 32മരണം A.E.F.I രേഖപ്പെടുത്തി. ഇതൊന്നും താങ്കളെ പോലൊരാള്‍ക്ക് അറിയാത്തതാണെന്ന് ഞാന്‍ കരുതുന്നില്ല.

 

ഇതിനു ശേഷം വാക്സിന്‍ നല്‍കുന്നത് നിര്‍ത്തിവെച്ച് ലോകാരോഗ്യ സംഘടനയുടെ Global Advisory Committee on Vaccine ഇതിനെക്കുറിച്ച്‌ വിശദമായി അന്വേഷിച്ചു. വാക്സിനും മരണവുമായി നേരിട്ട് ബന്ധം ഇല്ലെന്നത് കണ്ടെത്തിയതിനെക്കുറിച്ചുള്ള വാര്‍ത്ത താങ്കളെപ്പോലൊരാള്‍ക്ക് അറിയാത്തതാണ്‌ എന്ന് കരുതുന്നില്ല. (http://www.indianpediatrics.net/dec2013/dec-1162.htm) പോളിയോ നിര്‍മ്മാര്‍ജ്ജനത്തിനു തൊട്ടടുത്തു നില്‍ക്കുമ്പോള്‍ ഉള്ള ഈ ചരിത്രം പറച്ചില്‍ ആണ് കൌതുകകരം.

പണ്ടും ഇതുപോലെ വാക്സിന്‍ വിരുദ്ധര്‍ പലതും പറഞ്ഞിരുന്നു. 1919-ല്‍ ഒരു വാക്സിന്‍ വിരുദ്ധന്‍ വസൂരിയെ കുറിച്ച് ബുക്കില്‍ എഴുതിയത് ശ്രദ്ധിക്കുക. “വസൂരി വാക്സിന്‍ കൊടുക്കുന്നതാണ് വസൂരി കൊണ്ടുള്ള മരണത്തിനു കൂടുതല്‍ കാരണമാവുന്നത്” അത്രേ. ആ വസൂരി എന്ന മാഹാവ്യാധിയെയാണ് ശാസ്ത്രം ഭൂമുഖത്ത് നിന്ന് തന്നെ ഇല്ലാതാക്കിയത്. (കടപ്പാട്: ഡോ. കെ .പി അരവിന്ദന്‍)

ഇതിനു സമാനമാണ് ഇപ്പോള്‍ പോളിയോയെ കുറിച്ച് മുപ്പത്തഞ്ചു വര്‍ഷം മുന്നേ 80-കളിലുള്ള പ്രസ്താവനയില്‍ ഊന്നി അഭിപ്രായവും ചരിത്രവും ഒക്കെ പറയുന്നത്.

17. ഡോ. ജേക്കബ് പുളിയേല്‍, ഡോ. ബി.എം. ഹെഗ്ഡേ, (‍ഞെട്ടേണ്ട ഹോമിയോ അല്ല) 

ഞെട്ടാന്‍ എന്തിരിക്കുന്നു? പക്ഷെ കുറെ ചിരിച്ചു. അതിപ്പോ മണ്ടത്തരം ആര് പറഞ്ഞാലും മണ്ടത്തരം മാത്രം ആണല്ലോ. അതല്ല എങ്കില്‍ അവരുടെ സിദ്ധാന്തങ്ങള്‍ ശാസ്ത്രസമൂഹത്തില്‍ തന്നെ അവതരിപ്പിച്ച് അംഗീകാരം നേടാമായിരുന്നുവല്ലോ.

18. ജാതി, മതം, ജില്ല വിശ്വാസം തുടങ്ങി പലതിനേയും അപഹസിക്കുന്നതായി കാണാം.

ജാതി മതം വിശ്വാസം എന്നിവയെ ‘അവഹേളിക്കാന്‍’ ഡോ. നെല്‍സന്‍ ശ്രമിച്ചതായി എനിക്ക് തോന്നിയിട്ടില്ല. സംശയങ്ങള്‍ക്ക് ശാസ്ത്രീയമായ ഉത്തരങ്ങള്‍ റെഫറന്‍സ് ലിങ്കുകള്‍ അടക്കം നല്‍കുകയാണ് ഉണ്ടായത്. എന്തായാലും ഇതിനുള്ള പ്രതികരണം ഡോ. നെല്‍സന്‍ ആണ് നല്‍കേണ്ടത്. അമേരിക്കക്കാര്‍ വന്ധ്യത ഉണ്ടാക്കി വംശീയമായി ഇല്ലാതാക്കാന്‍ ആണ് വാക്സിന്‍ ഉപയോഗിക്കുന്നത് എന്നൊക്കെ ഉള്ള പ്രചാരണം ഏതൊക്കെ കോണില്‍ നിന്നാണ് ഉയരുന്നത് എന്നതും ജാതി, മതം, വിശ്വാസം തുടങ്ങിയത് ആരെങ്കിലും പ്രചാരണത്തിന് ഉപയോഗപ്പെടുത്തുന്നുണ്ടോ എന്നതും കേരളത്തിലെ പൊതുസമൂഹം വിലയിരുത്തട്ടെ.

19. മറ്റു ചില ജില്ലകളില്‍ വാക്സിന്‍ ഉപയോഗിച്ച കുട്ടികളില്‍ ഇതേ രോഗം വരുമ്പോള്‍ ഇത്തരത്തിലുള്ള ബഹളങ്ങള്‍ ഉണ്ടാകാറില്ല.

ഇക്കാര്യത്തിനെ വസ്തുതാപരമായി സമീപിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ വാക്സിന്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതും തത്ഫലമായി ഏറ്റവും കൂടുതല്‍ കുട്ടികള്‍ വാക്സിന്‍ എടുക്കാതെ തുടരുന്നതുമായ ജില്ലയായി തുടരുന്നിടത്തോളം കൂടുതല്‍ ശ്രദ്ധ ദേശീയ തലത്തില്‍ തന്നെ കിട്ടുന്നത് സ്വാഭാവികമാണല്ലോ. ഇതില്‍ പോലും ഗൂഡാലോചന സിദ്ധാന്തങ്ങള്‍ പ്രയോഗിക്കാന്‍ തുനിയുന്നവരുടെ ഉദ്ദേശശുദ്ധിയാണ്‌ സംശയജനകം.

20. ഇഷ്ടമുള്ളചികിത്സ തെരഞ്ഞെടുക്കാനും ഇഷ്ടമില്ലാത്തത് ബഹിഷ്കരിക്കാനുമുള്ള അവകാശത്തെ കുറിച്ചും അതിലേക്കുള്ള ഭരണകൂടത്തിന്റെ കടന്നുകയറ്റത്തെ കുറിച്ചുമാണ് പത്രകുറിപ്പില്‍ പറഞ്ഞിരിക്കുന്നത്.

മുതിര്‍ന്ന വ്യക്തി ഇഷ്ടമുള്ള ചികിത്സ തിരഞ്ഞെടുക്കുന്നത് പോലല്ലല്ലോ കുട്ടികളുടെ വാക്സിനേഷന്‍. കുട്ടികളുടെ ആരോഗ്യം സ്റ്റേറ്റിന്റെ കൂടി കടമ അല്ലേ? മാതാപിതാക്കളുടെ അലംഭാവം കൊണ്ട് പിള്ളവാതം ബാധിച്ചു രോഗാതുരരായി ജീവിതം നയിക്കേണ്ടി വരുന്നതിലൂടെ ആരോഗ്യവാനായി ജീവിക്കാനുള്ള ഒരു കുട്ടിയുടെ അവകാശമാണല്ലോ ഹനിക്കപ്പെടുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ സൈറ്റില്‍ അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചിരിക്കുന്നത് “Full immunization against preventable childhood diseases is the right of every child.” എന്നാണ്. സര്‍ക്കുലര്‍ പിന്‍വലിക്കണം എന്ന് ആവശ്യപ്പെടുന്ന വാക്സിന്‍ വിരുദ്ധരുടെ ശ്രദ്ധയില്‍ ഇത് പെട്ടിട്ടില്ല എന്ന് തോന്നുന്നു.

അതായത് വാക്സിന്‍ നല്‍കപ്പെടുന്നത് വഴി രോഗങ്ങള്‍ പ്രതിരോധിക്കാന്‍ കഴിയുക എന്നത് എല്ലാ കുട്ടികളുടെയും അവകാശം ആണെന്നതാണ് ഇന്ത്യാ സര്‍ക്കാരിന്റെ പ്രഖ്യാപിത നയം. ഇത് ബാലാവകാശ നിയമത്തിന്റെ കൂടെ ഭാഗം ആവേണ്ടതാണ് എന്നാണ് എന്റെ വ്യക്തിഗത അഭിപ്രായം. അച്ഛനമ്മമാരുടെ അറിവില്ലായ്മയുടെ ഇര ആവേണ്ടവരല്ല കുട്ടികള്‍. എന്റെ കുട്ടിക്കാലത്തൊക്കെ പോളിയോ ബാധിച്ച അനേകം ആള്‍ക്കാരെ കാണാമായിരുന്നു; ഇന്നത്തെ യുവതലമുറയില്‍ പോളിയോ ബാധിതരെ കണ്മുന്നില്‍ കാണാറുണ്ടോ എന്ന് സ്വയം ചോദിച്ചു നോക്കുക. (http://www.missionindradhanush.in/about.html

21. ഹജ്ജിനു പോകുമ്പോള്‍ രാജ്യത്തെ ജനങ്ങളെല്ലാം വാക്സിന്‍ കഴിക്കണമെന്നല്ല മറ്റൊരു ഭരണക്രമമുള്ള സൗദിപോലും പറയുന്നത് .പക്ഷേ ജനാധിപത്യരാജ്യമെന്ന നിലയില്‍ മേനി പറയുന്ന ഇന്ത്യയില്‍ സ്കൂളില്‍ പോകണമെങ്കില്‍ വാക്സിന്‍ കാര്‍ഡ് നിയമം മൂലം നിര്‍ബന്ധമാക്കാന്‍ ശ്രമം നടക്കുന്നു . ഇതിനെ രണ്ടിനേയും എങ്ങനെയാണ് ഒന്നായി ചിത്രീകരിക്കുന്നത്.

ഹജ്ജിനു പോവണം എന്നുള്ളവരെല്ലാം വാക്സിന്‍ എടുക്കണം എന്ന് പറയുന്നത് ഒരു നിയമപരമായ നിഷ്കര്‍ഷ അല്ലെയോ ആവോ?

വിവരങ്ങള്‍ ഇവിടെ ഉണ്ട്.
https://www.saudiembassy.net/services/Hajj_and_Umrah_Health_Requirements.aspx

അയല്‍രാജ്യമായ പാക്കിസ്ഥാനില്‍ നിയമം മൂലം നിര്‍ബന്ധിതമാണ് വാക്സിന്‍; അതായത് വാക്സിന്‍ എടുത്തില്ലെങ്കില്‍ ജയിലില്‍ പോവേണ്ടി വരും എന്നാണു ഭാഷ്യം.

22. ‘ജനാധിപത്യ രാജ്യങ്ങളു’ടെ കാര്യമെടുക്കാം,

പല രാജ്യങ്ങളിലും പല രീതിയില്‍ നിയമം മൂലം തന്നെ വാക്സിന്‍ നിര്‍ബന്ധിതമാക്കിയിട്ടുണ്ട്. അമേരിക്കയില്‍ സ്കൂളില്‍ വാക്സിനേഷന്‍ റെക്കോര്‍ഡ്‌ നിര്‍ബന്ധമാണ്. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ ഒഴിവാക്കല്‍ അനുവദനീയമാണ്. അതേസമയം രോഗങ്ങള്‍ പൊട്ടിപ്പുറപ്പെടുന്ന സമയത്ത് നിര്‍ബന്ധിത വാക്സിനേഷന്‍ കൊടുക്കാന്‍ നിയമം അനുശാസിക്കുന്നുണ്ട്. മിലിട്ടറിയില്‍ ചേരാനും ഗ്രീന്‍ കാര്‍ഡ്‌ കിട്ടാനും വാക്സിനേഷന്‍ നിര്‍ബന്ധിതമാണ്.

ഓസ്ട്രേലിയയില്‍ സ്കൂളില്‍ വാക്സിന്‍ റെക്കോര്‍ഡ്‌ നിര്‍ബന്ധമാണ്‌. വാക്സിന്‍ എടുക്കാന്‍ വിസമ്മതിക്കുന്ന വ്യക്തികള്‍ക്ക് ചില സര്‍ക്കാര്‍ അനൂകൂല്യങ്ങള്‍ നിഷേധിക്കപ്പെടും.

ഫ്രാന്‍സില്‍ വാക്സിന്‍ നിഷേധിക്കുന്നത് ബാലപീഡനത്തിനു സമാനമായാണ് കരുതുന്നത്. വാക്സിന്‍ നിരസിച്ച സന്ദര്‍ഭത്തില്‍ ക്രിമിനല്‍ കേസുകള്‍ എടുക്കപ്പെട്ട ചരിത്രം വരെയുണ്ട്. വാക്സിന്‍ കൊടുത്ത സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ സ്കൂള്‍ പ്രവേശനം കിട്ടില്ല.

മലേഷ്യയില്‍ സ്കൂളില്‍ വെച്ചുള്ള മാസ് വാക്സിനേഷന്‍ പ്രോഗ്രാമുകളാണ് പ്രാബല്യത്തില്‍. ഇങ്ങനെ ഒക്കെയും ലോകത്ത് നടക്കുന്നുണ്ട് എന്ന് സൂചിപ്പിച്ചു എന്നേ ഉള്ളൂ.

സാംക്രമിക രോഗങ്ങളുടെ / പൊതുജനാരോഗ്യത്തിന്റെ കാര്യം വരുമ്പോള്‍ വ്യക്തിഗത സ്വാതന്ത്ര്യത്തെക്കാള്‍ സമൂഹത്തിന്റെ പൊതുനന്മ മുന്‍പില്‍ വരുന്നു എന്ന തരത്തില്‍ പലയിടത്തും കോടതി വിധികള്‍ ഉണ്ടായിട്ടും ഉണ്ട്. ക്വാറന്റൈന്‍ എന്ന് കേട്ടിട്ടുണ്ടാവുമല്ലോ അല്ലേ; സാംക്രമിക രോഗം സംശയിക്കുന്ന ആളെ വരെ പ്രത്യേകം മാറ്റി പാര്‍പ്പിക്കുന്ന വ്യവസ്ഥ. അവിടെ എനിക്ക് സഞ്ചാര സ്വാതന്ത്ര്യം വേണം, വ്യക്തി സ്വാതന്ത്ര്യം ഹനിക്കുന്നേ എന്നൊക്കെ മുറവിളി കൂട്ടുമോ?

23. ഞങ്ങള്‍ നിലവിലുള്ള വാക്സിനെ എതിര്‍ക്കുന്നതിനു ശാസ്ത്രീയവും രാഷ്ട്രീയവുമായ കാരണങ്ങളുണ്ട്.

വാക്സിനെ എതിര്‍ക്കുന്നതില്‍ എന്ത് ശാസ്ത്രീയതയാണ് ഉള്ളത് എന്ന് ചോദിച്ചാല്‍ ഇക്കൂട്ടര്‍ക്ക് ശാസ്ത്രം ഒന്നും പറയാന്‍ ഉണ്ടാവില്ല. പണ്ടേ നിരാകരിച്ച എന്തെങ്കിലും കപടശാസ്ത്രം ഉദ്ധരിക്കുക മാത്രമാവും പതിവ്.

ഈ വിഷയത്തില്‍ ഇദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായ ജേക്കബ് വടക്കാഞ്ചേരി, പ്രൊഫ. രവിചന്ദ്രന്‍ സിയുമായി നടത്തിയ സംവാദം കേട്ട് നോക്കിയാല്‍ അറിയാം വാക്സിന്‍ വിരുദ്ധതയില്‍ ശാസ്ത്രീയമായി ഒന്നും ഇക്കൂട്ടര്‍ക്ക് മുന്നോട്ടു വെക്കാന്‍ ഇല്ല എന്ന്.

ഇതിന്റെ വീഡിയോ

24. ഞങ്ങളുടെ ജാതിയും മതവും ജനിച്ച ജില്ലയും ചെയ്യുന്ന ജോലിയുമൊക്കെ നോക്കി വിധിക്കാതെ.

ശ്ശൊ! ഈ ഇരവാദം വീണ്ടും വീണ്ടും ആവര്‍ത്തിക്കുക ആണല്ലോ.

വാക്സിന്‍ വിരുദ്ധര്‍ എന്ന് പറഞ്ഞപ്പോള്‍ തന്നെ അത് എന്നെത്തന്നെ ഉദ്ദേശിച്ചാ എന്നു പറഞ്ഞുകൊണ്ട് ഡോക്ടര്‍ ഹരി ഏറ്റെടുത്തു മുന്നോട്ടുവന്ന്‍ ഇത്രയുമൊക്കെ പറഞ്ഞത് നന്നായി, മറുപടി തരാന്‍ പറ്റിയല്ലോ. അല്ലേല്‍ വാക്സിന്‍ വിരുദ്ധര്‍ എന്ന് പറഞ്ഞാല്‍ താലിബാന്‍ വരെ ആണെന്ന് വിവക്ഷിച്ചു പോയേനെ. അവരാണല്ലോ സ്ഥിരം വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ ആക്രമിക്കുന്നത്. ഞാനും മരുന്ന് മാഫിയ ആണെന്നൊക്കെ കാടടച്ച് ആരോപിക്കാന്‍ താല്‍പ്പര്യം ഉണ്ടെങ്കില്‍ ആ തെളിവും കൂടി കൂട്ടത്തില്‍ കൊണ്ട് വരണം എന്ന് അപേക്ഷിച്ച് കൊണ്ട് നിര്‍ത്തുന്നു.

(കോട്ടയം ജില്ലയില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ ഡോക്ടറാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍