UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആ സ്ത്രീയോട് നമ്മള്‍ ഇനി എന്തു ചെയ്യും?

Avatar

അനന്‍ജന സി.

രാത്രി മൂന്ന് മണിക്ക് കുത്തിപിടിച്ചിരുന്ന് ടൈപ്പ് ചെയ്യാന്‍ കാരണം ഒന്ന് മാത്രമാണ്. ഉറക്കം വരുന്നില്ല. ഉറക്കം വരാതിരിക്കാന്‍ മാത്രം ഇന്ന് എന്റെ ജീവിതത്തില്‍ ഒന്നും സംഭവിച്ചിട്ടില്ല; പിന്നെ എടുത്തു പറയാന്‍ ‘ഒരു ഓഡിയോ ക്ലിപ്പ്’ കേട്ടു. ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കേരളം ആഘോഷിക്കാന്‍ തയാറെടുക്കുന്ന പുതിയ കൂട്ടബലാത്സംഗത്തിന്റെ ഇരയായിപ്പോയ നിര്‍ഭാഗ്യവതിയായ ഒരു ചേച്ചിയുടെ. അവരെ എനിക്കറിയില്ല. അവരുടെ കഥയും. അതിനേക്കാളേറെ ആ ക്ലിപ്പില്‍ ഞാന്‍ കേട്ടത് അവരുടെ കരച്ചില്‍ മാത്രമാണ്. എനിക്ക് കേള്‍ക്കാന്‍ കഴിഞ്ഞത് അതിലൂടെ അലഞ്ഞു പൊങ്ങിയ ഞാനടക്കം ഇന്ന് കേരളത്തിലെ എല്ലാ പെണ്‍കുട്ടികളും നേരിടുന്ന നിസ്സഹായതയാണ്, ഭീതിയാണ്, സങ്കോചമാണ്. ഒരു പക്ഷെ അവര്‍ ഭാഗ്യലക്ഷ്മിയെ ചെന്ന് കണ്ടില്ലായിരുന്നില്ലെങ്കില്‍? കാര്യങ്ങള്‍ അറിഞ്ഞിട്ടും ഒരു ഫേസ്ബുക്ക് പോസ്റ്റിടാന്‍ അവര്‍ക്ക് തോന്നിയില്ലായിരുന്നെങ്കില്‍?

 

ബലാത്സംഗം നമുക്കാര്‍ക്കും ഇന്നൊരു വാര്‍ത്തയല്ല, ഭയപ്പെടുത്തുന്ന യാഥാര്‍ഥ്യവുമല്ല. നിസ്സങ്കോചം വായിച്ചു കളയുകയും പിന്നീട് പല ചര്‍ച്ചകളിലും പൊക്കിയെടുക്കാനുമുള്ള പല സംഭവകഥകള്‍ മാത്രമാണ് അവയിന്ന്. ഒന്ന് കഴിയുമ്പോള്‍ മറ്റൊന്ന്. അത്രയുമെണ്ണം കാണുമ്പോള്‍ അതല്ലേ കഴിയൂ! പിന്നെ ചെയ്യാന്‍ പറ്റുന്ന ഒരു കാര്യം വീട്ടില്‍നിന്നു ഇറങ്ങി പോകുമ്പോള്‍ സൂക്ഷിക്കാന്‍ നമ്മുടെ പെണ്‍കുട്ടികളോട്  പറയുക. കാരണം അവരെ ബലാത്സംഗത്തിനിരയാക്കാന്‍ / പീഡിപ്പിക്കാന്‍ അവര്‍ക്കു ചുറ്റുമുള്ള ചില പുരുഷന്മാര്‍ക്ക് അവകാശമുണ്ട്. പീഡിപ്പിക്കപെടാന്‍ ഇടവരുത്തുന്നത് അവളുടെ കുറ്റമാണ്. പീഡിപ്പിക്കപ്പെടുന്നതും അവളുടെ കുഴപ്പം കൊണ്ടാണ്. അതുകൊണ്ടാണല്ലോ എല്ലാ കേസും പിന്നീട് നമ്മള്‍, ആര് /എവിടെ വെച്ച്, പീഡിപ്പിക്കപ്പെട്ടു അല്ലെങ്കില്‍ ബലാത്സംഗത്തിനിരയാക്കപ്പെട്ടു എന്ന പേരില്‍ ഓര്‍ത്തു വെയ്ക്കുന്നത്. അല്ലാതെ പീഡിപ്പിച്ചവന്റെ ക്ഷമിക്കണം ‘കുറ്റാരോപിത’ന്റെ (തെളിയിക്കപ്പെടാത്തിടത്തോളം കാലം ആരോപണം എന്നാണല്ലോ വ്യവസ്ഥ) പേരില്‍ ഒരു കേസോ കേസിനാസ്പദമായോ സംഭവങ്ങളോ ഓര്‍ത്തെടുക്കപെടാത്തത്? ആരെ പീഡിപ്പിച്ചുവോ അവളെ ഓര്‍ത്തിരിക്കണം, ആര് ചെയ്തുവെന്നതിന് എന്ത് പ്രസക്തി? കാലാകാലങ്ങളായി ഇല മുള്ളില്‍ വീണാലും മുള്ള്‍ ഇലയില്‍ കൊണ്ടാലും ഇലയ്ക്ക് മാത്രമാണല്ലോ കേട്. പക്ഷെ ഈ ‘ഇല’ സ്ത്രീയാണെന്ന് തീര്‍പ്പു കല്‍പ്പിച്ചതാരായിരുന്നു? സ്ത്രീയോ, അതോ അവളുടെ ശരീരത്തിന് മാത്രം വിലകല്‍പ്പിക്കുന്ന പുരുഷസമൂഹമോ?

 

കാശിനു വേണ്ടിയുള്ള തീര്‍ത്തും തരംതാണ ആരോപണമാണ് തനിക്കുനേരെ ഉന്നയിക്കപ്പെട്ടതെന്ന്‍ പി.എന്‍ ജയന്തന്റെ പ്രതികരണത്തില്‍ നിന്ന് വായിക്കാന്‍ കഴിഞ്ഞു. തന്നെ പീഡിപ്പിച്ചു, അല്ലെങ്കില്‍ കുറച്ചുകൂടി നാടകീയമായി പറയുകയാണെങ്കില്‍ തന്റെ ‘മാനം’ ഇന്നയാള്‍ അപഹരിച്ചു എന്ന് ഒരു സമൂഹത്തിന്റെ (അതും തീര്‍ത്തും പുരുഷകേന്ദ്രീകൃതമായ ഒരു സമൂഹത്തിന്റെ) മുമ്പാകെ വന്നു നിന്ന് പറയുന്നത്; ‘ഞാന്‍ ഇന്നലെ ഒരു സിനിമയ്ക്ക് പോയി’ എന്ന് പറയുന്ന അതെ ലാഘവത്തില്‍ ആണെന്നാണോ താങ്കള്‍ പറയാന്‍ ശ്രമിക്കുന്നത്? എങ്കില്‍ വീട്ടില്‍ അമ്മയോ പെങ്ങളോ ഉണ്ടെങ്കില്‍ ഒന്ന് ചോദിച്ചു നോക്കുക, ഒരിക്കലെങ്കിലും തെറ്റായ രീതിയില്‍ ഒരു പുരുഷ സ്പര്‍ശനം ഏറ്റിട്ടുണ്ടെങ്കില്‍ അന്ന് എന്തുതോന്നിയെന്ന്? പുരുഷസ്പര്‍ശനം എന്നത് ലൈംഗികച്ചുവയോടെ മാത്രം വായിക്കാന്‍ കഴിവുള്ളവര്‍ക്ക് അത് ചിലപ്പോള്‍ മനസ്സിലാക്കാന്‍ കഴിയണമെന്നില്ല. എന്നാല്‍ ഈ നശിച്ച നാട്ടില്‍ കഴിയുന്ന ഏതു പെണ്‍കുട്ടിക്കും പറയാനുണ്ടാവും അവള്‍ നേരിട്ട ഒരനുഭവമെങ്കിലും. അതിനു വള്‍ഗറായി വേഷം ധരിക്കണമെന്നില്ല, അങ്ങനെയെങ്കില്‍ 2 വയസ്സുള്ള പിഞ്ചുകുഞ്ഞുങ്ങളെയും 85 വയസ്സുള്ള വയോധികമാരെയും ആരും പീഡിപ്പിച്ചു കൊലപ്പെടുത്തുകയില്ലാല്ലോ? ഒരിക്കല്‍ അങ്ങനെയൊരു അനുഭവം നേരിട്ടിട്ടുണ്ടെങ്കില്‍ അവള്‍ക്കറിയാം, അതിനു ശേഷം പുറത്തിറങ്ങുമ്പോള്‍ ഓരോ നിമിഷവും അവള്‍ എന്ത് ചിന്തിച്ചു കൊണ്ടിരുന്നു എന്ന്, തനിക്കു നേരെ വരുന്ന ഓരോ നോട്ടത്തില്‍ നിന്നും തന്റെ ചുറ്റുമായി കടന്നു പോകുന്ന ഓരോ പുരുഷ ശരീരത്തില്‍ നിന്നും തന്നെത്തന്നെ അവള്‍ എങ്ങനെ സംരക്ഷിച്ചുപോന്നു എന്ന്? അത് പിന്നീട് മറക്കാന്‍ അല്ലെങ്കില്‍ വീണ്ടും പഴയമാതിരിയുള്ള ജീവിതത്തിലേക്ക് മടങ്ങി ചെല്ലാന്‍ അവള്‍ക്കെത്രനാളുകള്‍ വേണ്ടി വന്നെന്ന്? ഒരു നോട്ടമോ കമന്റോ അല്ലെങ്കില്‍ ഒരു തോണ്ടലില്‍ നിന്നോ ഇത്രയും ഭയവിഹ്വലതയിലേക്കാണ് അവള്‍ ആഴ്‌ന്നിറങ്ങുന്നതെങ്കില്‍, ഒരു കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെടുന്ന ഒരു സ്ത്രീയുടെ മാനസികാവസ്ഥയെന്തായിരിക്കും? അതോ ഇന്ന് കേരളത്തില്‍ ജീവിക്കുന്ന ഓരോ സ്ത്രീയും ‘ഇന്ന് ഞാന്‍ റേപ്പ് ചെയ്യപ്പെടണേ’ എന്ന് പ്രാര്‍ത്ഥിക്കുന്നു എന്നാണോ നിങ്ങള്‍ പറയുന്നത്?

 

 

പ്രതികരണശേഷിയുള്ളവള്‍ എന്നാല്‍ അവള്‍ ‘തൊടലും’, ‘തോണ്ടലും’, ‘അശ്ലീല തെറികളും’ ആസ്വദിക്കുന്നവളുമാണെന്ന്‍ ഏതു നിഘണ്ടുവാണ് വ്യാകരണം ചെയ്തിരിക്കുന്നത്? അതോ ‘തന്റെ പാതിവ്രത്യം’ മുറുകെ പിടിച്ചുകൊണ്ട് തന്റെ അച്ഛന്‍ / സഹോദരന്‍/ ഭര്‍ത്താവ് എന്ന രക്ഷകരുടെ (അച്ഛനാലും സഹോദരങ്ങളാലും ലൈംഗികമായി പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികളും / സ്ത്രീകളും ഉള്ള നാടാണ് കേരളം എന്നതും ഇവിടെ ഓര്‍മപ്പെടുത്തട്ടെ) വിരല്‍ത്തുമ്പില്‍ അവള്‍ അവളുടെ സംരക്ഷണച്ചുമതലയുടെ അപേക്ഷയുമായി അള്ളിപ്പിടിച്ചു ജീവിക്കണോ? അതോ എന്തുതന്നെ നടന്നാലും തന്റെ കര്‍മം, വിധി എന്നിങ്ങനെ പഴിച്ച്, തന്റെ കുറവും കുറ്റവും കാരണം തന്നെയാണ് തനിക്കീ ഗതിവന്നതെന്നും ഓര്‍ത്തുകൊണ്ട് ജീവിക്കണമോ അതോ ജീവനൊടുക്കണോ?

 

‘സ്വാന്ത്വനത്തിന്റെ കരസ്പര്‍ശമോ’, ‘ആശ്വാസവാക്കുകളോ’ ഒന്നും നീട്ടേണ്ട; എനിക്കും നിങ്ങള്‍ക്കും ചുറ്റുമുള്ള അനേകം പേരില്‍ ഒരാള്‍ എന്ന തിരിച്ചറിവിലൂന്നി മാനുഷികപരിഗണന എന്ന തികച്ചും ‘ഫ്രീ’യായി കിട്ടുന്ന സാധനം അല്‍പ്പം ഉപയോഗിച്ചുകൂടെ നമുക്കെല്ലാവര്‍ക്കും? വാക്കുകള്‍ക്കപ്പുറം ശരീരത്തിനും മനസ്സിനും ആരൊക്കെയോ ചേര്‍ന്നു ആഴത്തിലേല്‍പ്പിച്ച അവരുടെ മുറിവുകളില്‍ വീണ്ടും വീണ്ടും വെട്ടി മുറിവേല്‍പ്പിക്കാതെ അവയുണങ്ങാന്‍, വീണ്ടും പഴയതു പോലെയല്ലെങ്കിലും സാധാരണമായൊരു ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ ഉള്ള സാഹചര്യമെങ്കിലും ഒരു സമൂഹമെന്ന നിലയില്‍ നമുക്കവര്‍ക്കു നേരെ വെച്ച് നീട്ടാന്‍ കഴിയുമോ?

 

അതോ എന്നത്തേയും പോലെ കുറ്റം ആരോപിക്കാന്‍ കാണിച്ച ധൈര്യത്തിന്റെ പേരില്‍ കുറ്റാരോപിതയാക്കി അവരെയും നമ്മള്‍ വകഞ്ഞ് മറവിയുടെ അരികുകളിലേക്ക് നിഷ്‌ക്കരുണം തള്ളിക്കളയുമോ? കുറ്റം എന്ന് ലാഘവത്തോടെ ഉച്ചരിക്കുന്ന വസ്തുത യഥാര്‍ത്ഥത്തില്‍ നമുക്ക് നേരെയും വിരല്‍ ചൂണ്ടുന്നില്ലേ? കൂട്ടുകാര്‍ക്കിടയില്‍ ഷൈന്‍ ചെയ്യാനായി കൂടെ പഠിക്കുന്ന പെണ്‍കുട്ടിയെ കളിയാക്കുന്നവനോടൊപ്പം ചിരിച്ചും, മറ്റൊരു പെണ്‍കുട്ടിയെക്കുറിച്ച് നിസ്സങ്കോചം അശ്ലീല തമാശപറയുന്നവന്റെ തമാശ കേട്ട് ഊറിയൂറി ചിരിക്കുമ്പോഴും, കണ്മുന്‍പില്‍ അവളോട് ഒരുത്തന്‍ അപമര്യാദയോടെ പെരുമാറുന്നത് കണ്ടിട്ടും കാണാതെ നടക്കുമ്പോഴും, അവളുടെ വസ്ത്രധാരണത്തിനെയും സംസ്‌കാരത്തിനേയും പഴിപറയുമ്പോഴും കാര്യങ്ങളെ തീര്‍ത്തും നീചമായി കാണുന്ന തന്റെ കഴിവുകേടിനെ പരിപൂര്‍ണമായി പിന്തള്ളിയും, അല്ലെങ്കില്‍ മറച്ചുപിടിച്ച് നമ്മളെല്ലാവരും നമ്മുടെ ചിന്താരീതിയെ തേച്ചുമിനുക്കുന്നില്ലേ ‘ഫ്രീക്ക്  ആന്‍ഡ് കൂള്‍’ ആകാന്‍ വേണ്ടി? പറയാന്‍ ധൈര്യമുണ്ടോ മകനോടോ / സഹോദരനോടോ /കാമുകനോടോ ഓരോ പെണ്ണും വ്യക്തിയാണെന്നും വെറും ശരീരം മാത്രമല്ലെന്നും? അവള്‍ നിന്റെ ഭാര്യയോ /അമ്മയോ /പെങ്ങളോ അല്ലാത്തപക്ഷം ആര്‍ക്കും കേറി കൂത്താടുവാനുള്ള ലൈംഗിക പ്രചോദനമല്ലെന്നും?

 

നാടകീയ ചര്‍ച്ചകള്‍ക്കും ആരോപണങ്ങള്‍ക്കും അന്വേഷണത്തിനും ഇനി ഈ കേസും വഴിമാറിയേക്കാം. തെളിയിക്കപ്പെട്ടാലും ഇല്ലെങ്കിലും ഞാനും നിങ്ങളുമടങ്ങുന്ന ആരുടേയും വ്യക്തിജീവിതത്തിന് കോട്ടം തട്ടാന്‍ പോകുന്നില്ലല്ലോ. പ്രതികരിക്കാന്‍, എന്തിന് നിഷ്പക്ഷമായി ചിന്തിക്കുവാന്‍ പോലും ഒന്ന്, നമുക്കിന്നു തോന്നണമെങ്കില്‍ അത് നമ്മളെ ബാധിക്കുന്ന എന്തെങ്കിലുമാണെന്ന് നമ്മുക്ക് ഉറപ്പുണ്ടാവണം.

 

(മാധ്യമപ്രവര്‍ത്തകയാണ് അനന്‍ജന)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍