UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘ഓത്തുപള്ളി’യുടെ പാട്ടുകാരന്‍

Avatar

സഫിയ ഒ സി

ഒരു നാടിന്റെ സാംസ്കാരിക രാഷ്ട്രീയ വളര്‍ച്ചയില്‍ സംഗീതം കൊണ്ട് തന്റേതായ പങ്കു വഹിച്ച സംഗീത പ്രതിഭയാണ് ഇന്നലെ അന്തരിച്ച കൃഷ്ണദാസ് വടകര. ഒരു തൊഴിലാളി കുടുംബത്തില്‍ ജനിച്ച കൃഷ്ണദാസിന് പാട്ടിനോടുള്ള അദമ്യമായ ദാഹം കുട്ടിക്കാലം മുതലേ ഉണ്ടായിരുന്നു. അഞ്ചാം വയസ്സില്‍ കേളപ്പന്‍ ഗുരുവില്‍ നിന്നാണ് സംഗീതപഠനം തുടങ്ങുന്നത്. പിന്നീട് കണ്ണൂരിലെ കൃഷ്ണ ഭാഗവതര്‍, തലായിലെ സദാശിവന്‍ ഭാഗവതര്‍ എന്നിവരില്‍ നിന്നും സംഗീതം പഠിച്ചു. ഗ്രാമീണ മേഖലയിലെ ഒരു പാട്ടുകാരന് വളരാനുള്ള ഏറ്റവും നല്ല വേദിയായിരുന്നു അന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമ്മേളന വേദികളും സമര വേദികളും. കൃഷ്ണദാസ് എന്ന സംഗീതജ്ഞന്‍ പാടിത്തെളിഞ്ഞതും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കൊപ്പമാണ്.

വടകരയ്ക്കടുത്ത് വെള്ളിക്കുളങ്ങരയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു പൊതുവേദിയിലാണ് കൃഷ്ണദാസ് എന്ന അഞ്ചുവയസ്സുകാരന്‍ ആദ്യമായി പാടുന്നത്. അല്പം കാഴ്ചക്കുറവുണ്ടായിരുന്ന കൃഷ്ണനെ അന്ന് സ്റ്റേജില്‍ എടുത്ത് വെച്ചത് കയ്യാല ഗോപാലന്‍ എന്ന പ്രാദേശിക കമ്മ്യൂണിസ്റ്റ് നേതാവാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോടൊപ്പമുള്ള യാത്ര കൃഷ്ണദാസ് അവിടെ തുടങ്ങുകയായിരുന്നു. നേതാക്കളുടെ പ്രസംഗത്തിന് ശേഷമുള്ള കൃഷ്ണദാസിന്റെ പാട്ടിന് ആയിരങ്ങള്‍ കാതോര്‍ത്തിരുന്ന ഒരു കാലഘട്ടത്തിന്റെ തുടക്കവും കൂടിയായിരുന്നു അത്. പിന്നീടങ്ങോട്ട് ഉച്ചഭാഷിണിയും കൃഷ്ണദാസിന്റെ പാട്ടും ഉണ്ടായിരിക്കും എന്നച്ചടിക്കാത്ത നോട്ടീസുകള്‍ പാര്‍ട്ടി പരിപാടികളില്‍ കുറവായിരുന്നു.

ദാരിദ്ര്യവും കഷ്ടപ്പാടുകളും ഒന്നും പാട്ടിനോടുള്ള അഭിനിവേശത്തിന് മുന്നില്‍ കൃഷ്ണദാസിന് തടസ്സമായിരുന്നില്ല. വള്ളിക്കാട് കുടികിടപ്പ് സമരത്തോടനുബന്ധിച്ച് അരങ്ങേറിയ ‘ആരാന്‍റെ ഹക്കില്‍ ആയിരം കണ്ണ്’ എന്ന നാടകത്തില്‍ കൃഷ്ണദാസ് പാടിയ ‘കാളവണ്ടി ഇത് കാളവണ്ടി..’ എന്നു തുടങ്ങുന്ന ഗാനം അക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പപ്പന്‍ വള്ളിക്കാട്, കൃഷ്ണദാസ് കൂട്ടുകെട്ടില്‍ പിറന്ന ഗാനങ്ങള്‍ ഇന്നും സമ്മേളന വേദികളില്‍ മുഴങ്ങാറുണ്ട്. 1957ല്‍ പട്ടാമ്പിയില്‍ ഇ എം എസ് മത്സരിച്ചപ്പോള്‍ വടകരയില്‍ നിന്നും തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പോയ നാടക സംഘത്തിലെ ഗായകനായി കൃഷ്ണദാസും ഉണ്ടായിരുന്നു. പി ടി അബ്ദുറഹിമാനും വി ടി കുമാരനും സംഗീതലോകത്ത് മുന്നേറാന്‍ കൃഷ്ണദാസിന് കരുത്ത് പകര്‍ന്നവരാണ്. ഇന്നും മലയാളിയുടെ ഗൃഹാതുരത തൊട്ടുണര്‍ത്തുന്ന പാട്ടാണ് പി ടി അബ്ദുറഹിമാന്‍ എഴുതി കൃഷ്ണദാസ് സംഗീതം നല്കിയ ‘കണ്ണിമാവിന്‍ ചോട്ടില്‍ ഉണ്ണിമാങ്ങ പാഞ്ഞെടുക്കാന്‍ മത്സരിച്ച…’ എന്നു തുടങ്ങുന്ന ഗാനം. കൃഷ്ണന്‍ ചിട്ടപ്പെടുത്തിയ വിപ്ലവഗാനങ്ങള്‍ എല്ലാം തന്നെ ഏറെ ജനപ്രിയമായിരുന്നു. 1960 കളില്‍ മലബാറിലെ കമ്മ്യൂണിസ്റ്റ് വേദികളില്‍ നിറഞ്ഞു നിന്നിരുന്നത് കൃഷ്ണദാസിന്റെ വിപ്ലവഗാനങ്ങളാണ്. ‘സഖാവെന്ന ബന്ധം’ എന്നു തുടങ്ങുന്ന ഗാനം കമ്മ്യൂണിസ്റ്റ് കാരെ ഏറെ ആവേശം കൊള്ളിച്ചിരുന്നു. വള്ളിക്കാട് ഹിരണ്യ തിയറ്റേഴ്സിന്റെ നാടക ഗാനങ്ങള്‍ക്ക് സംഗീതം നല്കി ആലപിച്ചതിലൂടെ നാടകരംഗത്തും തന്റെ സാനിദ്ധ്യം കൃഷ്ണദാസ് അറിയിച്ചു.


കൃഷ്ണദാസ് വടകര കെ ജെ യേശുദാസിനൊപ്പം

പാര്‍ട്ടിവേദികളിലൂടെ വളര്‍ന്ന കൃഷ്ണദാസ് എന്ന ഗായകനും സംഗീത സംവിധായകനും ഒരു കാലഘട്ടത്തിന്റെ ചരിത്ര നിര്‍മ്മിതിയില്‍ കൂടി പങ്കാളിയാവുകയായിരുന്നു. ആയിരക്കണക്കിന് പാര്‍ട്ടി വേദികളില്‍ കൃഷ്ണദാസ് പാടിയിട്ടുണ്ട്. ഇതിനിടയില്‍ അഴിയൂര്‍ സ്കൂളില്‍ സംഗീതാധ്യാപകനായി ജോലി കിട്ടിയെങ്കിലും കമ്മ്യൂണിസ്റ്റുകാരനായതുകൊണ്ട് ജോലി നഷ്ടപ്പെട്ടു. ഈ സങ്കടം ഇ എം എസിനോട് പങ്കുവെച്ചപ്പോള്‍  “രാഷ്ട്രീയ പ്രവര്‍ത്തനത്തിന് സംഗീതവും ആയുധമാകാമെന്ന് കൃഷ്ണന്‍ തെളിയിച്ചു. കമ്മ്യൂണിസ്റ്റുകാരനായതുകൊണ്ട് മാത്രം കൃഷ്ണന് ജോലി നഷ്ടപ്പെടില്ല. ജോലി തീര്‍ച്ചുകിട്ടും.” ഇ എം എസ് ഇങ്ങനെ പ്രതികരിച്ചതായി പിന്നീട് കൃഷ്ണന്‍ തന്നെ അനുസ്മരിച്ചിട്ടുണ്ട്. പിന്നീട് ഇ എം എസ് മന്ത്രിസഭ അധികാരത്തില്‍ വന്നപ്പോഴാണ് കൃഷ്ണദാസ് സംഗീതാധ്യാപകനായി ജോലിയില്‍ പ്രവേശിച്ചത്.

ജനപ്രിയമായ വിപ്ലവ ഗാനങ്ങള്‍ മാത്രമല്ല മാപ്പിളപ്പാട്ട് ശാഖയിലും നിരവധി ഗാനങ്ങള്‍ ചിട്ടപ്പെടുത്തി ആലപിച്ചിട്ടുണ്ട് ഇദ്ദേഹം.  വി എം കുട്ടിയുമായുള്ള ബന്ധമാണ് കൃഷ്ണദാസിനെ മാപ്പിളപ്പാട്ടിലെ സുല്‍ത്താനാക്കി മാറ്റുന്നത്. വി എം കുട്ടിയുടെ ട്രൂപ്പില്‍ അംഗമാകുന്നതോടെ ആ ട്രൂപ്പിലെ പ്രധാന ഗായകനായി മാറുകയായിരുന്നു കൃഷ്ണദാസ്. അത് അദ്ദേഹത്തിന്റെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവാകുകയായിരുന്നു. വി എം കുട്ടി കോഴിക്കോട് അബൂബക്കാര്‍, വള്ളിക്കാട് പപ്പന്‍, വല്‍സല തുടങ്ങിയ സംഘം നിരവധി ഗള്‍ഫ് നാടുകളിലും പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. മലയാളികള്‍ നെഞ്ചേറ്റിയ പി ടി അബ്ദുള്‍ റഹ്മാന്‍ രചിച്ച ‘ഓത്തുപള്ളിയിലന്നു നമ്മള് പോയിരുന്ന കാലം’ എന്ന പാട്ട് വി ടി മുരളി പാടുന്നതിനും മുന്‍പ് കൃഷ്ണദാസ് ഈണം നല്കി സ്വന്തം ശബ്ദത്തില്‍ മനോഹരമായി ആലപിച്ചിട്ടുണ്ട്.

വി എം കുട്ടി കൃഷ്ണദാസ് കൂട്ടുകെട്ട് മാപ്പിളപ്പാട്ടിനെ പുതിയ ഭാവ തലങ്ങളിലെത്തിച്ചു. കൃഷ്ണദാസ് സംഗീതം നല്കിയ ‘ഉടനെ കഴുത്തെന്‍റേതറുക്കു ബാപ്പാ ഉടയോന്‍ തുണയില്ലെ നമുക്ക് ബാപ്പാ’ എന്നു തുടങ്ങുന്ന ഗാനം, ‘സുറുമപ്പട്ടുടുത്തോളെ..’ ‘കണ്ടാലഴകുള്ള പെണ്ണ്..’, ‘മൈലാഞ്ചിക്കമ്പൊടിച്ച്…’, ‘കാനോത്ത് കഴിയുന്ന പെണ്ണ്..’ തുടങ്ങി ജനങ്ങള്‍ ഏറ്റുപാടിയ നിരവധി മനോഹര ഗാനങ്ങള്‍ ഈ കൂട്ടുകെട്ട് മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുണ്ട്.

1979 ല്‍ പള്ളിക്കര മുഹമ്മദ് സംവിധാനം ചെയ്ത കണ്ണാടിക്കൂട് എന്ന ചിത്രത്തിനുവേണ്ടി കൃഷ്ണദാസ് ആറ് പാട്ടുകള്‍ ചിട്ടപ്പെടുത്തിയിരുന്നു. യേശുദാസും വാണി ജയറാമും ജയചന്ദ്രനുമാണ് ആ പാട്ടുകള്‍ ആലപിച്ചത്. സിനിമ പുറത്തിറങ്ങിയില്ല എങ്കിലും പാട്ടുകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. വി എം കുട്ടി, എരഞ്ഞോളി മൂസ, വിളയില്‍ വത്സല, പീര്‍ മുഹമ്മദ്, സിബില സദാനന്ദന്‍, എം കെ മുനീര്‍ തുടങ്ങിയവര്‍ക്ക് വേണ്ടിയും നിരവധി മാപ്പിളപ്പാട്ടുകള്‍ കൃഷ്ണദാസ് ചിട്ടപ്പെടുത്തിയിട്ടുണ്ട്. പി ഭാസ്കരന്‍, കൈതപ്രം, വി ടി കുമാരന്‍, പി ടി അബ്ദുറഹിമാന്‍, പി കെ ഗോപി തുടങ്ങിയവരുടെ ഒട്ടേറെ ഗാനങ്ങള്‍ക്ക് കൃഷ്ണദാസ് സംഗീതം നല്കിയിട്ടുണ്ട്.

ആകാശവാണിയിലും ദൂരദര്‍ശനിലുമൊക്കെ സജീവമായിരുന്ന കൃഷ്ണദാസ് ചില സ്വകാര്യ ചാനല്‍ പരിപാടികളിലും പങ്കെടുത്തിരുന്നു. കൃഷ്ണദാസിന്റെ സംഗീത ജീവിതത്തെകുറിച്ചും 1960 കളിലെ മലബാറിലെ സംഗീത ചരിത്രവും അടങ്ങുന്ന ഒരു ഡോക്യു ഫിക്ഷന്‍ ‘സ്വര ഗംഗയിലെ ഏകാകി’ എന്ന പേരില്‍ നാസര്‍ ഇബ്രാഹീം സംവിധാനം ചെയ്തിട്ടുണ്ട്.  

മലയാള നാടക സംഗീതത്തിലും മാപ്പിളപ്പാട്ടിന്റെ വളര്‍ച്ചയിലും തന്റെതായ നിരവധി സംഭാവനകള്‍ നല്കിയ കൃഷ്ണദാസ് വടകര എന്ന സംഗീതജ്ഞന് അര്‍ഹിക്കുന്ന അംഗീകാരം കിട്ടിയിട്ടില്ല എന്നത് ദുഃഖകരമായ യാഥാര്‍ഥ്യമാണ്. പല പാട്ടുകളും കേട്ടു ആസ്വദിക്കുമ്പോഴും ഏറ്റുപാടുമ്പോഴും നമ്മില്‍ പലരും ആ പാട്ടിന് ഈണം നല്‍കിയവരെ കുറിച്ചൊ പാടിയവരെ കുറിച്ചൊ ഓര്‍ക്കാറില്ല. പുതിയ തലമുറയില്‍ പലര്‍ക്കും അറിയാതെ പോകുന്ന ഇത്തരം ചിലരുണ്ട്. കേരള ചരിത്രത്തോടൊപ്പം നടന്നവര്‍. ജീവിതം കൊണ്ട് തന്നെ ചരിത്രത്തിന്റെ ഭാഗമായിത്തീര്‍ന്നവര്‍. കൃഷ്ണദാസ് വടകര എന്ന കലാകാരനൊപ്പം ഒരു കാലഘട്ടം കൂടിയാണ് ഇല്ലാതാവുന്നത്. 

(അഴിമുഖം സ്റ്റാഫ് ജേര്‍ണലിസ്റ്റാണ് ലേഖിക) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍