UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വാക്സിന്‍ വിരുദ്ധരെന്ന്‍ വിളിക്കുന്നതിന് മുമ്പ്; എതിര്‍പ്പ് ശാസ്ത്രീയവും രാഷ്ട്രീയവുമായ കാരണങ്ങളാല്‍

Avatar

ചില രോഗങ്ങള്‍ തിരിച്ചെത്തിയ പാശ്ചാത്തലത്തില്‍ സ്കൂള്‍ പ്രവേശനത്തിന് എത്തുന്ന കുട്ടികള്‍ പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുത്തിട്ടുണ്ടെന്ന് ഉറപ്പാകുന്ന സര്‍ക്കുലര്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിരുന്നു. ഇതിനെ തുടര്‍ന്ന്‍ വാക്സിന്‍ നല്‍കുന്ന കാര്യത്തില്‍ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേര്‍ രംഗത്തെത്തി. (സ്കൂള്‍ പ്രവേശനത്തിന് വാക്സിനേഷന്‍; വിവാദം തിരികെ വരുമ്പോള്‍). വാക്സിന്‍ വിരുദ്ധ പ്രചരണം നടത്തുന്നവരുടെ പൊള്ളത്തരങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് ഡോ. നെല്‍സണ്‍ ജോസഫ് എഴുതിയ വാക്സിന്‍ വിരുദ്ധര്‍ നിര്‍ബന്ധമായും വായിച്ചിരിക്കാന്‍ കുറച്ച് കാര്യങ്ങള്‍ എന്ന ലേഖനത്തോടുള്ള ഡോ. ഹരി പി.ജിയുടെ പ്രതികരണം. 

 

കഴിഞ്ഞ കുറേ ദിവസ മായി നടന്നു കൊണ്ടിരിക്കുന്ന വാക്സിന്‍ വിവാദ തിര നാടകം പ്രതീക്ഷിച്ച ക്ലൈമാക്സിലേക്ക്. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി പതിനാറു വയസുകാരന്‍ മരണപ്പെട്ടിരിക്കുന്നു. കുത്തിവയ്പ് എടുത്തിരുന്നില്ല. മതപഠനകേന്ദ്രത്തിലെ വിദ്യാര്‍ത്ഥി. ജൂണ്‍ 18 വെളുപ്പിന് രണ്ട് മണിക്ക് മരിച്ചു. കാലങ്ങളായി മാറിനിന്നിരുന്ന പകര്‍ച്ചവ്യാധികള്‍ തിരിച്ചുവരുന്നതും കുട്ടികള്‍ മരണപ്പെടുന്നതും ആര്‍ക്കും അംഗീകരിക്കാന്‍ പറ്റുന്നതല്ല. പക്ഷേ ഈ ദുരന്തത്തെയും, പതിവുപോലെ തന്നെ വാക്സിന്റെ ഫലപ്രാപ്തിയേയും പാര്‍ശ്വഫലങ്ങളെയും കുറിച്ച് അന്വേഷണങ്ങള്‍ നടത്തുന്ന ഡോക്ടര്‍മാര്‍ അടക്കമുള്ളവരെ വാക്സിന്‍ വിരുദ്ധര്‍ എന്ന ലേബലില്‍ ആക്രമിച്ചു നിശബ്ദരാക്കാനുള്ള സുവര്‍ണ്ണാവസരമായാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളിലേതിനേക്കാള്‍ കുറച്ചുകൂടി സംഘടിതവും ആസൂത്രിതവുമാണ് ഇത്തവണത്തെ നീക്കമെന്ന് കാണാം.

2015-ലാണ് ഐ.എം.എ അവരുടെ സമ്മേളനത്തില്‍ സ്കൂള്‍ അഡ്മിഷന് വാക്സിന്‍ കാര്‍ഡ് നിര്‍ബന്ധമാക്കണമെന്ന് ഗവണ്‍മെന്‍റിനോട് ആവശ്യപ്പെടാന്‍ തീരുമാനിക്കുന്നത്. ഏകദേശം അതേ കാലയളവില്‍തന്നെയാണ് ശാസ്ത്രസാഹിത്യ പരിഷത്ത് ‘പ്രതിരോധകുത്തിവയ്പ് കുട്ടികളുടെ ജന്മാവകാശം’ മെന്ന മുദ്രാവാക്യവുമായി സെമിനാറുകളും പ്രചരണവും ആരംഭിക്കുന്നത്. അന്നും മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത് സ്കൂള്‍ അഡ്മിഷന് വാക്സിന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു എന്ന് തന്നെയായിരുന്നു.

കാളമ്പാടി യത്തിംഖാനയില്‍ നിന്നു പനി ബാധിച്ച് വീട്ടില്‍പോയ കുട്ടി ഡിഫ്തീരീയ ബാധയെ തുടര്‍ന്നു മരിച്ചപ്പോഴും സമാനമായ തന്ത്രങ്ങളിലൂടെ ജനങ്ങളില്‍ രോഗഭീതി പരത്തി. സംഭ്രമ ജനകമായ വാര്‍ത്തകളുമായി മാധ്യമങ്ങള്‍ ഒരാഴ്ചയോളം തുടര്‍ന്നു. ആ പ്രദേശത്ത് വ്യാപകമായ വാക്സിന്‍ വിതരണം കഴിഞ്ഞതോടെയാണ് ആ ആഘോഷം അവസാനിച്ചത് . ശാസ്ത്രസാഹിത്യപരിഷിത്ത്, ഐ.എം.എ, ഐ.എ.പി, യുക്തിവാദി സംഘം തുടങ്ങിയ സംഘടനകളുടെ തലപ്പത്ത് വാക്സിന്‍ അനുകൂലികളായ ഡോക്ടര്‍മാര്‍ എത്തിയതും പുതിയ ഗവണ്‍മെന്റിലെ വിദ്യാഭ്യാസ മന്ത്രി മുന്‍കാല പരിഷത്ത് നേതാവും ആയതോടെയാണ് ഈ വര്‍ഷം വീണ്ടും ആ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂടുകയും ഇത്തരത്തിലൊരു സര്‍ക്കുലര്‍ ഇറക്കുന്നതിലേക്ക് ചര്‍ച്ചകള്‍ നീളുകയും ചെയ്യുന്നത്.

വിദ്യാഭ്യാസം നിയമപരമായ അവകാശമായിരിക്കുന്ന ഒരു സംവിധാനത്തില്‍ അത് ലഭ്യമാക്കുന്നതിനു നിബന്ധനകള്‍ വയ്ക്കാന്‍ കഴിയില്ല. ഈ തിരിച്ചറിവില്‍ നിന്നാണ് സര്‍ക്കുലര്‍ സ്കൂളിലെ വാക്സിന്‍ ഉപയോഗിച്ച, തീരെ ഉപയോഗിക്കാത്ത, ഭാഗികമായി ഉപയോഗിച്ച കുട്ടികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിലേക്ക് മാറിയത്. പക്ഷേ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറുന്നതിനിടയില്‍ ലക്ഷ്യം നിര്‍ബന്ധിത വാക്സിനേഷന്‍ തന്നെയെന്ന് സൂചിപ്പിക്കുകയും ചെയ്യുന്നു.

ഇതേ സമയം തന്നെയാണ് മഞ്ചേരി മെഡിക്കല്‍ കോളേജിലും കോഴിക്കോടു മെഡിക്കല്‍ കോളേജിലുമായി ഡിഫ്ത്തീരിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തായി വാര്‍ത്തകള്‍ പരക്കുന്നത്. ഇതിന്റെ ഉറവിടം അന്വേഷിച്ചാല്‍ യാതൊരു രോഗനിര്‍ണയവും പൂര്‍ത്തിയാകുന്നതിനുമുന്‍പ് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ തന്നെയാണ് ഇത് പ്രചരിപ്പിച്ചതിന്റെ പിന്നില്‍ എന്നു കാണാം. ഈ മാസം ആറാം തീയതി മെഡിസിന്‍ ഓ.പിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ ധനിന്‍ പുതിയോട്ടില്‍ അദ്ദേഹത്തിന്റെ ഫെയ്സ് ബുക്കില്‍ അന്ന് പരിശോധിച്ച തൊണ്ടവേദനയും ചുമയുമായി വന്ന രോഗിക്ക് ഡിഫ്ത്തീരിയ ആണെന്നനിലയില്‍ വാക്സിന്‍ വിരുദ്ധരെ കുറ്റപ്പെടുത്തി ചിലത് കുറിക്കുന്നു. തിരുവനന്തപുരത്ത് നിന്ന് ജിനേഷ് എന്നൊരു ഡോക്ടര്‍ അദ്ദേഹത്തിന്റെ കൂട്ടിച്ചേര്‍ക്കലുകളുമായി ഇതിന് വ്യാപക പ്രചാരം നല്‍കി. അടുത്ത ദിവസം ഒരു വെബ് പോര്‍ട്ടലില്‍ ഡിഫ്ത്തീരിയ സ്ഥിരീകരിച്ചു എന്നും കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രോഗികളുടെ എണ്ണവും മരണങ്ങളുടെ കണക്കും കാണിച്ച് വാക്സിന്‍ ഉപഭോഗം കുറയുന്നതാണ് ഇതിനുകാരണമെന്നും രേഖപ്പെടുത്തുന്നു. എന്നാല്‍ ഇതില്‍ എത്ര പേര്‍ വാക്സിന്‍ ഉപയോഗിച്ചതിനുശേഷം രോഗബാധിതരായി, എത്രപേര്‍ മരണപ്പെട്ടു എന്നത് വ്യക്തമാക്കുന്നുമില്ല. തുടര്‍ന്ന് ഡോ. എ.എസ് സനില്‍കുമാര്‍ ചില വെബ്പോര്‍ട്ടലുകളില്‍ ലേഖനങ്ങളെഴുതുന്നു.

 

ഈ വാര്‍ത്ത പ്രചരിച്ചതോടെ മെഡിക്കല്‍ കോളേജില്‍ അന്വേഷിച്ച മറ്റ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ച ആരും തന്നെ ഇല്ല എന്ന വിവരമാണ് ലഭിച്ചത്. 16-ആം തിയ്യതി വരെ ഇതുതന്നെയായിരുന്നു അവസ്ഥ. അന്നിറങ്ങിയ പ്രമുഖ പത്രങ്ങളില്‍ (മാതൃഭൂമി‌‌‌/മനോരമ) ആരോഗ്യവകുപ്പിന്റെതായി വന്ന വിശദീകരണകുറിപ്പ് അത്യാഹിതവിഭാഗത്തിലുള്ള രോഗിയുടെ സ്രവം രണ്ടാമത് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട് എന്നും മറ്റു രണ്ടുപേരുടെയും പരിശോധനഫലത്തില്‍ രോഗാണുവിന്റെ സാന്നിധ്യമില്ലായെന്നും പറയുന്നു. മാത്രമല്ല ഇത് ഇവര്‍ ഉപയോഗിച്ച ആന്റിബയോട്ടിക്കുകളുടെ പ്രവര്‍ത്തന ഫലമായിരിക്കാമെന്നും വിശദീകരിക്കുന്നു. (ഇത്തരത്തില്‍ ആന്റിബയോട്ടിക്കുകള്‍ കൊണ്ട് രോഗാണു സാന്നിദ്ധ്യം അപ്രത്യക്ഷമാകുന്നതാണ് ഈ രോഗമെങ്കില്‍ എന്തിനു വാക്സിനേഷന് ഇത്ര നിര്‍ബന്ധിക്കണം?) 31-ആം തീയതി മുതല്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലായിരുന്ന മുഹമ്മദ് അമീന്റെ രോഗനിര്‍ണ്ണയം എന്തുകൊണ്ട് ഇത്ര വൈകി?  ശനിയാഴ്ച വെളുപ്പിന് മരിച്ച അമീന്റെ മരണ വിവരം വാര്‍ത്തയായി പുറത്ത് വരുന്നത് വൈകുന്നേരമാണ്. ഡിഫ്തീരിയയാണെന്ന് സ്ഥിരീകരിച്ച പരിശോധനഫലം ലഭിക്കുന്നതുവരെയും രണ്ടാമതൊരു പരിശോധനയ്ക്ക് സാധ്യത ഇല്ലാതാകുന്നതുവരെയും ഇത് മാധ്യമങ്ങളില്‍ നിന്ന് മറച്ചുവച്ചു എന്നുവേണം കരുതാന്‍. ആളുകളില്‍ രോഗഭീതിയും മരണഭീതിയും നിറച്ച് വാക്സിന്‍ അനുകൂലമായൊരു അന്തരീക്ഷം സൃഷ്ടിച്ചെടുക്കാന്‍ ഈ മരണത്തെയും ഉപയോഗിക്കുന്നു എന്നതാണ് ഇന്ന് താനൂരില്‍ ചേര്‍ന്ന യോഗത്തിന്റെ പ്രസക്തി.

കഴിഞ്ഞ15 വര്‍ഷത്തോളമായി ആരോഗ്യരംഗത്തെ ജനവിരുദ്ധ പ്രവണതകളെയും കൂടുതല്‍ കൂടുതല്‍ പ്രകടമാകുന്ന കമ്പോളതാത്പര്യങ്ങളെയും എതിര്‍ക്കുന്നതിന്റെ ഭാഗമായി വാക്സിനുകളടക്കമുള്ളവയെ കുറിച്ച് പഠിച്ച് അതിന്റെ അശാസ്ത്രീയതയും അപകടങ്ങളും ജനങ്ങളോട് തുറന്ന് പറയാന്‍ ഞങ്ങള്‍ ശ്രമിക്കാറുണ്ട്. ഇതിന് നവ സാമൂഹികമാധ്യമങ്ങളെ അടക്കം പ്രയോജനപ്പെടുത്തുകയും ചെയ്യാറുണ്ട്. ഇപ്പോള്‍ ഉയര്‍ന്നുവന്ന വാക്സിന്‍ പ്രശ്നത്തിലും എന്റെ നിലപാടുകളുടെ രാഷ്ട്രീയവും ശാസ്ത്രീയതയുമൊക്കെ ചര്‍ച്ചയ്ക്കായി ഫെയ്സ്ബുക്കിലടക്കം പോസ്റ്റ് ചെയ്തിരുന്നു. നിലപാടുകളിലും അഭിപ്രായങ്ങളിലും തീര്‍ത്തും വിയോജിക്കുന്നവര്‍പോലും തികച്ചും ജനാധിപത്യപരമായും പ്രതിപക്ഷ ബഹുമാനത്തോടും കൂടിയാണ് ചര്‍ച്ചയില്‍ സജീവമായത്. എന്നാല്‍ ഡോ. നെല്‍സണ്‍ ജോസഫ് വളരെ ആക്ഷേപകരമായ രീതിയിലും നിലവാരം കുറഞ്ഞ രീതിയിലുമാണ് സംവാദത്തിലേക്ക് കടന്നുവന്നത്. ജനകീയ ആരോഗ്യപ്രവര്‍ത്തകരുടെ കൂട്ടായ്മ കോഴിക്കോട് പത്രസമ്മേളനത്തില്‍ വിതരണം ചെയ്ത പത്രക്കുറിപ്പിനെ വികലമായി വ്യാഖ്യാനിച്ചുകൊണ്ടും വാക്സിന്‍ വിരുദ്ധര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ടത്’ എന്ന തലക്കെട്ടോടെയും ഒരു കുറിപ്പിടുകയുണ്ടായി. നിലവാരം സ്വയം വിളിച്ചുപറയുന്ന ഒരു വിലകുറഞ്ഞ പ്രകടനമെന്ന നിലയില്‍ അവഗണിക്കപ്പെടേണ്ടതായിരുന്നെങ്കിലും ശാസ്ത്രീയമെന്ന വ്യജേന അക്കമിട്ട് നിരത്തിയിരിക്കുന്ന ദുര്‍വ്യാഖനങ്ങള്‍ പ്രസീദ്ധീകരിച്ചതോടുകൂടി അതില്‍ അടങ്ങിയിരിക്കുന്ന ദുരുദ്ദേശം തുറന്ന് കാണിക്കേണ്ടത് അനിവാര്യമായി മാറി.

നിങ്ങള്‍ വായിക്കേണ്ട ഞാന്‍ പറഞ്ഞുതരാം എന്നത് തന്നെ മറ്റുള്ളവരെ കുറിച്ച് നെല്‍സണ്‍ സൂക്ഷിക്കുന്ന മുന്‍വിധി പ്രകടമാക്കുന്നു. അതിനുശേഷം തീര്‍ത്തും വിരുദ്ധമായ ചിലത് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞത് എന്ന നിലയില്‍ അവതരിപ്പിക്കുകയും ചെയ്യുന്നു.

1) ഡോക്ടര്‍മാരും മരുന്നുകമ്പനികളും തമ്മിലുള്ള അവിഹിതമായ സാമ്പത്തിക താത്പര്യത്തിലുള്ള ബന്ധം – മരുന്നു കമ്പനികളുടെ കമ്മീഷന്‍ വാങ്ങാത്ത എത്ര ഡോക്ടര്‍മാര്‍ ഉണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. ഡോക്ടര്‍മാര്‍ മാത്രമല്ല അവരുടെ സംഘടനയും പണം വാങ്ങിട്ട് പെപ്സി/കോള കമ്പനികളുടെ ഉത്പന്നങ്ങള്‍ ശുപാര്‍ശ ചെയ്തവരാണ്. അനധികൃതമരുന്നു പരീക്ഷണത്തിന് കൂട്ട് നിന്നത് 16 സൂപ്പര്‍സ്പെഷ്യലിറ്റി ആശുപത്രികളാണ്. ആരുപറയുന്നതാണ് സത്യമെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ. 

മലപ്പുറത്തെ മാത്രമല്ല കേരളത്തില്‍ കഴിഞ്ഞ 5 വര്‍ഷമായി രേഖപ്പെടുത്തിയ ഡിഫ്ത്തീരിയ കേസുകളുടെ ചരിത്രം പുനഃപരിശോധിക്കുക തന്നെ വേണം. അതില്‍ വാക്സിനുപയോഗിച്ചിട്ടും രോഗം വന്നു മരിച്ചവരെത്ര, എന്തെങ്കിലും നഷ്ടപരിഹാരം നല്കിയോ എന്നും. നിലവില്‍ മെഡിക്കല്‍ കോളേജിലുണ്ടെന്ന് അവകാശപ്പെടുന്ന കേസുകള്‍ക്ക് പോലും രോഗനിര്‍ണ്ണയ സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് തന്നെയാണ് മെഡിക്കല്‍ കോളേജ് പി.ആര്‍.ഒ മാധ്യമങ്ങളോട് പറഞ്ഞത്. ഇന്ത്യന്‍ പോളിയോ ഫാക്ട് ഷീറ്റിലെ കണക്കുനിരത്തുമ്പോള്‍ ഒന്നു രണ്ട് കാര്യങ്ങള്‍കൂടി അതില്‍ നിന്ന് തന്നെ കാണേണ്ടതുണ്ട്. 1985-ല്‍ രേഖപ്പെടുത്തുന്ന എല്ലാ എ‍.എഫ്.പികളെയും പോളിയോ ആയി തന്നെയായിരുന്നു കണക്കാക്കിയിരുന്നത്. പള്‍സ് പോളിയോ തുടങ്ങുന്ന 1995-ലും അത് തന്നെയായിരുന്നു രീതി (WHO statistics). 2000-ത്തിനു ശേഷമാണ് വൈല്‍ഡ് വൈറസിനെ ഉറപ്പിച്ചാല്‍ മാത്രം പോളിയോ ആയി കണക്കാക്കുന്ന രീതി തുടങ്ങിയത്.

ഒന്നരലക്ഷത്തിലധികം ഉണ്ടായിരുന്ന പോളിയോ, സീറോ ആയതിന്റെ ക്രഡിറ്റ് വാക്സിനു നല്കുമ്പോള്‍ മറ്റു ചില കാര്യങ്ങള്‍ കൂടി വായിക്കൂ. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡോ. പ്രദീപ് കുമാര്‍ (സര്‍വൈലന്‍സ് ഓഫീസര്‍, WHO) കോഴിക്കോട് മെഡിക്കല്‍ കോളേജ് മാഗസിനില്‍ (ഒറ്റ; എഡിറ്റര്‍- സെയ്തലവി) എഴുതിയ ലേഖനത്തില്‍ പറഞ്ഞത് ദിവസം ആയിരം കേസുകള്‍ വീതം രേഖപ്പെടുത്തുന്ന ഒരു കാലം ഉണ്ടായിരുന്നു എന്നാണ്. അതായത് വര്‍ഷം തോറും മൂന്നര ലക്ഷത്തിലധികം. ഇതെങ്ങനെയാണ് വാക്സിന്‍ തുടങ്ങുന്ന1985 ആകുമ്പോഴേക്ക് ഒന്നരലക്ഷമായത്. (വാക്സിനല്ല രോഗം കുറയാന്‍ കാരണമെന്ന് മനസിലാകാന്‍ ഇതു മതിയാകും). വാക്സിന്‍ തുടങ്ങിയതിനു ശേഷമുള്ള എ.എഫ്. പിയിലുണ്ടായ വര്‍ദ്ധന, (കണക്കെടുപ്പിലുള്ള സൂക്ഷ്മതകൊണ്ടല്ല), V.A.P.P, V.DP.V, AEFI Deaths, ഇവയൊക്കെ ഞങ്ങളുടെ എതിര്‍പ്പിനു കാരണമാണ്. പെന്‍റാവലന്റ്, റൂബെല്ല തുടങ്ങിയ പുതുതലമുറ വാക്സിനുകള്‍ സുരക്ഷിതമല്ലായെന്നതും അതിന്റെ പിന്നിലെ മറ്റ് താത്പര്യങ്ങളും ഡോ. ജേക്കബ് പുളിയേല്‍, ഡോ. ബി.എം ഹെഗ്ഡേ (‍ഞെട്ടേണ്ട ഹോമിയോ അല്ല) തുടങ്ങി നിരവധി പ്രശസ്തര്‍ അന്താരാഷ്ട്ര ആരോഗ്യ പ്രസിദ്ധീകരണങ്ങളില്‍ പഠനങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. റോട്ടാവാക് കേരളത്തില്‍ വ്യാപകമാക്കാനുള്ള ശ്രമങ്ങളും നടന്നിരുന്നു. ഡിഫ്തീരിയയെ അടക്കം പ്രതിരോധിക്കാനാരംഭിച്ച പെന്റാവാലാന്റ് മൂലം 32 മരണം A.E.F.I രേഖപ്പെടുത്തി. (ഒന്നര വര്‍ഷത്തിനുള്ളില്‍) ഇതൊന്നും താങ്കളെ പോലൊരാള്‍ക്ക് അറിയാത്തതാണെന്ന് ഞാന്‍ കരുതുന്നില്ല.

ജനങ്ങള്‍ക്കിടയില്‍ നിന്നു ഉയരുന്ന എതിര്‍പ്പുകളെ ചില മുന്‍വിധികളോട് കൂടി സമീപിക്കുന്നതും, അവരുടെ സംശയങ്ങള്‍ക്ക് തൃപ്തികരമായ ശാസ്ത്രീയ വിശദീകരണങ്ങള്‍ കൊടുക്കുന്നതിനും പകരം അവരുടെ ജാതി, മതം, ജില്ല, വിശ്വാസം തുടങ്ങി പലതിനേയും അപഹസിക്കുന്നതായി കാണാം. വിട്ടുനില്ക്കുന്ന എല്ലാവരും വാക്സിന്റെ അപകടങ്ങളെ തിരിച്ചറിഞ്ഞു കൊണ്ടാണെന്ന് ആരും അവകാശപ്പെടുന്നില്ല. അത് പക്ഷേ ഏതെങ്കിലുമൊരു മതത്തിന്റെ മാത്രം കുഴപ്പമായി ചിത്രീകരിപ്പെടുന്നത് ശരിയല്ല. വാക്സിന്‍ വിതരണത്തെ പലയിടത്തും മറ്റു പല രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് ഉപയോഗിച്ചതും, ലോക വ്യാപകമായി ഉയരുന്ന ചില ധ്രൂവീകരണങ്ങളും മതസ്പര്‍ദ്ധയും ചിലരുടെയെങ്കിലും ബഹിഷ്കരണത്തിന് കാരണമായിട്ടുണ്ട്. മുസ്ലീം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്ത് ബഹിഷ്ക്കരിക്കുന്നവര്‍ മാത്രമല്ല വാക്സിന്‍ ഉപയോഗിക്കുന്നവരില്‍ ഭൂരിഭാഗവും മുസ്ലീങ്ങള്‍ തന്നെയാകും. വാക്സിന്‍ വിതരണത്തിനു സഹായകരമായ നിലപാടെടുത്ത് പൊതുസമൂഹത്തിലിറങ്ങിയ മതനേതാക്കന്‍മാരും മുസ്ലീം സമുദായത്തില്‍ നിന്നു മാത്രമാണ്. മറ്റുചില ജില്ലകളില്‍ വാക്സിന്‍ ഉപയോഗിച്ച കുട്ടികളില്‍ ഇതേ രോഗം വരുമ്പോള്‍ ഇത്തരത്തിലുള്ള ബഹളങ്ങള്‍ ഉണ്ടാകാറില്ല. 

2) ഇഷ്ടമുള്ള ചികിത്സ തെരഞ്ഞെടുക്കാനും ഇഷ്ടമില്ലാത്തത് ബഹിഷ്കരിക്കാനുമുള്ള അവകാശത്തെക്കുറിച്ചും അതിലേക്കുള്ള ഭരണകൂടത്തിന്റെ കടന്നുകയറ്റത്തെ കുറിച്ചുമാണ് പത്രകുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. ആരോഗ്യവകുപ്പിനോടല്ല, വിദ്യാഭ്യാസവകുപ്പിനോടാണ് കുട്ടികളുടെ വാക്സിന്‍ ഉപയോഗവിവരം ശേഖരിക്കാന്‍ നിര്‍ദ്ദേശം കൊടുക്കുന്ന സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സര്‍ക്കുലറിനെ, വാക്സിന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു എന്ന നിലയില്‍ അവതരിപ്പിച്ചതാണ് വ്യാജമാണെന്ന് പറ‍ഞ്ഞത്.

3) കേരളത്തില്‍ ഇന്നു നിലവിലുള്ള ഓരോ വാക്സിന്റെ കാര്യത്തിലും ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടാന്‍ വഴിവച്ചത് അവരുടെ ശാസ്ത്രബോധത്തേയും അറിവുകളെയും വിലവെക്കാത്ത തരത്തില്‍ പലപ്പോഴും മാറ്റി മാറ്റി പറഞ്ഞ വിശദീകരണങ്ങളും പ്രവര്‍ത്തനരീതികളും തന്നെയാണ്.

ഹജ്ജിനു പോകുമ്പോള്‍ രാജ്യത്തെ ജനങ്ങളെല്ലാം വാക്സിന്‍ കഴിക്കണമെന്നല്ല മറ്റൊരു ഭരണ ക്രമമുള്ള സൗദിപോലും പറയുന്നത് (അതിനേയും ഞങ്ങള്‍ എതിര്‍ത്തിട്ടുണ്ട്). പക്ഷേ ജനാധിപത്യ രാജ്യമെന്ന നിലയില്‍ മേനി പറയുന്ന ഇന്ത്യയില്‍ സ്കൂളില്‍ പോകണമെങ്കില്‍ വാക്സിന്‍ കാര്‍ഡ് നിയമ മൂലം നിര്‍ബന്ധമാക്കാന്‍ ശ്രമം നടക്കുന്നു. ഇതിനെ രണ്ടിനേയും എങ്ങനെയാണ് ഒന്നായി ചിത്രീകരിക്കുന്നത്.

ഞങ്ങള്‍ നിലവിലുള്ള വാക്സിനെ എതിര്‍ക്കുന്നതിനു ശാസ്ത്രീയവും രാഷ്ട്രീയവുമായ കാരണങ്ങളുണ്ട്. കൂടുതല്‍ വ്യക്തതകള്‍ക്ക് വേണ്ടി ഈ മേഖലയില്‍ ആഗോളവ്യാപകമായി തന്നെ നടക്കുന്ന ഗവേഷണങ്ങളെ ശ്രദ്ധിക്കാറുമുണ്ട്. ആരുമായും വിയോജിപ്പുകള്‍ നിലനിറുത്തികൊണ്ട് തന്നെ സംവദിക്കാറുമുണ്ട്. മുന്‍വിധികളോടെ ഞങ്ങളുടെ ജാതിയും മതവും ജനിച്ച ജില്ലയും ചെയ്യുന്ന ജോലിയുമൊക്കെ നോക്കി വിധിക്കാതെ, മൂന്നാംകിട മേധാവിത്ത പ്രവണതയോടെ നിങ്ങള്‍ പറയുന്നത് മാത്രം ശരിയെന്നും ബാക്കിയൊക്കെ ബ്ലാ… ബ്ലാ… ബ്ലാ… എന്നുമുള്ള നിലപാട് തുടച്ച് മാറ്റി, ആരോഗ്യകരവും ജനാധിപത്യപരവുമായ സംവാദത്തിനു ക്ഷണിക്കുന്നു.

(പൊതുജനാരോഗ്യ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍