UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഭരണവും സമരവും: വടകരപതിയെ കുളന്തൈ തരേസ നയിക്കും

Avatar

പാലക്കാട് ചിറ്റൂര്‍ പഞ്ചായത്തിലാണ് വടകരപതി. തമിഴ്‌നാടാണ് അതിര്‍ത്തി. എരുത്വാംപതിയും കൊഴിഞ്ഞാംപാറയും അയല്‍ദേശങ്ങള്‍. തമിഴാണ് പ്രഥമ ഭാഷ. കൃഷിയാണ് മുഖ്യ തൊഴില്‍. മഴ നന്നേ കുറവ്. അറബി കടലിലോ മറ്റോ ന്യൂനമര്‍ദ്ദം രൂപപ്പെട്ട് പെയ്‌തെങ്കിലായി. പൊള്ളാച്ചിയിലെ ആനമല നിരകളില്‍ നിന്ന് ഒഴുകുയെത്തിയിരുന്ന മലവെള്ളമായിരുന്നു ആശ്രയം. ആളിയാര്‍ ഡാം വന്നതോടെ വെള്ളമൊഴുക്ക് നിലച്ചു. നാലരപ്പതിറ്റാണ്ടായി ആളിയാറില്‍ നിന്നുള്ള കനാല്‍ ജലത്തിനായി വടകരപ്പതിക്കാര്‍ മുറവിളി കൂട്ടുന്നു. ജലമായിരുന്നു പ്രാദേശിക തെരഞ്ഞെടുപ്പിലെ പ്രചാരണ വിഷയം. അതായത് നീരൊഴുക്ക് നിശ്ചയിക്കുന്ന തദ്ദേശീയ രാഷ്ട്രീയം. ഇവിടെ വീശുന്നത് തമിഴ് തീക്കാറ്റാണ്. കുടിവെള്ളവും അത്ര സുലഭമല്ല. തമിഴ് മണ്ണിലെ ചൂട് വടകരപതിയേയും കടന്നാണ് പാലക്കാടന്‍ പടിഞ്ഞാറന്‍ ദിക്കിലെത്തുന്നത്. വലതുകര കനാല്‍ കൊഴിഞ്ഞാംപാറ വരെ വികസിപ്പിച്ചാല്‍ പ്രശ്‌നപരിഹാരമെന്ന് വടകരപതിക്കാര്‍. ആരു കേള്‍ക്കാന്‍. അങ്ങനെ വലതുകര കനാല്‍ സംരക്ഷണ സമിതി രൂപപ്പെട്ടു. വടകരപതിക്കൊപ്പം എരുത്വാംപതിയിലും കൊഴിഞ്ഞാംപാറയിലും സമാന ആവശ്യമുന്നയിച്ച് ജനരോഷം ഉണ്ടായി. ഈ മൂന്നിടങ്ങളിലും വലതുകര കനാല്‍ സംരക്ഷണ സമിതി മത്സരിച്ചു. വടകരപതിയില്‍ 17-ല്‍ ഏഴുപേരെ വിജയിപ്പിച്ച സമിതിക്ക് ചിറ്റൂര്‍ നഗരസഭയില്‍ ഒരിടത്ത് വിജയിക്കാനായി.

രണ്ട് പതിറ്റാണ്ടായി കോണ്‍ഗ്രസിന്റെ കുത്തകയാണ് വടകരപതി. ഇത്തവണ നാല് സീറ്റു നേടാനേ അവര്‍ക്ക് കഴിഞ്ഞുള്ളൂ. എല്‍ഡിഎഫ് നാല്, ബിജെപി ഒന്ന്, സ്വതന്ത്രന്‍ ഒന്ന് എന്നിങ്ങനെ കക്ഷിനില.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് തന്നെ നോട്ട കൂടുതല്‍ വോട്ട് നേടിയ സ്ഥലമാണ് വടകരപതി. പ്രക്ഷോഭം പ്രതിഷേധമായതാണ് നോട്ടകളുടെ എണ്ണം പതിനായിരം കടക്കാന്‍ കാരണമായത്. ഈ ധൈര്യമാണ് വലതുകര സംരക്ഷണ സമിതിയെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറക്കിയത്. ഇപ്പോഴിതാ ഇവിടെ സമിതി ഭരണത്തില്‍ എത്തിയിരിക്കുന്നു. വലതുകര സംരക്ഷണ സമിതിയുടെ കുളന്തൈ തരേസയാണ് ഗ്രാമപഞ്ചായത്ത് അധ്യക്ഷ. ഇടതു പിന്തുണയോടെയാണ് അധികാര ലബ്ധി. എല്‍ഡിഎഫിലെ അനില്‍കുമാറാണ് വൈസ് പ്രസിഡന്റ്.

ഭാഷാ ന്യൂനപക്ഷങ്ങളോടുള്ള അവഗണനയാണ് പ്രശ്‌നപരിഹാരമില്ലാതെ പോകാന്‍ കാരണമെന്നാണ് സമിതിക്ക് നേതൃത്വം നല്‍കുന്ന ഫാദര്‍ ആല്‍ബര്‍ട്ട് പറയുന്നത്. ‘ചിറ്റൂര്‍ നിയമസഭാ മണ്ഡലത്തിലാണ് വടകരപതി. രാഷ്ട്രീയ കളിയില്‍ തമിഴ് സംസാരിക്കുന്ന വടകരപതിക്കാര്‍ വോട്ട് ബാങ്ക് മാത്രമായിരുന്നു. രാഷ്ട്രീയ അധികാരം ഒരിക്കല്‍ പോലും ഇവരുടെ കൈയില്‍ എത്തിയിട്ടില്ല. അതിനുള്ള ശ്രമമാണ് ഇപ്പോഴത്തേത്‘, ഫാദര്‍ ആല്‍ബര്‍ട്ട് പറയുന്നു.

‘തദ്ദേശസ്വയംഭരണ സ്ഥാപനം എന്ന നിലയില്‍ വടകരപതിക്കാരുടെ ജീവല്‍പ്രശ്‌നം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ മുന്നില്‍ എത്തിക്കാന്‍ ശ്രമിച്ചു. അതിനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു. സമിതി തീരുമാനം അനുസരിച്ച് മാത്രമേ മുന്നോട്ട് പോകുകയുള്ളൂ, പഞ്ചായത്ത് അധ്യക്ഷയായ തരേസ നയം വ്യക്തമാക്കി. പഞ്ചായത്ത് ഭരണ സമിതിയില്‍ പ്രമേയം പാസാക്കിയെടുക്കലാണ് ആദ്യ നീക്കം, അധ്യാപക പരിശീലനം പൂര്‍ത്തിയാക്കി പൊതുരംഗത്ത് ഇറങ്ങിയ തരേസ പറയുന്നു. ഭര്‍ത്താവായ ആല്‍ബര്‍ട്ടും സമിതിയ്‌ക്കൊപ്പം തന്നെയാണ്.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും ഒരു കൈ നോക്കാമെന്നാണ് സമിതിയുടെ ഉള്ളിലിരിപ്പ്. ഇടതു സഹായം ഉണ്ടാകുമെന്ന പ്രതീക്ഷയും വലതുകര കനാല്‍ സംരക്ഷണ സമിതിക്കുണ്ട്. തമിഴ് കലര്‍ന്ന മലയാളത്തില്‍ കുളന്തൈ തരേസ വടകരപതിയുടെ രാഷ്ട്രീയം പറയുന്നു.

(തയ്യാറാക്കിയത് രാംദാസ് എം കെ )

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍