UPDATES

സയന്‍സ്/ടെക്നോളജി

റൂബെല്ലയ്ക്ക് പിറകെ റോട്ടാ വൈറസ് വാക്‌സിനും; മരുന്നുപരീക്ഷണശാലയാവുന്ന കേരളം

Avatar

എം കെ രാംദാസ്

റോട്ടാ വൈറസിനെ ചെറുക്കാനായി വികസിപ്പിച്ചെടുക്കുന്ന പ്രതിരോധമരുന്നുകളുടെ ക്ലീനിക്കല്‍ പരീക്ഷണങ്ങള്‍ രാജ്യത്താരംഭിച്ചു. മരുന്നുല്‍പ്പാദകമേഖലയിലെ ആഗോള ഭീമന്‍ കമ്പനിയായ ശാന്താ ബയോടെക്‌നിക്‌സ് മേധാവി സ്‌നോഫി പാസ്റ്റര്‍ ഹൈദരാബാദില്‍ കഴിഞ്ഞ ദിവസം ഔപചാരികമായി അറിയിച്ചതാണീ വിവരം. മൂന്നുഘട്ടമായി  നടക്കുന്ന വാക്‌സിന്‍ പരീക്ഷണത്തില്‍ 1,200 സന്നദ്ധ പ്രവര്‍ത്തകര്‍ പങ്കാളികളാകും. സന്നദ്ധ പ്രവര്‍ത്തകര്‍ കണ്ടെത്തിയ രാജ്യത്തെ പന്ത്രണ്ട് ക്ലിനിക്കുകളിലാണ് പരീക്ഷണം നടത്തുന്നത്.

ഉപയോഗത്തിന് അനുമതി നേടിയ റോട്ടാവൈറസ് വാക്‌സിന്‍ തുള്ളി മരുന്നായിട്ടാണ് ആറാഴ്ച മുതല്‍ എട്ടാഴ്ച വരെ പ്രായമുള്ള ശിശുക്കള്‍ക്ക് നല്‍കും. നാലാഴ്ചത്തെ ഇടവേളകളില്‍ മരുന്നു നല്‍കി കുട്ടികളില്‍ പരീക്ഷണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ശാന്താ ബയോടെക്‌നിക്‌സ് സി.ഇ.ഒ. ഗിരീഷ് അയ്യര്‍ കൂട്ടിച്ചേര്‍ക്കുന്നു.

നവജാത ശിശുക്കള്‍ ഉള്‍പ്പെടെയുള്ള കുട്ടികള്‍ അനുഭവിക്കുന്ന വയറിളക്ക രോഗത്തെ ചെറുക്കാനാണ് പ്രതിരോധ മരുന്ന് വികസിപ്പിച്ചെടുക്കുന്നത്. റോട്ടാ വൈറസ് മൂലമുണ്ടാകുന്ന വയറിളക്കം ഇന്ത്യയിലെ കുട്ടികളെ ഗുരുതരമായി ബാധിക്കുന്നതായുള്ള കണ്ടെത്തലാണ് വാക്‌സിന്‍ പ്രവേശനത്തിന് വഴിയൊരുക്കിയത്.  റോട്ടോ വൈറസ് ഗാസ്‌ട്രോ എന്‍ടെറ്റിറ്റിസ് എന്ന് നാമകരണം ചെയ്യപ്പെട്ട രോഗത്തിന്റെ നിയന്ത്രണത്തിനായി മൂവായിരം കോടി രൂപ മാറ്റിവയ്ക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായി വാര്‍ത്തയുണ്ട്.

പ്രതിരോധ മരുന്നുകളുടെ ഉപയോഗത്തിനെതിരെ ചെറുത്തുനില്‍പ്പുകള്‍ വ്യാപകമായ കേരളത്തില്‍ റോട്ടാവൈറസ് പരീക്ഷണ തീരുമാനവും പ്രതിഷേധത്തിനിടയാക്കി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം തയ്യാറാക്കിയ2014 വര്‍ഷത്തെ മൂന്നുമാസ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പ്രതിഷേധങ്ങള്‍ക്കെതിരെ പ്രത്യാക്രമണം ശക്തമാക്കാന്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.

കേരളത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടക്കുന്ന നിര്‍ബന്ധിത റൂബെല്ല വാക്‌സിനേഷനെതിരെ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. സാമൂഹ്യനീതിവകുപ്പിന്റെ സീറോ ഡിസെബിലിറ്റി പദ്ധതിയുടെ ഭാഗമായി ഒമ്പതാം ക്ലാസുകളിലെ കുട്ടികള്‍ക്ക് റൂബെല്ല വാക്‌സിന്‍ നല്‍കാനുള്ള നീക്കമാണ് ഈ പ്രതിഷേധത്തിനു കാരണം. ജനകീയാരോഗ്യരംഗത്തു പ്രവര്‍ത്തിക്കുന്ന സംഘടനകളും വ്യക്തികളും ഈ വാക്‌സിനേഷനെതിരെ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.

ബെസ്റ്റ് ഓഫ് അഴിമുഖം

കൊതുകുകള്‍ക്ക് അസുഖം വരുത്തുന്ന മനുഷ്യര്‍
ചൊറിച്ചിലിന്റെ ശാസ്ത്രം
എന്തുകൊണ്ട് ഞാന്‍ മുലയൂട്ടുന്നില്ല?
എബോള ഉയര്‍ത്തുന്ന ധാര്‍മ്മിക പ്രതിസന്ധി
ആശുപത്രിയില്‍ ഇനി ടാബ്‌ലെറ്റും ആയുധം

പുതുതലമുറ വാക്‌സിനേഷനുകള്‍ക്കെതിരെ  കേരളത്തില്‍ നേരത്തെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. കൃത്രിമപ്രതിരോധ കുത്തിവയ്പ്പുകളുടെ വിശ്വാസ്യതയിലും ഫലപ്രാപ്തിയിലും  സംശയം ഉന്നയിക്കപ്പെട്ടെങ്കിലും ക്രിയാത്മക വിശദീകണങ്ങളോ മറുപടികളോ നല്‍കാന്‍ സംസ്ഥാന ആരോഗ്യ വകുപ്പിന് കഴിഞ്ഞിട്ടില്ല.

വാക്‌സിനുകള്‍ കൊണ്ടു മാത്രം രോഗപ്രതിരോധ ശേഷി കൈവരിക്കാനാവുമോ എന്നതാണ് പ്രധാന വിമര്‍ശനം. സംശയാതീതമായി ഇക്കാര്യം തെളിയിക്കാന്‍ വാക്‌സിനേഷന്‍ വക്താക്കള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ ഇതുവരെ കഴിഞ്ഞിട്ടുമില്ല. മനുഷ്യന് പ്രകൃതി പ്രദാനം ചെയ്ത പ്രതിരോധശേഷി കൈവരിക്കാനുള്ള  സ്വാഭാവിക കഴിവിനെ അട്ടിമറിക്കാന്‍ വാക്‌സിനുകള്‍ സഹായിക്കുമെന്ന ആരോപണവും മറുപടിയില്ലാതെ അവശേഷിക്കുന്നു.

സംസ്ഥാന സാമൂഹ്യനീതി വകുപ്പ് റുബെല്ലാ വാക്‌സിനേഷന്‍ പദ്ധതിക്കായി നാല്‍പ്പതുകോടി രൂപയാണ് നീക്കിവച്ചത്. മറ്റു പദ്ധതികളെല്ലാം ഉപേക്ഷിച്ച് വാക്‌സിനേഷന് മാത്രമായി ഇത്രയും തുക നീക്കിവയ്ക്കുന്നതിലെ അനൗചിത്യവും ചൂണ്ടിക്കാണിക്കപ്പെടുകയുണ്ടായി.

റൂബെല്ലാ രോഗത്തിന്റെ സാദ്ധ്യതയെയും പ്രതിരോധകുത്തിവയ്പ്പിനെയും സംബന്ധിച്ച സമഗ്രവിവരങ്ങള്‍ അടങ്ങുന്ന ഒരു ലേഖനം ഈയിടെ പ്രസിദ്ധീകരിക്കുകയുണ്ടായി. സാമൂഹ്യപ്രവര്‍ത്തകയും എഴുത്തുകാരിയും ഭിഷഗ്വരയുമായ ഖദീജാ മുംതാസാണ് പ്രസ്തുത ലേഖനം തയ്യാറാക്കിയത്. റൂബെല്ലാ  നിര്‍ബന്ധിത വാക്‌സിനേഷന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സൂചിപ്പിക്കുകയാണ് ഡോ. ഖദീജാ മുംതാസ്.

സ്വാഭാവിക പ്രതിരോധം ആര്‍ജ്ജിക്കാനുള്ള ശേഷി കൈവെടിഞ്ഞ് കൃത്രിമ വൈറസുകളുടെ സഹായത്തോടെ രോഗശാന്തിയെങ്ങിനെയെന്ന് ഡോക്ടര്‍ ചോദ്യം ഉന്നയിക്കുന്നു. മലപ്പുറത്തെ ഒരു വിദ്യാലയത്തില്‍ റുബെല്ലാ വാക്‌സിന്‍ നല്‍കാനുള്ള ശ്രമത്തെ ചെറുത്ത പെണ്‍കുട്ടികളെ രോഗബാധയുടെ ചിത്രങ്ങള്‍ കാണിച്ച് ഭയപ്പെടുത്തിയെന്ന് ഖദീജ മുംതാസ് പറയുന്നു. ഏറിയോ കുറഞ്ഞോ അളവില്‍ ഇത്തരം നടപടികള്‍ ഗ്രാമങ്ങളില്‍ ഉള്‍പ്പെടെ പാവപ്പെട്ടവരുടെ മേല്‍ നേരത്തെയും അടിച്ചേല്‍പ്പിക്കുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം.

കുട്ടികളില്‍ ഉണ്ടാകുന്ന റൂബെല്ല ബാധ അത്ര അപകടകരമായ രോഗമായി വൈദ്യശാസ്ത്രരംഗം പരിഗണിക്കുന്നില്ല. ചെറിയ കുട്ടികളില്‍  നാലോ അഞ്ചോ ദിവസം മാത്രം ദൈര്‍ഘ്യമുള്ള പനിയായി റുബെല്ല വരാറുണ്ട്.  പനിയും ശരീരവേദനയും ദേഹം മുഴുവനും മണല്‍വാരിയെന്ന പോലുള്ള തടിച്ച പൊങ്ങലുമാണ് ലക്ഷണം.

മനുഷ്യശരീരത്തില്‍ ഒരിക്കല്‍ മാത്രമേ റുബെല്ലാ ബാധയുണ്ടാവൂ എന്ന പ്രത്യേകതയും ഈ രോഗത്തിനുണ്ട്. സ്ത്രീകളുടെ ഗര്‍ഭകാലത്തുണ്ടാകുന്ന റുബെല്ലാ ബാധ ഗര്‍ഭസ്ഥ ശിശുവിനെ ഗുരുതരമായി ബാധിക്കുമെന്നതാണ് പ്രധാന വസ്തുത. കേള്‍വി, കാഴ്ച കഴിവുകളെ  ബാധിക്കുന്നതോടൊപ്പം നാഡീ ഞരമ്പുകളെ തളര്‍ത്താനും റൂബെല്ലാ വഴിയായേക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്. ഇത്തരം അപകടസാധ്യതകളുടെ ശതമാനം പരിശോധിച്ചാല്‍ ബോധ്യമാവുന്ന നിരവധി കാര്യങ്ങള്‍ വേറെയുണ്ട്.

ഉയര്‍ന്ന ആരോഗ്യബോധം സൂക്ഷിക്കുന്ന  കേരള സമൂഹത്തില്‍ കുട്ടികളില്‍ ഭൂരിഭാഗം പേരും പ്രതിരോധ വാക്‌സിനുകള്‍ യഥാസമയം ലഭിച്ചവരാണ്. വാക്‌സിനുകളുടെ പുനരുപയോഗം പ്രതികൂല ഫലം ഉണ്ടാക്കില്ലേ എന്ന സംശയമാണ് നിര്‍ബന്ധിത റുബെല്ലാ വാക്‌സിനേഷന്‍ എതിര്‍പ്പിന്റെയും പിന്നിലുള്ളത്.

വാക്‌സിനേഷനുകളുടെ പൊതുചരിത്രം പരിശോധിക്കുന്നതിലൂടെ വ്യക്തമാവുന്ന മറ്റു ചില യാഥാര്‍ത്ഥ്യങ്ങളുണ്ട്. പത്തിനം രോഗങ്ങള്‍ക്കാണ് ഇതുവരെ പ്രതിരോധ മരുന്നുകള്‍ നല്‍കിയിരുന്നത്. പ്രതിരോധമരുന്നുകള്‍ നല്‍കാന്‍ കഴിയുന്ന രോഗങ്ങളുടെ എണ്ണം 16 ആയി ഉയര്‍ന്നിട്ടുണ്ട്. അഞ്ചു വയസ്സിനുള്ളില്‍  വിവിധ പ്രതിരോധമരുന്നുകളുടെ നാല്‍പ്പതോളം ഡോസ് കുട്ടികള്‍ക്ക് ലഭിക്കുന്നുണ്ടെന്നാണ് ഒരേകദേശകണക്ക്.

ക്ഷയരോഗം ചെറുക്കാനുള്ള പ്രതിരോധ മരുന്നായ ബി.സി.ജി.യും പോളിയോ തുള്ളിമരുന്നും പ്രസവിച്ച ഉടനെ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നു. തൊണ്ടമുള്ള്, കുതിരസന്നി, വില്ലന്‍ചുമ എന്നിവ മറികടക്കാനായി ഡി.പി.ടി. കുത്തിവയ്പ്പും. ഇതെല്ലാം ചേര്‍ത്ത് പെന്റാവാലന്റ് വാക്‌സിനും നല്‍കുന്നു. മഞ്ഞപ്പിത്തവും ജലദോഷം മുലം തലച്ചോറിനെ ബാധിക്കുന്ന മസ്തിഷ്‌കജ്വരവും  തടയാനാണ് പെന്റാവാലന്റിന്റെ പ്രയോഗം. തുടര്‍ന്ന് അഞ്ചാംപനി, മുണ്ടിനീര്, റുബെല്ലാ എന്നിവയ്‌ക്കെതിരെയുള്ള എം.എം.ആര്‍. കുത്തിവയ്പ്പ്. അഞ്ചു വയസ്സുവരെ തുടരുന്ന പോളിയോ അധികഡോസ് നല്‍കലാണ് മറ്റൊരു പ്രതിരോധപ്രക്രിയ.

പ്രതിരോധ വാക്‌സിനുകളുടെ ഫലപ്രാപ്തിയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ പ്രധാനം ഇത്തരം പദ്ധതികള്‍ക്കായി ചെലവഴിക്കുന്ന പണത്തിന്റെ അളവാണ്. കമ്പോളയുക്തി മാത്രം ലക്ഷ്യം വച്ച് തയ്യാറാക്കുന്ന തിരക്കഥയ്ക്കനുസരിച്ച് പ്രതിരോധ ചികിത്സാരംഗവും നീങ്ങുന്നുണ്ടോ എന്ന സംശയമാണ് ഇത്തരം വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നതിലൂടെ ജനകീയാരോഗ്യപ്രവര്‍ത്തകര്‍ മുന്നോട്ടുവയ്ക്കുന്നത്.

പ്രതിരോധമരുന്നുകള്‍ സ്വീകരിച്ച ഇന്ത്യയിലെ 154 കുട്ടികള്‍ മരണപ്പെട്ടിട്ടുണ്ടെന്നാണ് പാര്‍ശ്വഫലങ്ങള്‍ വിലയിരുത്തുന്ന ഏജന്‍സികള്‍ നല്‍കുന്ന വിവരം. അഡ്‌വേഴ്‌സ് ഈവന്റ് ഫോളോയിംഗ് ഇമ്മ്യൂണൈസേഷന്‍ എന്ന ഏജന്‍സി കേരളത്തില്‍ 23 കുട്ടികള്‍ക്ക് ഇതുവരെ ജീവാപായം സംഭവിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുന്നു. ഇത്രയും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ശേഖരിക്കപ്പെട്ടിട്ടും വാക്‌സിനേഷന്‍ വിഷയത്തില്‍ അര്‍ത്ഥവത്തായ നയം കൈക്കൊള്ളാന്‍ ഭരണകൂടം തയ്യാറല്ല എന്നതും ചൂണ്ടിക്കാണിക്കപ്പെടുന്നു.

പ്രതിരോധവാക്‌സിനുകളുടെ ഉപയോഗം സംബന്ധിച്ച് തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന ഔദ്യോഗിക സംവിധാനമാണ് നാഷണല്‍ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓണ്‍ ഇമ്യൂണൈസേഷന്‍. (എന്‍.ടി.എ.ജി.ഐ.). വാക്‌സിനുകളുടെ ഗുണനിലവാരം വിലയിരുത്താനും ഉപയോഗം സംബന്ധിച്ച അന്തിമതീരുമാനങ്ങളെടുക്കാനുമുള്ള ഔപചാരിക സംവിധാനമാണിത്. ആരോഗ്യരംഗത്തെ വിദഗ്ധര്‍ക്കൊപ്പം സര്‍ക്കാര്‍ പ്രതിനിധികളും ഉള്‍ക്കൊള്ളുന്നതാണ് ഈ ഏജന്‍സി. എന്‍.ടി.എ.ജി.ഐ.യുടെ തീരുമാനത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ മരുന്നു നിര്‍മ്മാണ ലോബികള്‍ സമിതിയുടെ നിയന്ത്രണം ഏറ്റെടുക്കുകയാണെന്ന ആരോപണമാണ് ഡോ. പി.ജി. ഹരി ഉള്‍പ്പെടെയുള്ള ജനകീയാരോഗ്യപ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്. പെന്റാവാലന്റ് വാക്‌സിന്‍ ഉപയോഗവുമായി ബന്ധപ്പെട്ടുയര്‍ന്ന സംശയങ്ങള്‍ ബലപ്പെടുത്തുന്ന വിവരങ്ങളാണ് ഒടുവില്‍ പുറത്തുവന്നത്. എന്‍.ടി.എ.ജി.ഐ. പ്രതിനിധികളില്‍ ചിലരുടെ വാദത്തെ അവഗണിച്ച് വാക്‌സിന്‍ ശുപാര്‍ശ ചെയ്ത നടപടി കോടതിയിലെത്തിയതോടെ വാക്‌സിനനുകൂലമായി നേരത്തെ ഉന്നയിച്ച വാദമുഖങ്ങള്‍ തെറ്റാണെന്നു തെളിഞ്ഞു.  വാക്‌സിന്‍ ഉപയോഗിച്ച കുട്ടികളില്‍ ചിലരുടെ മരണം സ്ഥിരീകരിക്കപ്പെട്ടെങ്കിലും മറ്റു ചിലത് സംശയകരമായിത്തന്നെ തുടരുകയും ചെയ്യുന്നു.

രക്തത്തിലൂടെയും ലൈംഗികബന്ധത്തിലൂടെയും പകരുന്ന ഹെപ്പറ്റൈറ്റിസ് ബിയും ജലദോഷം മൂലമുണ്ടാകുന്ന മസ്തിഷ്‌കജ്വരവും തടയുന്നതിന് ശുപാര്‍ശ ചെയ്യപ്പെട്ട പെന്റാവാലന്റ് വാക്‌സിന്‍ ഉപയോഗിക്കാന്‍ തെരഞ്ഞെടുത്ത പ്രദേശങ്ങള്‍ സംബന്ധിച്ചും ആശങ്കയുണ്ടായി. പ്രതിരോധ മരുന്ന് നിര്‍ദ്ദേശിക്കപ്പെട്ട മസ്തിഷ്‌കജ്വരം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലാത്ത കേരളം, തമിഴ്‌നാട്, ഗോവ എന്നിവിടങ്ങള്‍ പരീക്ഷണ സ്ഥലമായതിന്റെ യുക്തി ബോധ്യപ്പെടുത്താന്‍ ദേശീയ ഏജന്‍സിക്കു കഴിഞ്ഞില്ല. പോളിയോ വാക്‌സിനുമായി ബന്ധപ്പെട്ടുയര്‍ന്ന പരാതികള്‍ക്ക് കൃത്യമായി മറുപടി നല്‍കാന്‍ കഴിയാത്തതും ഇവിടെ ശ്രദ്ധേയമാണ്. അധിക ഡോസ് എന്ന നിലയില്‍  അളവില്ലാതെ നല്‍കുന്ന പോളിയോ തുള്ളിമരുന്നിന്റെ പ്രസക്തി ഇപ്പോഴും ചോദ്യംചെയ്യപ്പെടുന്നുണ്ട്. പതിറ്റാണ്ടുകളായി തുടരുന്ന പോളിയോ തുള്ളിമരുന്നു വിതരണത്തിലൂടെ രോഗനിര്‍മ്മാര്‍ജ്ജനം സാധ്യമായില്ലെന്ന് അധികൃതര്‍  അംഗീകരിക്കുന്നുണ്ട്. അതുകൊണ്ടു മാത്രമാണ് തുള്ളി മരുന്നിനു പകരം ഇഞ്ചക്റ്റഡ് വാക്‌സിന്‍ തുടര്‍ന്നു നല്‍കണമെന്ന നിര്‍ദ്ദേശമുണ്ടാകുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

വിപണി താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന നയങ്ങള്‍ പിന്തുടരുന്നതിലെ അനൗചിത്യം പ്രതിരോധ വാക്‌സിന്‍ നിര്‍മ്മാണ, വിതരണ മേഖലകളില്‍ ഉന്നയിക്കപ്പെടുന്നു. ചില വിവരങ്ങള്‍ പരിശോധിക്കുന്നതിലൂടെ ഇക്കാര്യം ബോധ്യമാവും.  പ്രതിരോധമരുന്നുപയോഗത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന വികസ്വര രാഷ്ട്ര പട്ടികയില്‍ ഇന്ത്യ പ്രഥമ സ്ഥാനത്താണ്. ലോകത്താകെയുണ്ടാകുന്ന പ്രതിരോധ മരുന്നുകളില്‍ പകുതിയിലധികം ഇന്ത്യയില്‍ ഉപയോഗിക്കുന്നു. ഉപയോഗിക്കുന്നതില്‍ മാത്രമല്ല മരുന്നുല്‍പ്പാദനത്തിലും ഇന്ത്യ പിന്നിലല്ല. മറ്റു ചില മൂന്നാം ലോക രാജ്യങ്ങളെ പരീക്ഷണ കേന്ദ്രങ്ങളാക്കി ഇന്ത്യന്‍ കമ്പനികള്‍ പ്രതിരോധ മരുന്നുകള്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. പൂന സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വാക്‌സിന്‍ പരീക്ഷണത്തിനു തെരഞ്ഞെടുത്തത് ദക്ഷിണാഫ്രിക്കന്‍ ഗ്രാമങ്ങളെയാണ്.

സംഭരണത്തിലും വിതരണത്തിലുമാണ് വാക്‌സിന്‍ നിര്‍മ്മാണ കമ്പനികള്‍ വെല്ലുവിളികള്‍ നേടുന്നതെന്ന വസ്തുത പരിഗണിക്കേണ്ടതുണ്ട്. ഉപയോഗിക്കുന്നതുവരെ ശീതീകരിച്ച നിലയില്‍ വാക്‌സിനുകള്‍ സൂക്ഷിക്കുന്നതിനായി വന്‍തുക നിര്‍മ്മാണ കമ്പനികള്‍ ചെലവഴിക്കേണ്ടിവരുന്നു. ശീതീകരണ സംവിധാനം ഉപേക്ഷിച്ച് മൂന്നാഴ്ച വരെ പുറത്തുവെച്ച വാക്‌സിനുകള്‍ വിജയകരമായി പൂന സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ദക്ഷിണാഫ്രിക്കയില്‍ ഉപയോഗിച്ചു എന്നവകാശപ്പെടുന്നു. മഹത്തായ ഇന്ത്യന്‍ വിജയമെന്നാണ് വൈദ്യശാസ്ത്രരംഗം ഈ ശ്രമത്തെ വിശേഷിപ്പിച്ചത്. പ്രതിരോധമരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ വിലയിരുത്തുന്നതിനപ്പുറം മരുന്നുപരീക്ഷണത്തെ അഭിമുഖീകരിക്കപ്പെടേണ്ടിവരുന്നു എന്നത് വിലയിരുത്തപ്പെടേണ്ടതാണ്.

ആയുധനിര്‍മ്മാണം, വസ്ത്രനിര്‍മ്മാണം എന്നിവയ്‌ക്കൊപ്പം മരുന്നുകളുടെ ഉല്‍പ്പാദനവും ഉദാരവല്‍കൃത ആഗോള സാഹചര്യത്തില്‍ പ്രധാന വ്യവസായങ്ങളിലൊന്നാണ്.

പൗരന്‍മാരുടെ ആരോഗ്യസംരക്ഷണത്തിനു നല്‍കുന്ന മുന്‍ഗണനയനുസരിച്ച് വിവിധ രാജ്യങ്ങളില്‍ മരുന്നുല്‍പ്പാദനത്തിന്റെ പ്രാധാന്യത്തില്‍ നേരിയ വ്യതിയാനം ഉണ്ടാവും. പണം മാത്രമല്ല ഇവിടെ ലക്ഷ്യമാക്കപ്പെടുന്നത്. ഏറ്റവും ലാഭകരമായ വ്യവസായം കൂടിയാണ് മരുന്നുകളുടെ ലോകം. ബഹുരാഷ്ട്ര ഭീമന്‍ സ്ഥാപനങ്ങള്‍ ഈ രംഗത്തേക്ക് ആകര്‍ഷിക്കപ്പെടാന്‍ കാരണവും മനുഷ്യരുടെ സുരക്ഷിതത്വബോധമാണ്. മരുന്നുനിര്‍മ്മാണത്തിലെ സൂക്ഷ്മവും രഹസ്യാത്മകവുമായ തലമാണ് മരുന്നു പരീക്ഷണം. പരീക്ഷണ വസ്തുവായി പരിഗണിക്കപ്പെടാന്‍ മനുഷ്യന്‍ പൊതുവില്‍ തയ്യാറല്ലാത്തതുകൊണ്ടുതന്നെ തീര്‍ത്തും സുതാര്യമല്ലാത്ത രഹസ്യാത്മകമായ മാര്‍ഗ്ഗങ്ങളിലൂടെ ഈ പ്രക്രിയ പൂര്‍ണ്ണമാക്കേണ്ടതുണ്ട്. ഇവിടെയാണ് ദാരിദ്ര്യവും നിരക്ഷരതയും മരുന്നുപരീക്ഷണ സ്ഥാപനങ്ങള്‍ക്ക് അനുകൂല സാഹചര്യമാകുന്നത്. ആഗോളമരുന്നു ഉല്‍പാദകലോബിയുടെ ഇടത്താവളങ്ങളായി മൂന്നാം ലോക ദരിദ്രരാജ്യങ്ങള്‍ മാറുന്നത്.

ദാരിദ്ര്യവും നിരക്ഷരതയുമല്ല കേരളം മരുന്നുപരീക്ഷണശാലയായി പരിഗണിക്കപ്പെടാന്‍ കാരണമായത്. ഉയര്‍ന്ന സാക്ഷരതയോടൊപ്പം ആരോഗ്യരംഗത്തെ കേരള മോഡലും മരുന്നുല്‍പ്പാദകകമ്പനികള്‍ അവര്‍ക്കനുകൂലമായി ഉപയോഗിച്ചു. വ്യാജമായി ചമയ്ക്കപ്പെട്ട ആഗോളമാതൃകയെന്ന നേട്ടം ഇന്ന് കേരളീയന്‍ തിരിച്ചറിഞ്ഞുതുടങ്ങിയിട്ടുണ്ട്. ഇന്ത്യയിലെ അല്ല ലോകത്തിലെ തന്നെ പ്രധാന മരുന്നുപയോഗ പ്രദേശമാണിന്നു കേരളം. ജീവിതശൈലി രോഗങ്ങള്‍ക്കൊപ്പം പകര്‍ച്ചവ്യാധികളും പാരമ്പര്യരോഗങ്ങളും ഇവിടെ സാധാരണം. ആരോഗ്യത്തെക്കുറിച്ചു സൂക്ഷിക്കുന്ന തെറ്റായ ബോധം ഏതു മരുന്നും പരീക്ഷിക്കാനും ഉപയോഗിക്കാനും തയ്യാറായ മാനസികാവസ്ഥയില്‍ കേരളീയരെ എത്തിച്ചു. പെന്റാവാലന്റ് വാക്‌സിന്‍ ഉപയോഗവുമായി ബന്ധപ്പെട്ട് അധികൃതര്‍ നല്‍കിയ വിവരത്തില്‍ വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ ഉയര്‍ന്ന സാന്ദ്രതയുള്ള പ്രദേശമാണ് കേരളമെന്നും വിലയിരുത്തുന്നു.

ഉയര്‍ന്ന സാന്ദ്രതയെന്ന ഏകകം ഉപയോഗിച്ചളക്കുന്നതില്‍ സംഭവിക്കുന്ന പാകപ്പിഴ പരിഗണിക്കാന്‍ മരുന്നുലോബികള്‍ തയ്യാറല്ല. കൃത്രിമമാര്‍ഗ്ഗങ്ങളിലൂടെ കൈവരിച്ച ആരോഗ്യാവസ്ഥയില്‍ പരീക്ഷണമരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ വളരെ കുറവായിരിക്കുമെന്ന വസ്തുത പരിഗണിക്കാനും ഇവര്‍ ഒരുക്കമല്ല.

പ്രതിരോധമരുന്നുകളുടെ ഉല്‍പ്പാദനത്തിലും ഉപയോഗത്തിലും ആഗോളരാഷ്ട്രീയ താല്‍പര്യങ്ങള്‍ അപകടമാണെന്ന മുന്നറിയിപ്പ് ജനകീയോരോഗ്യ പ്രവര്‍ത്തകര്‍ നിരന്തരം നല്‍കാറുണ്ട്. ഈ ആരോപണത്തെ ബലപ്പെടുത്തുന്ന ചില നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്. ലോകജനസംഖ്യാ നിയന്ത്രണ പദ്ധതിയുടെ മേല്‍നോട്ടക്കാരായ റോക്‌ഫെല്ലര്‍ ഫൗണ്ടേഷന്‍ പ്രതിരോധ മരുന്നു പദ്ധതികള്‍ക്ക് പണം നല്‍കുന്നുണ്ട്. പൊതുവാക്‌സിനേഷനെ ജനസംഖ്യാനിയന്ത്രണത്തിനായി എങ്ങിനെ ഉപയോഗപ്പെടുത്താമെന്ന നിലയില്‍ ചര്‍ച്ചകള്‍ നടന്നതായി വെളിവായിട്ടുണ്ട്.  

ആധുനിക വൈദ്യശാസ്ത്രം പ്രതിസന്ധികളിലൂടെ കടന്നു പോവുന്നതിന്റെ സൂചനകളാണ്  കൈമാറുന്നത്. വാക്‌സിനേഷന്‍ ഉള്‍പ്പെടെയുള്ള  വിഷയങ്ങളില്‍ വ്യത്യസ്ത അഭിപ്രായം സൂക്ഷിക്കുന്നവര്‍ ധാരാളമുണ്ട്. ഡോക്ടര്‍മാരും വിദഗ്ധരും നിസ്സഹായരാണ്.  രാജ്യത്തെ പൗരന്‍മാരുടെ ആരോഗ്യസുരക്ഷയുമായി ബന്ധമുള്ള വിഷയങ്ങളില്‍ നമ്മുടെ നിലപാടുകള്‍ അവഗണിക്കപ്പെടുകയാണ്. ശാസ്ത്രമേഖലയില്‍ വ്യക്തതയുണ്ടാവുമ്പോഴും സര്‍ക്കാര്‍ നിലപാടുകള്‍ അവ്യക്തമായി അവശേഷിക്കുന്നു. ഡോക്ടര്‍മാര്‍ ബലിയാടാക്കപ്പെടുകയാണ്. ഗ്രാമീണമേഖലയില്‍ ഉള്‍പ്പെടെ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റികളില്‍ പോലും നിലപാടുകളെടുക്കുന്നത് രാഷ്ട്രീയ നിലപാടുകളാണ്. ഐ.എം.എ. പോലുള്ള സംഘടനകള്‍  സാമൂഹ്യസാഹചര്യങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുവാന്‍ തയ്യാറാവാത്തത് പ്രശ്‌നം ഗുരുതരമാക്കുകയാണ്. ആരോഗ്യനയത്തിലെ ജനകീയതയ്ക്കുവേണ്ടി വാദിക്കുന്നവര്‍ പ്രതിസന്ധിയുടെ ഭാഗമായി ചൂണ്ടിക്കാണിക്കുന്ന നിരവധി ഉദാഹരണങ്ങള്‍ ഉണ്ട്. വാക്‌സിനുകളുടെ  പാര്‍ശ്വഫലങ്ങളും ഗുണനിലവാരവും പരിശോധിക്കുന്നതിനു സ്വീകരിച്ചിരുന്ന മാര്‍ഗ്ഗങ്ങള്‍ പാടെ തള്ളിക്കൊണ്ട് ഏകാധിപത്യശൈലിയില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിന്  മരുന്നുകമ്പനികള്‍ക്ക് ഇപ്പോള്‍ അവസരമുണ്ട്. ഏറെ വാക്‌സിനുകള്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ ഉപയോഗിക്കുന്നിടങ്ങളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് ഗുണനിലവാരവും പാര്‍ശ്വഫലങ്ങളും പരിശോധിക്കുന്ന ഹെല്‍ത്ത് സര്‍വ്വീസ് സംവിധാനമാണ് നേരത്തെ ഉണ്ടായിരുന്നത്. കമ്പനികള്‍ നല്‍കുന്ന മരുന്നുകള്‍ പരിശോധനയ്ക്ക് വിധേയമാക്കില്‍ മതിയെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനമാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്.

പൊതുജനാരോഗ്യത്തെ പൊതുമേഖലയില്‍  നിന്നൊഴിവാക്കി വാണിജ്യവത്ക്കരിച്ചു. കുടിവെള്ളം പോലും വില്‍പ്പനയ്ക്കുവയ്ക്കുന്നു. ലോകസമ്പത്തിന്റെ നല്ലൊരുഭാഗവും ഒഴുകിയെത്തുന്ന ആരോഗ്യരക്ഷാചികിത്സാ രംഗം ബഹുരാഷ്ട്ര കമ്പനികളുടെ നിയന്ത്രണത്തിലാണ്. ഇന്ത്യന്‍ കമ്പനികള്‍ അടച്ചുപൂട്ടി പ്രതിരോധമരുന്നുകള്‍ ഇറക്കുമതി ചെയ്യുകയാണ്.

കേരളത്തില്‍ നിന്നുതന്നെ ഉദാഹരണം കണ്ടെത്താമെന്ന് ഇവര്‍ പറയുന്നു. സ്വാതന്ത്ര്യത്തിനു മുമ്പ് തിരുവിതാംകൂര്‍ രാജഭരണത്തിന്റെ കീഴിലായിരുന്നപ്പോള്‍ പ്രതിരോധമരുന്നുകള്‍ ഉത്പാദിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു. ദക്ഷിണേന്ത്യയിലെ മികച്ച മരുന്നുശാലയെന്നു വിദേശ ഏജന്‍സികള്‍ സാക്ഷ്യപ്പെടുത്തിയ ഈ കേന്ദ്രം പിന്നീട് അടച്ചുപൂട്ടി. ഇപ്പോള്‍ പബ്ലിക്ക് ഹെല്‍ത്ത് ലബോറട്ടറി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ ഉല്‍പാദിപ്പിച്ചിരുന്ന വാക്‌സിനുകള്‍ കൊച്ചിരാജ്യത്തേയ്ക്കും കയറ്റി അയച്ചിരുന്നതായി മനസ്സിലാക്കാം. വസൂരി, ടൈഫോയിഡ്,  കോളറ പ്രതിരോധമരുന്നുകളുടെ ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിച്ച കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലാകെതന്നെ അത്തരമൊരു സ്ഥാപനം ഇന്നില്ല. സ്വാതന്ത്ര്യത്തിനുമുമ്പ് വാക്‌സിന്‍ നിര്‍മ്മാണ കേന്ദ്രത്തിനു സാരഥ്യം വഹിച്ച ഡോക്ടര്‍ സി.ഐ. കരുണാകരനാണ് 1954 ല്‍ നിലവില്‍ വന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ ആദ്യ പ്രിന്‍സിപ്പലും ശില്‍പ്പിയും.

മേല്‍ സൂചിപ്പിച്ച വസ്തുതകളില്‍ നിന്നും വായിച്ചെടുക്കാവുന്ന യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ പ്രശ്‌നങ്ങള്‍ ലളിതമാവുമെന്ന വിശ്വാസം സൂക്ഷിക്കുന്നവരുണ്ട്. വയനാട്ടിലെ ചെറുവയല്‍ രാമനെന്ന കര്‍ഷകന്റെ വീട്ടിലെത്തിയിരുന്ന എല്ലാര്‍ക്കും സുപരിചിതനാണ് അമീഷ് എന്ന അഞ്ചുവയസുകാരന്‍. (അജ്ഞാതരോഗം ബാധിച്ച് ഈയിടെയാണ് അവന്‍ ഈ ലോകജീവിതത്തില്‍ നിന്ന് പടിയിറങ്ങിപ്പോയത്. അമീഷിന്റെ കാര്യത്തില്‍ ആധുനിക ചികിത്സാ സമ്പ്രദായങ്ങളെല്ലാം നിസ്സഹായമായിരുന്നു.) അന്യം നിന്നുപോയ നെല്‍വിത്തിനങ്ങള്‍ സംരക്ഷിക്കുന്നതില്‍ അതുല്യത തെളിയിച്ച രാമേട്ടന്റെ പേരക്കുട്ടിയാണീ കൊച്ചുബാലന്‍. രാമേട്ടനെന്ന പാരമ്പര്യ കര്‍ഷകന് കൂട്ടുകാരനായി വയലുകളില്‍ എപ്പോഴുമുണ്ടാവുക അമീഷാണ്. അവനിന്നില്ല. സാധാരണ ഗതിയില്‍ വലിയ അപകടകാരിയൊന്നുമല്ലാത്ത മീസെല്‍സ് രോഗാണുവിന്റെ ബാധയാണ് അമീഷന് അഭിമുഖീകരിക്കേണ്ടിവന്നതെന്നാണ് ചികിത്സകരുടെ പക്ഷം.

തലച്ചോറിന്റെ അജ്ഞാത അറകളില്‍ പതിയിരുന്ന വൈറസ് അനുകൂല സാഹചര്യത്തില്‍ അവയവങ്ങളെ ചലനരഹിതമാക്കുന്ന രോഗമാണ് അമീഷിനെ ബാധിച്ചതെന്നാണ് ആധുനിക വൈദ്യശാസ്ത്ര നിഗമനം. എന്നാലിത് പൂര്‍ണ്ണമായും വിശ്വസിക്കാതെ വാക്‌സിനേഷനുകളുടെ  ഇരയായി അമീഷിനെ കാണാമെന്ന് സംശയം ഉന്നയിക്കുന്നവരുണ്ട്. കഴിഞ്ഞ ആറുമാസമായി തളര്‍ന്നുകിടന്ന അമീറിന് ഇത്തരം രോഗാണുബാധിതര്‍ സാധാരണനിലയില്‍ പ്രകടിപ്പിക്കാവുന്ന മാനസികവിഭ്രാന്തിയെന്ന രോഗലക്ഷണം ഒരിക്കല്‍ പോലും അനുഭവിക്കേണ്ടി വന്നതായി മാതാപിതാക്കള്‍ക്ക് അറിവില്ല. ഇതെല്ലാം ചൂണ്ടിക്കാണിക്കുന്നത് രോഗപ്രതിരോധത്തിനായി നല്‍കിയ വൈറസുകള്‍ വരുത്തിയ വിനയാണ് അമീഷിന്റെ മരണത്തില്‍ കലാശിച്ചതെന്ന് സംശയിക്കുന്നവരുണ്ട്.

 

*Views are personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍