UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വാക്സിന്‍ വിരുദ്ധർ നിർബന്ധമായും വായിച്ചിരിക്കാൻ കുറച്ച് കാര്യങ്ങള്‍

Avatar

ഡോ നെല്‍സണ്‍ ജോസഫ്

വാക്‌സിന്‍ വിരുദ്ധരുടെ ഏറ്റവും വലിയ പ്രചരണായുധങ്ങളില്‍ ഒന്നായിരുന്നു തങ്ങള്‍ പറയുന്നത് വിഡ്ഢിത്തമോ വസ്തുതകള്‍ക്ക് നിരക്കാത്തതോ ആണെങ്കില്‍ നിയമം മൂലം നിരോധിക്കട്ടെയെന്ന്. ഒടുവില്‍ അതും സംഭവിച്ചു.

 

പ്രതിരോധ വാക്‌സിനുകള്‍ക്ക് എതിരെ പ്രചരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാനും സ്‌കൂള്‍ പ്രവേശനത്തിനു വരുന്ന കുട്ടികളില്‍ വാക്‌സിന്‍ എടുത്തവര്‍, എടുക്കാത്തവര്‍, പൂര്‍ത്തിയാക്കാത്തവര്‍, ഇതിനെക്കുറിച്ച് അറിവില്ലാത്തവര്‍ എന്നിങ്ങനെ തരം തിരിച്ച് കണക്കെടുക്കാനാണു നിര്‍ദ്ദേശം. ഡിഫ്തീരിയ പോലെയുള്ള രോഗങ്ങള്‍ തിരിച്ചുവരികയും രോഗപ്രതിരോധശേഷിയെ ബാധിക്കുന്ന രീതിയില്‍ ഗുരുതര വാക്‌സിന്‍ വിരുദ്ധ പ്രവര്‍ത്തനം നടക്കുകയും ചെയ്ത സാഹചര്യങ്ങളിലായിരുന്നു ഇത്.

 

 

നോട്ടീസ് വായിച്ച് മിനക്കെടേണ്ട. രത്‌നച്ചുരുക്കം ഇവിടെ പറയാം.

(1) മരുന്ന് കുത്തകയുടെ ദല്ലാളന്മാരായ ഡോക്ടര്‍മാര്‍.. ബ്ലാ.. ബ്ലാ.. ബ്ലാ..

(2) മലപ്പുറത്ത് ഡിഫ്തീരിയ ഇല്ല

(3) ഇഷ്ടമുള്ള ചികില്‍സ സ്വീകരിക്കാനും വേണ്ടെന്ന് വയ്ക്കാനുമുള്ള അവകാശം ഓരോ പൗരനുമുണ്ട്

(4) സ്‌കൂള്‍ അഡ്മിഷനു വാക്‌സിനേഷന്‍ വേണമെന്നുള്ള വാര്‍ത്ത വ്യാജമാണ്; ആ സര്‍ക്കുലര്‍ ആരോഗ്യവകുപ്പ് പിന്‍വലിക്കണം.

 

ഡോക്ടറും ഉണ്ട് കൂട്ടത്തില്‍ എന്നു കണ്ട് ഞെട്ടണ്ട. അതൊരു ഹോമിയോ ഡോക്ടറാണ്. മറുപടികള്‍ താഴെ കൊടുക്കുന്നു. താഴെപ്പറയുന്ന കണക്കുകള്‍ക്ക് വാക്‌സിന്‍ വിരുദ്ധര്‍ വ്യക്തമായ സോഴ്‌സോടുകൂടിയ മറുപടികള്‍ തന്നേ തീരൂ. 

 

1. മരുന്നു കുത്തകയുടെ ദല്ലാളന്മാര്‍

1988-ലാണ് ഇന്ത്യ വേള്‍ഡ് ഹെല്‍ത്ത് അസംബ്ലിയുടെ പോളിയോ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നത്. പള്‍സ് പോളിയോ ഇമ്യൂണൈസേഷനെന്നാല്‍ വര്‍ഷത്തില്‍ രണ്ട് ദിവസം ഓറല്‍ പോളിയോ വാക്‌സിന്‍ അഞ്ച് വയസില്‍ താഴെ പ്രായമായ എല്ലാ കുഞ്ഞുങ്ങള്‍ക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയതും. ഇതിനു പുറമെ ഹൈ റിസ്‌ക് ഏരിയകളില്‍ സബ് നാഷണല്‍ ഇമ്യൂണൈസേഷന്‍ ഡേയും നടത്തപ്പെടുന്നുണ്ട്. കൂടാതെ പോളിയോയുടെ ചെറിയ സാധ്യതയെങ്കിലും കണ്ടുപിടിക്കാന്‍, സംശയിക്കപ്പെടുന്ന കുട്ടികളുടെ ലബോറട്ടറി പരിശോധനയ്ക്കായി അക്യൂട്ട് ഫ്‌ലാസിഡ് പരാലിസിസ് സര്‍വെയിലന്‍സ് പ്രോഗ്രാമും നടത്തപ്പെടുന്നു.

 

ശരി. ഡോക്ടര്‍മാരെല്ലാരും മരുന്നു കുത്തകക്കാരാന്ന് അങ്ങ് വച്ചോ. ഒരു കുത്തകക്കാരനും സ്വന്തം ബിസിനസ് തകര്‍ക്കുമെന്ന് തോന്നുന്നില്ല. കുറച്ച് സ്റ്റാറ്റിസ്റ്റിക്‌സ് തരാം..

എന്താല്ലേ? 1985ല്‍ 1,50,000 രോഗികളെ സുഖമായിട്ട് കിട്ടുമായിരുന്നതാ. അത് ഇല്ലാണ്ടാക്കി

2. മലപ്പുറത്തെ ഡിഫ്തീരിയയുടെ കഥ അറിയാന്‍  ഈ പോസ്റ്റ്‌ ഒന്ന് കണ്ടോളൂ

3. ഇനി ഓരോ പൗരനും സ്വയം ചികില്‍സ നിഷേധിക്കാനുള്ള അവകാശത്തെക്കുറിച്ച്.

പ്രധാനമായും രണ്ടു കാരണങ്ങളാണിവിടെ ശ്രദ്ധിക്കേണ്ടത്.

(a) നിങ്ങള്‍ക്ക് ചികില്‍സ വേണ്ടെന്ന് വയ്ക്കാന്‍ നിങ്ങള്‍ക്ക് അവകാശമുണ്ട്. പക്ഷേ നിങ്ങള്‍ ചെയ്യുന്നത് അതല്ല. നിങ്ങളുടെ കുട്ടിക്ക് ഭാവിയില്‍ സംഭവിച്ചേക്കാനിടയുള്ള അപകടത്തില്‍ നിന്നുള്ള സംരക്ഷണം (അത് ചിലപ്പൊ പോളിയോ ആകാം, ഡിഫ്തീരിയ ആകാം അല്ലെങ്കില്‍ റുബെല്ല കൊണ്ട് കുഞ്ഞുങ്ങള്‍ക്ക് സംഭവിക്കാനിടയുള്ള ജനന വൈകല്യങ്ങളാകാം) നിഷേധിക്കുകയാണ്.

(b) നിങ്ങളുടെ കുട്ടിക്ക് സംരക്ഷണം ഇല്ലാതെ വരുന്നത് നേരിട്ട് സമൂഹത്തെ ബാധിക്കാവുന്ന ഒരു കാര്യം കൂടിയാണ്. ഹെര്‍ഡ് ഇമ്യൂണിറ്റി (പിന്നെ വിശദീകരിക്കുന്നുണ്ട്) നഷ്ടപ്പെടാന്‍ വാക്‌സിനേഷന്‍ എടുക്കാത്ത കുട്ടികളുടെ എണ്ണം കൂടുന്നത് കാരണമാകും.

 

ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്‌റ്റേറ്റിന് ചില ഉചിതമായ തീരുമാനങ്ങള്‍ എടുക്കാം. ഉദാഹരണമായി സ്‌മോള്‍ പോക്‌സ് അല്ലെങ്കില്‍ വസൂരി നിര്‍മാര്‍ജനം ചെയ്യാന്‍ അച്ചുകുത്ത് നിര്‍ബന്ധമാക്കിയിരുന്നതുപോലെ. അന്ന് ഇതുപോലെയുള്ള ആളുകളും മതചിന്തകരും എതിര്‍ക്കാഞ്ഞതുകൊണ്ട് വസൂരി ഇല്ലാതായി. പാവം വൈറസ്.. എന്താല്ലേ!

 

(4) സ്‌കൂള്‍ അഡ്മിഷനു വാക്‌സിനേഷന്‍ വേണമെന്നുള്ള വാര്‍ത്ത വ്യാജമാണ്; ആ സര്‍ക്കുലര്‍ ആരോഗ്യവകുപ്പ് പിന്‍വലിക്കണം

സര്‍ക്കുലര്‍ ഇല്ലെന്നും നിങ്ങള്‍ പറയുന്നു. സര്‍ക്കുലര്‍ പിന്‍വലിക്കണം പറയുന്നു. വ്യാജമായ, ഇല്ലാത്ത സര്‍ക്കുലര്‍ എങ്ങനെ പിന്‍വലിക്കും? പറയുന്നതെന്താന്നൊരു ബോധം വേണ്ടേ?

 

(5) ഞങ്ങളുടെ കുട്ടി വാക്‌സിനെടുത്തിട്ടില്ല.എന്നിട്ടും കുഴപ്പമൊന്നുമില്ലല്ലോ?

നിങ്ങളുടെ കുട്ടിക്ക് കുഴപ്പമില്ലാത്തത് ഹെര്‍ഡ് ഇമ്യൂണിറ്റി എന്നൊരു സംഗതി ഉള്ളതുകൊണ്ടാണ്.

 

ഹെര്‍ഡ് ഇമ്മ്യൂണിറ്റി
ഒരു നിശ്ചിത അളവില്‍ക്കൂടുതല്‍ ആളുകള്‍ വാക്‌സിനേഷന്‍ വഴിയോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും രീതിയിലോ രോഗപ്രതിരോധശേഷി നേടിക്കഴിഞ്ഞാല്‍ പ്രതിരോധ ശേഷി ഇല്ലാത്തവര്‍ക്കും സംരക്ഷണം കിട്ടുന്നതിനെയാണ് ഹെര്‍ഡ് ഇമ്യൂണിറ്റികൊണ്ട് ഉദ്ദേശിക്കുന്നത്.

മുകളിലെ ചിത്രത്തില്‍ നോക്കിയാല്‍ പ്രതിരോധശേഷിയില്ലാതിരുന്ന സമൂഹത്തില്‍ രോഗാണു എത്തുമ്പോള്‍ വിവിധ രീതിയില്‍ മറ്റുള്ളവര്‍ക്കും രോഗം ലഭിക്കുന്നെന്ന് കാണാം. പ്രതിരോധ ശേഷി ഉള്ളവര്‍ സമൂഹത്തില്‍ കൂടുതലാകുമ്പോള്‍ രോഗാണു പടര്‍ന്ന് പിടിക്കാനുള്ള സാധ്യതകള്‍ കുറയുന്നു. അപ്പോള്‍ രോഗം പകരുന്നതിന്റെ വേഗത കുറയുകയോ നിലയ്ക്കുകയോ ചെയ്യുന്നു. അതിന്റെ ഫലമായി രോഗപ്രതിരോധം ആര്‍ജിച്ചിട്ടില്ലാത്തവരും സംരക്ഷിക്കപ്പെടുന്നു. അതായത് ചുരുക്കിപ്പറഞ്ഞാല്‍ മറ്റുള്ളവരും നിങ്ങളെപ്പോലെ ചിന്തിച്ച് വാക്‌സിനേഷന്‍ എടുക്കാതിരുന്നെങ്കില്‍ ചില രോഗങ്ങള്‍ ഇന്നും കാണാമായിരുന്നെന്ന് സാരം.

 

മലപ്പുറത്ത് സംഭവിച്ചതും അതാണ്. വാക്‌സിന്‍ ലഭിക്കാത്തവരുടെ എണ്ണം ഒരു നിശ്ചിത പരിധിയില്‍ കുറഞ്ഞപ്പോള്‍ (ഹെര്‍ഡ് ഇമ്യൂണിറ്റി ത്രെഷോള്‍ഡ്- ഡിഫ്തീരിയയ്ക്ക് ഇത് 83-86 ശതമാനമാണ്; അതായത് ഹെര്‍ഡ് ഇമ്യൂണിറ്റിക്ക് 83-86 ശതമാനം പേര്‍ പ്രതിരോധശേഷിയുള്ളവരാകണം) രോഗം തലപൊക്കിത്തുടങ്ങി (ചിലയിടങ്ങളില്‍ 70-കളിലാണ് ഇമ്യൂണൈസേഷന്‍ സ്റ്റാറ്റസെന്ന് കേട്ടു).

 

(6) ഇന്ത്യയില്‍ പോളിയോ നിര്‍മാര്‍ജനം ചെയ്‌തെന്ന് നിങ്ങള്‍ പറയുന്നുണ്ടല്ലോ. പിന്നെന്തിനാ ഇനിയും വാക്‌സിന്‍?

ലോകാരോഗ്യ സംഘടന പറയുന്നത് ലോകത്ത് ഒരേയൊരു കുട്ടി മാത്രമാണ് പോളിയോ ബാധിതനെങ്കിലും അതില്‍ നിന്ന് പോളിയോ പടരാനുള്ള സാധ്യത ഉണ്ടെന്നും ഇപ്പോള്‍ പോളിയോ എന്‍ഡമിക് ആയി പ്രഖ്യാപിച്ചിട്ടുള്ള പോക്കറ്റുകളിലെ രോഗം നിയന്ത്രിച്ചില്ലെങ്കില്‍ 10 വര്‍ഷത്തിനുള്ളില്‍ പോളിയോ ലോകത്തെങ്ങും തിരിച്ചുവരുമെന്നുമാണ്. (Failure to eradicate polio from these last remaining strongholds could result in as many as 200 000 new cases every year, within 10 years, all over the world).

ഇപ്പോള്‍ ലോകത്ത് പോളിയോ എന്‍ഡമിക് രാജ്യങ്ങളായി നിലനില്‍ക്കുന്ന രണ്ടേ രണ്ട് രാജ്യങ്ങള്‍ ഒന്ന് പാക്കിസ്ഥാനും രണ്ട് അഫ്ഘാനിസ്ഥാനുമാണ്. നമ്മുടെ അയല്‍വക്കക്കാര്‍. അപ്പോള്‍ നമുക്ക് രോഗപ്രതിരോധശേഷി ഉണ്ടാകേണ്ടതിന്റെ ആവശ്യകത മനസിലായെന്ന് കരുതുന്നു.

 

ഇനി വണ്‍ ലാസ്റ്റ് ഡയലോഗ്…

മൊല്ലാക്കാ, ഇങ്ങള് ഹജ്ജിന് പോയിട്ടുണ്ടാ?

ദൈവം ജന്മനാല്‍ തന്ന ഇമ്യൂണിറ്റി അല്ലാതെ മറ്റൊരു ഇമ്യൂണിറ്റി കൊടുക്കാന്‍ സാധ്യമല്ലെന്നും അങ്ങനെ നല്‍കാന്‍ ശ്രമിക്കുന്നത് ദൈവത്തെ ചോദ്യം ചെയ്യലാകുമെന്നും (ഹറാമാണെന്ന്) പറയുന്ന വീഡിയോകളും വാട്ട്‌സാപ് ഫോര്‍വേര്‍ഡുകളും ഒന്നുരണ്ടെണ്ണം കാണാനിടയായിരുന്നു. അങ്ങനെയുള്ളവര്‍ മുന്നോട്ട് വായിക്കുക.

 

(ദൈവത്തിനും മതവിശ്വാസങ്ങള്‍ക്കും ഞാന്‍ എതിരല്ല. വിശ്വസിക്കാനുള്ള വ്യക്തിസ്വാതന്ത്ര്യത്തെ മാനിക്കുന്നു. പക്ഷേ സ്വന്തം സ്വാര്‍ഥതാല്പര്യങ്ങള്‍ക്കായി ദൈവത്തെ വ്യാഖ്യാനിക്കുന്നതിനെ ശക്തിയുക്തം എതിര്‍ക്കുക തന്നെ ചെയ്യും)

 

ഹജ്ജിനു പോകുന്നത് ഇസ്ലാം മതവിശ്വാസികള്‍ക്ക് ഒരു പുണ്യകര്‍മ്മമാണെന്ന് അറിയാം. സൗദി ഗവണ്മന്റ് പ്രവര്‍ത്തിക്കുന്നത് ഭൂരിപക്ഷവും ഇസ്ലാം വിശ്വാസങ്ങളും നിയമങ്ങളും അനുസരിച്ചാണെന്നാണു വിശ്വാസവും. അങ്ങനെയുള്ള സൗദി ഗവണ്മെന്റിന്റെ ഹജ്ജിനും ഉമ്രയ്ക്കും എത്തുന്നവര്‍ അനുസരിക്കേണ്ട നിയമങ്ങളില്‍, വരുന്ന രാജ്യമനുസരിച്ച് എടുത്തിരിക്കേണ്ട നാല് വാക്‌സിനുകളെപ്പറ്റി പറഞ്ഞിട്ടുണ്ട്

1) യെല്ലോ ഫീവര്‍

2) മെനിഞ്ചോകോക്കല്‍ മെനിഞ്ചൈറ്റിസ്

3) ഓറല്‍ പോളിയോ വാക്‌സിന്‍

4) ഇന്‍ഫ്‌ലുവന്‍സ

 

കണ്‍ക്ലൂഷനുകള്‍ ഓരോരുത്തരുടെയും മന:സാക്ഷിക്ക് വിടുന്നു. ആരെയും കുറ്റപ്പെടുത്തുന്നില്ല. ഭാവി തലമുറയുടെ ചോദ്യത്തിനു മുന്നില്‍ മുഖം കുനിയാതിരുന്നാല്‍ മതി.

REFERENCES

1. Pulse polio programme – National health mission- http://nrhm.gov.in/nrhm-components/…

2. Polio fact sheet – Downloadable PDF- https://www.google.co.in/url?sa=t&r…

3. Hajj and Umrah Health Requirements- https://www.saudiembassy.net/servic…

4. Polio fact sheets WHO- http://www.who.int/mediacentre/fact…

5. Various Textbooks of medicine and community medicine

(എറണാകുളം ലേക് ഷോര്‍ ആശുപത്രിയില്‍ ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ പ്രാക്ടീസ് ചെയ്യുകയാണ് ലേഖകന്‍)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍