UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രതിരോധ കുത്തിവെയ്പിനെതിരെ പ്രചരണം; നമുക്കിത് നാണക്കേടാണ്

അടുത്ത കാലത്തായി കേരളത്തില്‍ പ്രതിരോധ കുത്തിവയ്പുകള്‍ക്കെതിരെ വ്യാപക പ്രതിഷേധങ്ങള്‍ അരങ്ങേറുന്നു. പ്രതിഷേധക്കാര്‍ ഉന്നയിക്കുന്ന വാദങ്ങളാകട്ടെ വിചിത്രവും. പ്രതിരോധ കുത്തിവയ്പ്പുകള്‍ ജനസംഖ്യ നിയന്ത്രണത്തിന് കാരണമായേക്കാം എന്നാണ് എതിര്‍പ്പുയര്‍ത്തുന്നവരുടെ സംശയം. പ്രതിരോധ കുത്തിവെയ്പ്പിന്റെ മറവില്‍ ഇങ്ങനെയുള്ള ദുരുപയോഗങ്ങള്‍ നടക്കുന്നതായി രാജ്യത്ത് ഒരിടത്തും ഒരു അന്വേഷണ ഏജന്‍സിയോ ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന വിദഗ്ദരോ പരാതിപ്പെട്ടിട്ടില്ല. ആരോപണം ഉന്നയിക്കുന്നവരുടെ കൈവശമാകട്ടെ, അവരുടെ വാദങ്ങള്‍ സാധൂകരിക്കുന്ന യാതൊരു തെളിവുകളുമില്ല. ഭാവിയില്‍ ഇങ്ങനെയൊക്കെ സംഭവിച്ചേക്കാം എന്നൊരു ഉള്‍വിളിയുടെ ചുവടുപിടിച്ച് ഇറങ്ങുന്നതാണോ അതോ, ഏതെങ്കിലും രഹസ്യ അജണ്ട നടപ്പാക്കാനുള്ള ശ്രമമാണോ എന്നു അന്വേഷിക്കേണ്ടിയിരിക്കുന്നു. ദശാബ്ദങ്ങളുടെ പരിശ്രമഫലമായി നമ്മുടെ സംസ്ഥാനം ആരോഗ്യരംഗത്ത് കൈവരിച്ച നേട്ടങ്ങള്‍ ആരുടെയൊക്കെയോ ഉറക്കം കെടുത്തുന്നു എന്ന സത്യം നിസാരമായി തള്ളിക്കളയരുത്.

പ്രതിരോധ കുത്തിവയ്പുകള്‍ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് പ്രതിരോധ മരുന്നുകളോളം തന്നെ പ്രായമുണ്ട്. പതിനേഴാം നൂറ്റാണ്ടിന്റെ അവസാനകാലഘട്ടത്തില്‍ എഡ്വേഡ് ജെന്നര്‍ തന്റെ ചരിത്രപരമായ പരീക്ഷണങ്ങള്‍ നടത്തുമ്പോള്‍ ലോകമെമ്പാടുമുള്ള ആരോഗ്യവിദഗ്ദര്‍ ഈ മരുന്നുകളുടെ രോഗപ്രതിരോധശേഷിയില്‍ സംശയവും ആശങ്കയും പ്രകടിപ്പിച്ചിരുന്നു. കാലാന്തരത്തില്‍ ആ സംശയങ്ങളും ആശങ്കകളും അസ്ഥാനത്തായിരുന്നുവെന്ന് ആധുനിക വൈദ്യശാസ്ത്രം തന്നെ തെളിയിച്ചു. എന്നിരുന്നാലും ഇന്നും ലോകത്തിന്റെ പലഭാഗത്തും ഇത്തരം പ്രതിഷേധങ്ങള്‍ വ്യാപകമാണ്, പക്ഷേ കേരളത്തിലേത് പോലെ, വൈദ്യശാസ്ത്രവുമായി ബന്ധമില്ലാത്തവരും മതപുരോഹിതന്മാരാലും നയിക്കപ്പെടുന്ന കേന്ദ്രീകൃത സ്വഭാവമുള്ള ഇത്തരമൊരു പ്രതിഷേധം അന്വേഷണവിധേയമാക്കേണ്ടവിധം ആപത്കരമായ ഒന്നാണ്.

വൈദ്യശാസ്ത്രരംഗത്ത് രാജ്യത്ത് പ്രഥമസ്ഥാനം അലങ്കരിക്കുന്ന, സമ്പൂര്‍ണ്ണ സാക്ഷരര്‍ എന്ന് ഊറ്റം കൊള്ളുന്ന മലയാളികളില്‍ തന്നെയാണ് ഒരുകാലത്ത് രാജ്യത്തുനിന്നുതന്നെ നിര്‍മ്മാര്‍ജനം ചെയ്യപ്പെട്ട രോഗങ്ങള്‍ വീണ്ടും കണ്ടുതുടങ്ങിയിരിക്കുന്നത്. അവയ്ക്ക് പ്രധാനകാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത് പ്രതിരോധ കുത്തിവയ്പുകളോടുള്ള നമ്മുടെ അവഗണനയാണ്.

ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പ്രകാരം, 2008 മുതല്‍ 2015 വരെയുള്ള കാലയളവില്‍ 20 മുതല്‍ 35 കുട്ടികളെങ്കിലും പ്രതിരോധകുത്തിവയ്പുകളാല്‍ ഒഴിവാക്കാന്‍ കഴിയുമായിരുന്ന രോഗങ്ങള്‍ പിടിപെട്ട് മലപ്പുറം ജില്ലയില്‍ മാത്രം മരണമടഞ്ഞിട്ടുണ്ട്. ഡിഫ്ത്തീരിയ, ടെറ്റനസ്, അഞ്ചാംപനി മുതലായ രോഗങ്ങളാണ് മരണകാരണമായവയില്‍ ഏറെയും. അടുത്തകാലത്തായി ഈ മേഖലയില്‍ ഡിഫ്ത്തീരിയ ഒരു പകര്‍ച്ചവ്യാധിയായി പരിണമിച്ചിരിക്കുന്നു. ജൂണ്‍ മാസത്തില്‍ മാത്രം ഇരുപത്തഞ്ചോളം രോഗികളെയാണ് ഡിഫ്ത്തീരിയ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്, അവരില്‍ ഏറെയും കുട്ടികളാണ്. രണ്ടു കുട്ടികള്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു. ഇവരിലെല്ലാം തന്നെ പൂര്‍ണമായോ ഭാഗികമായോ പ്രതിരോധശേഷി നഷ്ടപ്പെട്ടിരുന്നു എന്നും കണ്ടെത്തിയിരുന്നു. പ്രതിരോധകുത്തിവയ്പ്പുകള്‍ നടത്തിയിരുന്നെങ്കില്‍ ഈ കുട്ടികളുടെ ജീവന്‍ നഷ്ടമാകില്ലായിരുന്നുവെന്ന് കുട്ടികളെ ചികിത്സിച്ച ഡോക്ടര്‍മാര്‍ അടിവരയിടുന്നു.

അശാസ്ത്രീയമായ കാരണങ്ങള്‍ ഉന്നയിച്ച് കുട്ടികള്‍ക്ക് പ്രതിരോധകുത്തിവയ്പുകള്‍ നല്‍കാന്‍ വലിയൊരു വിഭാഗം രക്ഷിതാക്കള്‍ വിസമ്മതിക്കുന്നത് മലപ്പുറം ജില്ലയില്‍ പതിവാണെന്ന് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു. ചില മതവിഭാഗങ്ങളുടെ നേതൃത്വത്തില്‍ പ്രതിരോധകുത്തിവയ്പുകള്‍ക്കെതിരെ നടക്കുന്ന പ്രചരണങ്ങളും ബദല്‍ ചികിത്സാമാര്‍ഗങ്ങളുടെ സ്വീകാര്യതയും ജില്ലയെ ഒരു പകര്‍ച്ചവ്യാധി മേഖലയാക്കിയിരിക്കുന്നു. പ്രതിരോധമരുന്നുകളുടെ കുത്തിവയ്പ്പ്, കുട്ടികളില്‍ ഓട്ടിസം പക്ഷാഘാതം തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകുന്നു എന്ന് ചിലര്‍ കുപ്രചരണം നടത്തുമ്പോള്‍, സര്‍ക്കാരും ബഹുരാഷ്ട്രകുത്തക മരുന്ന് കമ്പനികളും ചേര്‍ന്ന് വന്ധ്യംകരണത്തിന് കാരണമാകുന്ന മരുന്നുകള്‍ കുട്ടികളില്‍ കുത്തിവയ്ക്കുന്നു എന്നുവരെ മറ്റുചിലര്‍ പ്രചരിപ്പിക്കുന്നു. വിശ്വസനീയമായ വിവരങ്ങളുടെയും ബോധവത്കരണങ്ങളുടെയും അഭാവത്തില്‍ സാധാരണക്കാര്‍ പലപ്പോഴും ഇക്കൂട്ടരുടെ ചതിക്കുഴിയില്‍ വീഴുകയാണ്. കാലഹരണപ്പെട്ട പഠനങ്ങളുടെ സ്ഥിതിവിവരകണക്കുകള്‍ പെരുപ്പിച്ച് കാട്ടിയും ഇക്കൂട്ടര്‍ സാധാരണക്കാരെ പരിഭ്രാന്തരാക്കുന്നു. ഡോക്ടര്‍മാരുടെയും ശാസ്ത്രജ്ഞരുടെയും വാക്കുകള്‍ക്ക് വിലനല്‍കാതെ, സംഭവിക്കുന്ന മരണങ്ങള്‍ നാമമാത്രമായ അപകടങ്ങള്‍ മാത്രമാണെന്നും ഇക്കൂട്ടര്‍ ഊന്നിപ്പറയുന്നു.

രോഗപ്രതിരോധശേഷിയില്ലാത്ത, ഏഴിനും പതിനഞ്ചിനുമിടയില്‍ പ്രായമുള്ള 1.72 ലക്ഷം കുട്ടികളാണ് ഈ പ്രദേശത്തുള്ളതെന്ന് കണക്കാക്കപ്പെടുന്നു. ആരെയും ഭയപ്പെടുത്തുംവിധം അപകടകരമായ ഒരു സംഖ്യ മാത്രമല്ല അത്. രാജ്യത്തിന്റെ ഭാവിവാഗ്ദാനങ്ങളായ ഒരു ജനതയെ തന്നെ ഉന്മൂലനം ചെയ്യാന്‍ കഴിവുള്ള മാരകവിഷമാണ് ഈ കുപ്രചരണങ്ങള്‍ എന്ന ഓര്‍മപ്പെടുത്തല്‍ കൂടിയാണ്.

പ്രദേശത്ത് വസിക്കുന്ന മൂന്നിലൊന്ന് കുട്ടികള്‍ക്കും വില്ലന്‍ചുമ, ടെറ്റനസ്, ഡിഫ്ത്തീരിയ, അഞ്ചാംപനി തുടങ്ങിയ രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. നാമൊന്ന് മനസ്സുവെച്ചാല്‍ തടയാന്‍ കഴിയുന്ന രോഗങ്ങളാണ് ഇവയെല്ലാം. സാംക്രമിക രോഗമായ ഡിഫ്ത്തീരിയ പടര്‍ത്തുന്ന അണുക്കള്‍ക്ക് യാതൊരുവിധ ലക്ഷണങ്ങളും പ്രകടിപ്പിക്കാതെ പൂര്‍ണ ആരോഗ്യവാനായ ഒരു മനുഷ്യന്റെ ശരീരത്തില്‍ ഒളിച്ചിരിക്കാനും അയാള്‍വഴി രോഗപ്രതിരോധശേഷി കുറഞ്ഞ മറ്റൊരാളുടെ ശരീരത്തിലേക്ക് കടന്നെത്താനും കഴിയും. രോഗപ്രതിരോധശേഷി കുറഞ്ഞ ഇത്രവലിയ ഒരു ജനക്കൂട്ടത്തിനിടയിലേക്ക് ഒരു പെരുംപകര്‍ച്ചവ്യാധിയായി ഡിഫ്ത്തീരിയ പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത വളരെ വളരെ കൂടുതലാണ്. ഉയര്‍ന്ന സാക്ഷരതാനിരക്കും മെച്ചപ്പെട്ട ജീവിതനിലവാരവും ആശുപത്രികളുടെയും ഡോക്ടറുമാരുടെയും സാന്ദ്രത ഏറ്റവുമധികവുമുള്ള കേരളം പോലൊരു സംസ്ഥാനത്തിനാണ് ഈ അവസ്ഥയെന്നത് അങ്ങേയറ്റം പരിഹാസ്യമാണ്.

സര്‍ക്കാരിന്റെ ആരോഗ്യ സംരംഭങ്ങളിന്മേല്‍ ജനങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുന്നതാണ് ഇത്തരമൊരു അവസ്ഥയുടെ മൂലകാരണം എന്നുവേണം അനുമാനിക്കാന്‍. സമൂഹത്തിന്റെ താഴേത്തട്ടുകളില്‍ വരെ എത്തിച്ചേരുംവിധം ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് അടിയന്തരമായി നാം ചെയ്യേണ്ടത്. സംസ്ഥാനത്തുടനീളമുള്ള ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ആരോഗ്യ പ്രവര്‍ത്തകരും കൈകോര്‍ത്ത് പിടിച്ച് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നോട്ട് വരണം.

സ്‌കൂള്‍ പ്രവേശനത്തിന് പ്രതിരോധ കാര്‍ഡുകള്‍ നിര്‍ബന്ധമാക്കിയ നടപടി വളരെയേറെ പ്രശംസയര്‍ഹിക്കുന്നതാണ്. കേന്ദ്ര സര്‍ക്കാരിന്റെ ‘മിഷന്‍ ഇന്ദ്രധനുഷ്’ പദ്ധതിയുടെ ഭാഗമായി, മലപ്പുറം ജില്ലയേയും കാസര്‍ഗോഡ് ജില്ലയേയും വളരെയേറെ ശ്രദ്ധയര്‍ഹിക്കുന്ന മേഖലകളായി പ്രഖ്യാപിച്ചിട്ടുള്ളത് ആശ്വാസകരമാണ്.

രോഗം വന്നശേഷം ചികിത്സിക്കുന്നതിലും നല്ലതല്ലേ രോഗംവരാതെ കാക്കുന്നത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

Avatar

മനോജ് വി കൊടുങ്ങല്ലൂര്‍

അദ്ധ്യാപകന്‍, സാമൂഹ്യനിരീക്ഷകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍